വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ കേരളം ജാതിയുടെ ഇത്തരം ഒരു മൃത്യുരാഷ്ട്രീയം നിലനിർത്തുന്നതിൽ ഒരു അപവാദമേ ആകുന്നില്ല എന്ന് മലയാളം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥിയായ അനഘ ശശിയുടെ അനുഭവങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ''സംവരണം'' ആണെങ്കിൽ ''മെറിറ്റ് '' അല്ല എന്ന് കീഴാള സമൂഹങ്ങളിലെ വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്കു കീഴെ ഇന്നും ചുവന്ന അടിവരയിടുന്ന, അവരെ നിരന്തരം പരിഹസിക്കുന്ന, സവർണ്ണ ജാതി ബോധവും സ്ഥാപനങ്ങളിലെ അധികാരവും ഏറ്റവും മനുഷ്വത്വ രഹിതമായി ആ വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിക്കുന്ന അധ്യാപക- ഉദ്യോഗസ്ഥ സമൂഹത്തിനെതിരെയാണ് അനഘയുടെ പോരാട്ടം.
സമരം | സ്മിത പി കുമാര്‍
വിരലിൽ എണ്ണാവുന്ന ചില വിദ്യാർഥികൾക്കു മാത്രം, ചുരുക്കം ചില സംഘടനകളുടെയോ, ആളുകളുടെയോ സഹായത്തോടെ പ്രതിഷേധ ശബ്ദമുയർത്തി ഒരു സമരമുഖത്തു നിലകൊള്ളാൻ സാധിക്കുന്നുണ്ട്. പ്രതിസ്ഥാനത്തുള്ളവർ മിക്കപ്പോഴും അധികാരത്തിന്റെയോ പണത്തിന്റെയോ മറ്റു പ്രിവിലേജുകളുടെയോ പിൻബലത്തിലൂടെ രക്ഷപ്പെടുകയോ, കുറ്റ വിമുക്തമാക്കപ്പെടുകയോ ചെയ്യുന്നു. സമാന സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു.
More Read: ദേശീയ വിദ്യാഭ്യാസ നയം നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുക?
ഭരണഘടനാപരമായ സമത്വ കൽപ്പനകൾ ഉണ്ടായിരുന്നിട്ടും, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ജാതി ശ്രേണികളെ അപനിർമ്മിക്കുന്നതിനു സഹായകരമായിട്ടില്ലെന്നു കാണാം. കൊളോണിയൽ ഘടനയിലും സ്വാതന്ത്ര്യാനന്തര വരേണ്യതയിലും വേരൂന്നിയ വിദ്യാഭ്യാസം, പ്രവേശനം, പാഠ്യപദ്ധതി, ബോധന ശാസ്ത്രം, സ്ഥാപന സംസ്കാരം,തൊഴിൽ എന്നിവയിലൂടെ ജാതി അടിസ്ഥാനമാക്കിയുള്ള വേർതിരിക്കലുകളും അരിച്ചുമാറ്റലുകളും തുടർന്ന് പോരുക തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ജാതിയെ തകർക്കുന്നതിൽ പരാജയപ്പെടുന്നുവെന്നല്ല, മറിച്ചു അത് അങ്ങനെ ചെയ്യാൻ പാകത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. ജാതി പുനരുൽപ്പാദിപ്പിക്കുന്ന പ്രക്രിയയായി, സവർണ്ണ സവിശേഷാധികാരങ്ങൾക്കു കാവൽ നിൽക്കുന്ന ഒന്നായി വിദ്യാഭ്യാസം വർത്തിച്ചു പോരുന്നു. അരികുവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള വിദ്യാർത്ഥികളെ പഠനാന്തരീക്ഷങ്ങളിലും, പ്രവർത്തനങ്ങളിലും താഴ്ന്ന തലങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതമാക്കുന്ന, മാനസിക - ശാരീരിക പീഠകളിലേക്കും, ആത്മഹത്യയിലേക്കും വരെ കൊണ്ടെത്തിക്കുന്ന ശക്തമായ ജാതി ഘടനയും സവർണ്ണ ബോധവും സകല വിദ്യാലയങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.
വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ കേരളം ജാതിയുടെ ഇത്തരം ഒരു മൃത്യുരാഷ്ട്രീയം നിലനിർത്തുന്നതിൽ ഒരു അപവാദമേ ആകുന്നില്ല എന്ന് മലയാളം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥിയായ അനഘ ശശിയുടെ അനുഭവങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ''സംവരണം'' ആണെങ്കിൽ ''മെറിറ്റ് '' അല്ല എന്ന് കീഴാള സമൂഹങ്ങളിലെ വിദ്യാർത്ഥികളുടെ നേട്ടങ്ങൾക്കു കീഴെ ഇന്നും ചുവന്ന അടിവരയിടുന്ന, അവരെ നിരന്തരം പരിഹസിക്കുന്ന, സവർണ്ണ ജാതി ബോധവും സ്ഥാപനങ്ങളിലെ അധികാരവും ഏറ്റവും മനുഷ്വത്വ രഹിതമായി ആ വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിക്കുന്ന അധ്യാപക- ഉദ്യോഗസ്ഥ സമൂഹത്തിനെതിരെയാണ് അനഘയുടെ പോരാട്ടം.
ജാതി ചോദിച്ചു കൊണ്ടുള്ള അധിക്ഷേപവും, ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഗവേഷണ സാഹചര്യങ്ങൾ ലഭിച്ചതെന്ന് പറഞ്ഞുള്ള നിരന്തര പരിഹാസവും, ഡോക്റ്ററൽ കമ്മിറ്റി കൂടി ഗവേഷണ വിഷയം അംഗീകരിക്കുന്നതുൾപ്പെടെയുള്ള ഗവേഷണ നടപടികൾ ബോധപൂർവം വൈകിപ്പിക്കലും, പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഗവേഷണവുമായി ബന്ധപ്പെട്ട വിലയിരുത്തൽ റിപ്പോർട്ടുകൾ തടഞ്ഞു വെയ്ക്കുമെന്നും, സ്കോളർഷിപ്പ് ഫണ്ട് തിരിച്ചടപ്പിക്കും എന്ന ഭീഷണിയും അനഘ നേരിടേണ്ടി വന്ന അക്കാദമിക പീഡനങ്ങളാണ്. ഇതിനെല്ലാം അപ്പുറം ലാബുകൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ജോലികൾ നിർബന്ധിപ്പിച്ചു ചെയ്യിപ്പിക്കുകയെന്ന മനുഷ്യാവകാശ ലംഘനം കൂടി മലയാളം സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം അധ്യാപകരിൽ നിന്ന് ഉണ്ടായിരിക്കുന്നു. ജാതി വിവേചന പരാതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം അധ്യാപകരായ ഡോ. അരുണ്‍ ബാബു, ഡോ. ജൈനി വര്‍ഗീസ് എന്നിവർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനഘക്കെതിരെ മൊഴി കൊടുക്കാൻ അധ്യാപകർ സഹ - വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായും കേൾക്കുന്നു.
സമരം മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍
ഈ അധ്യാപകർക്കെതിരെ പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടെ ഉന്നതതല അന്വേഷണങ്ങൾക്ക് ഉത്തരവിടുക, രണ്ടു വർഷമായി മുടങ്ങി കിടക്കുന്ന ഡോക്റ്ററൽ കമ്മിറ്റി മീറ്റിംഗ് ഉടനടി നടത്താൻ സർവകലാശാലക്ക് നിർദേശം നൽകുക. സ്ഥിരം ഗൈഡിനെ നിയമിച്ചു നൽകുക, ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങൾ ,ലൈബ്രറി, അക്കാദമിക മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ തടസ്സമില്ലാതെ യൂണിവേഴ്സിറ്റി ലഭ്യമാക്കുക.
ഗൈഡിൽ നിന്നോ ഡിപ്പാർട്മെന്റ് ഡയറക്റ്ററിൽ നിന്നോ ഉള്ള പ്രതികാര നടപടികളിൽ നിന്നും , ഗവേഷകയുടെ അക്കാദമിക് ഭാവിയും ഫെല്ലോഷിപ്പും സംരക്ഷിക്കാനുള്ള നിർദേശം നൽകുക, ഹോസ്റ്റലിൽ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത കൃഷ്ണ കെ.പി ക്കെതിരെ കർശനമായ അച്ചടക്ക- നിയമ നടപടികൾ സ്വീകരിക്കുക ( ആന്റി റാഗിങ്ങ് / പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരവും ഉള്ള നടപടികൾ), ഗവേഷകയുടെ പരാതികൾ അവഗണിക്കുകയും, സുരക്ഷിതമായ അക്കാദമിക സാഹചര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത സർവ്വകലാശാല ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക- ഈ ആവശ്യങ്ങളാണ് അനഘ സർക്കാരിന് മുൻപിൽ വെച്ചിട്ടുള്ളത്. ഒരു ഗവേഷക വിദ്യാർത്ഥി എന്ന നിലയ്ക്കുള്ള ഈ പറഞ്ഞ ഏറ്റവും ന്യായമായ ആവശ്യങ്ങളാണിവ.
കേരളത്തിൽ ജാതി പീഡനങ്ങളോടും , ജാതി കൊലകളോടും ഉള്ള ഭരണകൂടത്തിന്റെ, പൊതു സമൂഹത്തിന്റെ , വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ അവരുടെ വിദ്യാർത്ഥി സംഘടനകളുടെ, വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതികരണവും, പ്രതിഷേധവും, എങ്ങിനെയെന്ന് മുൻപുണ്ടായ പല സംഭവങ്ങളിൽ നിന്നും ഈയടുത്തു നിതിൻ രാജിന്റെ മരണത്തിൽ ഉൾപ്പെടെ വ്യക്തമായതാണ്. വൈകി ലഭിക്കുന്ന നീതി പോലും കീഴാള ജീവിതങ്ങളെ സംബന്ധിച്ചു അനീതിയുടെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അനഘ ശശിയുടെ കാര്യത്തിൽ സർക്കാർ സമയബന്ധിതമായി ഇടപെടേണ്ടത് അത്യാവശ്യമാണ്. ഒപ്പം എല്ലാ ജനാധിപത്യ വിശ്വാസികളുടെയും മനുഷ്യരുടെയും പിന്തുണ ഈ സമരത്തിന് ഉണ്ടാവണം. ഇനിയുമൊരു നിതിൻ രാജിൻ്റെ ആത്മഹത്യയോ, അനഘയുടേതു പോലുള്ള ജാതി പീഡനത്തിനെതിരായ സമരമോ "പുരോഗമന " കേരളത്തിൽ ഉണ്ടാകുന്നത് തടയാൻ ഭരണകൂടം രോഹിത് വെമുല ആക്റ്റിൻ്റെ നടപ്പാക്കൽ ഉൾപ്പെടെ ആവശ്യമായ എല്ലാ നിയമ സംരക്ഷണ നടപടികളും ശക്തമായി കൈ കൊളേളണ്ടതുണ്ട്.
