കുഞ്ഞാലി രണ്ടാമൻ

കോറമണ്ഡലത്തും തൂത്തുക്കുടിയിലും നാഗപട്ടണത്തും മന്നാർ ഉൾക്കടലിലും മൈലാപ്പൂരിലും ആക്രമണം നടത്തുന്നതോടൊപ്പം തന്നെ സിലോണിലേക്കും  അദ്ദേഹം ആക്രമണം വ്യാപിപ്പിച്ചു. അങ്ങനെയൊരു മുന്നേറ്റത്തിലാണ് കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ കൊല്ലപ്പെട്ടത്. മംഗലാപുരം മുതൽ പൊന്നാനി വരെയുളള കടൽപ്പാതകളിൽ അദ്ദേഹം പോർച്ചുഗീസുകാരെ വിജയകരമായി പ്രതിരോധിച്ചു.

പരമ്പര-06    നാസിർ കെ സി    മണ്ണുമൂടിയ ചരിത്രത്താളുകൾ

കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാർക്ക് വരുത്തിയ നാശം ചില്ലറയായിരുന്നില്ല. കടലിൽ ഗറില്ലാ യുദ്ധതന്ത്രം പ്രയോഗിച്ച ചരിത്രത്തിലെ ആദ്യത്തെ നാവികപ്പോരാളിയായിരിക്കണം അയാൾ. ചെറിയ തോണികളിൽ പാഞ്ഞു വന്ന് ആക്രമിച്ച് കടന്നു കളയുക (Hit and run)എന്നതായിരുന്നു അദ്ദേഹത്തിൻ്റെ യുദ്ധതന്ത്രം. ആൾബലവും ആയുധശേഷിയും കുറഞ്ഞവർ അധികാരത്തിനും നീതി നിഷേധത്തിനും എതിരെ എക്കാലവും ഉപയോഗിച്ച അതേ തന്ത്രം! പടയ്ക്കു വേണ്ടി ഉപയോഗിക്കുന്ന ചെറിയ നൗകകളിൽ വന്ന് ആക്രമിച്ച് പോർച്ചുഗീസുകാരുടെ വലിയ കപ്പലുകൾക്കും ബോട്ടുകൾക്കും പ്രവേശിക്കാൻ കഴിയാത്ത നീർച്ചാലുകളിലേക്കും അരുവികളിലേക്കും പിൻവാങ്ങുക എന്നതായിരുന്നു ആ രീതി.

More Read: കുഞ്ഞാലി ഒന്നാമൻ

കൊല്ലം മുതൽ സിലോൺ * വരെയുള്ള കടൽപ്പാതകളിൽ അയാൾ പറങ്കികളെ ഓടിച്ചിട്ടടിച്ചു. മരണം വരെ അയാൾ പോർച്ചുഗീസുകാർക്ക് പേടി സ്വപ്നമായിത്തുടർന്നു. അദ്ദേഹത്തിൻ്റെ മകനും സഹപോരാളിയുമായിരുന്ന കുട്ടി അഹമ്മദ് അലിയാണ് തുടർന്ന് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായി വന്നത്. ഇദ്ദേഹമാണ് കുഞ്ഞാലിമരയ്ക്കാർ രണ്ടാമൻ എന്നറിയപ്പെട്ടത്. സി.ഇ 1538 നും 1569 നും ഇടയിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത് എന്നു കരുതുന്നു.

​കുട്ടി അഹമ്മദ് മരയ്ക്കർ, അലി ഇബ്രാഹിം മരയ്ക്കർ, പാച്ചാച്ചി മരയ്ക്കർ, ഹസ്സൻ മരയ്ക്കർ, കുട്ടിപ്പോക്കർ, കുട്ടിമൂസ്സ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിൻ്റെ തുണക്കാർ. ഇവർ യുദ്ധവീരൻമാരും ആത്മാർത്ഥതയുള്ള പോരാളികളുമായിരുന്നു. ഇതിൽ അലി ഇബ്രാഹിം മരയ്ക്കാരുടെ മരുമകനായ കുട്ടി ഇബ്രാഹിം മരയ്ക്കാരേയും കൂട്ടുകാരേയും ബാറന്നൂരിൽ (പറവണ്ണ) വച്ച് പോർച്ചുഗീസുകാർ വധിക്കുകയും നഗരത്തിന് തീയിടുകയും ചെയ്തതായി ശൈഖ് സൈനുദ്ദീൻ മഖ്ദൂം രേഖപ്പെടുത്തിയിട്ടുണ്ട്.** പോർച്ചുഗീസുകാരുടെ അനുമതിപത്രം ഇല്ലാതെ അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് ചുക്കും കുരുമുളകും കയറ്റിയ കപ്പലുകളുമായി പോയി എന്നതായിരുന്നു അവരുടെ മേൽ ആരോപിച്ച കുറ്റം. പോർച്ചുഗീസുകാർ നഗരത്തിൽ നടത്തിയ ആക്രമണത്തെ ധീരമായി പ്രതിരോധിച്ചത് കുട്ടി ഇബ്രാഹിം മരയ്ക്കാറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. മലബാറിന്റെ നാവിക ചരിത്രത്തിലും പോർച്ചുഗീസ് വിരുദ്ധ ചെറുത്തുനിൽപ്പിലും കുഞ്ഞാലി മരയ്ക്കാർമാർക്കൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ പ്രമുഖ മാപ്പിള നാവിക യോദ്ധാക്കളിൽ ഒരാളാണ് കുട്ടി ഇബ്രാഹിം മരയ്ക്കാർ.

Read More: കുഞ്ഞാലിമാരുടെ ഉദയം

​കുഞ്ഞാലി മരക്കാരുടെ നാവികസേനയിലെ ഏറ്റവും വീരനായ കമാൻഡർമാരിൽ ഒരാളും ഗറില്ലാ പോരാട്ടങ്ങളിലെ തന്ത്രജ്ഞനുമായിരുന്നു കുട്ടിപ്പോക്കർ. ​പോർച്ചുഗീസുകാരുടെ വലിയ കപ്പലുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത ആഴം കുറഞ്ഞ കായലുകളിലും പുഴമുഖങ്ങളിലും ചെറിയ നാവികപ്പടവുകൾ * * * ഉപയോഗിച്ച് ഒളിയാക്രമണങ്ങൾ നടത്തി അവരെ മുട്ടുകുത്തിച്ച വീരനായിരുന്നു അയാൾ.

​കണ്ണൂരിനും കോഴിക്കോടിനും ഇടയ്ക്കുള്ള കടലിൽ പോർച്ചുഗീസ് ഉപരോധങ്ങളെ തകർക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. പോർച്ചുഗീസ് കപ്പൽപടയ്ക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തിയ നിരവധി കടൽ യുദ്ധങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. പാച്ചാച്ചിമരക്കാരും അലി ഇബ്രാഹിം മരക്കാരും  പിന്നീട് ഈ യുദ്ധങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയി.

​കുഞ്ഞാലിമരയ്ക്കർ രണ്ടാമൻ പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് പൂർവ്വ തീരത്തേക്കും സിലോണിലേക്കും ആക്രമണം നിരന്തരം നടത്തിക്കൊണ്ടിരുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അദ്ദേഹം നിരന്തരം റെയിഡുകൾ നടത്തി. പോർച്ചുഗീസുകാരുടെ കപ്പൽ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തു. അവരുടെ അമ്പതോളം കപ്പലുകൾ കുഞ്ഞാലി മരക്കാർ രണ്ടാമൻ പിടിച്ചെടുത്തതായി ചില ചരിത്രരേഖകളിൽ പറയുന്നുണ്ട്. അതുവഴി പോർച്ചുഗീസുകാരുടെ വ്യാപാരം നഷ്ടത്തിലായി. 

More Read: പോർച്ചുഗീസുകാർക്കെതിരായ കലാപങ്ങൾ

സിലോൺ അക്കാലത്ത് പോർച്ചുഗീസുകാരുടെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. അവിടെ അവർ ഒരു കോട്ടയും പണിതിരുന്നു. കോറമണ്ഡലത്തും തൂത്തുക്കുടിയിലും നാഗപട്ടണത്തും മന്നാർ ഉൾക്കടലിലും മൈലാപ്പൂരിലും ആക്രമണം നടത്തുന്നതോടൊപ്പം തന്നെ സിലോണിലേക്കും  അദ്ദേഹം ആക്രമണം വ്യാപിപ്പിച്ചു. അങ്ങനെയൊരു മുന്നേറ്റത്തിലാണ് കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ കൊല്ലപ്പെട്ടത്. മംഗലാപുരം മുതൽ പൊന്നാനി വരെയുളള കടൽപ്പാതകളിൽ അദ്ദേഹം പോർച്ചുഗീസുകാരെ വിജയകരമായി പ്രതിരോധിച്ചു. സാമൂതിരിയുടെ കഴുത്തിന് നേരെ ചൂണ്ടിയ തോക്ക് എന്നു വിശേഷിപ്പിക്കപ്പെട്ട ചാലിയം കോട്ട ഉപരോധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണ്. ഈ പരിശ്രമത്തിനിടയിൽ പോർച്ചുഗീസുകാരുമായി കടലിൽ വച്ചുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

അടിക്കുറിപ്പുകൾ

* ഇന്നത്തെ ശ്രീലങ്കയുടെ കൊളോണിയൽ കാലത്തെ പേരാണ് സിലോൺ. ലങ്ക എന്നാൽ ദ്വീപ് എന്നാണ് അർത്ഥം. അതിനോടൊപ്പം ഐശ്വര്യത്തെ സൂചിപ്പിക്കുന്ന ശ്രീ എന്ന പദം കൂടി ചേർത്താണ് ശ്രീലങ്ക ഉണ്ടായത് എന്ന് അനുമാനിക്കാം. രാമായണകാലം മുതൽ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. പോർച്ചുഗീസുകാർ വിളിച്ചിരുന്ന സെയിലോ (Ceilão) എന്ന പേരിൽ നിന്ന് ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയതാണ് സിലോൺ (Ceylon) എന്ന പദം. 1948 ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം അവർ സ്വന്തം പേരിലേക്കും വേരുകളിലേക്കും തിരിച്ചു പോയി.

* * തുഹ്ഫത്തുൽ മുജാഹിദീൻ എന്ന പുസ്തകം.

Follow us on WhatsApp


എഴുത്തുകാരന്റെ പേര്

എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.



bahuswara

Previous Post Next Post