ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻമേലെ തേങ്ങ നീയേ....

ചലച്ചിത്രഗാനങ്ങളിൽ ഇത്തരം കല്പനകളുടെ ധാരാളിത്തം നമുക്കു കാണാം. 'ചെന്തെങ്ങു കുലച്ചപോലെ, ചെമ്മാനം പൂത്തപോലെ' എന്ന മട്ടിലുള്ള പ്രയോഗങ്ങൾ മുതൽ 'നാടിൻ നന്മകനേ, പൊൻമകനേ, മുത്തായവനേ, സൂരിയനും ചന്ദിരനും ഒന്നായവനേ' എന്നിങ്ങനെയുള്ള വിശേഷണങ്ങൾവരെ കല്പനകളുടെയും ചമത്കാരങ്ങളുടെയും സമൃദ്ധമായ ആവിഷ്കാരങ്ങളാണ്. സാധാരണ വസ്തുക്കൾ അസാധാരണമായ അർഥങ്ങൾ കൈവരിക്കുന്നു.


പാട്ടോളം 09 |  ദേവേശൻ പേരൂർ


കല്പനകളാണ് കവിതകളുടെ അടിസ്ഥാനമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. അനുഭവങ്ങളെ അതേപടി പകർത്തുകയല്ല, അവയെ ഭാവനയുടെ വെളിച്ചത്തിൽ മറ്റൊന്നായി കാണുകയും അവതരിപ്പിക്കുകയുമാണ് കവിത ചെയ്യുന്നത്. യാഥാർഥ്യത്തിന്റെ പരിചിതമായ അതിരുകൾ ഭേദിച്ച്, വസ്തുക്കൾക്കും അനുഭവങ്ങൾക്കും പുതിയ അർഥങ്ങളും ഭാവങ്ങളും നൽകുമ്പോഴാണ് കല്പനയുടെ സൗന്ദര്യം വെളിപ്പെടുന്നത്. എന്നാൽ, കല്പനകൾ കവിതയുടെ മാത്രം സ്വത്തല്ല. നമ്മുടെ നിത്യജീവിതവും കല്പനകളാൽ സമ്പന്നമാണ്. പലപ്പോഴും അവയുടെ സാന്നിധ്യം നാം തിരിച്ചറിയാറില്ലെന്നുമാത്രം.

രാത്രിയിലെ ആകാശത്തേക്ക് നോക്കി ആയിരം കാന്താരി പൂത്തിറങ്ങി എന്നു പറയുന്നതുപോലെതന്നെയാണ്, പെൺകുട്ടിയുടെ തലയിലെ പേൻ നുള്ളുന്നതിനിടയിൽ "പെണ്ണിന്റെ തലയിൽ ചക്ക പോലുള്ള പേൻ" എന്നു പറയുന്നതും. ആദ്യത്തെ പ്രയോഗത്തിൽ നക്ഷത്രങ്ങളെ കാന്താരിപ്പൂക്കളായി സങ്കല്പിക്കുമ്പോൾ രണ്ടാമത്തേതിൽ പേനിന്റെ വലുപ്പത്തെ ചക്കയുമായി ബന്ധിപ്പിക്കുന്നു എന്നു മാത്രം. 'രണ്ടുമണിവറ്റ് വേണം', 'രണ്ടുവാക്ക് സംസാരിക്കും' എന്നിങ്ങനെ നാം നിത്യജീവിതത്തിൽ സ്വാഭാവികമായി പ്രയോഗിക്കുന്ന വാക്കുകളിലും കല്പനയുടെ സാന്നിധ്യമുണ്ട്. ഭാഷയുടെ സൗന്ദര്യത്തിന് കല്പനകൾ ഇത്രമേൽ അനിവാര്യമാണെന്നിരിക്കെ, അവയെ മനുഷ്യർക്ക് ഉപേക്ഷിക്കാനാവില്ലല്ലോ.

ചലച്ചിത്രഗാനങ്ങളിൽ ഇത്തരം കല്പനകളുടെ ധാരാളിത്തം നമുക്കു കാണാം. 'ചെന്തെങ്ങു കുലച്ചപോലെ, ചെമ്മാനം പൂത്തപോലെ' എന്ന മട്ടിലുള്ള പ്രയോഗങ്ങൾ മുതൽ 'നാടിൻ നന്മകനേ, പൊൻമകനേ, മുത്തായവനേ, സൂരിയനും ചന്ദിരനും ഒന്നായവനേ' എന്നിങ്ങനെയുള്ള വിശേഷണങ്ങൾവരെ കല്പനകളുടെയും ചമത്കാരങ്ങളുടെയും സമൃദ്ധമായ ആവിഷ്കാരങ്ങളാണ്. സാധാരണ വസ്തുക്കൾ അസാധാരണമായ അർഥങ്ങൾ കൈവരിക്കുന്നു.

കല്പനകളും അലങ്കാരങ്ങളും കവിതയ്ക്കും പാട്ടിനും അണിയാനുള്ള ആഭരണങ്ങളായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. "തങ്കംകൊണ്ടിഹ തട്ടാൻമാർ കങ്കണാദിയെ എന്നപോൽ" എന്ന മട്ടിലാണ് അലങ്കാരങ്ങളുടെ പ്രയോഗമെന്ന് എ. ആർ. ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില നേരങ്ങൾ അലങ്കാരങ്ങളുടെ സാന്നിധ്യംതന്നെ സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുതുക്കിപ്പണിയും മറ്റുചിലപ്പോൾ, അലങ്കാരമെന്നു കരുതുന്ന ഒന്നുതന്നെ സൗന്ദര്യത്തിന്റെ പതിവു സങ്കല്പങ്ങളെ അട്ടിമറിക്കുകയും ചെയ്യാം.

അലങ്കാരങ്ങൾ തീർക്കുന്നത് ഒരുതരം സൗന്ദര്യലോകമാണ്. ഭാഷയുടെ ഭാവനാത്മകമായ സാധ്യതകൾ അവിടെ സൗന്ദര്യത്തിന്റെ വ്യത്യസ്ത രൂപങ്ങളായി വിടരുന്നു. എന്നാൽ, ഈ സൗന്ദര്യലോകത്തിന് ചില പൊതുധാരണകളുമുണ്ട്. എന്താണ് മനോഹരം, എന്താണ് ആകർഷകം, എന്തിനോടാണ് ഒരാളെ ഉപമിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ഭാഷയ്ക്കും സമൂഹത്തിനും ചില പതിവുകളുണ്ട്. വിശേഷിച്ചും പ്രണയഗാനങ്ങളിൽ സ്ത്രീസൗന്ദര്യത്തെ വർണിക്കുമ്പോൾ ഈ പതിവുകൾ ഏറെ പ്രകടമാണ്. ചുണ്ടുകൾ താമരയോടും പവിഴത്തോടും കവിളുകൾ പൂക്കളോടും പല്ലുകൾ മുല്ലപ്പൂക്കളോടും മുടി കാർമേഘത്തോടും ഉപമിക്കപ്പെടുന്നു. പ്രകൃതിയിലെ മനോഹരമായ വസ്തുക്കളെ മനുഷ്യശരീരവുമായി ബന്ധിപ്പിക്കുന്നതിലൂടെ സൗന്ദര്യത്തെ കൂടുതൽ ഹൃദ്യമാക്കുകയാണ് ഇത്തരം പ്രയോഗങ്ങൾ ചെയ്യുന്നത്.

എന്നാൽ, സാധാരണ അലങ്കാരങ്ങൾ പകരുന്ന സൗന്ദര്യാനുഭൂതിയിൽനിന്ന് വ്യത്യസ്തമായി, ഒരു പ്രതിസൗന്ദര്യാനുഭവം സൃഷ്ടിക്കുന്ന അലങ്കാരങ്ങളുമുണ്ടെന്ന കാര്യം അടുത്ത കാലത്താണ് ഞാൻ ശ്രദ്ധിച്ചത്. അവിടെയും ആശയവും സാദൃശ്യവും സർവസാധാരണമായ അലങ്കാരപ്രയോഗങ്ങളുടേതുതന്നെയാണ്. എന്നാൽ, അവയുടെ ആവിഷ്കാരത്തിൽ പ്രവർത്തിക്കുന്ന നിഷേധാത്മകത അത്രമേൽ പരിചിതമല്ല. സൗന്ദര്യം സൃഷ്ടിക്കാനായി ഭാഷ സാധാരണയായി ആശ്രയിക്കുന്ന വഴികളെതന്നെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണ് ഇത്തരം പ്രയോഗങ്ങൾ ചെയ്യുന്നത്. സൗന്ദര്യത്തിന്റെ പരമ്പരാഗതമായ സങ്കല്പങ്ങളെ അംഗീകരിച്ചുകൊണ്ടല്ല അവ പ്രവർത്തിക്കുന്നത്. മറിച്ച്, ആ സങ്കല്പങ്ങൾക്കുള്ളിൽ അസ്വാഭാവികമെന്നു തോന്നുന്ന വസ്തുക്കളെ കൊണ്ടുവന്ന് അവയെ ചോദ്യംചെയ്യുകയാണ് ചെയ്യുന്നത്.

അത്തരമൊരു പ്രതിസൗന്ദര്യാനുഭവം സൃഷ്ടിക്കുന്ന ഒരു ചലച്ചിത്രഗാനമാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. മണിയറയിലെ അശോകൻ എന്ന സിനിമയിലെ "മൊഞ്ചത്തി പെണ്ണേ ഉണ്ണി മായേ..." എന്നു തുടങ്ങുന്ന ഗാനം. അതിന്റെ കല്പനകളാണ് എന്നെ കൗതുകപ്പെടുത്തിയത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് അതിന്റെ രചനാപശ്ചാത്തലത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഇതൊരു ചലച്ചിത്രഗാനമായി എഴുതപ്പെട്ടതല്ലെന്നും, തന്റെ സുഹൃത്തായ ഉണ്ണിമായയ്ക്ക് ആളറിയാതെ സന്ദേശമയക്കാൻ കഴിയുന്ന സറാഹ (Sarahah) ആപ്പിലൂടെ ഒരാൾ എഴുതിയയച്ച ഗാനമാണെന്നും പിന്നീട് അത് കണ്ടെത്തി ചലച്ചിത്രഗാനമായിത്തീരുകയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ഷിഹാസ് അഹമ്മദ് കോയയായിരുന്നു ആ അജ്ഞാതനായ എഴുത്തുകാരൻ. ഇതൊക്കെ പിന്നീടാണ് അറിയുന്നത്. അതിനുമുമ്പുതന്നെ പാട്ടിലെ കല്പനകൾ എന്നെ ആകർഷിച്ചിരുന്നു.

പാട്ടിന്റെ രചനാപശ്ചാത്തലം അറിഞ്ഞത് കൗതുകകരമായിരുന്നെങ്കിലും അതല്ല എന്നെ കൂടുതൽ ചിന്തിപ്പിച്ചത്. അതിലെ കല്പനകളായിരുന്നു. സാധാരണഗതിയിൽ ഒരു പ്രണയഗാനത്തിൽ സ്ത്രീയുടെ സൗന്ദര്യത്തെ വർണിക്കുമ്പോൾ, സൗന്ദര്യത്തിന്റെ പരമ്പരാഗതമായ സങ്കല്പങ്ങളെയാണ് ഗാനരചയിതാക്കൾ ആശ്രയിക്കാറുള്ളത്. ചുവന്ന ചുണ്ടുകൾ, പൂവുപോലുള്ള മുഖം, നിലാവുപോലുള്ള പുഞ്ചിരി, മാൻപേടയുടെ മിഴികൾ എന്നിങ്ങനെ പരിചിതമായ ഉപമകളുടെ ഒരു നിരതന്നെ നമുക്കു മുന്നിലുണ്ടാകും. ഇവയിലൂടെ പ്രണയിനിയുടെ സൗന്ദര്യത്തെ പ്രകൃതിയിലെ മനോഹരമായ വസ്തുക്കളുമായി ചേർത്തുവയ്ക്കുന്നു. എന്നാൽ, ഈ ഗാനത്തിൽ സംഭവിക്കുന്നത് അതല്ല. സൗന്ദര്യത്തെ വർണിക്കാനായി സാധാരണഗതിയിൽ തിരഞ്ഞെടുക്കാത്ത വസ്തുക്കളാണ് ഇവിടെ കടന്നുവരുന്നത്.

സ്ത്രീസൗന്ദര്യത്തെ വർണിക്കുന്ന മറ്റൊരു ഗാനത്തിലെ വരികൾ നോക്കുക

"മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് പറന്നുവന്നൊരു വണ്ട് - അതിന്‍ മധുവും കാത്തിരുപ്പുണ്ട്."


ഇവിടെ ചുണ്ടിനെ ചുവന്ന താമരച്ചെണ്ടിനോടാണ് ഉപമിക്കുന്നത്. താമരയുടെ ചുവപ്പും മൃദുലതയും പൂവിന്റെ സൗന്ദര്യവും ചുണ്ടിന്റെ ആകർഷകത്വവുമായി ചേർന്നുനിൽക്കുന്നു. പൂവിൽനിന്ന് തേൻ നുകരാൻ കാത്തിരിക്കുന്ന വണ്ടിന്റെ സാന്നിധ്യം ആ സൗന്ദര്യവർണനയെ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കു നയിക്കുകയും ചെയ്യുന്നു. 

സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ പതിവുധാരണകൾക്ക് ഈ വർണനയിൽ ഒരു തടസ്സവുമില്ല. ചുണ്ടിനെ താമരയോടു ചേർത്തുവയ്ക്കുമ്പോൾ സൗന്ദര്യം കൂടുതൽ തെളിയുന്നു. അത്തരത്തിലുള്ള ഉപമകളാണ് നമുക്ക് പരിചിതം. എന്നാൽ, പരാമർശിക്കാൻ പോകുന്ന ഈ ഗാനത്തിൽ കല്പനകൾ മറ്റൊരു വഴിക്കാണ് സഞ്ചരിക്കുന്നത്.

"മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തിലൊപ്പന പാടി വായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാരചായ നീയേ

ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻമേലെ തേങ്ങ നീയേ നിരത്തിൻമേലെ മത്തി നീയേ റോട്ടിൻമേലെട്ടാറ് നീയേ."

ഈ വരികൾ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ. ഉണ്ണിമായയുടെ സൗന്ദര്യത്തെ വർണിക്കാൻ കവി കണ്ടെത്തുന്ന വസ്തുക്കൾ ഏതൊക്കെയാണ്? പാലിട്ട പഞ്ചസാരച്ചായ, ഉപ്പിലിട്ട മാങ്ങ, തെങ്ങിൻമേലുള്ള തേങ്ങ, നിരത്തിൻമേലുള്ള മത്തി, റോഡിലെ ടാർ! സൗന്ദര്യവർണനകളിൽ പതിവായി കടന്നുവരുന്ന പൂക്കളോ പൂമ്പാറ്റകളോ നിലാവോ മുത്തുകളോ ഒന്നും ഇവിടെയില്ല. പകരം, നമ്മുടെ നിത്യജീവിതത്തിൽ പരിചിതമായതും എന്നാൽ സൗന്ദര്യത്തിന്റെ പരമ്പരാഗതമായ പ്രതിനിധാനങ്ങളായി കണക്കാക്കാൻ പ്രയാസമുള്ളതുമായ വസ്തുക്കളാണ് നിരന്നുവരുന്നത്.

ഇവിടെ ഒരു ചോദ്യമുണ്ട് ഈ വസ്തുക്കൾക്ക് ഉണ്ണിമായയുടെ സൗന്ദര്യവുമായി എന്താണ് ബന്ധം? പാലിട്ട പഞ്ചസാരച്ചായയോട് ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തെ എങ്ങനെയാണ് ചേർത്തുവയ്ക്കാൻ കഴിയുക? ഉപ്പിലിട്ട മാങ്ങയും തെങ്ങിൻമേലുള്ള തേങ്ങയും നിരത്തിന്മേലുള്ള മത്തിയും റോഡിലെ ടാറും സൗന്ദര്യത്തിന്റെ പ്രതിനിധാനങ്ങളാകുന്നതെങ്ങനെയാണ്? 

പാലിട്ട പഞ്ചസാരച്ചായയെക്കുറിച്ചുതന്നെ ആലോചിക്കാം. ചായ മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒരു പാനീയമാണ്. എന്നാൽ, അതിനെ സൗന്ദര്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്ന പതിവ് നമുക്കില്ല. അതിലുപരി, പാലും പഞ്ചസാരയും ചേർന്ന ചായ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വൈദ്യന്മാർ ഉപദേശിക്കുന്ന കാലത്ത്, അതിനെ പ്രണയിനിയുടെ സൗന്ദര്യത്തോടു ചേർത്തുവയ്ക്കുന്നതിൽ മറ്റൊരു വൈരുധ്യംകൂടിയുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പങ്ങൾക്കു പുറത്തുനിൽക്കുന്ന ഒരു വസ്തുവാണ് ഇവിടെ പ്രണയത്തിന്റെ ഭാഷയിലേക്ക് കടന്നുവരുന്നത്.

ഉപ്പിലിട്ട മാങ്ങയുടെ കാര്യമെടുത്താലും അതുതന്നെയാണ് സ്ഥിതി. ഉപ്പിലിട്ട മാങ്ങയ്ക്ക് രുചിയുണ്ട്, ചിലപ്പോൾ അതിനോടു വലിയ ഇഷ്ടവുമുണ്ടാകാം. എന്നാൽ, ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തെ വർണിക്കാൻ സാധാരണഗതിയിൽ നാം തിരഞ്ഞെടുക്കുന്ന ഉപമാനമല്ല അത്. ചില സന്ദർഭങ്ങളിൽ ശരീരത്തിന്റെ സൗന്ദര്യക്കുറവിനെ സൂചിപ്പിക്കാനോ സൗന്ദര്യം വറ്റിയ അവസ്ഥയെ വിശേഷിപ്പിക്കാനോ ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കാറുമുണ്ട്. അങ്ങനെയിരിക്കെ, ഉണ്ണിമായയെ ഉപ്പിലിട്ട മാങ്ങയായി സങ്കല്പിക്കുന്നതിൽ എന്താണ് സൗന്ദര്യം? 

തെങ്ങിൻമേലുള്ള തേങ്ങയുടെ കാര്യത്തിലും നമുക്ക് ഇതേ ചോദ്യം ആവർത്തിക്കാം. തെങ്ങിൻമേൽ കായ്ച്ചുനിൽക്കുന്ന തേങ്ങയ്ക്ക് അതിന്റേതായ പ്രകൃതിഭംഗിയുണ്ടാകാം. എന്നാൽ, 'ചെന്തെങ്ങു കുലച്ചപോലെ' എന്ന പ്രയോഗം പോലെ, തേങ്ങയുടെ നിറത്തിലോ രൂപത്തിലോ കുലയുടെ ഭംഗിയിലോ ഊന്നിയുള്ള ഒരു വർണനയല്ല ഇവിടെ നടക്കുന്നത്. തേങ്ങ എന്ന വസ്തുവിനെ അതിന്റെ സാധാരണ ജീവിതസന്ദർഭത്തിൽനിന്ന് എടുത്ത് ഉണ്ണിമായയുടെ സൗന്ദര്യത്തിനു പകരം നിർത്തുകയാണ്. അതിനുശേഷം നിരത്തിന്മേലുള്ള മത്തിയും റോഡിലെ ടാറും കടന്നുവരുന്നു. ഇവയ്ക്കിടയിൽ എന്തെങ്കിലും സൗന്ദര്യപരമായ ബന്ധം കണ്ടെത്തുക അസാധ്യമാണ്. മത്തിയുടെ നിറമോ രൂപമോ ടാറിന്റെ കറുപ്പോ പരുപരുത്ത സ്വഭാവമോ ഉണ്ണിമായയുടെ സൗന്ദര്യവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും വരികളിലില്ല.

മുൻലക്കങ്ങൾ വായിക്കൂ: പാട്ടോളം 

അങ്ങനെയെങ്കിൽ, ഈ കല്പനകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അവിടെ ഉപമയുടെ യുക്തിയാണോ പ്രധാനം, അതോ യുക്തിയുടെ അഭാവം സൃഷ്ടിക്കുന്ന കൗതുകമാണോ? ഉപമാനോപമേയങ്ങൾ തമ്മിലുള്ള സാദൃശ്യത്തെ ആശ്രയിച്ചാണ് സാധാരണഗതിയിൽ കല്പനകൾ അർഥം കണ്ടെത്തുന്നത്. എന്നാൽ, ഈ പാട്ടിൽ അത്തരമൊരു സാദൃശ്യബന്ധം കണ്ടെത്താനുള്ള നമ്മുടെ ശ്രമംതന്നെ പരാജയപ്പെടുന്നു. ആ പരാജയത്തിൽനിന്നാണ് മറ്റൊരു അനുഭവം രൂപപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ച് നാം മുൻകൂട്ടി കരുതിവച്ചിരിക്കുന്ന ധാരണകളെ ഈ വരികൾ അസ്വസ്ഥമാക്കുന്നു. 

ഇവിടെ പാട്ടിന്റെ കല്പനകൾ മറ്റൊരു സൗന്ദര്യാനുഭവമായി മാറുന്നു.ഇവിടെ കല്പനകൾ സൃഷ്ടിക്കുന്ന കൗതുകം അവയുടെ യുക്തിപരമായ സാധുതയിലല്ല. അവയുടെ വിചിത്രമായ തിരഞ്ഞെടുപ്പിലാണ്. 

കല്പനകൾകൊണ്ട് സാർത്ഥകമാകുന്നത് സൗന്ദര്യം മാത്രമായിരിക്കണമെന്നില്ലല്ലോ. ചിലപ്പോൾ ഒരു വികാരത്തിന്റെ തീവ്രതയാകാം, ചിലപ്പോൾ ഒരാളോടുള്ള അടുപ്പമാകാം, മറ്റു ചിലപ്പോൾ ഒരു അനുഭവത്തിന്റെ വിചിത്രമായ ആവിഷ്കാരമാകാം കല്പനയുടെ ലക്ഷ്യം. 'എവിടെ മിഴിയെത്തുന്നിതവിടെയെല്ലാം എന്റെ ദേവിയെ വിഭക്താംഗലേഖയായി കാൺമൂ ഞാൻ' എന്ന ഒ. എൻ. വി.യുടെ വരികൾ ഓർക്കുക. കാമുകന്റെ കണ്ണെത്തുന്നിടത്തെല്ലാം പ്രിയപ്പെട്ടവളുടെ രൂപം നിറയുന്ന അനുഭവമാണ് അവിടെ ആവിഷ്കരിക്കപ്പെടുന്നത്. പ്രകൃതിയിലെ ഓരോ കാഴ്ചയിലും അയാൾ തന്റെ പ്രാണപ്രേയസിയെ കണ്ടെത്തുന്നു. ആകാശത്തിലും ഭൂമിയിലും ചുറ്റുപാടുകളിലുമെല്ലാം അവളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. ഇവിടെ ഓരോ വസ്തുവിനും പ്രിയപ്പെട്ടവളുമായി നേരിട്ടുള്ള സാദൃശ്യമുണ്ടാകണമെന്നില്ല. അവളെ ഓർമിപ്പിക്കാനുള്ള ശേഷിയാണ് പ്രധാനം.

ഉണ്ണിമായയെക്കുറിച്ചുള്ള ഈ പാട്ടിലും അത്തരമൊരു കാമുകഭാവം കണ്ടെത്താൻ നമുക്കു കഴിഞ്ഞേക്കാം. എന്തായാലും, ഈ പാട്ടിലെ കല്പനകൾ നമുക്ക് കൗതുകമുണർത്തുന്നുണ്ട്. അവയുടെ സൗന്ദര്യത്തെക്കുറിച്ച് നമുക്ക് ഒരേ അഭിപ്രായത്തിലെത്താനാവണമെന്നില്ല. ചിലർക്ക് അവ അസംബന്ധങ്ങളായി തോന്നാം. മറ്റു ചിലർക്ക് അവ പ്രണയത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരങ്ങളായിരിക്കാം. എനിക്ക് അവയിൽ പ്രധാനമായി തോന്നുന്നത്, സൗന്ദര്യത്തെക്കുറിച്ചുള്ള പതിവു ധാരണകളെ അവ എങ്ങനെ അട്ടിമറിക്കുന്നു എന്നതാണ്. പ്രൗഢമായ കല്പനകളുടെ സങ്കല്പത്തെ ഈ പാട്ട് പൊളിച്ചടുക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

അവിടെ പൂക്കൾക്കു പകരം മത്തിയും ടാറും വരുന്നു. മുത്തുകൾക്കു പകരം ഉപ്പിലിട്ട മാങ്ങയും തേങ്ങയും കടന്നുവരുന്നു. എന്നിട്ടും ഭാഷയുടെ കല്പനാശേഷി അവസാനിക്കുന്നില്ല. മറിച്ച്, സൗന്ദര്യത്തിന്റെ പരിചിതമായ വഴികളിൽനിന്ന് മാറിനടക്കാനുള്ള മറ്റൊരു സാധ്യത അത് തുറന്നിടുന്നു. ഈ കല്പനകൾ സൗന്ദര്യത്തിന്റെ പതിവു സങ്കല്പങ്ങളെ തകർക്കുന്നുണ്ടോ, അതോ അവയ്ക്കു പുറത്തൊരു സൗന്ദര്യം സൃഷ്ടിക്കുന്നുണ്ടോ എന്നത് വായനക്കാർക്ക് തീരുമാനിക്കാമെന്നു തോന്നുന്നു.

Follow us on WhatsApp

എഴുത്തുകാരന്റെ പേര്ദേവേശൻ പേരൂർ  ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ

bahuswara

Previous Post Next Post