ഇന്ത്യയിലെ ഫ്രാൻസ്

ഐ.കെ കുമാരൻമാഷും അനേകം സ്വാതന്ത്ര്യ സമര പോരാളികളും ചേർന്ന്  ഫ്രഞ്ചുകാരെ മാഹിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടും കുറുമ്പിയമ്മയെപ്പോലുള്ള മാഹിക്കാർ ഈ ഫ്രഞ്ച് ഗൃഹാതുരതയിൽ മുഴുകിക്കിടന്നു.  മരണശയ്യയിൽ കിടക്കുമ്പോഴും അവർ സായിപ്പിന്റെ കുതിരയുടെ കുളമ്പടി ശബ്ദവും മണിനാദവും കേട്ടുകൊണ്ടിരുന്നു. 

പരമ്പര-11  

മണ്ണുമൂടിയ ചരിത്രത്താളുകൾ  നാസിർ കെ സി  


മുൻ ലക്കങ്ങൾ വായിക്കൂ: 

ഏറ്റവും അവസാനം ഇന്ത്യയിലേക്കു വന്ന വിദേശ അധിനിവേശ ശക്തിയാണ് ഫ്രഞ്ചുകാർ. ഇംഗ്ലീഷുകാർ ഇന്ത്യയിൽ നടത്തിയ അധിനിവേശത്തിൻ്റെ ആഴമോ ചൂഷണത്തിൻ്റെ വ്യാപ്തിയോ അധികാരത്തിൻ്റെ കരുത്തോ അവർക്ക് ഉണ്ടായിരുന്നില്ല. അതു കൊണ്ട് ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ചരിത്രം പറയുന്നതിനു മുമ്പ് ഫ്രഞ്ചുകാരുടെ ഇന്ത്യൻ ചരിത്രം പറഞ്ഞവസാനിപ്പിക്കാം എന്നു കരുതുന്നു.  ബ്രിട്ടീഷുകാരുടെ ഇന്ത്യൻ അധിനിവേശത്തിൻ്റെ ചരിത്രം പറയുമ്പോൾ സാമാന്യം ദീർഘമായ ചരിത്രവിവരണമായി അതുമാറും. ഒരർത്ഥത്തിൽ എത്ര പറഞ്ഞാലും തീരാത്ത, അനന്തമായ വ്യാഖ്യാനസാധ്യതകളുള്ള ചരിത്രത്തിൻ്റെ ഒരു കടലാണത്. അതു കൊണ്ട് ഫ്രഞ്ചുകാരേക്കുറിച്ച് പറഞ്ഞവസാനിപ്പിച്ചതിനു ശേഷം ബ്രിട്ടീഷുകാരിലേക്കു കടക്കാം.

1668 ലാണ് ഫ്രഞ്ചുകാർ ഇന്ത്യയിലേക്കു വരുന്നത്. മറ്റെല്ലാ യൂറോപ്യൻ ശക്തികളെയും പോലെ ആദ്യം കച്ചവടം, പിന്നെ കച്ചവടത്തിലൂടെ രാഷ്ട്രീയ അധികാരം, രാഷ്ട്രീയ അധികാരത്തിലൂടെ കച്ചവടക്കുത്തക എന്നതായിരുന്നു ഫ്രഞ്ചുകാരുടെയും പോളിസി. ഈ ഉദ്ദേശ്യത്തോടെ 1664 ൽ അവർ ഫ്രഞ്ച് ഈസ്റ്റിന്ത്യ കമ്പനിയ്ക്ക് (കമ്പനി ഡെസ് ഇന്ത്സ് ഓറിയൻ്റൽസ്) രൂപം നൽകി. ഫ്രഞ്ച് ചരിത്രത്തിൽ നെപ്പോളിയനോളം പ്രസിദ്ധനായ ലൂയി പതിനലാമനായിരുന്നു അന്ന് ഫ്രാൻസ് ഭരിച്ചിരുന്നത്.* അദ്ദേഹത്തിൻ്റെ മന്ത്രിയായിരുന്ന കോൾബർട്ടിനായിരുന്നു കമ്പനിയുടെ നേതൃച്ചുമതല.  ഫ്രാൻകോയിസ്  കാരനിൻ്റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച് കച്ചവട സംഘം 1668ൽ ഇന്ത്യയിലെത്തി. ഗുജറാത്തിലെ സൂററ്റിലാണ്  അവർ അവരുടെ ആദ്യത്തെ കച്ചവടകേന്ദ്രം സ്ഥാപിച്ചത്. തുടർന്ന് 1669 ൽ മസൂലി പട്ടണത്തിൽ മറ്റൊരെണ്ണം കൂടി പണിതുയർത്തി.  ​ ആന്ധ്രാ പ്രദേശിൻ്റെ തീരദേശ നഗരമാണിത്. മിലിപട്ടണം അല്ലെങ്കിൽ  മച്ചിലി പട്ടണം എന്ന് ഔദ്യോഗികമായി വിളിപ്പേരുണ്ട്. ബന്ദർ എന്നാണ് ഈ നഗരത്തിൻ്റെ പ്രാദേശിക നാമം. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖനഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിൽ അധിനിവേശം നടത്തിയ പ്രധാനപ്പെട്ട എല്ലാ യൂറോപ്യൻ ശക്തികളും ആദ്യം സ്ഥാപിച്ച വ്യാപാര കേന്ദ്രങ്ങളിൽ ഒന്ന് മുസിലി പട്ടണത്താണ് എന്നതാണ്. ബംഗാൾ ഉൾക്കടലിൻ്റെ തീരത്തുള്ള ഒരു പ്രധാന തുറമുഖ നഗരം എന്നതാണ് യൂറോപ്യൻമാരെ ഈ സ്ഥലത്തേക്ക് ആകർഷിച്ച വസ്തുത. 1605 ൽ ഡച്ചുകാരും 1611 ൽ ബ്രിട്ടീഷുകാരും ഇവിടെ തങ്ങളുടെ കച്ചവടകേന്ദ്രം ആരംഭിച്ചു. അതോടെ പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ പോർച്ചുഗീസുകാർക്കുണ്ടായിരുന്ന ആധിപത്യം പതുക്കെ മാഞ്ഞു തുടങ്ങി. ആദ്യം ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും ആ സ്ഥാനം കയ്യടക്കി.  ഈ മത്സരത്തിനിടയിലേക്കാണ് ഒടുവിൽ ഫ്രഞ്ചുകാർ വന്നു ചേർന്നത്. ഇന്ത്യയിൽ വളരെ കുറഞ്ഞ പ്രദേശങ്ങളിൽ മാത്രമേ അവർക്ക് വ്യാപാരക്കുത്തകയും  രാഷ്ട്രീയ അധികാരവും സ്ഥാപിക്കുവാൻ കഴിഞ്ഞുള്ളൂ. അതിലൊന്ന്  കേരളത്തിനോട് ചേർന്നു കിടക്കുന്ന മയ്യഴി പ്രദേശമാണ്.

മാഹിക്കാരുടെ ഗൃഹാതുരമായ ഒരോർമയാണ് ലെസ്ലി സായിപ്പും അദ്ദേഹത്തിൻ്റെ കുതിരയും. കുതിരയുടെ കുളമ്പടിയൊച്ചയും മണിനാദവും അവർക്ക് ചിരപരിചിതമാണ്. എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ കുറുമ്പിയമ്മയെ ഓർക്കുന്നില്ലേ? പ്രണയത്തോളമെത്തുന്ന ഒരിഷ്ടമുണ്ട് കുറുമ്പിയമ്മയ്ക്ക് ലെസ്ലി സായ്പിനോട്. സായിപ്പിന്റെ വണ്ടി തന്റെ വീട്ടുവാതിൽക്കൽ എത്തുമ്പോൾ, അതിന്റെ മണിമുഴക്കം കേട്ട് കുറമ്പിയമ്മ ആവേശത്തോടെ പുറത്തേക്ക് വരും. വണ്ടി നിർത്തി സായിപ്പ് ചോദിക്കും: ​“കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?” സന്തോഷത്തോടെ കുറമ്പിയമ്മ ഇങ്ങനെ മറുപടി നൽകും: “അതിനെന്താ സായിപ്പേ? അതൊന്നു ചോദിക്കാനുണ്ടോ?” ( മയ്യഴിപ്പുഴയുടെ തീരങ്ങളിൽ)

ഐ.കെ കുമാരൻമാഷും അനേകം സ്വാതന്ത്ര്യ സമര പോരാളികളും ചേർന്ന്  ഫ്രഞ്ചുകാരെ മാഹിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടും കുറുമ്പിയമ്മയെപ്പോലുള്ള മാഹിക്കാർ ഈ ഫ്രഞ്ച് ഗൃഹാതുരതയിൽ മുഴുകിക്കിടന്നു.  മരണശയ്യയിൽ കിടക്കുമ്പോഴും അവർ സായിപ്പിൻ്റെ കുതിരയുടെ കുളമ്പടി ശബ്ദവും മണിനാദവും കേട്ടുകൊണ്ടിരുന്നു.  

മാഹിയ്ക്ക്  ആ പേര് ലഭിച്ചതു പോലും ഒരു ഫ്രഞ്ച് സൈനിക ക്യാപ്റ്റൻ്റെ പേരിൽ നിന്നാണ്. ഇംഗ്ലീഷുകാരെ തോൽപ്പിച്ച് മയ്യഴി പിടിച്ചെടുത്തത് അയാളുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈനികരായിരുന്നു. ഫ്രാങ്കോ മാഹിസ് ലബാർ ഡൊണിസ് എന്നായിരുന്നു അയാളുടെ മുഴുവൻ പേര്.  ഈ പേരിൽ ഒരു മാഹി ഒളിച്ചിരിപ്പുള്ള കാര്യം ശ്രദ്ധിച്ചു വായിച്ചാൽ കാണാം. മുകുന്ദൻ്റെ ലസ്ലി സായിപ്പ് ഒരു കഥാ പാത്രം  മാത്രമാണെങ്കിലും നാട്ടുകാരുമായി ആത്മ ബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന അനേകം ഫ്രഞ്ച് ഉദ്യോഗസ്ഥരെ ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നു. 

മയ്യഴിയിൽ കച്ചവടം നടത്താനും കോട്ട കെട്ടാനുമുള്ള അവകാശം കടത്തനാടു രാജാവിൽ നിന്ന് ഫ്രഞ്ചുകാർ കരസ്ഥമാക്കിയിരുന്നു. ഇതിനിടയിൽ ഇംഗ്ലീഷുകാർ ഇടപെട്ട്  മയ്യഴിയിൽ കച്ചവടം ചെയ്യാനുള്ള അവകാശം അതേ രാജാവിൽ നിന്നു തന്നെ കരസ്ഥമാക്കി. ഈ വഞ്ചനയിൽ ക്ഷുഭിതരായാണ് ഫ്രഞ്ചുകാർ മയ്യഴി ആക്രമിച്ചു കീഴടക്കിയത്.  1725ലാണ് കടത്തനാട്ടെ വാഴുന്നോരെ തോൽപ്പിച്ച്  ഫ്രഞ്ചുകാർ മയ്യഴിയിൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ചത്.  ഇന്ത്യയിൽ സമഗ്രാധിപത്യം  നേടിയ ബ്രിട്ടീഷുകാർ 1947 ൽ അധികാരം ഇന്ത്യക്കാരെ തിരിച്ചേൽപ്പിച്ച്  നാട്ടിലേക്കു മടങ്ങിയിട്ടും ചുരുക്കം ചിലയിടങ്ങളിൽ മാത്രം അധികാരം നിലനിർത്തിയ ഫ്രഞ്ചുകാർ 1954 വരെ ഇന്ത്യയിൽ തുടർന്നു. 1954 ജൂലൈ 16ന് ഫ്രഞ്ചുകാർ മയ്യഴിയിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയും ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ചെയ്തു. ഭൂമി ശാസ്ത്രപരമായി കേരളസംസ്ഥാ നത്തോടു ചേർന്നു നിൽക്കുന്ന ഈ പ്രദേശം പോണ്ടിച്ചേരി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്  ഒരു രാഷ്ട്രീയ കൗതുകമായി ഇപ്പോഴും തുടരുന്നു.

കുറിപ്പുകൾ 

* ലൂയി പതിനാലാമൻ ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരിയാണ്. യൂറോപ്യൻ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് നിർണായകമായ സ്വാധീനമുണ്ടായിരുന്നു. . ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയിലും കലയിലും സംസ്കാരത്തിലും അദ്ദേഹം  വലിയ മാറ്റങ്ങൾ വരുത്തി. 1638 ൽ ജനിച്ച അദ്ദേഹം 1643 ൽ ഫ്രാൻസിൻ്റെ പരമാധികാരിയായി. അതായത് അഞ്ചു വയസ്സുകാരനായ ഒരു മഹാരാജാവ്. 72 വർഷം അദ്ദേഹം ഫ്രാൻസിനെ അടക്കി ഭരിച്ചു. യൂറോപ്യൻ ചരിത്രത്തിൽ ഇത്രയും ദീർഘമായ കാലം രാജഭരണം നടത്തിയ മറ്റൊരു ഭരണാധികാരിയില്ല. രാജാവിൻ്റെ കുട്ടിക്കാലത്ത് അമ്മയാണ് (Queen Anne) ഭരണം നടത്തിയിരുന്നത്. പിൻസീറ്റിൽ പ്രധാനമന്ത്രി കർദ്ദിനാൾ മസാരിൻ (Cardinal Mazarin) ഉണ്ടായിരുന്നു. 1661-ൽ മസാരിൻ മരിച്ചതിനു ശേഷം ലൂയി പതിനാലാമൻ നേരിട്ട് ഭരണച്ചുമതല ഏറ്റെടുത്തു. രാജാധികാരം ദൈവദത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഞാനാണ് രാഷ്ട്രം എന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം പ്രസിദ്ധമാണ്. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മ ചെയ്തതുപോലെ ഫ്രാൻസിലെ പ്രഭുക്കന്മാരുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രീകൃത ഭരണം ശക്തമാക്കി. അധികാരത്തിൻ്റേയും ആർഭാടത്തിന്റെയും പ്രതീകമായ ഫ്രാൻസിലെ വെർസൈൽ കൊട്ടാരം പണി കഴിപ്പിച്ചത് ലൂയി പതിനാലാമനാണ്. പാരിസിൽ നിന്ന് തന്റെ കൊട്ടാരം വെർസൈലിലേക്ക് മാറ്റുകയും രാജ്യത്തെ പ്രഭുക്കന്മാരെ മുഴുവൻ അവിടെ താമസിപ്പിച്ച് തന്റെ നിരീക്ഷണത്തിൽ നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

​ഫ്രാൻസിന്റെ സുവർണ്ണകാലഘട്ടമായി (Grand Siècle) ഈ കാലഘട്ടം അറിയപ്പെടുന്നു. നാടകം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയ്ക്ക് അദ്ദേഹം വലിയ പ്രോത്സാഹനം നൽകി. പ്രശസ്ത നാടകകൃത്തായ മോലിയറെ  (Molière) പോലെ പ്രമുഖരായ പല കലാകാരന്മാർക്കും അദ്ദേഹത്തിന്റെ സംരക്ഷണം ലഭിച്ചിരുന്നു.

ഇന്ത്യയിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിൻ്റെ ഭരണകാലവും ഫ്രാൻസിൽ ലൂയി പതിനാലാമൻ്റെ ഭരണകാലവും ഏറെക്കുറേ ഒന്നു തന്നെയായിരുന്നു. രണ്ടു പേരും അവരവരുടെ സാമ്രാജ്യങ്ങളെ ശക്തിപ്പെടുത്തി. സാമ്പത്തികമായും ഉന്നതിയിലെത്തിച്ചു. എന്നാൽ ജീവിതാന്ത്യത്തിൽ അവർ ദു:ഖിതരായിരുന്നു. രാജ്യം ക്ഷീണിക്കുകയും ശിഥിലമായിത്തുടങ്ങുകയും ചെയ്തിരുന്നു. ഔറംഗസേബ് സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മതയുള്ള ആളായിരുന്നു. അദ്ദേഹത്തിൻ്റെ പിതാവിൽ നിന്നു വ്യത്യസ്തനായി കല, സാഹിത്യം, കൂറ്റൻ നിർമിതികൾ എന്നിവയ്ക്കായി പണം ചെലവാക്കിയില്ല. ലൂയി പതിനാലാമൻ ഇതെല്ലാം ചെയ്തു. കൊട്ടാരങ്ങൾ, കോട്ടകൾ, കലാശാലകൾ എന്നിവ പണിതു. യുദ്ധം ചെയ്താണ് രണ്ടു പേരും പാപ്പരായത്. നിരന്തരമായ യുദ്ധങ്ങൾ രണ്ടു പേരെയും ക്ഷീണിപ്പിച്ചു.  ഞാൻ തന്നെയാണ് രാജ്യം എന്ന അഹന്തയും ആത്മവിശ്വാസവും വാർദ്ധക്യകാലത്ത് ലൂയി പതിനാലാമന് ഉണ്ടായിരുന്നില്ല.

** ലൂയി പതിനാലാമൻ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു ജീൻ - ബാപ്റ്റിസ്റ്റ് കോൾബർട്ട്. അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു ഫ്രാൻസിനെ യൂറോപ്പിലെ ഏറ്റവും കരുത്തുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റിയത്.​ വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പുതിയ കോളനികൾ സ്ഥാപിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ചത് ഈ നയത്തിൻ്റെ ഭാഗമാണ്. ഈ വ്യാപാര സംഘടനയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. 

Follow us on WhatsApp 

എഴുത്തുകാരന്റെ പേര്

എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.​
bahuswara

Previous Post Next Post