നേപ്പാള്‍: പ്രളയം തുടച്ചുനീക്കിയ ഗ്രാമങ്ങള്‍

ഈ ദുരന്തം എന്നെ വ്യക്തിപരമായി തകർത്തു. എന്റെ ഭർത്താവിന്റെ ഗ്രാമം പൂർണമായും തുടച്ചുനീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുക്കൾ തലനാരിഴയ്ക്കാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഏഴു വർഷത്തിലേറെയായി ഞാൻ കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.- നേപ്പാള്‍ പ്രളയത്തിന്റെ ഭീകര അനുഭവങ്ങളും ആ നാടിന്റെ ഇപ്പോഴത്തെ ആവശ്യങ്ങളും പങ്കുവെക്കുന്നു:

ദിക്ഷ്യ സുബേദി, കാഠ്മണ്ഡു



നേപ്പാളിലെ റാസുവ, നുവാകോട്ട് മേഖലകളെ തകർത്ത പ്രളയം  ദിവസങ്ങള്‍  പിന്നിട്ടപ്പോഴും കാണാതായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 4,700-ലേറെ പേരുടെ വിവരങ്ങൾ ഇനിയും ലഭ്യമല്ല. അതേസമയം, കണ്ടെടുത്ത മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന എണ്ണം കൈകാര്യം ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ പാടുപെടുകയാണ്. 

ഈ ദുരന്തം എന്നെ വ്യക്തിപരമായി തകർത്തു. എന്റെ ഭർത്താവിന്റെ ഗ്രാമം പൂർണമായും തുടച്ചുനീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുക്കൾ തലനാരിഴയ്ക്കാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഏഴു വർഷത്തിലേറെയായി ഞാൻ കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. നയരൂപീകരണ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ഹിമാനികളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ഹിമാലയൻ സമൂഹങ്ങൾ നേരിടുന്ന സവിശേഷമായ കാലാവസ്ഥാ ദുർബലതയെക്കുറിച്ച് വിവിധ വേദികളിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപകടസാധ്യത എനിക്ക് മനസ്സിലായിട്ടുണ്ടെന്ന് ഞാൻ കരുതി. എന്നാൽ എനിക്ക് തെറ്റിപ്പോയി. ദുരന്തബാധിത സമൂഹങ്ങളിൽ ഞാൻ കണ്ട ഭീതിയും നിരാശയും വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്.അതിലും ഭയാനകമായ കാര്യം, ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല എന്നതാണ്.

പ്രാഥമിക ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത്, ഹിമാലയത്തിന്റെ ഉയർന്ന മേഖലയിൽ ഉണ്ടായ ഒരു വൻ മഞ്ഞും പാറയും ഇടിഞ്ഞുവീണതാണ് ല്ഹെൻഡെ ഖോലയിൽ തുടർച്ചയായ ദുരന്തങ്ങൾക്ക് കാരണമായതെന്നാണ്. അതിന്റെ ഫലമായി വെള്ളവും പാറകളും മണ്ണും അടങ്ങിയ അപ്രതീക്ഷിതമായ ഒരു കുത്തൊഴുക്ക് ഭോട്ടെ കോശി–ത്രിശൂലി നദീസംവിധാനത്തിലേക്ക് ഇരച്ചുകയറി.

ഈ നീക്കത്തിന്റെ ഫലമായി നേപ്പാൾ–ടിബറ്റ് അതിർത്തിക്ക് സമീപം ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്. അത് ഇനിയും മറ്റൊരു പ്രളയത്തിന് കാരണമായേക്കാം. ആദ്യത്തെ മഞ്ഞുപാറ ഇടിച്ചിലിനെ നേപ്പാളിന് യാഥാർഥ്യബോധത്തോടെ മുൻകൂട്ടി തടയാനാകുമായിരുന്നില്ല. എന്നാൽ ഈ ദുരന്തത്തിന്റെ വ്യാപ്തി, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ യാഥാർഥ്യത്തിനനുസരിച്ചുള്ള ദുരന്തസാധ്യത കുറയ്ക്കുന്നതിനും അതിനെ നേരിടുന്നതിനുമുള്ള നമ്മുടെ സംവിധാനങ്ങളിലെ ഗുരുതരമായ പോരായ്മകളെയാണ് തുറന്നുകാട്ടുന്നത്.

ഉയർന്ന അപകടസാധ്യതയുള്ള പർവത ഇടനാഴികളിൽ ഹിമാനികളിൽ നിന്നും പ്രളയങ്ങളിൽ നിന്നുമുള്ള ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങളിൽ അടിയന്തരമായി, മതിയായ സാമ്പത്തിക പിന്തുണയോടെയുള്ള നിക്ഷേപം നേപ്പാളിന് ആവശ്യമാണ്. ഇപ്പോൾ തന്നെ അധികാരികൾ അസ്ഥിരമായ ഹിമാനികൾ, മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകങ്ങൾ, നദീതടങ്ങൾ എന്നിവയുടെ ഭൂപടം തയ്യാറാക്കുകയും അവ നിരന്തരം നിരീക്ഷിക്കുകയും വേണം. തകരാറിലായ സെൻസറുകൾ പുനഃസ്ഥാപിക്കണം. പർവത നിരീക്ഷണ കേന്ദ്രങ്ങളും താഴ്‌വരകളിലെ ജനവാസകേന്ദ്രങ്ങളും തമ്മിൽ 24 മണിക്കൂറും തത്സമയ ആശയവിനിമയം സാധ്യമാക്കുകയും വേണം.

മേൽപ്രദേശങ്ങളിലെ അപകടസാധ്യതകളെ നിരീക്ഷിക്കുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം. നദീതടങ്ങളുടെ ആസൂത്രണവും അതിനനുസരിച്ച് മെച്ചപ്പെടുത്തണം. ചൈനയുമായി അതിർത്തി കടന്നുള്ള വിവരപങ്കിടൽ, അപകടസാധ്യത കണക്കിലെടുത്തുള്ള അടിസ്ഥാനസൗകര്യ ആസൂത്രണം, അസ്ഥിരമായ ഹിമാനികൾ, പർവതച്ചരിവുകൾ, താൽക്കാലികമായി രൂപപ്പെട്ട മണ്ണും അവശിഷ്ടങ്ങളും തടഞ്ഞുനിർത്തുന്ന അണക്കെട്ടുകൾ എന്നിവയുടെ നിരന്തരമായ വിലയിരുത്തൽ—ഇവയെല്ലാം അതിന്റെ ഭാഗമാകണം.

അടിയന്തരമായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം വ്യക്തമാക്കുന്ന മാനദണ്ഡങ്ങൾ വേണം. അടിയന്തര അഭയകേന്ദ്രങ്ങൾ ഒരുക്കണം. എസ്‌എംഎസ് സന്ദേശങ്ങൾ, സൈറൺ, പ്രാദേശിക റേഡിയോ തുടങ്ങി വിവിധ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരേസമയം സജീവമാക്കണം. രണ്ടാമത്തെ പ്രളയത്തിന്റെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യമായ സമയം ഇതുവഴി ലഭിക്കണം. ഇവിടെ ഹിമാലയത്തിൽ, കാലാവസ്ഥ ചൂടുപിടിക്കുന്നതോടെ നമ്മുടെ ക്രയോസ്ഫിയർ—ഹിമാനികൾ, ഹിമാനി തടാകങ്ങൾ, പർവതച്ചരിവുകൾ എന്നിവ ഉൾപ്പെടുന്ന മഞ്ഞുമേഖല—അസ്ഥിരമാവുകയാണ്. ഓരോ വർഷവും റെക്കോർഡ് ചൂട് കടന്നുപോകുമ്പോഴും ഇതുപോലൊരു ദുരന്തത്തിന്റെ സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട്, മുന്നറിയിപ്പ് സംവിധാനങ്ങൾക്കപ്പുറം കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങളും നമുക്ക് ആവശ്യമാണ്. അപകടസാധ്യത നേരിട്ട് അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം, അവരുടെ നേതൃത്വത്തിൽ തന്നെ രൂപകൽപ്പന ചെയ്യുന്ന പ്രാദേശിക കാലാവസ്ഥാ അനുകൂലന പദ്ധതികളും ദുരന്തതയ്യാറെടുപ്പുകളും വേണം. പ്രത്യേകിച്ച് നദികളുടെ താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ദുർബല സമൂഹങ്ങളിൽ അർഥവത്തായ നിക്ഷേപം നടത്തണം.

പ്രളയങ്ങളെയും മണ്ണിടിച്ചിലുകളെയും പർവതപ്രദേശങ്ങളിൽ പരസ്പരം ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു ദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയുന്ന പാലങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും പൊതുസൗകര്യങ്ങളും വേണം. പ്രാദേശിക സമൂഹങ്ങളുടെ നേതൃത്വത്തിലുള്ള കാലാവസ്ഥാ അനുകൂലന പ്രവർത്തനങ്ങളിൽ ശക്തമായ പൊതുസേവനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, ഉപജീവനമാർഗങ്ങളുടെ സംരക്ഷണം, ദുരന്താനന്തര പുനരധിവാസ സഹായം എന്നിവ ഉൾപ്പെടണം. ദുരന്തം സംഭവിക്കുന്നതിന് മുമ്പുതന്നെ താഴ്‌വരകളിലെ ദുർബല സമൂഹങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാകുന്ന തരത്തിലായിരിക്കണം അത്. ഇതെല്ലാം നേപ്പാളിന് ഒറ്റയ്ക്ക് ചെയ്യാനാവില്ല.

ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ പുറന്തള്ളലുകാരും അതുവഴി ഇന്നത്തെ കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കൂടുതൽ ഉത്തരവാദികളുമായ സമ്പന്ന രാജ്യങ്ങൾ, നേപ്പാളിൽ കൊല്ലപ്പെട്ട തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതീകാത്മകമായ പിന്തുണാ പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങരുത്. ഈ ദുരന്തത്തിൽ നിന്ന് കരകയറാനും പുനർനിർമിക്കാനും, അതോടൊപ്പം വരാനിരിക്കുന്ന ദുരന്തങ്ങളെ നേരിടാനും ആവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഞങ്ങൾക്ക് ലഭ്യമാക്കുകയാണ് അവർ ഇപ്പോൾ ചെയ്യേണ്ടത്.


കാലാവസ്ഥാ ഫണ്ടുകൾ ഇപ്പോൾ തന്നെ ലഭ്യമാക്കണം; ഭാവിയിൽ നൽകാമെന്ന വാഗ്ദാനങ്ങളായി അവ മാറ്റിവെക്കരുത്. നാശനഷ്ടങ്ങള്‍  നേരിടുന്നതിനുള്ള ഫണ്ടിൽനിന്ന് നേപ്പാളിന് സഹായം ലഭിക്കണം. ദുരന്തബാധിത കുടുംബങ്ങളിലേക്ക് നേരിട്ടും സമയബന്ധിതമായും സഹായമെത്തിക്കാനും വീടുകളും ഉപജീവനമാർഗങ്ങളും അടിസ്ഥാനസൗകര്യങ്ങളും പുനർനിർമിക്കാനും അതുവഴി കഴിയണം. അത് പുതിയ പണമായിരിക്കണം; പഴയ സഹായപദ്ധതികൾക്ക് പുതിയ പേര് നൽകുന്നതാകരുത്. വായ്പകളായല്ല, ഗ്രാന്റുകളായാണ് സഹായം ലഭിക്കേണ്ടത്. ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ സങ്കീർണമായ നടപടിക്രമങ്ങളിലും അടുത്ത കാലാവസ്ഥാ ഉച്ചകോടി വരെ നീളുന്ന സമയക്രമത്തിലും കുടുങ്ങിക്കിടക്കാത്തവിധം, സഹായം എളുപ്പത്തിലും അതിവേഗത്തിലും ലഭ്യമാകണം.

ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ 0.1 ശതമാനത്തിൽ താഴെയാണ് നേപ്പാളിന്റെ സംഭാവന. എന്നിട്ടും ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്ന രാജ്യങ്ങളിലൊന്നാണ് ഞങ്ങൾ. ഇവിടെ ആഗോളതാപനം പതുക്കെ കടന്നുവരുന്ന ഒന്നല്ല. മിനിറ്റുകൾക്കുള്ളിൽ ഒരു താഴ്‌വരയെ കീറിമുറിച്ചുകൊണ്ട് വെള്ളത്തിന്റെയും ചെളിയുടെയും മതിലായി അത് നമ്മുടെ മുന്നിലെത്തുന്നു.

ഞങ്ങൾ കാരുണ്യധനം ആവശ്യപ്പെടുന്നില്ല. കാലാവസ്ഥാ നീതിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്ക് ഏതാണ്ട് യാതൊരു പങ്കുമില്ലാത്ത ഒരു പ്രതിസന്ധിയുടെ ദുരിതം അനുഭവിക്കേണ്ടിവരുന്നതിന് ഞങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണം. എന്നാൽ ഈ ദുരന്തത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നത് നേപ്പാളിലെ ജനങ്ങൾ വിദേശ ഫണ്ടുകളുടെ നിഷ്‌ക്രിയ ഗുണഭോക്താക്കളായി മാറുന്നു എന്നല്ല. ദുരന്തത്തിൽപ്പെട്ട സ്വന്തം ജനങ്ങളെ സഹായിക്കാൻ നേപ്പാളിലെ സമൂഹം ഇതിനകം തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

More Read: മാധുരി: മഞ്ഞുരുകിയ തടാകം

പ്രത്യേകിച്ച് യുവാക്കളുടെ പ്രതികരണം അതിവേഗവും വ്യക്തവുമായിരുന്നു. നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ചേർന്ന് റാസുവ റിലീഫ് ഗ്രൂപ്പ് രൂപീകരിച്ചു. വിഭവങ്ങൾ സമാഹരിക്കുകയും സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സ്ഥിരീകരിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുകയാണ് അവർ.

ഞാൻ ഇതെഴുതുമ്പോൾ, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി സന്നദ്ധരാകാൻ യുവാക്കളുടെ ഒരു വലിയ നിര തന്നെ രജിസ്റ്റർ ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകളിൽ യുവാക്കൾ മാത്രമല്ല, അവർ തന്നെയാണ് അതിന്റെ ആദ്യ പ്രതികരണ സേന കൂടിയെന്ന ശക്തമായ ഓർമപ്പെടുത്തലാണിത്. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ, ആരും ആവശ്യപ്പെട്ടില്ലെങ്കിലും, ഞങ്ങൾ നേതൃത്വമേറ്റെടുക്കുകയാണ്.

ഏഴു വർഷം മുമ്പ്, യുവ കാലാവസ്ഥാ പ്രവർത്തകരുടെ ആദ്യ യോഗത്തിൽ ഞാൻ പങ്കെടുത്തത് ആരെങ്കിലും എന്റെ വാക്കുകൾ കേൾക്കുമോ എന്നുപോലും ഉറപ്പില്ലാതെയായിരുന്നു. ഇന്ന് ഈ തലമുറ ദുരന്തത്തിന്റെ നിമിഷങ്ങളിൽ തന്നെ എത്ര വേഗത്തിലും ഫലപ്രദമായും സംഘടിക്കപ്പെടുന്നു എന്ന് നേരിൽ കാണുമ്പോൾ, കഴിഞ്ഞ വർഷങ്ങളിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ വെറുതെയായില്ലെന്ന് എനിക്ക് തോന്നുന്നു.

റാസുവയിലും നുവാകോട്ടിലും ധാദിങ്ങിലും സംഭവിച്ചതിൽ നിന്ന് ആളുകൾ ഉൾക്കൊള്ളണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു പാഠമുണ്ടെങ്കിൽ അത് ഇതാണ്: കാലാവസ്ഥാ പ്രവർത്തനം, പുറന്തള്ളൽ കുറയ്ക്കാനുള്ള ലക്ഷ്യങ്ങളിലും നയസമ്മേളനങ്ങളിലും അവസാനിക്കരുത്. മന്ദഗതിയിൽ, ലക്ഷ്യമില്ലാതെ ഒഴുകുന്ന നദികളെപ്പോലെ ചർച്ചകൾ നീണ്ടുപോകുന്ന സമ്മേളനമുറികളിൽ അത് ഒതുങ്ങിപ്പോകരുത്.

നമ്മുടെ നേതാക്കൾ ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനായി ചർച്ചയ്ക്കിരിക്കുമ്പോൾ, യുവാക്കൾക്കും ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച, ഏറ്റവും ദുർബലമായ സമൂഹങ്ങൾക്കും ആ മേശയിൽ ഒരു ഇരിപ്പിടം നൽകണം. ഒരുപക്ഷേ, അവരുടെ ശബ്ദം കേൾക്കുന്നത് അടുത്ത ദുരന്തത്തിൽ നിന്ന് നമ്മെ രക്ഷിച്ചേക്കാം.

Follow us on WhatsApp

bahuswara

Previous Post Next Post