ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃത ബിന്ദു എന്ന പാട്ട് എന്നിൽ ഉണർത്തുന്നത് സിനിമാ രംഗത്തിലെ വിഷാദമോ വേദനയോ അല്ല. ഏതോ ഒരു പ്രണയ കാലത്തിൻ്റെ സ്വരരാഗങ്ങളാണ്. ആ പാട്ടിന് അങ്ങനെ ഒരു ഭാവമുണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ഗൃഹാതുരത്വത്തിൻ്റെ നനുനനുത്ത മൊഴിവഴി കളിലേയ്ക്ക് നമ്മെ എപ്പോഴും കൊണ്ടുപോകുന്നതാണ് പാട്ടുകളുടെ ഒരു പണി. പറഞ്ഞു തീരാത്ത , പാടിത്തീരാത്ത പട്ടുപോകാത്ത പാട്ടോർമ്മകൾ. ഓണക്കാലത്തിൻ്റെ സൗവർണ ചിത്രങ്ങൾ, പെരുന്നാളിൻ്റെ പെരും പൊരുളുകൾ, ക്രിസ്തുവിൻ്റെ സഹന സങ്കീർത്തനങ്ങൾ അങ്ങനെ പലതിനെയും പാട്ടുകളിലൂടെ നാം വീണ്ടും വീണ്ടും പാടിപ്പാടി പുണരുന്നു.
മറ്റു പാട്ടുകളേക്കാൾ സിനിമാ പാട്ടുകൾക്ക് ഭൂതകാല വശീകരണശക്തി ഏറും. നാം പാട്ടിലാവാത്ത ജീവിത സന്ദർഭങ്ങൾ സുദുർലഭമാണെല്ലോ. കുളിമുറിയിൽ, പ്രണയ നേരങ്ങളിൽ, നടത്തവഴികളിൽ, ഉത്സവപ്പറമ്പുകളിൽ, സോത്സാഹ നിമിഷങ്ങളിൽ, വിഷാദസ്മൃതി പഥങ്ങളിൽ, ഏകാന്തവാസങ്ങളിലെല്ലാം നമുക്ക്പാട്ടിൻ്റെ കൂട്ടുണ്ടാവും. ആ നിമിഷം ഏതോ ഒരു ജീവിത നേരത്തെ സാന്ദ്രമാക്കും. പിന്നീട് ആ ഗാനധാര ഉറഞ്ഞുചേർന്ന ജീവിത ചിത്രങ്ങളുടെ സമയപ്രവാഹങ്ങളായി നമ്മിലൂടെ മന്ദഗാമിയായി ഒഴുകും.
ഒരു സന്ദർഭത്തിൽ കേട്ടപാട്ടുകൾ പിന്നീടുള്ള സ്വരവേഗങ്ങളിൽ നമ്മെ ഗൃഹാതുരതയിലേയ്ക്ക് നയിക്കും. വേദനയോ വിഷാദമോ സന്തോഷമോ ഉത്സാഹമോ ഏതുമാവട്ടെ ഏതോ നൈമിഷികതയിൽ അലിഞ്ഞതാവാം നമ്മൾ. എന്തായാലും വീണ്ടുമുള്ള ആ പാട്ടുകേൾക്കൽ സ്മരണകളുടെ വീണ്ടെടുപ്പുകളായി മാറും. ഒരു ഉൾകുളിരോടെ നമ്മളതിൽ ലയിക്കും
ചെങ്കോൽ എന്ന സിനിമയിലെ മധുരം ജീവാമൃത ബിന്ദു എന്ന പാട്ട് എന്നിൽ ഉണർത്തുന്നത് സിനിമാ രംഗത്തിലെ വിഷാദമോ വേദനയോ അല്ല. ഏതോ ഒരു പ്രണയ കാലത്തിൻ്റെ സ്വരരാഗങ്ങളാണ്. ആ പാട്ടിന് അങ്ങനെ ഒരു ഭാവമുണ്ടോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ "മധുരം ജീവാമൃതം" എൻ്റെ ഒരു പ്രണയബിന്ദുവിനെ ഗാഢമായി ആലിംഗനം ചെയ്യുന്നു. ആ പാട്ടുകേൾക്കുമ്പോൾ കാമിനിയുടെ കണ്ണുകൾ എൻ്റെ മുന്നിൽ മിന്നുന്നു, അന്നേരമാവട്ടെ മങ്ങി മയങ്ങുന്ന എൻ്റെ ഉൾകണ്ണുകളിൽ എപ്പോഴും തിളക്കങ്ങൾ അവശേഷിപ്പിക്കുന്നു, ചേലയുടെ ചേർച്ചകളിൽ ഒഴുകിപ്പരക്കുന്ന അവളുടെ ഗാത്രബിംബം തെളിയുന്നു. നടന്നുനടന്ന് അകലേയ്ക്ക് മായുമ്പോഴും ഇടയ്ക്കിടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന കടക്കൺമുനകളുടെ കൊളുത്തിൽ ഞാൻ ഇപ്പോഴും കോർത്ത് പിടയുന്നു. എനിക്കത് ചെങ്കോലിൽ മോഹൻലാലിൻ്റെ വേദനയുടെ ധ്വനിസാരമല്ല. ഒരു സ്നേഹിത സമർപ്പിച്ച സ്നഹവിരുന്നിൻ്റെ അമൃതധാരയാണ്.
സിനിമാ പാട്ടുകൾ ജീവിക്കുന്നത് സിനിമയിലെ രംഗങ്ങളിലല്ല, അങ്ങനെയായിരുന്നെങ്കിൽ ഓരോ പാട്ടും എത്രയോ പരിമിതപ്പെട്ടുപോകുമായിരുന്നു. ഓരോ മനുഷ്യൻ്റെ ഉള്ളിലുമുള്ള വിമോഹനമായ ഒരു ലോകത്തെ വാക്കുകൊണ്ട് നിർമ്മിച്ചെടുക്കാനുള്ള വാക്കിൻ്റെ കഴിവ് അദ്വിതീയമാണ്.
മോഹങ്ങളെല്ലാം നഷ്ടപ്പെട്ട് ഭ്രഷ്ടനാക്കപ്പെട്ട ഒരാളുടെ അനാഥത്വവും വിഷാദവും സാന്ദ്രമായ നായകൻ്റെ (മോഹൻലാൽ) മനോവിചാരങ്ങളുടെ ആവിഷ്കാരമാണ് സിനിമയിലെ ഈ പാട്ടുനേരം. അക്കൂട്ടത്തിൽ വിരഹിയായ ഒരു കാമുകൻ്റെ നിഴൽ കൂടി പതിഞ്ഞിട്ടുണ്ട്. വിരഹിയുടെ വിരഹ വാക്കുകൾ കൂടിയതിൽ ഉൾച്ചേരുന്നതു പോലുണ്ട് ആ പാട്ടിൽ. കാമുകി നഷ്ടപ്പെട്ട്, കൂടപ്പിറപ്പുകൾ കൊഴിഞ്ഞ്, അപമാനഭാരത്താൽ നടക്കുന്ന ഒരു യുവാവിൻ്റെ സന്ദിഗ്ധതയുടെ ഗദ്ഗദം അങ്ങേയറ്റം സാന്ദ്രീകൃതമായി നാം കേൾക്കുന്നു.
"സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ " എന്നിങ്ങനെ എല്ലാ അശരണതയിലും ജീവിതത്തിൻ്റെ സൗഗന്ധികങ്ങൾ വീണ്ടുമുണരും എന്ന പ്രതീക്ഷയിലൂടെയാണ് പാട്ടുകാരൻ സഞ്ചരിക്കുന്നത്.
"താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ "
ആ അർത്ഥത്തിൽ അങ്ങേയറ്റം വിഷാദാത്മകമാണെങ്കിലും അതീവ പ്രത്യാശകൾകൂടി ഉണർത്തുന്നതാണ് ഈ പാട്ട്. പക്ഷേ സിനിമയിലെ രംഗങ്ങളിലല്ല എൻ്റെ പാട്ട് ജീവിക്കുന്നത്. ഏതൊരു കാമുകനും ഭ്രഷ്ടൻ കൂടിയായിരിക്കും." നിസ്തുല നിന്നെ നീയായിട്ടു കാണുവാൻ അത്രയ്ക്കുയർന്നിട്ടില്ലന്യരാരും " എന്ന് ചങ്ങമ്പുഴ പാടിയ ഏകാന്ത വിഷാദിയാണല്ലോ പഴയകാമുകർ മുഴുവനും. ആ കാമുകഭാവത്തെ സാരവത്താക്കിയാണ് ഈ പാട്ട് എന്നിൽ ജീവിച്ചത്.
![]() |
| ചെങ്കോൽ സിനിമയുടെ പോസ്റ്റർ |
പാട്ടുകൾക്ക് ഇങ്ങനെ ഒരു വശീകരണതന്ത്രമുണ്ട്. കല്പനകളാണ് സിനിമാ പാട്ടിൻ്റെ സൗന്ദര്യം. ജീവിതത്തിലില്ലാത്ത ഒരു മാനസിക ലോകത്തെ അത് പ്രദാനം ചെയ്യുന്നു. ശരിക്കും സിനിമാ പാട്ടുകൾ ജീവിക്കുന്നത് സിനിമയിലെ രംഗങ്ങളിലല്ല, അങ്ങനെയായിരുന്നെങ്കിൽ ഓരോ പാട്ടും എത്രയോ പരിമിതപ്പെട്ടുപോകുമായിരുന്നു. ഓരോ മനുഷ്യൻ്റെ ഉള്ളിലുമുള്ള വിമോഹനമായ ഒരു ലോകത്തെ വാക്കുകൊണ്ട് നിർമ്മിച്ചെടുക്കാനുള്ള വാക്കിൻ്റെ കഴിവ് അദ്വിതീയമാണ്.
ചെങ്കോലിലെ "മധുരം ജീവാമൃത ബിന്ദു "എന്ന പാട്ട്, സിനിമ കണ്ടവർക്ക് മോഹൻലാലിൻ്റെ വിഷാദ സങ്കലിതമായ രംഗമായിട്ടായിരിക്കും പുനർജനിക്കുക, പക്ഷേ കാണാത്ത പരശതം മനുഷ്യരിലാണ് കൈതപ്രത്തിൻ്റെ വരികൾ ജോൺസൻ മാഷിൻ്റെ സംഗീത സംവിധാനത്താൽ ജീവിക്കുന്നത്. പാട്ടുകൾ ഉള്ളിൽ നിറയ്ക്കുന്നത്, അതിനെ പൊരുളുള്ളതാക്കി മാറ്റുന്നത് സിനിമാ സന്ദർഭമല്ല ഇനിയും സാർത്ഥകമാകാത്ത മനുഷ്യരുടെ മനോലോകങ്ങളാണ്.
ദേവേശൻ പേരൂർ
20 വർഷം ഹൈസ്കൂൾ ഹയർ സെക്കൻ്ററി മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു. മലയാളവിദ്യാലയം എന്ന പേരിൽ മലയാള ഭാഷാപരിപോഷണത്തിനായി ഒരു ഓൺലൈൻ സ്ഥാപനം നടത്തിവരുന്നു. wtplive ൽ കവിവാരം എന്ന പംക്തിയിൽ എഴുതി പോന്നു. ഇപ്പോൾ കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കവല മാസികയിൽ ഒറ്റയടിപ്പാത എന്ന പേരിൽ ഒറ്റക്കവിതാ പഠനം എഴുതുന്നു. നിരൂപകൻ, പ്രഭാഷകൻ.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: പുതുകാലം പുതുകവിത(പുതു കവിതാപഠനങ്ങൾ) 2011, മലയാളം നല്ല ഉത്തരങ്ങൾ ( ഹൈസ് സ്കൂൾ കുട്ടികൾക്ക് മലയാളം) 2012, ഒച്ചയിൽ വരക്കുന്ന വെളിച്ചം (എസ് ജോസഫ് പഠനം) 2014, അനീതിയോടെതിർപ്പിൻ (വാഗ്ഭടാനന്ദൻ ജീവചരിത്രം) 2015


