മുസ്ലിം സ്ത്രീകളുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉയർത്തിവിട്ട വിവാദം ഏറെക്കുറെ കെട്ടടങ്ങുകയാണ്. ഈ വിവാദം അവസാനിക്കുമ്പോൾ കേരളത്തിന്റെ പൊതുവായ സാമൂഹികാന്തരീക്ഷത്തിൽ ഇത് എന്തുതരം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്? നമ്മുടെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ഈ വിവാദവും ഇതിനെച്ചൊല്ലി ഉയർന്നുവന്ന അഭിപ്രായങ്ങളും ഏതെല്ലാം തരത്തിലാണ് സ്വാധീനിക്കുക?
എഡിറ്റേഴ്സ് ഫോക്കസ്
മുജീബ് റഹ്മാൻ കിനാലൂർ, എം എസ് ഷൈജു
ഇത്തരമൊരു വിവാദം ബാക്കിവെക്കുന്നതെന്താണ്? നമ്മുടെ സമൂഹത്തിന്റെ പൊതുവായ പുരോഗതിക്കും സാമൂഹികാരോഗ്യത്തിനും ഇത് എത്രത്തോളം ഗുണകരമായിട്ടുണ്ട് ?. ഈ വിവാദത്തിന്റെ പശ്ചാത്തലത്തെയും അതിന്റെ പരിസരങ്ങളെയും എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത്? നമ്മുടെ പൊതുമണ്ഡലത്തിന് ഇത് എത്രത്തോളം ഗുണകരമായി, അല്ലെങ്കിൽ ദോഷകരമായി? |
മുജീബ് റഹ്മാൻ കിനാലൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇത്തരമൊരു അഭിപ്രായം ആദ്യമായി പറയുകയല്ല. അദ്ദേഹത്തിന്റെ മുൻകാല ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാൽ, കഴിഞ്ഞ സുദീർഘമായ പതിറ്റാണ്ടുകളിൽ പലപ്പോഴായി ഇതിന് സമാനമായ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതായി കാണാം.
എന്നാൽ, ഇത്തവണ നബിദിനവുമായി ബന്ധപ്പെട്ടും, ഒപ്പം ഓണാഘോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്ന സമയത്തുമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അതുകൊണ്ടുതന്നെ ഇത് മുൻപത്തേക്കാൾ വിപുലമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഒരു വലിയ സംവാദമണ്ഡലം തുറക്കാൻ ഇത് കാരണമായി എന്നുള്ളത് ഇതിന്റെ പോസിറ്റീവ് ഒരു വശമായി ഞാൻ കാണുന്നു. അതേസമയം, ഇതിന് നെഗറ്റീവ് ചില വശങ്ങളുമുണ്ട്.
ഇതിന്റെ നല്ല വശം എന്തെന്നാൽ, പൊതുസമൂഹം അഥവാ പൊതുമണ്ഡലം എന്ന് നാം വിശേഷിപ്പിക്കുന്ന സർവ മേഖലകളിൽ നിന്നുമുള്ള ആളുകൾ ഇതിൽ സജീവമായി ഇടപെട്ടു എന്നതാണ്. ജനാധിപത്യപരമായ ഒരു സംവാദത്തിന്റെ തലത്തിലേക്ക് ഈ വിഷയത്തെ ഉയർത്താൻ ഒരുപരിധി വരെ സാധിച്ചു. മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമായോ, അല്ലെങ്കിൽ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലെ സ്ത്രീകളുടെ മാത്രം വിഷയമായോ ഇതിനെ ചുരുക്കിക്കെട്ടാൻ അവർ ശ്രമിച്ചെങ്കിലും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുസമൂഹവും അത് ഏറ്റെടുത്തു. അതോടെ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങളുടെ നിഷേധം എന്ന തലത്തിലേക്ക് ഈ ചർച്ച വികസിച്ചു. അതാണ് ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമായി എനിക്ക് തോന്നുന്നത്.
എം.എസ്. ഷൈജു: അതെ, തീർച്ചയായും. അതോടൊപ്പം ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മുൻപൊന്നുമില്ലാത്തവിധം കാന്തപുരത്തിന്റെ പ്രസ്താവനയെ കൂടുതൽ പൊതുവൽക്കരിക്കാനുള്ള ശ്രമം നടന്നു. മതത്തിന്റെ അതിരുകൾക്കുള്ളിൽ നിന്ന് പുറത്തുകൊണ്ടുവന്ന് നമ്മുടെ ഭരണഘടനയെയും, രാജ്യം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും മുൻനിർത്തി വിശകലനം ചെയ്യാനുള്ള ശ്രമമുണ്ടായി. മുൻപൊക്കെ മതത്തിന്റെ പേരിൽ ഇത്തരം അഭിപ്രായങ്ങൾ വരുമ്പോൾ കണ്ണടച്ചു വിടുന്ന ഒരു സമീപനമാണ് പൊതുവെ കണ്ടിരുന്നത്. അതിൽ നിന്ന് വലിയൊരു വ്യത്യാസം ഇത്തവണ ഉണ്ടായിട്ടുണ്ട്.
ഇതുണ്ടാക്കിയ പ്രതികരണങ്ങൾ കണ്ട് അവരും പതറിയിട്ടുണ്ടാകണം. മുൻപും ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത വിധം ഇപ്പോൾ എന്തുകൊണ്ടാണ് ഇത് ഇത്രയധികം ചർച്ചയാകുന്നത് എന്നൊരു ആശങ്ക അവരുടെ ക്യാമ്പുകളിലും നേതാക്കളുടെ അഭിപ്രായങ്ങളിലും കാണാമായിരുന്നു. ഈ ചർച്ചയ്ക്ക് തുടക്കമിട്ട പശ്ചാത്തലത്തിൽ കോഴിക്കോട് ഫാറൂഖ് കോളേജിന് വലിയൊരു പങ്കുണ്ടല്ലോ. കോളേജിന്റെ ചരിത്രവും കേരളത്തിലെ മുസ്ലിം നവോത്ഥാന ശ്രമങ്ങളും ഈ വിഷയവുമായി എങ്ങനെയാണ് കണ്ണിചേർക്കപ്പെടുന്നത്?
പോഡ്കാസ്റ്റ് കേൾക്കാം: എഡിറ്റേഴ്സ് ഫോക്കസ്
മുജീബ് റഹ്മാൻ കിനാലൂർ: അതൊരു കൗതുകകരമായ കാര്യമാണ്. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ സ്ഥാപിതമായ സ്ഥാപനമാണ് ഫാറൂഖ് കോളേജ്. മുസ്ലിം നവോത്ഥാന നായകനായ റൗളത്തുൽ ഉലൂം സ്ഥാപകൻ അബുസ്സബാഹ് മൗലവിയുടെ ദർശനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന സ്ഥാപനമാണത്. സ്ത്രീവിദ്യാഭ്യാസവും സ്ത്രീകളുടെ ഉന്നമനവും ഫാറൂഖ് കോളേജിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
ആ സ്ഥാപനത്തിൽ പഠിപ്പിക്കുന്ന അധ്യാപികമാർ തന്നെയാണ് ഈ ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ചത് എന്നത് വളരെ ശുഭോദർക്കമായ കാര്യമാണ്. സ്ത്രീകളുടെ കാര്യങ്ങൾ പറയാൻ മറ്റാരുടെയും ഏജൻസി കാത്തുനിൽക്കാതെ, സ്ത്രീകൾ തന്നെ സ്വന്തം ശബ്ദവും കർതൃത്വവും ഉറപ്പാക്കുന്ന രീതിയിൽ ഈ ചർച്ചയെ വികസിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. കോളേജ് മാനേജ്മെന്റോ മേധാവികളോ ചർച്ചകളിൽ ഇടപെടാതിരുന്നപ്പോഴും അവിടുത്തെ അധ്യാപികമാരും വിദ്യാർത്ഥികളും സമൂഹമാധ്യമങ്ങളിലും മറ്റും സജീവമായ ഇടപെടൽ നടത്തി.
താങ്കൾ നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ വിവാദത്തിന്റെ തുടക്കം മുൻപ് നടന്ന ഓണാഘോഷ പരിപാടികളാണ്. ഫാറൂഖ് കോളേജ് ഉൾപ്പെടെയുള്ള ക്യാമ്പസുകളിൽ പെൺകുട്ടികൾ ഓണാഘോഷങ്ങളിൽ വലിയ തോതിൽ പങ്കെടുത്തു; നൃത്തങ്ങളിലും പരിപാടികളിലും സജീവമായി. ഇതിലുള്ള അസഹിഷ്ണുതയും പിന്നീട് നബിദിനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ പെൺകുട്ടികൾ പങ്കെടുത്തതുമാണ് കാന്തപുരം വിഭാഗം മഹല്ലുകൾക്ക് ഒരു സർക്കുലർ അയക്കാൻ കാരണം. വെറുമൊരു പ്രസ്താവന എന്നതിലുപരി, ആ സർക്കുലറാണ് പിന്നീട് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയത്.
എം.എസ്. ഷൈജു: ശരിയാണ്. വാചികമായ ഇത്തരം അഭിപ്രായങ്ങൾ ഇതിനു മുൻപും പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊരു സർക്കുലറായി മാറിയപ്പോഴാണ് ഇത്രയധികം പൊതുശ്രദ്ധ നേടിയത്. മറ്റൊരു പ്രധാന കാര്യം, കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇതിൽ സ്വീകരിച്ച നിലപാടാണ്. സിപിഐഎം ഇതിൽ നിലപാട് വ്യക്തമാക്കി, അവരുടെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാക്കൾ കൃത്യമായി പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുമെല്ലാം നിലപാട് പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച സമീപനം എന്തായിരുന്നു? അത് എത്രത്തോളം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്?
മുജീബ് റഹ്മാൻ കിനാലൂർ: മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ മതപരമായ അടിത്തറയും നിലപാടും യാഥാസ്ഥിതിക ഇസ്ലാമിക ധാര തന്നെയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിൻബലത്തിൽ നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ സമസ്തയുടെ പണ്ഡിതവിഭാഗത്തിന്റെ നിലപാടുകളെ മറികടന്നൊരു അഭിപ്രായം മതപരമായ വിഷയങ്ങളിൽ ലീഗ് പൊതുവെ പറയാറില്ല. പ്രത്യേകിച്ചും ഇപ്പോൾ പാർട്ടിയുടെ അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിന്റെ അന്തസ്സത്തയിൽ കാന്തപുരം വിഭാഗത്തിന്റെ നിലപാടിൽ നിന്ന് ഭിന്നമായൊരു അഭിപ്രായം അവർക്കില്ല.
എന്നാൽ, ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്; അവർക്ക് വനിതാ ജനപ്രതിനിധികളും വനിതാ വിഭാഗവുമൊക്കെയുണ്ട്. പ്രായോഗികമായി സ്ത്രീശാക്തീകരണത്തിന് വേണ്ടി നിൽക്കുമ്പോഴും, താത്ത്വികമായി ഇത്തരം യാഥാസ്ഥിതിക നിലപാടുകളോട് വിയോജിക്കാൻ കഴിയാത്ത ഒരുതരം ‘ഇരട്ടത്താപ്പ്’ ലീഗിനുണ്ട്. അതുകൊണ്ടാണ് സമസ്തയെ പിണക്കാതിരിക്കാൻ പല നേതാക്കളും ‘നോ കമന്റ്സ്’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. മറ്റു ചിലരാകട്ടെ, ഇത് മതപരമായ വിഷയമായതിനാൽ പണ്ഡിതർ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന മട്ടിലാണ് സംസാരിച്ചത്.
മുഖ്യമന്ത്രിയും കോൺഗ്രസും നിലപാട് വ്യക്തമാക്കിയപ്പോഴും ലീഗ് തങ്ങളുടെ നിസ്സഹായത മൂലം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
എം.എസ്. ഷൈജു: തീർച്ചയായും, അത് ലീഗിനെ വലിയൊരു പ്രതിസന്ധിയിലാക്കിയ വിവാദമായിരുന്നു. അക്ഷരം മിണ്ടാൻ കഴിയാത്തവിധം അവർ നിസ്സഹായരായി മാറി.
മുജീബ് റഹ്മാൻ കിനാലൂർ: വിവാദം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ കാന്തപുരത്തെ അനുകൂലിച്ചുകൊണ്ട് ലീഗിന്റെ പോഷക സംഘടനകൾ സംസാരിക്കുന്നതും നാം കണ്ടു. മറ്റൊരു പ്രധാന കാര്യം, മുസ്ലിം ലീഗിന് വനിതാ ലീഗും, വിദ്യാർത്ഥിനി വിഭാഗമായ ‘ഹരിത’യുമുണ്ട്. ശക്തമായ സ്ത്രീരാഷ്ട്രീയം സംസാരിക്കുന്ന ഹരിത പോലുള്ള സംഘടനകൾക്ക് പോലും ഈ വിഷയത്തിൽ പൂർണ്ണമായും മൗനം പാലിക്കേണ്ടി വന്നു എന്നതാണ് വസ്തുത.
അതേസമയം, തൊട്ടടുത്ത് ഒരു തെരഞ്ഞെടുപ്പ് ഇല്ലാത്തതുകൊണ്ടാണ് സിപിഐഎമ്മും കോൺഗ്രസും ഇത്ര ശക്തമായി നിലപാടെടുത്തത് എന്നൊരു ആക്ഷേപവും ചിലർ ഉന്നയിക്കുന്നുണ്ട്.
എം.എസ്. ഷൈജു: പ്രായോഗിക രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ആ നിരീക്ഷണത്തിൽ കാര്യമുണ്ടാകാം. കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ ചായ്വ് ഇടതുപക്ഷത്തോടാണ് എന്നൊരു പൊതുധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവർ അതത് സന്ദർഭങ്ങളിലെ വിഷയങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കാറുണ്ട്. മുമ്പ് തിരുശേഷിപ്പ് വിവാദമുണ്ടായപ്പോൾ സിപിഐഎം രൂക്ഷമായി വിമർശിക്കുകയും തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പുകൾ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് സ്വതന്ത്ര നിലപാടുകൾ പ്രഖ്യാപിക്കുന്നതിന് തടസ്സമാകാറുണ്ട്. ഈ വിവാദമുണ്ടായത് തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത സമയത്തല്ല എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് കുറച്ചുകൂടി തുറന്ന നിലപാടെടുക്കാൻ സഹായകമായിട്ടുണ്ടാകാം.
മുജീബ് റഹ്മാൻ കിനാലൂർ: അതിനോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊന്നുണ്ട്. പലപ്പോഴും വോട്ട് ബാങ്ക് എന്നത് വ്യാജമായ ഒരു പ്രതീതി മാത്രമാണ്. ബിജെപിയോട് പോലും കാന്തപുരം വിഭാഗം പുലർത്തുന്ന മൃദുസമീപനം നാം കണ്ടിട്ടുണ്ട്. ഡൽഹിയിലെ സൂഫി സമ്മേളനത്തിലും മറ്റും കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി കേന്ദ്രം അംഗീകരിച്ചതും, തുടർന്ന് ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് പീഡനങ്ങളൊന്നുമില്ലെന്ന തരത്തിൽ അദ്ദേഹം പ്രസ്താവന നടത്തിയതുമെല്ലാം വലിയ വിവാദമായിരുന്നു.
അതായത്, വലിയൊരു സാമ്രാജ്യമായി വളർന്ന സ്വന്തം സംഘടനാ-സ്ഥാപന താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്. നയപരമായ വിട്ടുവീഴ്ചകൾ ചെയ്യാനും അവർ തയ്യാറാകുന്നു. ആ നിലയ്ക്ക് സിപിഐഎമ്മിനോടോ കോൺഗ്രസിനോടോ ഇപ്പോൾ താല്ക്കാലിക വിയോജിപ്പ് പ്രകടിപ്പിച്ചാലും, തങ്ങളുടെ സ്ഥാപന താല്പര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ മാറ്റാൻ അവർ മടിക്കില്ല.
എം.എസ്. ഷൈജു: ഈ വിവാദം അവസാനിക്കുമ്പോൾ അത് രണ്ട് പ്രധാന ബോധ്യങ്ങൾ ബാക്കിവെക്കുന്നുണ്ട്. ഒന്ന്, കാന്തപുരം വിഭാഗത്തിന് ലഭിച്ച തിരിച്ചറിവാണ്. അവരുടെ ചരിത്രത്തിലാദ്യമായി സ്വന്തം ആശയങ്ങളും നിലപാടുകളും കടുത്ത പൊതുവിചാരണയ്ക്ക് വിധേയമായി. ആദ്യഘട്ടത്തിൽ പ്രത്യാക്രമണത്തിന് മുതിർന്ന അവർ പിന്നീട് പ്രതിരോധത്തിലേക്കും ന്യായീകരണങ്ങളിലേക്കും മാറി. ഒടുവിൽ സംഘടനയുടെ ആഭ്യന്തര യോഗങ്ങളിൽ ഈ ചർച്ച ഇനി മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നും സംയമനം പാലിക്കണമെന്നും നിർദ്ദേശിക്കേണ്ടി വന്നു.
മുജീബ് റഹ്മാൻ കിനാലൂർ: അതേ, ഒടുവിൽ ‘ഞങ്ങൾ സ്ത്രീകളെ പങ്കെടുപ്പിച്ച് ഇത്രയും സ്ഥാപനങ്ങൾ നടത്തുന്നുണ്ട്’ എന്ന മട്ടിലുള്ള ഒരുതരം ക്ഷമാപണത്തിലേക്ക് അവർക്ക് എത്തേണ്ടി വന്നു.
എം.എസ്. ഷൈജു: മറ്റൊരു വശം, നമ്മുടെ പുതിയ തലമുറ; ജെൻ സി (Gen Z), പരമ്പരാഗത മത-സാമുദായിക സംഘടനകൾ വരച്ചിടുന്ന അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ തയ്യാറല്ല എന്ന യാഥാർത്ഥ്യമാണ്. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പെൺകുട്ടികളും വിദ്യാർത്ഥികളും കാന്തപുരത്തിന്റെ പ്രസ്താവനയിലെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുകയും നിശിതമായി വിമർശിക്കുകയും ചെയ്തു. മുസ്ലിം മതസംഘടനകൾ സ്ത്രീകളുമായി ബന്ധപ്പെട്ട് പുലർത്തുന്ന നിലപാടുകളെ കൂടുതൽ ഗുണപരമായി മാറ്റിയെടുക്കാൻ ഈ ചർച്ച ഉപകരിക്കുമെന്ന് കരുതുന്നുണ്ടോ?
മുജീബ് റഹ്മാൻ കിനാലൂർ: തീർച്ചയായും. രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, മതനേതാക്കൾ പോലും പൊതുവേദിയിൽ സംസാരിക്കുമ്പോൾ ‘പൊളിറ്റിക്കൽ കറക്റ്റ്നസ്സ്’ പാലിക്കാൻ ബാധ്യസ്ഥരാണ് എന്നൊരു ബോധ്യം ഈ ചർച്ച ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, സ്ത്രീകളെ ‘പ്രദർശിപ്പിക്കുക’ എന്ന് പറയുന്ന വാക്കിനകത്തെ സ്ത്രീവിരുദ്ധത മുൻപ് അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. പുതിയ തലമുറയുടെ പ്രതികരണങ്ങൾ വന്നതോടെ, കാന്തപുരത്തിന്റെ മകൻ എ.പി. അബ്ദുൽ ഹകീം അസ്ഹരിക്ക് പോലും വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും, ഇത് തങ്ങളുടെ പ്രസ്താവനയല്ലമാത്രം ആശയമല്ല, മറിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയുടെ ആശയമാണ് എന്ന് പറഞ്ഞ് വഴിതിരിച്ചുവിടാനും ശ്രമിക്കേണ്ടി വന്നു. ഈ ഒരു തിരിച്ചറിവ് വളരെ പ്രധാനമാണ്.
ചുരുക്കത്തിൽ, രണ്ട് ഉൾക്കാഴ്ചക ളാണ് ഈ ചർച്ച മുന്നോട്ടുവെക്കുന്നത്:
ഒന്ന്, ഏത് ആശയങ്ങൾ പറയുമ്പോഴും സമത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളെ ഉൾക്കൊള്ളാൻ മതനേതാക്കൾ നിർബന്ധിതരാണ്. രണ്ട് , സ്ത്രീകളുടെ കർതൃത്വം - സ്ത്രീകളുടെ കാര്യങ്ങൾ സംസാരിക്കാൻ ‘ഞങ്ങളുടെ സ്ത്രീകൾ’ എന്ന തരത്തിലുള്ള ആങ്ങള-അമ്മാവൻ സമീപനങ്ങൾക്കപ്പുറം, സ്വന്തം അവകാശങ്ങൾ സ്വയം സംസാരിക്കാൻ സ്ത്രീകൾ പ്രാപ്തരാണ് എന്ന ശക്തമായ സന്ദേശം ഈ വിവാദത്തിലൂടെ തെളിയിക്കപ്പെട്ടു.
എം.എസ്. ഷൈജു: തീർച്ചയായും. ഈ വിവാദങ്ങൾ അവസാനിക്കുമ്പോൾ, കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ഒട്ടേറെ ഗുണപരമായ മാറ്റങ്ങൾക്കും പുതിയ ബോധ്യങ്ങൾക്കും ഇത് വഴിയൊരുക്കിയിട്ടുണ്ട് എന്ന് അനുമാനിക്കാം. ആരോഗ്യകരവും ജനാധിപത്യപരവുമായ ഒരു തുറന്ന സംവാദമാണ് ഇവിടെ സാധ്യമായത്. മുസ്ലിം നവോത്ഥാന ചിന്തകളുടെ തുടർച്ചയായി ഇത്തരം ചർച്ചകൾ നമ്മുടെ പൊതുസമൂഹത്തിന്റെ ശാക്തീകരണത്തിന് ഉപകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

