ബാഗീ ജീൻസും ഷൂസുമണിഞ്ഞ്

ജോഷി സംവിധാനം ചെയ്ത 'സൈന്യം' എന്ന സിനിമയിൽ ഷിബു ചക്രവർത്തി എഴുതിയ വരികളാണ് "ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം" എന്ന ഗാനം. "വീ വാണ്ട് എ റവല്യൂഷൻ ഫ്രിക്ഷൻ, വീ വാണ്ട് ലിബറലൈസേഷൻ" എന്നത് ഈ കാലത്തിന്റെ മുദ്രാവാക്യമെന്നോണം പാട്ടിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ട്. കേരളത്തിലെ പുതിയ തലമുറ തങ്ങൾക്ക് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നു. എത്ര ദീർഘദർശനത്തോടുകൂടിയാണ് കവി ഇത് എഴുതിയിട്ടുണ്ടാവുക?!

  പാട്ടോളം 05 |  ദേവേശൻ പേരൂർ   



സിനിമാ പാട്ടുകൾ വെറും കാല്പനികതയുടെ ഭാവനാ നാളങ്ങൾ മാത്രമാണെന്നാണ് നമ്മൾ കരുതുന്നത്. നിഴലും വെളിച്ചവും മാറിമാറി നിഴലിക്കും നമ്മുടെ ജീവിതത്തിൽ എന്നിരിക്കെ, സിനിമാ പാട്ടുകൾ ഒന്നുകിൽ അതിഭാവനയുടെ പ്രകാശപൂരങ്ങളോ അല്ലെങ്കിൽ അതിദുഃഖങ്ങളുടെ ഇരുണ്ട കയങ്ങളോ മാത്രമാണെന്നു തോന്നും. രണ്ടായാലും, ജീവിതവുമായി സിനിമാ ഗാനങ്ങൾക്കുള്ള ബന്ധം വളരെ കുറവാണ് എന്നതാണ് പൊതുവെയുള്ള നിലപാട്.

സിനിമ തന്നെയും അയഥാർത്ഥങ്ങളുടെ കേളീരംഗമായാണ് കണക്കാക്കപ്പെടുന്നത്. ഇരുട്ടുമുറിയിൽ തെളിയുന്ന ഈ മായികാദൃശ്യങ്ങൾ രാത്രിയിൽ നാം കാണുന്ന സ്വപ്നങ്ങളുടെ മായക്കാഴ്ചകൾ തന്നെയാവാം. ആ നിലയിൽ, വെറുതെ പാടിനടക്കാൻ പറ്റുന്ന നൈമിഷികാനുഭൂതി പകരുന്ന വെറും ഭാവനാവൈഭവങ്ങൾ മാത്രമാണ് സിനിമാഗാനങ്ങൾ എന്നതാണ് പൊതുധാരണ.

പ്രേമത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും ഗൃഹാതുരമായ ഭൂതവേദനകളെക്കുറിച്ചും, അതുമല്ലെങ്കിൽ വിമോചനമോഹങ്ങളെയും വിപ്ലവങ്ങളെയും പാരമ്പര്യത്തെയും കുറിച്ചൊക്കെ കടുത്ത ചായങ്ങൾ തേച്ച് സുഖിപ്പിക്കുകയും ദുഃഖാർദ്രമാകുകയും ചെയ്യുന്ന അയഥാർത്ഥമായ മോഹഗാനങ്ങൾ മാത്രമാണ് സിനിമാ പാട്ടുകൾ എന്നാണ് വെയ്പ്.

Read More: മധുരം ജീവാമൃതബിന്ദു

കവിതയെക്കുറിച്ച് ഇങ്ങനെയല്ല പറയുക. അത് ജീവിതഗന്ധിയാകും, ജീവിതത്തിന്റെ പ്രതിഫലനമാകും, ജീവിതത്തിൽ പ്രവർത്തിക്കുന്നതാകും. കവിത കാലാതിവർത്തിയാണെന്നും കവി ക്രാന്തദർശിയാണെന്നും പറഞ്ഞ് അതിന് കിരീടങ്ങൾ ചാർത്തും. ആ നിലയിൽ കവിതയും കവിയും പ്രൗഢസ്ഥാനങ്ങളിലാണ് ആരൂഢം ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, സിനിമാപാട്ടുകൾക്ക് ഈ വരേണ്യമായ പ്രൗഢിയൊന്നും ചാർത്തിക്കൊടുക്കാറില്ല. 

കവിതയുമായി താരതമ്യം ചെയ്യുമ്പോൾ പാട്ടിനുള്ളത് ഒരു നീചസ്ഥാനമാണെന്നു പറയാം. ഗൗരവമുള്ള അലങ്കാരങ്ങളോ പദവികളോ ഒന്നും പാട്ടിന് പാകമാകില്ല. കവിത്വം കുറഞ്ഞവർക്കുള്ളതാണ് സിനിമാ പാട്ടുകൾ എന്നും, അതല്ലെങ്കിൽ കവിത വേണ്ടാത്തതാണ് സിനിമാപാട്ടുകൾ എന്നുമൊക്കെയാണ് നമ്മുടെ നിഗമനങ്ങൾ. കവിതയെഴുതുന്നവർ തന്നെയും പാട്ടെഴുതുന്നതിലെ ലഘുത്വത്തെക്കുറിച്ച് പറയാറുണ്ട്. ഈണമൊപ്പിച്ചെഴുതുന്ന വാങ്മയലീലകൾ എന്ന താഴ്ന്ന നിലയേ പാട്ടിനു കൽപ്പിക്കുന്നുള്ളൂ.

Read More: നീൾമിഴിപ്പീലിയിൽ നീർമണിതുളുമ്പി..

ഞാൻ ഇവിടെ ഇനി പറയാൻ പോകുന്ന സിനിമാ പാട്ട് അങ്ങനെയുള്ളതല്ല. "ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്ന് കുഞ്ഞുങ്ങളെക്കുറിച്ച് വൈലോപ്പിള്ളി പാടിയതുപോലെ, അത്രമേൽ ദീർഘദർശിനിയായ ഒരു പാട്ടിനെക്കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. മുപ്പത് വർഷം മുമ്പ് എഴുതിയ ആ പാട്ട് ഇന്ന് നമ്മുടെ ജീവിതത്തിന്റെ യാഥാർത്ഥ്യമായി തീർന്നതിന്റെ വിസ്മയത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ഒരു പാട്ടിന്റെ ഓരോ വരിയും ഇത്രത്തോളം അച്ചട്ടമായി യാഥാർത്ഥ്യമാകുന്ന അനുഭവം മറ്റൊരു പാട്ടുമായി ബന്ധപ്പെട്ടും നമുക്ക് ഉണ്ടാവാൻ സാധ്യതയില്ല.

ഓരോ വാക്കും ഓരോ കൽപ്പനകളും സത്യത്തിന്റെ അങ്ങേയറ്റത്തെ ഒരു നിലയെ കേരളീയ ജീവിതത്തിൽ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ ഒരു കവിക്കും ഇതുവരെ അവകാശപ്പെടാനില്ലാത്ത, ഒരു കവിതയ്ക്കും സാധ്യമാവാത്ത ഒരു അതിദീർഘദർശനം ഞാൻ ഈ പാട്ടിന്റെ ഓരോ വരിയിലും ദർശിക്കുകയാണ്. അതിലെ ഓരോ വാക്കും അച്ചട്ടമായി തീർന്നതിന്റെ ആശ്ചര്യം എന്നെ വിട്ടുമാറുന്നില്ല.

Read More: മംഗളം നേരുന്നു ഞാൻ

ജോഷി സംവിധാനം ചെയ്ത 'സൈന്യം' എന്ന സിനിമയിൽ ഷിബു ചക്രവർത്തി എഴുതിയ "ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം" എന്ന ഗാനമാണത്. 1994-ലാണല്ലോ ആ സിനിമ ഇറങ്ങുന്നത്; മുപ്പത് വർഷങ്ങൾക്ക് മുമ്പ്.



മുപ്പത് വർഷം മുമ്പുള്ള ആ കാലത്തിന് ചില പ്രത്യേകതകളുണ്ട്. തൊണ്ണൂറുകൾ എന്ന് നാം പേരിട്ടു വിളിക്കുന്ന കാലം. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നിങ്ങനെ സാമ്പത്തിക-രാഷ്ട്രീയ ത്രിത്വങ്ങൾ അരങ്ങേറുന്ന കാലമാണിത്. അതുവരെയുള്ള ലോകവീക്ഷണത്തിൽ നിന്നുള്ള കൃത്യമായ ചുവടുമാറ്റം. വൈയക്തികമായി തന്നെ രാഷ്ട്രീയ വിചാരങ്ങളിൽ നിന്ന് മലയാളി കുതറിത്തെറിക്കുന്ന കാലം. രാഷ്ട്രീയവും സാമൂഹികവുമൊക്കെയുള്ള കാര്യങ്ങൾ പഴഞ്ചനായി പോകുന്നതിന്റെ ആരംഭബിന്ദുവായിരുന്നു അത്. വൈയക്തികതയുടെ ആഘോഷം, വർദ്ധിച്ച ഉപഭോഗതാല്പര്യം. വിപ്ലവകാമുകതയിൽ നിന്നും പ്രണയകാമുകതയിലേക്ക് തീവ്രചിന്തകർ പോലും വഴിമാറുന്ന സന്ദർഭമായിരുന്നു അത്. ഈ സാംസ്കാരിക സന്ദർഭത്തെ കൃത്യമായി അടയാളപ്പെടുത്തിയ സിനിമാ പാട്ടായിരുന്നു അത്.

More Read: ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും

ഉദാരതയോടുള്ള അമിതാരാധന ഈ പാട്ടിൽ കാണാം. എന്നാൽ, അന്ന് ഒറ്റപ്പെട്ട ചില സങ്കല്പ ങ്ങൾ മാത്രമായി ഗർഭം ധരിച്ചിരുന്ന ആ ആശയങ്ങൾ മുപ്പത് വർഷത്തിനു ശേഷം കേരളം സാർത്ഥകമാക്കുന്ന ഒന്നായി സങ്കല്പിക്കുകയാണ് ഈ ഗാനം. അന്നത് സങ്കല്പമായിരുന്നെങ്കിൽ ഇന്നത് യാഥാർത്ഥ്യമാണ്.

"വീ വാണ്ട് എ റവല്യൂഷൻ ഫ്രിക്ഷൻ, വീ വാണ്ട് ലിബറലൈസേഷൻ" എന്നത് ഈ കാലത്തിന്റെ മുദ്രാവാക്യമെന്നോണം പാട്ടിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ട്. പരിപാവനമായ പ്രേമബന്ധങ്ങളിൽ നിന്നും വ്യാജമായ പ്രണയങ്ങളിലേക്ക് കേരളം ചുവടുമാറുന്നത് "കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരിൽ പ്രേമം" എന്ന് അതിൽ കൃത്യമായി പറയുന്നുണ്ട്.

എന്നെ ഏറെ ആശ്ചര്യപ്പെടുത്തുന്നത് ഇനിയുള്ള വരികളാണ്:

"കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങൾ വേണ്ട............

പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല

കൂടെയുറങ്ങാൻ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട............

തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട"

തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിലെ യുവജനങ്ങളിൽ ആരും "വിവാഹങ്ങൾ വേണ്ട" എന്ന് ചിന്തിച്ചിട്ടേയില്ല. യുവാക്കളുടെ ആലോചനകളിൽ പ്രണയം വളരെ സജീവമായി നിന്ന കാലമായിരുന്നു അത്. രാഷ്ട്രീയമായ ഭക്തിയിൽ നിന്നും വ്യക്തികൾ വൈയക്തികമായ വിപ്ലവങ്ങളിലേക്ക് ചുവടുമാറുന്ന ഒരു സന്ദർഭമായിരുന്നു ആ തൊണ്ണൂറുകൾ. അതുകൊണ്ടുതന്നെ 'വിവാഹം വേണ്ട' എന്നൊരു സങ്കല്പം അന്ന് പ്രബലമായിരുന്നില്ല. പ്രണയവിവാഹമാവാം എന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ നോക്കൂ! കേരളത്തിലെ പുതിയ തലമുറ തങ്ങൾക്ക് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നു. എത്ര ദീർഘദർശനത്തോടുകൂടിയാണ് കവി ഇത് എഴുതിയിട്ടുണ്ടാവുക?. അല്ലെങ്കിൽ അത്രയും ദീർഘദർശനം ആ കവി അന്ന് കണ്ടിട്ടുണ്ടായിരിക്കുമോ?

പിന്നെ വിവാഹം കഴിക്കുന്നവരാകട്ടെ തങ്ങൾക്ക് കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നു. കേരളത്തിന്റെ ഈ സാഹചര്യത്തിൽ അതൊരു പുതിയ അനുഭവമായി മാറിയിട്ടുണ്ട്. തീർത്തും സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വൈയക്തികതയുടെ ആഘോഷം അന്ന് സിനിമാപ്പാട്ട് വിഭാവനം ചെയ്തെങ്കിൽ, ഇന്ന് മുപ്പത് വർഷത്തിനുശേഷം അത് നമ്മുടെ കാഴ്ചവട്ടത്തെ അനുഭവമായി മാറി.

ഈ പാട്ട് വായിക്കുമ്പോൾ/കേൾക്കുമ്പോൾ, "കവിത കാലാതിവർത്തിയായിരിക്കും" എന്ന കെട്ടിയേൽപ്പിക്കലിനേക്കാൾ യാഥാർത്ഥ്യമായി നമുക്ക് തോന്നുന്നത് സിനിമാപ്പാട്ടുകൾ കാലത്തിൻ്റെ യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നു എന്ന സത്യത്തെയാണ്.

Follow us on WhatsApp

എഴുത്തുകാരന്റെ പേര്ദേവേശൻ പേരൂർ  ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ

bahuswara

Previous Post Next Post