പതിനേഴാം ശതകത്തിൻ്റെ മധ്യത്തോടെ കേരളത്തിലെ മിക്കവാറും നാട്ടുരാജ്യങ്ങളുമായി വ്യാപാര ഉടമ്പടിയിൽ ഏർപ്പെടുന്നതിൽ ഡച്ചുകാർ വിജയിച്ചു. അവർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ കേരളതീരത്തു നിന്നു ലഭിച്ചു. നാട്ടുരാജാക്കൻമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില കിട്ടുകയും ചെയ്തു. ചുരുക്കത്തിൽ ഇരു കൂട്ടർക്കും പ്രയോജനമുള്ള കച്ചവട ഉടമ്പടികളായിരുന്നു അവരുടേത്.
പരമ്പര-11
മണ്ണുമൂടിയ ചരിത്രത്താളുകൾ നാസിർ കെ സി
സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര സാധ്യതയാണ് യൂറോപ്യൻമാരെ ഇന്ത്യയിലേക്ക് ആകർഷിച്ചത് എന്നു നമുക്കറിയാമല്ലോ. കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയ സാധനങ്ങളാണ് അവയിൽ പ്രധാനം. കുരുമുളകും കറുവാപ്പട്ടയുമായിരുന്നു ഡച്ചുകാർക്ക് ഏറ്റവും പ്രിയം. നമ്മുടെ നാടുവാഴികളിൽ നിന്നും നാട്ടിലെ പ്രധാനപ്പെട്ട കച്ചവടക്കാരിൽ നിന്നുമൊക്കെയായി അവ ശേഖരിച്ച് യൂറോപ്പിലേക്ക് അവർ കയറ്റി അയച്ചു. കച്ചവടം എന്നു പറയുമ്പോൾ ചിലത് അങ്ങോട്ടു കൊണ്ടു പോവുകയും വേറെ ചിലത് ഇങ്ങോട്ട് കൊണ്ടുവരികയും ചെയ്യുക എന്നാണല്ലോ. ഇരുമ്പ്, ഈയ്യം, തകര, ചെമ്പ്, സ്വർണ്ണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, ഗ്ലാസ്സുകൾ, കുതിരകൾ തുടങ്ങിയവ അവർ ഇവിടേക്ക് ഇറക്കുമതി ചെയ്തു. യുദ്ധത്തിന് ഉപയോഗിക്കാവുന്ന മികച്ചയിനം അറബിക്കുതിരകളെ അവർ ഇവിടേക്ക് ഇറക്കുമതി ചെയ്തു.
സാമൂതിരി ഉൾപ്പെടെയുള്ള നമ്മുടെ രാജാക്കൻമാർക്കൊന്നും കുതിരപ്പട്ടാളം ഉണ്ടായിരുന്നില്ലല്ലോ. ഇന്ന് ആലോചിക്കുമ്പോൾ രസകരമായ ഒരു സംഗതിയുണ്ട്. നമ്മുടെ നാട്ടിൽ നിന്ന് മൂല്യമേറിയ സുഗന്ധദ്രവ്യങ്ങൾ കൊണ്ടു പോയിരുന്ന അവർ ഇവിടെ ഇറക്കുമതി ചെയ്ത വസ്തുക്കളിൽ പ്രധാനപ്പെട്ട ഒന്ന് ലഹരി പദാർത്ഥങ്ങളായിരുന്നു. കറുപ്പ് (opium) ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നു. ചേറ്റുവ കടപ്പുറം കറുപ്പിൻ്റെ പ്രധാന വിപണന കേന്ദ്രമായിരുന്നു എന്ന് ചരിത്ര പണ്ഡിതൻമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവർ ലാഭകരമായി നടത്തിയ ഒരു കച്ചവടമായിരുന്നു അത്. ലഹരിക്കടിമപ്പെട്ടു പോയ പുതിയ തലമുറയെ ഓർത്ത് വിലപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നിയമവിധേയമായി ലഹരി വ്യാപാരം നടത്തിയിരുന്ന ആ കാലത്തേക്കുറിച്ചാലോചിക്കുന്നത് രസകരമാണ്.
സാംസ്കാരിക ചരിത്രത്തിന്റെ പ്രാരംഭദശയിൽ കറുപ്പുതീറ്റി ഇവിടെ വ്യാപകമായി പ്രചരിച്ചിരുന്നു എന്ന് ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരി രേഖപ്പെടുത്തുന്നുണ്ട്.* നാട്ടുകാരുടെ ആവശ്യം പൂർത്തീകരിക്കുന്നതിനായി വലിയതോതിൽ കറുപ്പ് ഇറക്കുമതി ചെയ്തിരുന്നു. വിദേശികൾ കൊണ്ടുവന്നിരുന്ന ചരക്കുകളിൽ പ്രധാന ഇനം കറുപ്പായിരുന്നു. കേരളീയർ ആർത്തിയോടെയാണ് കറുപ്പ് തിന്നുന്നത് എന്ന് ന്യൂഹോഫ് രേഖകളിലുണ്ട്. ഡച്ചുകാരുടെ കാലത്തെ കേരളത്തേയും മലയാളി ജീവിതത്തേയും കുറിച്ചുള്ള വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്തിട്ടുള്ള ആളാണ് ന്യൂഹോഫ്. ഒരു പയറിന്റെ വലിപ്പത്തിൽ അവർ അത് കഴിക്കുമായിരുന്നു. ചിലപ്പോൾ കള്ളിൽ കലർത്തിയോ അല്ലെങ്കിൽ തലയ്ക്ക് മത്ത് പിടിക്കുന്നതുവരെ വെറുതെ ചവച്ചോ അത് അകത്താക്കും. നിത്യേന കറുപ്പ് കഴിക്കുന്നവർ ഉണ്ടായിരുന്നു എന്നും ന്യു ഹോഫ് പറയുന്നു. മലബാറിൽ കള്ളിൽനിന്ന് ചാരായം എന്നൊരു മദ്യം ഉണ്ടാക്കുന്നുണ്ട്. അതിന് നമ്മുടെ ബ്രാൻഡിയുടെ ഗുണമില്ല എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. കള്ളും കഞ്ചാവും കറുപ്പും മലയാളിയുടെ ജീവിതത്തിലെ നവാതിഥികളല്ല എന്നു സാരം. മാഫിയ എന്ന പദം പുതിയതാണെങ്കിലും ലഹരി മാഫിയ പണ്ടേ ഉണ്ടായിരുന്നു. തീർത്തും നിയമവിധേയമായിരുന്നു അവരുടെ കച്ചവടം എന്നു മാത്രം. കൃത്രിമ രാസലഹരി ഉണ്ടായിരുന്നില്ല എന്നേയുള്ളൂ. കണ്ടുപിടുത്തങ്ങൾ അന്ന് പൊതുവേ കുറവായിരുന്നല്ലോ. പാറപ്പുറത്ത് എന്ന എഴുത്തുകാരൻ്റെ അരനാഴികനേരം എന്ന നോവലിലെ കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം അമിതമായ അളവിൽ കറുപ്പ് അകത്തു ചെന്നാണ് മരിക്കുന്നത്. കറുപ്പ് തിന്നുന്ന ശീലമുണ്ടായിരുന്ന അയാൾക്ക് അമിതമായ അളവിൽ കറുപ്പു നൽകി മരണത്തിലേക്കു നയിക്കുകയായിരുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ ഊന്നി ജീവിക്കുകയും ബൈബിളിലെ ആശയങ്ങളെ മുറുകെ പിടിക്കുകയും ചെയ്ത ആളായിരുന്നു കുഞ്ഞേനാച്ചൻ എന്നോർക്കണം. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ശീലം എല്ലാക്കാലത്തും നമുക്കുണ്ടായിരുന്നു എന്നാണ് അതിൻ്റെ അർത്ഥം. ഡച്ചുകാരാകട്ടെ, നമുക്കു വേണ്ടത് നമുക്കു നൽകുകയും അവർക്കു വേണ്ടത് അവർ കൊണ്ടു പോവുകയുമാണ് ഉണ്ടായത്.
നാടുവാഴികളും നാട്ടുകാരുമായി സംഘർഷത്തിൽ വർത്തിച്ചിരുന്ന പോർച്ചുഗീസുകാരിൽ നിന്നു വ്യത്യസ്തമായി നാട്ടുരാജാക്കൻമാരുമായി രമ്യതയിലെത്തിച്ചേർന്ന് കച്ചവടം വിപുലപ്പെടുത്താനാണ് ഡച്ചുകാർ ആഗ്രഹിച്ചത്. കോഴിക്കോട്, കൊച്ചി, കായങ്കുളം, പുറക്കാട്ട്, മരുതൂർകുളങ്ങര എന്നീ നാട്ടുരാജ്യങ്ങളുമായി അവർ വ്യാപാര ഉടമ്പടികളിൽ ഏർപ്പെട്ടു. പിന്നീട് തിരുവിതാംകൂറുമായി രമ്യതയിലാവുന്നതിനും വ്യാപാര ഉടമ്പടിയിൽ എത്തിച്ചേരുന്നതിനും പരിശ്രമിച്ചു. തിരുവിതാംകൂറുമായി ഉടമ്പടിയിൽ എത്തിച്ചേരുന്നതിന് ധാരാളം തsസ്സങ്ങൾ ഉണ്ടായിരുന്നു. ദേശിങ്ങനാടു സ്വരൂപത്തിൻ്റെ കൊട്ടാരം ഡച്ചുകാർ തീവെച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങൾ അവർ തമ്മിൽ ഉണ്ടായിരുന്നു. എങ്കിലും ന്യൂഹോഫിൻ്റെ നേതൃത്വത്തിൽ അവ പരിഹരിച്ച് തിരുവിതാംകൂറുമായി കരാർ ഉറപ്പിച്ചു.
പതിനേഴാം ശതകത്തിൻ്റെ മധ്യത്തോടെ കേരളത്തിലെ മിക്കവാറും നാട്ടുരാജ്യങ്ങളുമായി വ്യാപാര ഉടമ്പടിയിൽ ഏർപ്പെടുന്നതിൽ ഡച്ചുകാർ വിജയിച്ചു. അവർക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ കേരളതീരത്തു നിന്നു ലഭിച്ചു. നാട്ടുരാജാക്കൻമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില കിട്ടുകയും ചെയ്തു. ചുരുക്കത്തിൽ ഇരു കൂട്ടർക്കും പ്രയോജനമുള്ള കച്ചവട ഉടമ്പടികളായിരുന്നു അവരുടേത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ബംഗാൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനപ്പെട്ട അവരുടെ വാണിജ്യകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്. വാണിജ്യത്തിൽ മാത്രമായിരുന്നു ആദ്യ കാലത്ത് അവർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ പതുക്കെപ്പതുക്കെ അവരുടെ രാഷ്ട്രീയമോഹങ്ങൾ പുറത്തു വന്നു തുടങ്ങി. കൊച്ചിയിലാണ് അവരത് പരീക്ഷിച്ചു നോക്കിയത്. കൊച്ചിയിലെ സകല കാര്യങ്ങളിലും അവരിടപെട്ടു തുടങ്ങി. രാജ്യകാര്യങ്ങൾ മുതൽ രാജകുടുംബത്തിൻ്റെ സ്വകാര്യതകളിൽ വരെ അവർ സാന്നിധ്യമറിയിച്ചു. ഡച്ചു മുദ്രയുള്ള കിരീടമാണ് രാജാവു ധരിച്ചിരുന്നത് എന്നതു വരെ കാര്യങ്ങൾ എത്തിച്ചേർന്നു. കൊച്ചി പോർച്ചുഗീസുകാരുടെ ആധിപത്യത്തിൽ സമ്പൂർണ്ണമായി ഒതുങ്ങിയതു പോലെ ഡച്ചുകാരോടും അവർ അതേവിധേയത്തം കാണിച്ചു. സാമൂതിരി മാത്രം ഡച്ചുകാരോട് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. ചേറ്റുവാ കോട്ട ചിലപ്പോൾ സാമൂതിരിയുടെ കൈയിലും ചിലപ്പോൾ ഡച്ചുകാരുടെ കൈയിലുമായിത്തീർന്നു. നേരത്തേ സൂചിപ്പിച്ച കറുപ്പു വ്യാപാരം ഏറ്റവും ശക്തമായി നടന്നിരുന്ന ഇടങ്ങളിലൊന്ന് ചേറ്റുവ ആയിരുന്നു. ചേറ്റുവയ്ക്കു വേണ്ടി സാമുതിരിയും ഡച്ചുകാരും പലവട്ടം ഏറ്റുമുട്ടിയിരുന്നു. 1717 ൽ ചേറ്റുവ പ്രദേശം പൂർണ്ണമായും ഡച്ചുകാർ കീഴക്കി. ഈ പ്രദേശത്തോടുള്ള ഇഷ്ടം കാരണം അവരുടെ ഒരു പ്രധാനപ്പെട്ട കപ്പലിന് ചേറ്റുവ എന്നു പേരിട്ടതായി പറയപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി പിന്നിട്ടപ്പോഴേയ്ക്കും കേരളത്തിൽ ഡച്ചു സ്വാധീനം കുറഞ്ഞു വരികയും അവരുടെ ശക്തി ക്ഷയിക്കുകയും ചെയ്തു. കച്ചവടമോഹങ്ങളിൽ നിന്ന് അധികാരതാൽപ്പര്യങ്ങളിലേക്ക് ചുവടു വച്ചെങ്കിലും രൂപപ്പെട്ടു വന്ന രാഷ്ട്രീയ സാഹചര്യങ്ങൾ അവർക്ക് അനുകൂലമായിരുന്നില്ല. ഇന്ത്യയിലെ ഇതരഭാഗങ്ങളിലെന്നതു പോലെ കേരളത്തിലും വർദ്ധിച്ചു വന്ന ഫ്രഞ്ച്, ഇംഗ്ലീഷ് സ്വാധീനം ഡച്ചുകാരുടെ വ്യാപാരതാൽപ്പര്യങ്ങൾക്കും അധികാര മോഹങ്ങൾക്കും കടിഞ്ഞാണിട്ടു. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ അധികാരത്തിലേക്കുള്ള ആരോഹണവും അവർക്ക് കനത്ത പ്രഹരമായി. കരുത്തനും തന്ത്രശാലിയും നിഷ്ഠൂരനുമായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ നിന്നുള്ള മറവപ്പടയുടെ സഹായത്തോടെ ** തൻ്റെ നാട്ടിലുള്ള പ്രഭുക്കൻമാരേയും പ്രമാണികളേയും ആദ്യം അദ്ദേഹം ഒതുക്കി.
അവരുടെ കുലം മുടിച്ചു കളഞ്ഞു അദ്ദേഹം. പ്രഭുക്കൻമാരെ കഴുവേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി വിൽക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ് തിരുവിതാംകൂറിനെ ആക്രമിക്കാൻ ഡച്ചുകാർക്കു തോന്നിയത്. 1741 ൽ കുളച്ചലിൽ വച്ചു നടന്ന യുദ്ധത്തിൽ ഡച്ചുകാർ അമ്പേ പരാജയപ്പെട്ടു. ഇതേ സമയം തെക്കേ ഇന്ത്യയിൽ മറ്റൊരു കൊടുങ്കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു. കർണ്ണാടകത്തിൽ ശക്തി പ്രാപിച്ചു കൊണ്ടിരുന്ന മൈസൂർപ്പടയായിരുന്നു അത്. മൈസൂരിൻ്റെ സുശിക്ഷിതരായ കുതിരപ്പടയാളികൾ ആർക്കും പിടിച്ചുകെട്ടാനാവാത്ത വിധം കരുത്താർജ്ജിച്ചിരുന്നു. ആദ്യം ഹൈദരാലിയും പിന്നീട് ടിപ്പു സുൽത്താനും കേരളത്തിലേക്ക് പലവട്ടം പട നയിച്ചു. മൈസൂരിൻ്റെ കുതിരപ്പടയ്ക്കു മുന്നിൽ നിഷ്പ്രഭരായത് കേരളത്തിലെ നാട്ടുരാജാക്കൻമാർ മാത്രമല്ല, അധിനിവേശ ശക്തികളായ ഡച്ചുകാർ കൂടിയായിരുന്നു.
രണ്ടു നൂറ്റാണ്ടോളം ഇന്ത്യയിൽ പലയിടങ്ങളിലായി ആധിപത്യം സ്ഥാപിച്ചിരുന്ന ഡച്ചുകാർ ബ്രിട്ടീഷ്ശക്തിക്കു മുമ്പിൽ പ്രഭാവം നഷ്ടപ്പെട്ട് പതുക്കെ അപ്രത്യക്ഷമായി. കേരളം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അവർ പൂർണ്ണമായി നിഷ്കാസിതരായി. ഇവിടത്തെ പ്രാദേശിക സാഹചര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര സാഹചര്യവും അവർക്കെതിരായിരുന്നു. ഇന്ത്യക്കു പുറത്തും ഡച്ചു കോളനികൾ ഇംഗ്ലണ്ട് കൈവശപ്പെടുത്തി. 1759 ൽ ബംഗാളിലെ ചിൻസൂറയിൽ റോബർട്ട് ക്ലൈവിൻ്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരാജയപ്പെട്ടതോടെ ഡച്ചുകാരുടെ പതനം പൂർണ്ണമായി. ഒടുവിൽ ജാവ, സുമാത്ര തുടങ്ങി ഇന്നത്തെ ഇൻഡോനേഷ്യയുടെ ഭാഗമായ ഈസ്റ്റിൻഡീസ് ദ്വീപുകളിലേക്ക് മാത്രമായി അവരുടെ കച്ചവടം ചുരുങ്ങി.
തുടക്കത്തിൽ കച്ചവട താൽപര്യങ്ങൾ മാത്രമുണ്ടായിരുന്ന ഡച്ചുകാരെ അധികാരത്തിൻ്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് അവരുടെ നായകനായി ഇന്ത്യയിൽ ഉണ്ടായിരുന്ന വാൻറീഡാണ്(Hendrik Adriaan van Rheede) *** കണിശക്കാരനായ ഒരു പട്ടാളക്കാരനും തന്ത്രശാലിയായ ഒരു നായകനുമായിരുന്നു വാൻറീഡ്. ഡച്ചുകാർക്ക് ധാരാളം നേട്ടങ്ങൾ അദ്ദേഹം ഉണ്ടാക്കിക്കൊടുത്തു. എന്നാൽ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം മറ്റൊന്നായിരുന്നു. അതൊരു പുസ്തകത്തിൻ്റെ നിർമ്മാണമാണ്. കേരളത്തിലെ സസ്യങ്ങൾ, ഔഷധച്ചെടികൾ, തൃണ ജാതികൾ മുതലായവയെ ശാസ്ത്രീയമായി വർഗീകരിച്ച് ചിത്രങ്ങൾ സഹിതം വിശദീകരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് ഇൻഡിക്കൂസ് എന്ന സസ്യ ശാസ്ത്ര ഗ്രന്ഥമാണത്. യുദ്ധത്തിലും കച്ചവടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു പരിശ്രമം നടത്തുക എന്നത് വിസ്മയകരമാണ്. എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കുന്ന ഒരു രീതി ഡച്ചുകാർക്ക് പൊതുവേ ഉണ്ടായിരുന്നു. പോർച്ചുഗീസുകാർ ഏതാനും വാക്കുകൾ*** മാത്രമാണ് നമുക്കു നൽകിയത്. എന്നാൽ ഡച്ചുകാർ ഒരു മഹാഗ്രന്ഥം തന്നെ നമുക്കു സമ്മാനിക്കുകയുണ്ടായി. വൈദ്യ പാരമ്പര്യത്തിൽ ജനിച്ച ഇട്ടി അച്ചുതൻ എന്ന പണ്ഡിതനാണ് ഈ ഗ്രന്ഥരചന നിർവഹിച്ചത്. 17, 18 നൂറ്റാണ്ടുകളിലെ കേരളത്തെക്കുറിച്ച് അറിയാൻ ഡച്ച് രേഖകൾ നമ്മെ ധാരാളമായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല ശാസ്ത്രീയമായ കൃഷിരീതികൾ അവർ അവതരിപ്പിച്ചു. അങ്ങനെ ഡച്ച് അയാളങ്ങൾ ധാരാളമായി ബാക്കി വച്ച് അവർ വിടവാങ്ങി.
അടിക്കുറിപ്പ്
* പോർട്ടുഗീസ് - ഡച്ച് ആധിപത്യം കേരളത്തിൽ എന്ന പുസ്തകം
** കേരളത്തിലെ പല നാട്ടുരാജാക്കൻമാർക്കും സ്വന്തമായി സൈന്യം ഉണ്ടായിരുന്നില്ല. പ്രഭുക്കൻമാരുടെയോ മാടമ്പിമാരുടെയോ കീഴിലായിരുന്നു സൈന്യം. ആവശ്യം വരുമ്പോൾ രാജാവ് അവരെ ആശ്രയിക്കുകയാണ് പതിവ്. തിരുവിതാംകൂറിൻ്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. രാജാവും എട്ടുവീട്ടിൽ പിള്ളമാർ ഉൾപ്പെടെയുള്ള പ്രമാണിമാർ രാജാവുമായി രമ്യതയിൽ അല്ലാത്തതിനാൽ അധികാരം നിലനിർത്താനും രാജ്യം വിസ്തൃതമാക്കാനും അദ്ദേഹത്തിന് മറവപ്പടയെ ആശ്രയിക്കേണ്ടി വന്നു. മാത്രമല്ല, മറവപ്പട യുദ്ധവീരൻമാരും രാജാവിനോട് കൂറുള്ളവരും ആയിരുന്നു.
തമിഴ്നാട്ടിലെ മധുര, രാംനാട് തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ നിന്നെത്തിയ മറവർ എന്ന പോരാളി സമുദായത്തിൽപ്പെട്ട ഭടന്മാർ ഉൾപ്പെട്ടിരുന്ന സൈന്യമായതിനാലാണ് ഈ പടയ്ക്ക് മറവപ്പട എന്ന പേരു ലഭിച്ചത്. പഴയകാലത്ത് തമിഴ്നാട്ടിൽ സൈനിക സേവനത്തിനും കാവൽ ജോലികൾക്കും പേരുകേട്ട ഒരു സമൂഹമായിരുന്നു മറവർ.
***1673-ൽ കൊച്ചിയിലെ ഡച്ച് കമാൻഡറായി ചുമതലയേറ്റ വാൻറീഡ്, കൊച്ചി രാജാവും മറ്റ് നാട്ടുരാജാക്കന്മാരുമായി ഒപ്പുവെച്ച കരാറുകളിലൂടെയും ഭരണപരമായ ഇടപെടലുകളിലൂടെയും ഡച്ചുകാരുടെ രാഷ്ട്രീയ സ്വാധീനം ശക്തമാക്കി. കൊച്ചി രാജാവിൻ്റെ ഭരണത്തിലും അധികാര കൈമാറ്റങ്ങളിലും വരെ കമ്പനിയുടെ മേൽക്കോായ്മ ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു
****ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഈ ബൃഹദ്ഗ്രന്ഥം പുതിയ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരള സർവ്വകലാശാലയാണ് കൃത്യം നിർവഹിച്ചത്.
കാലിക്കറ്റ് സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ.കെ.എസ് മണിലാൽ നടത്തിയ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിൻ്റെയും വിശ്രമരഹിതമായ പ്രയത്നത്തിൻ്റേയും അനന്തര ഫലമായിരുന്നു അത്.
ഹോർത്തൂസ് മലബാറിക്കൂസ് എന്നാണ് പൊതുവിൽ ഈ ഗ്രന്ഥം അറിയപ്പെടുന്നത്.മലബാറിലെ ഉദ്യാനം എന്നാണ് ലാറ്റിൻ ഭാഷയിൽ ഈ വാക്കിൻ്റെ അർത്ഥം. ഹോർത്തൂസ്' എന്നാൽ പൂന്തോട്ടം അഥവാ ഉദ്യാനം എന്നും, മലബാറിക്കൂസ് എന്നാൽ മലബാറിന്റെ എന്നും അർത്ഥം വരുന്നു. ഇന്ത്യയിലെ മലബാർ മേഖലയിലെ സസ്യങ്ങളെക്കുറിച്ചുള്ളതാണെന്ന് ഇൻഡിക്കൂസ് എന്ന പദം വ്യക്തമാക്കുന്നു. 1678 നും 1703 നും ഇടയിൽ ആംസ്റ്റർഡാമിൽ നിന്ന് 12 വാല്യങ്ങളായി ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായി.
രംഗ ഭട്ട്, വിനായക ഭട്ട്, അപ്പു ഭട്ട് എന്നിവരുടെ സഹായത്തോടെയാണ് ഇട്ടി അച്ചുതൻ വൈദ്യർ ഈ ഗ്രന്ഥരചന നിർവഹിച്ചത്. ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തിൽ പെട്ട പണ്ഡിതരായിരുന്നു സഹായികളായ മൂന്നു പേരും. സംസ്കൃതത്തിലും പ്രകൃതി വിജ്ഞാനീയത്തിലും അവർ വിദഗ്ധരായിരുന്നു. ഇട്ടി അച്ചുതനാകട്ടെ പ്രശസ്തമായ ഈഴവ വൈദ്യ കുടുംബത്തിലെ അംഗവും വിദഗ്ധനായ വൈദ്യനുമായിരുന്നു.
കർമ്മലീത്ത മിഷണറിയായിരുന്ന ഫാ. മത്തേവൂസ് എന്ന ഫാ.മാത്യുവും ഈ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. 740-ലധികം സസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയും ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ലത്തീൻ ഭാഷയ്ക്കൊപ്പം മലയാളം, അറബി, ദേവനാഗരി ലിപികളിലും സസ്യങ്ങളുടെ പേരുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി മലയാളലിപി അച്ചടിച്ചു വന്നു എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്.


