പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയുടെ നാവികസേനയെ നയിച്ച ധീരദേശാഭിമാനികളായ നാവിക തലവന്മാരായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് വിരുദ്ധ പടയോട്ടം നയിച്ചത് ഇവരായിരുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ വീരനായകന്മാരുടെ കുടുംബ ചരിത്രവും ഉദ്ഭവവും സംബന്ധിച്ച് ചരിത്രകാരന്മാർക്കിടയിൽ പല അഭിപ്രായങ്ങളുമുണ്ട്. മരയ്ക്കാർമാർ തമിഴ്നാട്ടിലെ കൊറോമണ്ഡൽ തീരത്തുനിന്നോ കായൽപട്ടണം, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളിൽ നിന്നോ മലബാറിലേക്ക് കുടിയേറിയ കച്ചവടക്കാരാണെന്ന് പ്രമുഖ ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
പരമ്പര-04 നാസിർ കെ സി മണ്ണുമൂടിയ ചരിത്രത്താളുകൾ
അറബിക്കടൽ യഥാർത്ഥത്തിൽ അറബികളുടെ വിഹാരകേന്ദ്രമായിരുന്നു. അവരുടെ കച്ചവടക്കപ്പലുകൾ ഓളപ്പരപ്പിനെ കീഴടക്കി രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. കണ്ണൂരു മുതൽ കൊല്ലം വരെയും അതിനപ്പുറവും അവർ അടക്കി ഭരിച്ചു. ഒന്നുകിൽ അറബികൾ അല്ലെങ്കിൽ തദ്ദേശീയരായ മുസ്ലിംകൾ കടലിലും കരയിലും വ്യാപാരം നടത്തി. സാമൂതിരി ഉൾപ്പെടെയുള്ള വലുതും ചെറുതുമായ രാജാക്കൻമാരെല്ലാം അവരുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടു. രണ്ടു കൂട്ടർക്കും പ്രയോജനമുള്ള കച്ചവടമായിരുന്നു അത്. എന്നാൽ പോർച്ചുഗീസുകാരുടെ വരവ് കാര്യങ്ങളെല്ലാം തകിടം മറിച്ചു.
കച്ചവടത്തിലെ ആരോഗ്യകരമായ മത്സരത്തിനു പകരം കച്ചവടത്തിലെ ആധിപത്യമായിരുന്നു അവർക്കാവശ്യം. കടലിൻ്റെയും കരയുടേയും സമാധാനവും സ്വൈര്യജീവിതവും അവർ തകർത്തു. അതോടെ തുടക്കത്തിൽ സ്നേഹത്തോടെ അവരെ സ്വീകരിച്ച സാമൂതിരി തൻ്റെ രാജ്യത്തു നിന്ന് അവരെ തുരത്തിയോടിച്ചു. കോഴിക്കോടു നിന്ന് പുറത്താക്കപ്പെട്ട പോർച്ചുഗീസുകാർ അഭയം തേടിയത് കൊച്ചിയിലായിരുന്നു. സാമൂതിരിയോട് ശത്രുത പുലർത്തിയിരുന്ന കൊച്ചി പോർച്ചുഗീസുകാരെ ഇരു കൈയും നീട്ടി സ്വീകരിച്ചു. സാമൂതിരിയുടെ സാമന്ത പദവിയിൽ നിന്ന് പോർച്ചുഗീസുകാരുടെ സാമന്തൻമാർ എന്ന നിലയിലേക്ക് അവർ തരംതാഴ്ന്നു. ആളും അർഥവും ആയുധങ്ങളും കൊണ്ട് പോർച്ചുഗീസുകാർ കൊച്ചിക്ക് തുണനിന്നു. എന്നാൽ ദേശവാസികളോടോ അറബ്,മുസ്ലിംകച്ചവടക്കാരോടോ മറ്റു വർത്തകരോടോ അവർ ഒരു മര്യാദയും കാണിച്ചില്ല.
More Read: പോർച്ചുഗീസുകാർക്കെതിരായ കലാപങ്ങൾ
അക്രമവും പിടിച്ചുപറിയും കൊലപാതകവും അവർ മുറപോലെ തുടർന്നു. ഇതിൽ വശംകെട്ടും പ്രതിഷേധിച്ചുമാണ് കൊച്ചിയിലെ വർത്തക പ്രമാണിമാരായ മരക്കാർ കുടുംബം കൊച്ചി വിട്ട് കോഴിക്കോട് കുടിയേറിയത്. ഗാമയുടെ പിൻഗാമിയായി എത്തിയ ഡോം ഹെൻ്റി ഡോ മെനിസസ്സ് കേരളതീരത്തെ പടക്കളമാക്കി മാറ്റി. 1524 മുതൽ 1526 വരെയുള്ള രണ്ടു വർഷക്കാലം മാത്രമാണ് അയാൾക്ക് വൈസ്രോയിയായി ഇരിക്കാൻ കഴിഞ്ഞുള്ളു. എങ്കിലും അക്രമോത്സുകമായിരുന്നു ആ കാലം. ഈ കാലത്താണ് കൊച്ചിയിലെ വ്യാപാരികളായിരുന്ന അഹമ്മദ് മരയ്ക്കാറും അദ്ദേഹത്തിൻ്റെ സഹോദരനായ കുഞ്ഞാലി മരയ്ക്കാറും അവരുടെ അമ്മാവനായ മുഹമ്മദാലി മരയ്ക്കാറും കൊച്ചിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയത്.
പ്രാചീനമായ ആയുധങ്ങൾ കൊണ്ട് പ്രാദേശിക രാജാക്കൻമാരും നാടുവാഴികളും നടത്തി വന്നിരുന്ന യുദ്ധങ്ങളെ കൂടുതൽ രണോത്സുകവും ഭീബത്സവുമാക്കിയത് പോർച്ചുഗീസുകാരായിരുന്നു. ആധുനികമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമായിരുന്നു അവരുടെ ശക്തിയുടേയും ശേഷിയുടേയും അടിസ്ഥാനം. സാമൂതിരിയുടെ പടയാളികൾ ധീരൻമാരായിരുന്നു. എന്നാൽ അവരുടെ ആയുധങ്ങൾക്ക് വേണ്ടത്ര യുദ്ധമികവ് ഉണ്ടായിരുന്നില്ല. പോർച്ചുഗീസുകാരുടെ ചാരനായിരുന്ന വർത്തേമ പറയുന്നത് ഇങ്ങനെയാണ്.'' രണ്ടു മൂവായിരം നായൻമാർ പലതരത്തിലുള്ള വാദ്യഘോഷങ്ങളോടും വെടിക്കെട്ടുകളോടും കൂടി ഓരോരിക്കലായി ഉളിവിട്ട പോലെ നേരിട്ട് ഓടി വരുന്നു. അവരുടെ പാച്ചിലിന്റെ ഊക്കു കൊണ്ട് പതിനായിരം പേരെ ഭയപ്പെടുത്തിക്കളയും." കളരി അഭ്യാസികളായ കാലാൾപ്പടയുടെ ധീരതയായിരുന്നു ഇത്. എന്നാൽ വെള്ളത്തിൽ അഭ്യാസം കാണിച്ച വേറൊരു കൂട്ടരുണ്ട്. മരയ്ക്കാൻമാരുടെ നാവികപ്പട. നാവികപ്പടയുടെ കഥ പറയുന്നതിനു മുമ്പ് വർത്തേമയെക്കുറിച്ച് ഒരു ലഘു വിവരണം നൽകാം.
ലൂഡോവിക്കോ ഡി വർത്തേമ
രാജാക്കൻമാരുടേയും യുദ്ധങ്ങളുടേയും ചരിത്രത്തോളം പഴക്കമുണ്ട് ചാരന്മാരുടെ ചരിത്രത്തിനും. ഒരു സാമ്രാജ്യത്തിൻ്റെ ഉയർച്ചയ്ക്കും തകർച്ചയ്ക്കും പലപ്പോഴും അവർ കാരണമായിത്തീരുന്നു. അക്കുട്ടത്തിലൊരാളായിരുന്നു വർത്തേമ. കണ്ണൂരിലും സാമൂതിരിയുടെ കൊട്ടാരത്തിലും പോർച്ചുഗീസുകാർക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്തു. ലൂഡോവിക്കോ ഡി വർത്തേമ എന്നാണ് മുഴുവൻ പേര്.
ഇയാൾ ഒരു ഇറ്റാലിയൻ സഞ്ചാരിയായിരുന്നു. ഇറ്റലിയിലെ ബോളോണയായിരുന്നു ദേശം. 1503–1508 കാലത്ത് ഏഷ്യയിലെ പല രാജ്യങ്ങളും ഒപ്പം മലബാറും ഇയാൾ സന്ദർശിക്കുകയുണ്ടായി. മലബാറിലെ സാമൂഹിക ജീവിതം, സാമൂതിരിയുടെ ഭരണം, കടൽവാണിഭം, കണ്ണൂരിലെ അറക്കൽ കൊട്ടാരം, കൊടുങ്ങല്ലൂരിലെ സുറിയാനി ക്രിസ്ത്യാനികൾ എന്നിവയെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളാണ് വർത്തേമ.
![]() |
| കുഞ്ഞാലി മരയ്ക്കാര് |
യാത്രയുടെ തുടക്കത്തിൽ ഒരു സ്വതന്ത്ര സഞ്ചാരിയായിരുന്നെങ്കിലും പിന്നീട് കണ്ണൂരിലെത്തിയ വർത്തേമ പോർച്ചുഗീസുകാരുടെ ഏജന്റും ചാരനുമായി മാറി. സാമൂതിരിയും അറബ് വ്യാപാരികളും പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധസന്നാഹങ്ങളെക്കുറിച്ചും കപ്പൽ നിർമ്മാണത്തെക്കുറിച്ചും സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയത് വർത്തേമയായിരുന്നു. പോർച്ചുഗീസ് വൈസ്രോയിയായിരുന്ന അൽമേഡയെ മലബാറിലെ സൈനിക നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിച്ച് പോർച്ചുഗീസുകാരെ സഹായിച്ചതിന് അദ്ദേഹം വർത്തേമയ്ക്ക് നൈറ്റ്ഹുഡ് (Knighthood) പദവി നൽകി ആദരിക്കുകയുണ്ടായി. ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹം എഴുതിയ കാര്യങ്ങൾ പതിനാറാം നൂറ്റാണ്ടിലെ കേരള ചരിത്രവും മലബാർ തീരത്തെ പോർച്ചുഗീസ് അധിനിവേശ തന്ത്രങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രധാന ചരിത്രരേഖയാണ്.*
കുഞ്ഞാലി മരയ്ക്കാർമാരുടെ ഉത്ഭവം
ധീരതയ്ക്ക് പുതിയ മാനം ചാർത്തിയ പോരാളികളായിരുന്നു കുഞ്ഞാലിമാർ. വലിയ യുദ്ധപരിചയം ഇല്ലാതിരുന്നിട്ടും കടലിൻ്റെ അധിപതികളായ പോർച്ചുഗീസുകാരെ അവർ വെള്ളം കുടിപ്പിച്ചു. വലിയ പടക്കപ്പലുകളോ ആധുനികമായ ആയുധങ്ങളോ അവർക്കുണ്ടായിരുനില്ല. എങ്കിലും ബദറിലെ *** പോരാളികളെപ്പോലെ അവർ സർവം മറന്നു പൊരുതി. അന്തിമമായ വിജയം അവരെ അനുഗ്രഹിച്ചില്ലെങ്കിലും പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിപ്പിക്കാനും പോർച്ചുഗീസുകാർക്ക് കനത്ത ആഘാതമുണ്ടാക്കാനും അവർക്കു കഴിഞ്ഞു. നിർണായകമായ ഒരു ഘട്ടത്തിൽ സാമൂതിരി രാജാവ് എടുത്ത തെറ്റായ ഒരു തീരുമാനം ഇല്ലാതിരുന്നെങ്കിൽ കേരളത്തിൻ്റെ തീരത്തു നിന്ന്, ഒരു പക്ഷെ ഇന്ത്യയിൽ നിന്നു തന്നെ പോർച്ചുഗീസുകാരെ വളരെ നേരത്തേതന്നെ കെട്ടുകെട്ടിക്കാൻ അവര്ക്ക് കഴിയുമായിരുന്നു. ചരിത്രത്തിലെ പല അധ്യായങ്ങളും നമ്മൾ വേറെ വിധത്തിൽ വായിക്കേണ്ടിവരുമായിരുന്നു. നിർഭാഗ്യങ്ങളാണ് ചരിത്രത്തെ പലപ്പോഴും സമ്പന്നമാക്കുന്നത്.
പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയുടെ നാവികസേനയെ നയിച്ച ധീരദേശാഭിമാനികളായ നാവിക തലവന്മാരായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് വിരുദ്ധ പടയോട്ടം നയിച്ചത് ഇവരായിരുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഈ വീരനായകന്മാരുടെ കുടുംബ ചരിത്രവും ഉദ്ഭവവും സംബന്ധിച്ച് ചരിത്രകാരന്മാർക്കിടയിൽ പല അഭിപ്രായങ്ങളുമുണ്ട്. അവയിൽ പ്രധാന്യമുള്ളതും വിശ്വസനീയവുമായ ചരിത്രം ഇപ്രകാരമാണ്.
മരയ്ക്കാർമാർ തമിഴ്നാട്ടിലെ കൊറോമണ്ഡൽ തീരത്തുനിന്നോ കായൽപട്ടണം, തൂത്തുക്കുടി തുടങ്ങിയ തുറമുഖങ്ങളിൽ നിന്നോ മലബാറിലേക്ക് കുടിയേറിയ കച്ചവടക്കാരാണെന്ന് പ്രമുഖ ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു. സർദാർ കെ.എം പണിക്കർ, ഡോ.കെ.കെ. എൻ കുറുപ്പ്, പ്രൊഫ. എ. ശ്രീധരമേനോൻ തുടങ്ങിയവർ ഈ അഭിപ്രായമുള്ളവരാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ പ്രശസ്ത വെനീഷ്യൻ സഞ്ചാരിയായ മാർക്കോ പോളോ കായൽ പട്ടണം സന്ദർശിച്ചിരുന്നു. കായൽ തുറമുഖത്തേക്കുറിച്ച് വിശദമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അറേബ്യയിൽ നിന്നും പേർഷ്യയിൽ നിന്നും ആയിരക്കണക്കിന് കുതിരകളെ കപ്പൽ മാർഗ്ഗം ഇറക്കുമതി ചെയ്തിരുന്ന വലിയൊരു കച്ചവട കേന്ദ്രമായിരുന്നുവത്രെ അന്ന് കായൽപട്ടണം. ഏഴാം നൂറ്റാണ്ടിൽ തന്നെ അറബ് വ്യാപാരികൾ വഴി ഇസ്ലാം മതം പ്രചരിച്ച ഭാരതത്തിലെ ആദ്യകാല പ്രദേശങ്ങളിലൊന്നാണിത്.
നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡിതന്മാരുടെയും അറബിക്-തമിഴ് (Arwi) സാഹിത്യ രൂപങ്ങളുടെയും പ്രധാന കേന്ദ്രമായി കായൽപട്ടണം നിലകൊള്ളുന്നു. കേരളത്തിലെ അറബി - മലയാളം പോലെ തമിഴ് മുസ്ലിങ്ങളുടെ സാംസ്കാരിക അസ്തിത്വത്തിലും വിദ്യാഭ്യാസ ചരിത്രത്തിലും അറബ്-തമിഴിന് ( അറവി / Arwi)നിർണ്ണായക സ്ഥാനമുണ്ട്. അറവി എന്നത് തമിഴ് ഭാഷയും അറബി അക്ഷരമാലയും സംയോജിപ്പിച്ച് രൂപപ്പെടുത്തിയ ലിപി വ്യവസ്ഥയും രചനാരീതിയുമാണ്. അങ്ങനെ രചിക്കപ്പെട്ട സവിശേഷമായ ഒരു സാഹിത്യപാരമ്പര്യമാണ് അറബ് - തമിഴ് ഭാഷയും സാഹിത്യവും. തമിഴ്നാട്, കേരളം ശ്രീലങ്ക എന്നിവിടങ്ങളിലെ മുസ്ലിം സമുദായങ്ങൾക്കിടയിലാണ് ഈ ഭാഷയും സാഹിത്യവും പ്രചരിച്ചിരുന്നത്.
അറബിക് അക്ഷരമാല ഉപയോഗിച്ചാണ് തമിഴ് എഴുതിയിരുന്നതെങ്കിലും, തമിഴിലെ പ്രത്യേക ഉച്ചാരണങ്ങൾക്കായും അറബി വാക്കുകൾക്കായും ചില അധിക ചിഹ്നങ്ങളും അക്ഷരങ്ങളും ഇതിൽ ചേർത്തിരുന്നു. ഏഴാം നൂറ്റാണ്ട് മുതൽ ദക്ഷിണേന്ത്യൻ തീരദേശ മേഖലകളിൽ അറബ് വ്യാപാരികളും പ്രാദേശിക തമിഴ് ജനവിഭാഗങ്ങളും തമ്മിലുണ്ടായ സാംസ്കാരിക വിനിമയത്തിലൂടെയാണ് ഇത് വളർന്നത്. ഇസ്ലാമിക അധ്യാപനങ്ങൾ, ഫിഖ്ഹ് (നിയമശാസ്ത്രം), സൂഫിസം എന്നിവ തമിഴ് സംസാരിക്കുന്ന മുസ്ലിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാണ് ഈ രീതി ഉപയോഗിച്ചിരുന്നത്.
കവിതകൾ, സൂഫി കാവ്യങ്ങൾ, വ്യാകരണ ഗ്രന്ഥങ്ങൾ, വൈദ്യശാസ്ത്ര കുറിപ്പുകൾ, ചരിത്ര പുസ്തകങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി വിവിധ മേഖലകളിൽ അറബ്-തമിഴ് രചനകൾ ലഭ്യമാണ്. തമിഴ് വ്യാകരണവും പദസമ്പത്തും അടിസ്ഥാനമാക്കുമ്പോൾ തന്നെ ധാരാളം അറബിക്, പേർഷ്യൻ പദങ്ങൾ ഇതിൽ ഇടകലർന്നു നിൽക്കുന്നു. ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളും വിശദീകരിക്കുന്ന പ്രധാന രചനകളിലൊന്ന് ഈ രീതിയിൽ എഴുതപ്പെട്ട സുബ്ഹത്തുൽ മർജാൻ എന്ന കൃതി. മലയാളത്തിലെ പടപ്പാട്ടുകൾക്ക് സമാനമായ സെയ്തു പടൈ പോർ ഇസ്ലാമിക ചരിത്ര സംഭവങ്ങളും യുദ്ധങ്ങളും പ്രമേയമാക്കിയുള്ള ഒരു അറവി രചനയാണ്. ശൈഖ് സ്വദഖത്തുല്ലാഹ് അൽ ഖാഹിരി, മാപ്പിളൈ ലെബ്ബൈ ആലിം തുടങ്ങി നിരവധി പണ്ഡിതന്മാരും കവികളും അറബ്-തമിഴ് സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അറവി ലിപിക്കായി ഖാമൂസ് എന്ന പേരിൽ പ്രത്യേക നിഘണ്ടുക്കളും വ്യാകരണ പുസ്തകങ്ങളും തയ്യാറാക്കപ്പെട്ടിരുന്നു.
More Read: മണ്ണുമൂടിയ ചരിത്രത്താളുകൾ
ഇരുപതാം നൂറ്റാണ്ടോടെ അച്ചടിവിദ്യയുടെ വ്യാപനവും ആധുനിക തമിഴ് ലിപിയുടെ പൊതുസമ്മതിയും കാരണം അറവി ലിപിയുടെ ഉപയോഗം കുറഞ്ഞു വന്നു. അറബ് - മലയാളത്തിനും ഇതു തന്നെയാണ് സംഭവിച്ചത്. കേരളത്തിൽ സുന്നി മദ്രസകളിലെ എഴുത്താവശ്യങ്ങൾക്കായിരുന്നു അറബി മലയാളം-ലിപി കൂടുതലായി ഉപയോഗിച്ചിരുന്നത്. അച്ചടിയുടെ വ്യാപനം മാത്രമല്ല, ഇസ്ലാമില് ഉണ്ടായ പുതിയ പരിഷ്കരണ പ്രവണതകളും അറബി - മലയാളം എഴുത്തുരീതിയുടെ അന്തകനായി. പിൽക്കാലത്ത് പൊതുവിദ്യാഭ്യാസം മുസ്ലിംകൾക്കിടയിൽ വ്യാപിച്ചതോടെ അറബ് - മലയാളം ലിപി പ്രയോജനരഹിതമായ ഒന്നായിത്തീരുകയായിരുന്നു. ഒരു കാലത്ത് കേരള മുസ്ലിംകളുടെ മതവിദ്യാഭ്യാസവും അവരുടെ സാഹിത്യ സാംസ്കാരിക വിനിമയങ്ങളും നടന്നിരുന്നത് ഇതിലൂടെയായിരുന്നു. അറബി - മലയാളത്തിനും അറവി (Arwi)ക്കും നേരിടാനുണ്ടായിരുന്നത് ഒരേ വിധിയേയായിരുന്നു. എങ്കിലും, ശ്രീലങ്കയിലെയും കായൽപട്ടണം, കീഴക്കര തുടങ്ങിയ തമിഴ്നാട്ടിലെ പുരാതന തീരദേശ നഗരങ്ങളിലെയും പരമ്പരാഗത മദ്രസകളിലും കൈയെഴുത്തുപ്രതികളിലും അറബ്-തമിഴ് സാഹിത്യശേഖരങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്.
മധ്യകാലഘട്ടത്തിൽ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്ന 'മരക്കായർ' (Marakkayar) എന്ന വ്യാപാരി സമൂഹത്തിന്റെ പ്രധാന താവളമായിരുന്നു കായൽപട്ടണം. ഇവർ കപ്പൽ ഉടമകളും കടൽവഴിയുള്ള ചരക്കുനീക്കത്തിൽ വിദഗ്ദ്ധരുമായിരുന്നു. ഈ സമുദായത്തിലെ പ്രധാന വർത്തക കുടുംബമായിരുന്നു കുഞ്ഞാലി മരയ്ക്കാർ മാരുടേത്. പോർച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ ഈ കുടുംബം കൊച്ചിയിലേക്ക് കുടിയേറി എന്നു വിശ്വസിക്കപ്പെടുന്നു. തമിഴ്നാട്ടിലെ മരക്കായർ മലയാളത്തിൽ എത്തിയപ്പോൾ മരക്കാർ ആയി മാറി എന്നാണ് ചരിത്രപണ്ഡിതൻമാരുടെ പക്ഷം. മരക്കലങ്ങളുടെ (തോണി/കപ്പൽ) ഉടമകൾ അല്ലെങ്കിൽ അതിൽ യാത്ര ചെയ്യുന്നവർ എന്ന അർത്ഥത്തിലാണ് മരയ്ക്കാർ എന്ന പദം രൂപപ്പെട്ടത് എന്നു കരുതുന്നവരും ഉണ്ട്. പാരമ്പര്യമായി അറബ് മുസ്ലിം വ്യാപാരികളുടെ വംശാവലിയിൽ പെട്ടവരാണ് ഇവരെന്നും ചില ചരിത്ര സ്രോതസ്സുകൾ പറയുന്നു.
More Read: പോർച്ചുഗീസ് ആഗമനത്തിന്റെ രാഷ്ട്രീയ പ്രേരണകള്
വില്യം ലോഗ ൻ്റെ മലബാർ മാന്വൽ ഇതിന് ഉദാഹരണമാണ്. അറബ് മുസ്ലിം കച്ചവടക്കാരുടേയും അവർ കുടിയേറിപ്പാർത്ത തീരപ്രദേശങ്ങളിലെ പ്രാദേശിക സങ്കലനങ്ങളുടെയും ഫലമാണ് ഈ നാവികരുടെ ഉൽപ്പത്തി എന്നും മലബാർ മാന്വൽ സൂചിപ്പിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ എന്ന ചരിത്രഗ്രന്ഥത്തിലും സമാനമായ സൂചനകളുണ്ട്. കുഞ്ഞാലിമാരുടെ പോരാട്ടത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഈ ഗ്രന്ഥത്തിൽ ഉണ്ടെങ്കിലും വംശോൽപ്പത്തിയെ കുറിച്ചുള്ള കൃത്യവും സംശയാതീതവുമായ വിവരണങ്ങൾ ഈ ഗ്രന്ഥവും നമുക്ക് നൽകുന്നില്ല. കാരണം കുഞ്ഞാലിമാരേക്കുറിച്ച് എഴുതുക എന്നതായിരുന്നില്ല ആ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. പോർച്ചുഗീസുകാർക്കെതിരെ ആബാലവൃദ്ധം ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിംകളെ അണിനിരത്തുക എന്നതായിരുന്നു.
മരയ്ക്കാർ എന്ന പേരിൻ്റെ ഉൽപ്പത്തി എന്തായാലും കായൽപ്പട്ടണത്തിലും കൊച്ചിയിലും അവർ മികച്ച കച്ചവടക്കാരും കപ്പലോട്ടക്കാരുമായിരുന്നു. കൊച്ചിയിൽ വന്ന് വൻതോതിൽ അരിയും സുഗന്ധവ്യഞ്ജനങ്ങളും കച്ചവടം ചെയ്തിരുന്ന സമ്പന്ന കുടുംബമായി അവർ മാറി. 1498-ൽ പോർച്ചുഗീസുകാർ മലബാർ തീരത്തെത്തുകയും തുടർന്ന് കൊച്ചി രാജാവുമായി സഖ്യത്തിലാവുകയും ചെയ്തതോടെ, കൊച്ചിയിലെ അറബ്-മുസ്ലിം വ്യാപാരികളുടെ കുത്തക വ്യാപാരത്തിന് അറുതിയായി. പോർച്ചുഗീസുകാരുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊച്ചി വിട്ട മരയ്ക്കാർ കുടുംബം, സാമൂതിരിയുടെ കീഴിലുള്ള പൊന്നാനിയിലേക്ക് ആസ്ഥാനം മാറ്റി. പോർച്ചുഗീസുകാരെ ചെറുക്കാൻ സാമൂതിരിക്ക് ഇവർ പൂർണ്ണ പിന്തുണയും സൈനിക സഹായവും വാഗ്ദാനം ചെയ്തു. ചരിത്രം ഓർത്തുവെയ്ക്കുന്ന കുഞ്ഞാലിമാരുടെ സാഹസികമായ പടയോട്ടങ്ങൾ ആരംഭിക്കുന്നത് ഇവിടെയാണ്.
......................................................................
അടിക്കുറിപ്പ്
* ലുഡോവിക്കോ ഡി വർത്തേമ (Ludovico de Varthema) എഴുതിയ പുസ്തകത്തിന്റെ പേര് 'ഇറ്റിനറേറിയോ' (Itinerario) എന്നാണ്. 1510-ൽ ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ പൂർണ്ണരൂപം Itinerario de Ludovico de Varthema Bolognese എന്നാണ് അറിയപ്പെടുന്നത് (ഇംഗ്ലീഷിൽ: The Travels of Ludovico di Varthema). പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലബാർ തീരത്തെക്കുറിച്ചും (പ്രത്യേകിച്ച് കോഴിക്കോട്), സാമൂതിരിയുടെ ഭരണസംവിധാനം, സാമൂഹികാചാരങ്ങൾ, കച്ചവടം എന്നിവയെക്കുറിച്ചും പരാമർശിക്കുന്ന പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണിത്.
** മക്കയിലെ ഖുറൈശികൾക്കെതിരെ മുഹമ്മദു നബിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ യുദ്ധമാണ് ബദർ യുദ്ധം. മദീനയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ളയുള്ള ഒരു സ്ഥലമാണ് ബദർ. മക്കയിലെ ഖുറൈഷികളെ പേടിച്ച് പ്രവാചകൻ മദീനയിൽ അഭയം പ്രാപിച്ച് രണ്ടു വർഷം കഴിഞ്ഞാണ് ഈ യുദ്ധം നടന്നത്. പ്രവാചകൻ്റെ പക്ഷത്ത് മുന്നൂറ്റിപ്പതിമൂന്നു പേരും ശത്രു സൈന്യത്തിൽ ആയിരത്തിലധികം ആളുകളും ഉണ്ടായിരുന്നു. മികച്ച സൈനിക സാമഗ്രികളും ആവശ്യത്തിന് കുതിരകളും ഒട്ടകങ്ങളും അവർക്കുണ്ടായിരുന്നു. എങ്കിലും ധീരതയോടെ പൊരുതി ആ യുദ്ധം മുസ്ലിംകൾ ജയിച്ചു. ഇസ്ലാമിൻ്റെ അടിത്തറയുറപ്പിച്ച യുദ്ധമായിരുന്നു ഇത്.



