മഴക്കണ്ണീർ


  കവിത    പ്രിയ ജോമോൻ


മഴ നൂലുകൾ തീർത്തൊരാ ചാലതിൽ
പരൽമീനുകൾ നൃത്തമാടിനീന്തി തുടിക്കുമ്പോൾ
ഇടിവെട്ടി പെയ്യുമാ ഇടവപ്പാതിയെ കാത്ത്
കനം തൂങ്ങി നിൽക്കുന്നൂ മഴമേഘങ്ങളും
.

ഇടനെഞ്ചിലാഴ്നൊരായിരമാശങ്കയാലേ
മനസ്സു തേടുന്നതോ പോയ് മറഞ്ഞ മുഖങ്ങളെ
ഉൾക്കണ്ണിൽ തെളിയുന്നു
പോയകാലത്തിൻ പേക്കിനാക്കളും
മൺമറഞ്ഞോരോ മോഹങ്ങളുടെ
നിശബ്ദ ശവകുടീരങ്ങളും

കുന്നിൻ നെഞ്ചിൽ കൊത്തിവെച്ച മുറിവുകൾ
കാടിൻ നിശ്വാസം കവർന്ന കയ്യുകൾ
മൗനമായ് ഭൂമാതാവ് കണ്ണുനീർ വാർക്കുമ്പോൾ
മഴതുള്ളിപോലുമിതാ വിലാപഗാനമാകുന്നു

പുഴയുടെ പാട്ടിനെ തടവിലാക്കി നാം
പ്രളയത്തിൻ രൗദ്രനാദം തിരികെ കേൾക്കുന്നുവെല്ലോ
ഒരുനാൾ തലോടിയുറക്കിയ കാറ്റലപോലും
ഒരു തേങ്ങലിൻ നിശ്വാസമായി 
അലയുന്നിതാ നഭസ്സിൽ

ചെളിക്കടിയിൽ മറഞ്ഞു പോയ കുഞ്ഞിൻ ചിരികളും
ചിരിപ്പൊയ്കയിൽ അമർന്നുപോയ മണ്ണിൻ നേർത്ത സുഗന്ധവും
പ്രകൃതിയോട് പോര് കാട്ടി നിന്ന മനുഷ്യരുടെ കാൽപ്പാടുകളിലിതാ
വിധിയുടെ മഴക്കണ്ണീർ പെയ്തീടുന്നു വീണ്ടും.



bahuswara

Previous Post Next Post