കടലിൻ്റെ ആധിപത്യം വീണ്ടും പോർച്ചുഗീസുകാരുടെ കൈകളിലെത്തിച്ചേർന്നു. സാമൂതിരിയുടേയും അറബികളുടേയും സമുദ്ര വ്യാപാരം പിന്നേയും തടസ്സപ്പെട്ടു. കടൽക്കച്ചവടത്തിൻ്റെ കുത്തക വീണ്ടും പോർച്ചുഗീസുകാരുടെ കൈയിൽ വന്നു ചേർന്നു. ഇതു മൂലം സാമൂതിരി നേരിട്ട ബുദ്ധിമുട്ടുകൾ ചെറുതല്ല. ഉൾനാടുകളിലേക്കും സമുദ്രത്തിലേക്കുമുള്ള ജലപാതകളെല്ലാം തടയപ്പെട്ടു. ചരക്കുകൾ ശേഖരിക്കാനോ ശേഖരിച്ചവ വിൽക്കാനോ കഴിയാതെയായി. പോർച്ചുഗീസുകാരെ തകർക്കാതെ സാമൂതിരിക്ക് നിലനിൽപ്പില്ല എന്ന സ്ഥിതിയായി.
പരമ്പര-03 നാസിർ കെ സി മണ്ണുമൂടിയ ചരിത്രത്താളുകൾ
More Read: പോർച്ചുഗീസ് ആഗമനത്തിന്റെ രാഷ്ട്രീയ പ്രേരണകള്
കരുത്തുറ്റ ഒരു നാവിക സൈന്യം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് ചിലപ്പോൾ തന്ത്രവും ചിലപ്പോൾ ശക്തിയും ഉപയോഗിച്ചാണ് സാമൂതിരി അവരെ നേരിട്ടത്. സാമൂതിരിക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുകയും മുസ്ലിംകച്ചവടക്കാരെ ഉപദ്രവിക്കുകയും ചെയ്തത് മാത്രമല്ല സാമൂതിരിക്ക് പോർച്ചുഗീസുകാരോടുള്ള ശത്രുതയ്ക്ക് കാരണം. സാമൂതിരിയുടെ ചിരവൈരികളായ കൊച്ചിത്തമ്പുരാക്കൻമാരുമായി പോർച്ചുഗീസുകാർ കൈകോർത്തതും അദ്ദേഹത്തിന് അവരോടുള്ള വിപ്രതിപത്തിക്കും ശത്രുതയ്ക്കും കാരണമായി. നിലപാടിൽ ഉറച്ചു നിൽക്കാൻ സാമൂതിരിക്ക് കഴിയാതെ പോയതു കൊണ്ടു കൂടിയാണ് കേരളത്തിൽ പോർച്ചുഗീസ് അധികാരം നിലനിൽക്കുകയും അക്രമോത്സുകമായി തുടരുകയും ചെയ്തത്. പോർച്ചുഗീസുകാരുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി. ഒപ്പം കച്ചവടം ചെയ്യാൻ വന്നവർകച്ചവടം ചെയ്ത് തിരിച്ചു പോകും എന്ന് അദ്ദേഹം കരുതിക്കാണണം. അദ്ദേഹത്തിൻ്റെ മുൻ അനുഭവങ്ങൾ അങ്ങനെയായിരുന്നല്ലോ. നൂറ്റാണ്ടുകളായി മലബാറുമായി കച്ചവടം ചെയ്ത ആരും ഇവിടെ രാഷ്ട്രീയ ആധിപത്യത്തിന് ശ്രമിച്ചിരുന്നില്ല. അതിൽ ചീനക്കാരും അറബികളും റോമാക്കാരും ഗ്രീക്കുകാരും പേർഷ്യക്കാരും അസീറിയക്കാരും ഒക്കെ ഉണ്ടായിരുന്നു.
കോഴിക്കോട് യുദ്ധം
സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നേരിട്ട് നടന്ന ആദ്യത്തെ വലിയ യുദ്ധമായിരുന്നു കോഴിക്കോട് യുദ്ധം. ഗാമ പോർച്ചുഗലിലേക്ക് തിരിച്ചു പോയതിനു ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയായി വന്നത് പെഡ്രോ അൽവാരസ് കബ്രാൾ ആയിരുന്നു. കബ്രാളിന്റെ നേതൃത്വത്തിൽ പോർച്ചുഗീസ് കപ്പൽപട കോഴിക്കോട്ടെത്തുകയും കച്ചവടാവശ്യത്തിനായി ഒരു ഫാക്റ്ററി നിർമിക്കാനുള്ള അനുവാദം സാമൂതിരിയിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു. എന്നാൽ അവർ കച്ചവടം ചെയ്യുക മാത്രമല്ല ഉണ്ടായത്. അറബ് കച്ചവടക്കാരുടെ കപ്പലുകൾ പിടിച്ചെടുക്കുക, അവരുടെ മുതലുകൾ കൊള്ളയടിക്കുക, ചിലപ്പോൾ കപ്പലുകൾ തകർത്ത് കടലിൽ മുക്കിക്കളയുക തുടങ്ങിയ അതിക്രമങ്ങൾ കാണിച്ചു തുടങ്ങി. തീരദേശ വാസികളെ ആക്രമിക്കുക. കൊല്ലുക എന്നിവയും അവർ പതിവാക്കി. തുടർന്ന് പ്രദേശവാസികളും വർത്തകരും ചേർന്ന് പോർച്ചുഗീസ് ഫാക്ടറി ആക്രമിക്കുകയും നിരവധി പോർച്ചുഗീസുകാരെ വധിക്കുകയും ചെയ്തു.
More Read: മണ്ണുമൂടിയ ചരിത്രത്താളുകൾ
ഇതിന് പ്രതികാരമായി കബ്രാൾ കോഴിക്കോട് തുറമുഖത്ത് കിടന്ന പത്തോളം പ്രാദേശിക കപ്പലുകൾ പിടിച്ചെടുത്ത് തീയിടുകയും കോഴിക്കോട് നഗരത്തിന് നേരെ അതിശക്തമായ പീരങ്കിയാക്രമണം നടത്തുകയും ചെയ്തു. സാമൂതിരിയുടെ നാവികപ്പടയും അതിശക്തമായി തിരിച്ചടിച്ചു. തുടർന്ന് 1503 ൽ കോഴിക്കോടും കൊച്ചിയും തമ്മിൽ അതിശക്തമായ പോരാട്ടം നടന്നു. കോഴിക്കോടിൻ്റെ ആധിപത്യം അംഗീകരിക്കാൻ വിസമ്മതിക്കുകയും സാമൂതിരിക്കെതിരെ പോർച്ചുഗീസുകാരുമായി കൈകോർക്കുകയും ചെയ്ത കൊച്ചി രാജാവിനെതിരെ സാമൂതിരി അതിശക്തമായ പടനീക്കം നടത്തി. പോർച്ചുഗീസ് നായകനായ അൽബുക്കർക്കിൻ്റെ കീഴിലുള്ള പടക്കപ്പലുകൾ തിരിച്ചു പോയ സമയം നോക്കിയാണ് സാമൂതിരി കൊച്ചിയെ ആക്രമിച്ചത്. എണ്ണത്തിൽ ചെറുതാണെങ്കിലും കബ്രാളിൻ്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് കൊച്ചി സംയുക്ത സൈന്യം കോഴിക്കോടിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് നടത്തി.
![]() |
| ചാലിയം കോട്ട |
1504 മാർച്ച് - ജൂലൈ മാസങ്ങൾക്കിടയിലാണ് രണ്ടാം ഘട്ട യുദ്ധം നടന്നത്. കൊച്ചിയിലെ കുമ്പളത്തു വച്ചു നടന്ന ഈ ഏറ്റുമുട്ടൽ കുമ്പളം യുദ്ധം എന്നറിയപ്പെടുന്നു. കുമ്പളം കായൽ വഴി കൊച്ചിയിലേക്ക് കടക്കാനുള്ള പദ്ധതിയോടു കൂടി അമ്പതിനായിരത്തിലധികം വരുന്ന സൈന്യവുമായി സാമൂതിരി കൊച്ചി ആക്രമിച്ചു. ദുവാർത്ത പച്ചേക്കോ പെരേര എന്ന തന്ത്രശാലിയായ കമാൻ്റർ ആയിരുന്നു പോർച്ചുഗീസ് -കൊച്ചി സൈന്യത്തെ നയിച്ചിരുന്നത്. സാമൂതിരിയുടെ സൈന്യം എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്നുവെങ്കിലും തന്ത്രത്തിലും ആയുധശേഷിയിലും പോർച്ചുഗീസുകാർ മുമ്പിലായിരുന്നു. പച്ചേക്കോയുടെ പീരങ്കിയാക്രമണത്തെ അതിജീവിക്കാൻ സാമൂതിരിയുടെ ചെറുവള്ളങ്ങൾക്കു കഴിഞ്ഞില്ല. വേലിയേറ്റം, വേലിയിറക്കം പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങളും പകർച്ചവ്യാധി പോലെയുള്ള ദുരന്തണ്ടളും ചേർന്ന് സാമൂതിരിയെ തോൽപ്പിച്ചു. കരുത്തനായി അഭിനയിച്ചിരുന്ന സാമൂതിരി ഒരു ചെറു സൈന്യത്തോട് തോറ്റ് നിരാശനായി കോഴിക്കോട്ടേക്ക് മടങ്ങി. സാമൂതിരിയുടെ ഈ പരാജയമാണ് സാമ്രാജ്യത്വ ശക്തികളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് എളുപ്പമാക്കിയത്.
ചാലിയം കോട്ട ആക്രമണം
സാമൂതിരിയുടെ നെഞ്ചത്ത് ചൂണ്ടിയ തോക്ക് എന്നായിരുന്നു ചാലിയം കോട്ടയെ കൊച്ചി രാജാവ് വിശേഷിപ്പിച്ചത്. സാമൂതിരിയുടെ തൊണ്ടയിൽ കുരുങ്ങിയ എല്ല് എന്നും ചില ചരിത്രകാരൻമാർ ചാലിയാർ കോട്ടയെ വിശേഷിപ്പിച്ചു. ചാലിയാർ പുഴ കടലിൽ ചേരുന്ന അഴിമുഖമായിരുന്നു കോട്ട നിർമാണത്തിന് തെരഞ്ഞെടുത്തത്. ഇവിടെ ഒരു കോട്ട കെട്ടിയാൽ സാമൂതിരിയെ മെരുക്കാമെന്ന് കണ്ടെത്തിയത് പോർച്ചുഗീസ് ഗവർണറായ നുനോ ദ കുഞ്ഞ (Nuno da Cunha) ആണ്. 1531 ൽ കോട്ടയുടെ നിർമാണം പൂർത്തിയായി.
അവിടെ ഒരു കോട്ടപണിയുന്നതിന് താനൂർ രാജാവിനോട് പോർച്ചുഗീസുകാർ അനുവാദം ചോദിച്ചു. വെട്ടത്തു നാടു സ്വരൂപത്തിലെ താനൂർ രാജാവിൻ്റെ കീഴിലായിരുന്നു ഈ പ്രദേശം. പോർച്ചുഗീസുകാരുടെ അപേക്ഷ അദ്ദേഹം പരിഗണിച്ചില്ല. എന്നാൽ സാമൂതിരിയുടെ ആക്രമണഭീഷണി ചൂണ്ടിക്കാണിച്ച് തന്ത്രപൂർവം അദ്ദേഹത്തിൻ്റെ അനുവാദം നേടിയെടുക്കുകയാണ് പോർച്ചുഗീസുകാർ ചെയ്തത്. സമീപത്തെ ക്ഷേത്രങ്ങളും പള്ളികളും മറ്റു കെട്ടിടങ്ങളും അക്രമിച്ച് തകർത്താണ് കോട്ട നിർമ്മാണത്തിനുള്ള സാമഗ്രികൾ ശേഖരിച്ചത്. കോട്ടയുടെ പണി വളരെ വേഗത്തിൽ പൂർത്തിയായി.
അതോടെ കടലിൻ്റെ ആധിപത്യം വീണ്ടും പോർച്ചുഗീസുകാരുടെ കൈകളിലെത്തിച്ചേർന്നു. സാമൂതിരിയുടേയും അറബികളുടേയും സമുദ്ര വ്യാപാരം പിന്നേയും തടസ്സപ്പെട്ടു. കടൽക്കച്ചവടത്തിൻ്റെ കുത്തക വീണ്ടും പോർച്ചുഗീസുകാരുടെ കൈയിൽ വന്നു ചേർന്നു. ഇതു മൂലം സാമൂതിരി നേരിട്ട ബുദ്ധിമുട്ടുകൾ ചെറുതല്ല. ഉൾനാടുകളിലേക്കും സമുദ്രത്തിലേക്കുമുള്ള ജലപാതകളെല്ലാം തടയപ്പെട്ടു. ചരക്കുകൾ ശേഖരിക്കാനോ ശേഖരിച്ചവ വിൽക്കാനോ കഴിയാതെയായി. പോർച്ചുഗീസുകാരെ തകർക്കാതെ സാമൂതിരിക്ക് നിലനിൽപ്പില്ല എന്ന സ്ഥിതിയായി.
ഈ സമയത്താണ് സാമൂതിരിക്ക് ഉചിതമായ ഒരു സന്ദർഭം ഒത്തുവന്നത്. ദക്ഷിണേന്ത്യയിലേയും ഡക്കാൻ പ്രദേശത്തേയും വിവിധ രാജാക്കൻമാരും സുൽത്താൻമാരും ചേർന്ന് ഒരു പോർച്ചുഗീസ് വിരുദ്ധ സഖ്യം രൂപപ്പെട്ടു. ബീജാപൂർ സുൽത്താനായ അലി ആദിൽ ഷാ വലിയൊരു സൈന്യവുമായി പോർച്ചുഗീസുകാരുടെ ഏഷ്യയിലെ ആസ്ഥാനമായ ഗോവ ഉപരോധിച്ചു. പതിനായിരക്കണക്കിന് സൈനികർ ഗോവയെ വളഞ്ഞു. കാലാൾപ്പടയും കുതിരപ്പടയും നൂറുകണക്കിന് ആനകളും പീരങ്കികളും അടങ്ങുന്ന വൻ സൈന്യമാണ് ഗോവയെ വളഞ്ഞത്. മാസങ്ങളോളം ഗോവയിലേക്കുള്ള ഭക്ഷണ-സൈനിക സാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടു. ഇതേ സമയം അഹമ്മദ് നഗർ സുൽത്താനായ മുർതസ നിസാം ഷാ ഗോവയ്ക്ക് വടക്കുള്ള തന്ത്രപ്രധാനമായ ചൗൾ എന്ന പോർച്ചുഗീസ് കേന്ദ്രം വളഞ്ഞു. അഹമ്മദ് നഗർ സൈന്യവും ചൗളിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി. പോർച്ചുഗീസുകാർക്ക് ഒരു സമയം തന്നെ ഗോവയിലും ചൗളിലും ഒരുപോലെ പോരാടേണ്ടി വന്നു.
പോർച്ചുഗീസുകാർക്ക് ഗോവയും ചൗളും സംരക്ഷിക്കുക എന്നത് നിലനിൽപ്പിന്റെ പ്രശ്നമായി മാറി. അതിനാൽ മലബാറിലെ സൈനികരെയും പീരങ്കികളും ഗോവയിലേക്ക് അയക്കാൻ അവർ നിർബന്ധിതരായി. ചാലിയം കോട്ടയിൽ ശേഷിച്ച പോർച്ചുഗീസ് സൈനികരുടെ എണ്ണവും ആയുധബലവും വളരെ കുറഞ്ഞു. ഈ അവസരം മുതലെടുത്ത് സാമൂതിരിയും അദ്ദേഹത്തിൻ്റെ നാവിക സൈന്യവും ചാലിയാർ കോട്ട ആക്രമിച്ചു. കല്ലോടു കല്ലു ചേരാത്ത വിധം കോട്ടപൂർണ്ണമായും തകർത്തു കളഞ്ഞു. 1571 ലായിരുന്നു ഈ ആക്രമണം. കേരളത്തിലും ഗോവയിലും ആധിപത്യമുറപ്പിച്ചതിനു ശേഷം പോർച്ചുഗീസ് ശക്തിക്കേൽക്കുന്ന മാരകമായ പ്രഹരമായിരുന്നു ചാലിയം കോട്ടയുടെ തകർച്ച. സാമൂതിരിയുടെ സൈന്യവും കുഞ്ഞാലി മരയ്ക്കാരും പ്രദേശവാസികളും ചേർന്നാണ് പോർച്ചുഗീസുകാരെ ഇങ്ങനെ കടന്നാക്രമിച്ചത്. ഓരോ വിഭാഗത്തിനും അത് അവരുടെ പ്രതികാര നിർവഹണമായിരുന്നു.
കൊച്ചി സാമൂതിരിയുമായി ശത്രുതയിലായിരുന്നെങ്കിലും പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അവർ പരസ്പരം നടത്തിയ യുദ്ധത്തിൽ കൊച്ചിക്കാരായ പലരും സാമൂതിരി രാജാവിനെ പിന്തുണച്ചു. സാമൂതിരി രാജാവ് കൊച്ചിയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. കൊച്ചി രാജാവായ കൊച്ചുണ്ണി രാമവർമ്മയ്ക്ക് സാമൂതിരിയെ ഇഷ്ടമല്ലാതിരുന്നതിൻ്റെ പ്രധാന കാരണം ഇതായിരുന്നു. സാമന്തനായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. സാമൂതിരിയെ തോൽപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് അദ്ദേഹം പോർച്ചുഗീസുകാരെ കണ്ടത്. എന്നാൽ കൊച്ചിക്കാരായ പലരും ഇതിനു വിപരീതമായിട്ടാണ് കാര്യങ്ങളെ കണ്ടിരുന്നത്. പോർച്ചുഗീസുകാർ കടൽ വ്യാപാരത്തിൽ പുലർത്തി വന്ന ഏകാധിപത്യ രീതികളോടും നീതികേടുകളോടും വിയോജിപ്പുള്ള പ്രമാണിമാരും പരമ്പരാഗത കച്ചവടക്കാരുമായിരുന്നു അവർ. സ്വന്തം ജീവിത പരിസരത്തിലെ കടലിൽ സഞ്ചരിക്കുന്നതിനും കച്ചവടം ചെയ്യുന്നതിനും ഒരു വിദേശ ശക്തിക്ക് കപ്പം കൊടുക്കുകയും അവരുടെ അനുമതിപത്രം വാങ്ങേണ്ടി വരികയും ചെയ്യുക എന്നത് കച്ചവട താൽപ്പര്യത്തിൻ്റെത് മാത്രമല്ല, ആത്മാഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. കൊച്ചിക്കാരായിരുന്ന മരക്കാർ കുടുംബം സാമൂതിരിയുടെ പക്ഷം ചേരുകയും കോഴിക്കോട്ടേക്ക് മാറിത്താമസിക്കുകയും ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്.
മറ്റു എതിർപ്പുകൾ
കോഴിക്കോടും കൊച്ചിയും മാത്രമല്ല വേണാട്ടും പോർച്ചുഗീസുകാർ നാട്ടുകാരിൽ നിന്നുള്ള കടുത്ത എതിർപ്പുകൾ നേരിട്ടു. എതിർപ്പിനുള്ള കാരണങ്ങൾ എല്ലായിടത്തും ഒന്നു തന്നെയായിരുന്നു. പോർച്ചുഗീസുകാരുടെ കച്ചവടം എന്നത് മിക്കവാറും ഒരു പിടിച്ചുപറിയായിരുന്നു. മറ്റുള്ളവരുടെ കപ്പലുകൾ കൊള്ളയടിക്കുക, അവയെ തീവച്ചു നശിപ്പിക്കുകയോ മുക്കിക്കളയുകയോ ചെയ്യുക, കണ്ണിൽ ചോരയില്ലാത്ത വിധം ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുക, അകാരണമായി കൊലപാതകങ്ങൾ നടത്തുക, സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുക, കുട്ടികളേയും സ്ത്രീകളേയും പിടിച്ചു കൊണ്ടു പോയി അടിമകളാക്കുക, എന്നിങ്ങനെ അത് നീണ്ടുപോകുന്നു. കൂടാതെ അഹങ്കാരത്തിൻ്റെ മൂർത്തിമദ്ഭാവങ്ങളായിരുന്നു എല്ലാ പോർച്ചുഗീസുകാരും. ഇതിനു പുറമെയാണ് അവരുടെ മതപരമായ അസഹിഷ്ണുത. അതിൻ്റെ ഫലമായി കൊല്ലത്ത് നാട്ടുകാരിൽ നിന്ന് അവർക്ക് കനത്ത എതിർപ്പുകൾ നേരിട്ടു. തങ്കശ്ശേരിയിൽ കോട്ട ( സെയിൻ്റ് തോമസ് കോട്ട) പണിയുന്ന കാലത്ത് നാട്ടുകാർ പലപ്പോഴായി ആകക്രമിക്കുകയും കോട്ട നിർമ്മാണം തടസ്സപ്പെടുത്തുകയും ചെയ്തു.
കൊല്ലത്തെ അറബിക്കച്ചവടക്കാരും സാമൂതിരിയുടെ സൈന്യവും ഈ ആക്രമണത്തിനു വേണ്ട എല്ലാ പിന്തുണയും നൽകിയിരുന്നു. കൊല്ലത്തെ കുരുമുളക് വ്യാപാരത്തിൽ പരമ്പരാഗതമായി മേൽക്കോയ്മ പുലർത്തിയിരുന്ന അറബ് വ്യാപാരികൾക്ക് പോർച്ചുഗീസുകാരുടെ വ്യാപാര കുത്തക വലിയ ഭീഷണിയായി. 1505-ൽ പോർച്ചുഗീസ് ക്യാപ്റ്റനായ അന്റോണിയോ ഡി സാ (António de Sá) പോർച്ചുഗീസുകാരുടെ അനുമതി വാങ്ങാതെ കുരുമുളക് കയറ്റിയ അറബ് കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇത് കൊല്ലത്തെ പ്രാദേശിക മുസ്ലിം വ്യാപാരികളെയും ജനങ്ങളെയും പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ അന്റോണിയോ ഡി സാ ഉൾപ്പെടെ 13 പോർച്ചുഗീസുകാർ കൊല്ലപ്പെടുകയും അവരുടെ താവളങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു.
പോർച്ചുഗീസുകാരുടെ മതപരമായ അസഹിഷ്ണുത മറ്റു മതക്കാരുടെ നേരെ മാത്രമായിരുന്നില്ല. സ്വന്തം മതത്തിലെ ഇതര വിഭാഗക്കാരുടെ നേരെയും അവരുടെ സ്വേച്ഛാധികാരം പ്രയോഗിക്കാൻ ശ്രമിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ ആരാധന രീതികളേയും അവരുടെ ആരാധനാ സ്ഥലങ്ങളെയും റോമൻ കത്തോലിക്കരുടേതാക്കി മാറ്റാൻ ശ്രമിച്ചു. ഇതിൻ്റെ അനന്തരഫലമാണ് കൂനൻകുരിശു കലാപം. കേരള കത്തോലിക്കാ സഭയുടെയും പൗരസ്ത്യ ക്രിസ്ത്യാനികളുടെയും ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു സംഭവമാണ് കൂനൻകുരിശു സത്യം. 1653 ജനുവരിയിൽ മട്ടാഞ്ചേരിയിലാണ് ഇതു നടന്നത്.
1599-ൽ ഉദയംപേരൂരിൽ നടന്ന സൂനഹദോസിലൂടെ പോർച്ചുഗീസുകാർ മലങ്കര സഭയെ റോമൻ കത്തോലിക്കാ സഭയുടെയും പോർച്ചുഗീസ് പദ്രൊവാദോ * (Padroado) ഭരണത്തിന്റെയും കീഴിലാക്കി. സുറിയാനി സഭയുടെ പരമ്പരാഗത ആചാരങ്ങൾ നിരോധിക്കുകയും പോർച്ചുഗീസ് ബിഷപ്പുമാരുടെ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തു. ഇവിടത്തെ പരമ്പരാഗത ക്രിസ്തുമത വിശ്വാസികൾക്കിടയിൽ ഇത് കടുത്ത അമർഷത്തിനിടയാക്കി. ഇതിനിടയിലാണ് മറ്റൊരു സംഭവമുണ്ടായത്.
അന്ത്യോക്യയിൽ നിന്ന് വന്ന മാർ അഹത്തള്ള എന്ന സുറിയാനി മെത്രാനെ പോർച്ചുഗീസുകാർ തടങ്കലിലാക്കി. അദ്ദേഹത്തെ ഗോവയിലേക്ക് കൊണ്ടുപോകും വഴി കപ്പലിൽ വെച്ച് വധിച്ചു എന്ന വാർത്ത പരന്നതോടെ കടുത്ത കാലുഷ്യം ഉടലെടുത്തു. വാർത്തയറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികൾ മട്ടാഞ്ചേരിയിൽ തടിച്ചുകൂടി. കോപാകുലരായ നസ്രാണികൾ മട്ടാഞ്ചേരിയിലെ മാർത്തോമ്മാ ശ്ലീഹാ പള്ളിക്ക് മുന്നിൽ ഒത്തുകൂടി. പോർച്ചുഗീസ് ബിഷപ്പുമാരുടേയോ സൊസൈറ്റി ഓഫ് ജീസസിന്റെ (ഈശോസഭക്കാരുടെ) ബിഷപ്പുമാരുടെയോ ഭരണത്തിൻ കീഴിൽ ഇനി മേലാൽ കഴിയുകയില്ലെന്നും അവരുടെ നിർദേശത്തിനനുസരിച്ച് ജീവിക്കില്ലെന്നും അവർ പ്രതിജ്ഞയെടുത്തു.
എല്ലാവർക്കും ഒരേസമയം തൊട്ട് സത്യം ചെയ്യാൻ പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന കൽക്കുരിശിൽ ഒരു വടം കെട്ടി, ആ വടത്തിൽ പിടിച്ച് ആയിരക്കണക്കിന് ആളുകൾ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടയിൽ വടംവലിഞ്ഞ് കുരിശിന് ചരിവുണ്ടായി. ചരിഞ്ഞ കുരിശിൻമേൽ തൊട്ടു സത്യം ചെയ്തതിനാലാണ് കൂനൻ കുരിശു സത്യം എന്നു വിളിക്കാനിടയായത്. ഈ സംഭവത്തോടെയാണ് കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ രണ്ട് പ്രധാന വിഭാഗങ്ങൾ രൂപപ്പെട്ടത്.
* പദ്രൊവാദോ (Padroado) എന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പമാർ പോർച്ചുഗൽ രാജാക്കന്മാർക്ക് നൽകിയ മതപരവും ഭരണപരവുമായ പ്രത്യേക അധികാര അവകാശങ്ങളെയാണ് സൂചിപ്പിക്കുന്നത്. (Patronage System). പോർച്ചുഗീസ് ഭാഷയിൽ 'പദ്രൊവാദോ' എന്ന പദത്തിന് പോറ്റില്ലം അല്ലെങ്കിൽ രക്ഷാധികാരം എന്നൊക്കെയാണ് അർത്ഥം.



.jpg)