സ്മരണ എം എസ് ഷൈജു
കേരളത്തിന്റെ ആധുനിക വൈജ്ഞാനിക ചരിത്രത്തിലും ഇടതുപക്ഷ ചിന്താധാരയിലും സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞനും, മാർക്സിസ്റ്റ് സൈദ്ധാന്തികനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖ്യശില്പികളിലൊരാളുമായ ഡോ. എം.പി. പരമേശ്വരന്റെ വിയോഗം കേരളീയ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.
ഒരു ശാസ്ത്രജ്ഞന്റെ ഭൗതികവാദ സമീപനത്തെയും വിപ്ലവകരമായ കമ്മ്യൂണിസ്റ്റ് ദർശനത്തെയും ജനകീയ പ്രവർത്തനങ്ങളുമായി ഇത്രത്തോളം ഇഴചേർത്ത മറ്റൊരു മാതൃക കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കണ്ടെത്തുക പ്രയാസമാണ്. ഡോ. എം പി പരമേശ്വരന്റെ കമ്മ്യൂണിസ്റ്റ് ജീവിതം കേവലം പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നില്ല. അതൊരു നിരന്തരമായ ആശയന്വേഷണമായിരുന്നു. സോവിയറ്റ് യൂണിയന്റെ പതർച്ചയ്ക്കും ആഗോള രാഷ്ട്രീയ മാറ്റങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ മാർക്സിസത്തെ കാലാനുസൃതമായി പുനർവായിക്കാനും നവീകരിക്കാനും അദ്ദേഹം ശ്രമിച്ചു. കമ്മ്യൂണിസത്തെ നിരന്തരമായി നവീകരിക്കാൻ ശ്രമിച്ച ലോക ചിന്തകരുടെ പട്ടികയിലാണ് ഡോ. എം പി പരമേശ്വരനും ഉൾപ്പെടുന്നത്.
പരമ്പരാഗത ചട്ടക്കൂടുകൾക്കപ്പുറം മാർക്സിസ്റ്റ് ആശയങ്ങളെ ജനകീയ യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. മനുഷ്യനെ കേന്ദ്രീകരിച്ചും പ്രകൃതിയോട് ഇണങ്ങിനിന്നുമുള്ള ഒരു പുതിയ സാമൂഹിക ക്രമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 'നാലാം ലോകം' എന്ന ആശയം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സൈദ്ധാന്തികമായും പാർട്ടി വേദികളിലും ചർച്ച ചെയ്യപ്പെടേണ്ട ഒരു കമ്മ്യൂണിസ്റ്റ് ഉള്ളടക്കം നേർക്ക് നേരെ പൊതുസമൂഹത്തിലെ ചർച്ചയ്ക്ക് കാരണമായത് പാർട്ടി തത്വങ്ങൾക്ക് എതിരാണെന്നായിരുന്നു പാർട്ടി നിലപാട്. പാർട്ടി തത്വങ്ങളോട് കലഹിക്കാതെ അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരനായി ജീവിച്ചുതീർത്ത അദ്ദേഹത്തിന്റെ ജീവിതം, വിമർശനാത്മക ചിന്തയാണ് യഥാർത്ഥ മാർക്സിസത്തിന്റെ അടിത്തറയെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു.
ഒരു ആണവ ശാസ്ത്രജ്ഞനായി തിളങ്ങി നിൽക്കേണ്ടിയിരുന്ന ഉജ്ജ്വലമായ ഔദ്യോഗിക കരിയർ സമൂഹത്തിന്റെ ഉന്നമനത്തിനായി വലിച്ചെറിഞ്ഞയാളാണ് എം.പി. പരമേശ്വരൻ. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിംഗിൽ പിഎച്ച്ഡിയും, ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ സുവർണ്ണാവസരങ്ങളും ഉണ്ടായിരുന്നിട്ടും, അദ്ദേഹം തെരഞ്ഞെടുത്ത വഴി ജനങ്ങളുടെ ഇടയിലേക്കുള്ള ശാസ്ത്ര പ്രചാരണമായിരുന്നു.
'ശാസ്ത്രം ജനങ്ങൾക്ക്' എന്ന മുദ്രാവാക്യം അർത്ഥവത്തായ രീതിയിൽ കേരളത്തിൽ നടപ്പിലാക്കുന്നതിൽ അദ്ദേഹം മുൻനിരയിൽ നിന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമാക്കി വളർത്തുന്നതിൽ അദ്ദേഹത്തിന്റെ സംഘാടന മികവ് നിർണായകമായിരുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിരന്തരം പോരാടിയ അദ്ദേഹം, കുട്ടികളിലും യുവാക്കളിലും ശാസ്ത്രീയ കാഴ്ചപ്പാട് വളർത്തുന്നതിനായി ലളിതമായ പുസ്തകങ്ങളും ലഘുലേഖകളും തയ്യാറാക്കി. ശാസ്ത്രം ലബോറട്ടറികളിൽ തളയ്ക്കപ്പെടേണ്ടതല്ല, മറിച്ച് സാധാരണക്കാരന്റെ അടുക്കളയിലേക്കും തൊഴിലിടങ്ങളിലേക്കും എത്തേണ്ടതാണെന്ന് അദ്ദേഹം തെളിയിച്ചു. കേരളത്തെ ഇന്നത്തെ അക്ഷരകേരളവും വിജ്ഞാന സമൂഹവുമാക്കി മാറ്റിയതിൽ എം.പി. പരമേശ്വരന്റെ പങ്ക് സമാനതകളില്ലാത്തതാണ്.
കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിനും പിന്നീട് അത് ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ നേതൃത്വം അനുപമമായതാണ്. സാക്ഷരത എന്നാൽ കേവലം എഴുതാനും വായിക്കാനുമുള്ള അറിവല്ലെന്നും ചുറ്റുമുള്ള ലോകത്തെ രാഷ്ട്രീയമായും സാമൂഹികമായും മനസ്സിലാക്കാനുള്ള ശേഷിയാണെന്നും അദ്ദേഹം വിശ്വസിച്ചു. മലയാളത്തിൽ ശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചും ശാസ്ത്ര ആശയങ്ങളെ ലളിതമായി അവതരിപ്പിച്ചും മലയാള ഭാഷയെ ഒരു വിജ്ഞാന ഭാഷയായി പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം സജീവ പങ്കുവഹിച്ചു.
കേരളത്തിന്റെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും ഡോ. എം പി പരമേശ്വരന്റെ ബൗദ്ധിക സംഭാവനകൾ വലുതാണ്. അധികാരവും വിഭവങ്ങളും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കണമെന്ന വാദഗതി ശക്തമായി ഉന്നയിച്ച അദ്ദേഹം, നവകേരള നിർമ്മിതിക്കായി ഒട്ടനവധി വികസന മാതൃകകൾ മുന്നോട്ടുവെച്ചു. വിദ്യാഭ്യാസം, പരിസ്ഥിതി, വികസനം എന്നീ മേഖലകളിൽ കേരളം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നിൽ ഈ കമ്മ്യൂണിസ്റ്റ് ചിന്തകന്റെ ദീർഘവീക്ഷണമുണ്ട്.
ഡോ. എം.പി. പരമേശ്വരന്റെ വിയോഗത്തിലൂടെ ഒരു യുഗസന്ധിയാണ് അവസാനിക്കുന്നത്. ഒരു യഥാർത്ഥ ഇടതുപക്ഷ ബുദ്ധിജീവി എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഡോ. പരമേശ്വരൻ. ഭരണകൂട അധികാരങ്ങൾക്കോ ഭൗതിക നേട്ടങ്ങൾക്കോ അപ്പുറം ജനങ്ങളുടെ മോചനവും സമൂഹത്തിന്റെ വിജ്ഞാനപരമായ ഉണർവും മാത്രം ലക്ഷ്യമാക്കി ജീവിച്ച ആ ജീവിതം കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക ചരിത്രത്തിൽ എന്നും ഒരു വെളിച്ചമായി ജ്വലിച്ചുനിൽക്കും.
