അമൽ ഹുദ
ഒരാൾക്ക് പങ്കാളി ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ആ വ്യക്തിക്കുണ്ടായിരിക്കണം. ദാമ്പത്യത്തിലേക്ക് കടക്കാൻ എത്രത്തോളം സ്വാതന്ത്ര്യമുണ്ടോ, അത്രതന്നെ സ്വാതന്ത്ര്യം പരസ്പര ബഹുമാനത്തോടെ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാനും സ്ത്രീക്കും പുരുഷനും ഉണ്ടാകണം.
കൊയിലാണ്ടിയിലും കാസർഗോഡും അടുത്തടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ ദാരുണമായ മരണം കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച്, നമ്മുടെ സമൂഹം ഇന്നും ചുമക്കുന്ന ഭയാനകമായ ചില യാഥാർത്ഥ്യങ്ങളുടെ തുടർച്ചയാണ്. ഭർതൃവീടുകളിൽ അനുഭവിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന, അല്ലെങ്കിൽ കൊലചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.
നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾക്ക് മതപരവും സാമൂഹികവുമായ ഉപദേശങ്ങൾക്കും 'പ്രീ-മാരിറ്റൽ കൗൺസിലിംഗുകൾക്കും' യാതൊരു പഞ്ഞവുമില്ല. സർക്കാരും വിവിധ സംഘടനകളും ഇതിനായി മുന്നിലുണ്ട്. എന്നാൽ, ഈ ഉപദേശങ്ങളിലേറെയും പെൺകുട്ടികൾ എങ്ങനെ 'അഡ്ജസ്റ്റ്' ചെയ്യണം എന്നതിനെ കേന്ദ്രീകരിച്ചുള്ളവയാണ്. വിവാഹത്തോടെ തികച്ചും അപരിചിതമായ ഒരു അന്തരീക്ഷത്തിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നത് സ്ത്രീയായതുകൊണ്ടുതന്നെ, സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ഭാരം മുഴുവൻ അവളിലേക്ക് മാത്രം അടിച്ചേൽപ്പിക്കപ്പെടുന്നു.
ദാമ്പത്യത്തിൽ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥതയ്ക്കെത്തുന്ന പോലീസും ജനപ്രതിനിധികളും സമുദായ നേതാക്കളുമെല്ലാം നടത്തുന്ന 'ഒത്തുതീർപ്പ്' ചർച്ചകൾക്കൊടുവിൽ, പെൺകുട്ടിക്ക് വീണ്ടും ആ ക്രൂരതകളിലേക്ക് തന്നെ തിരികെ പോകേണ്ടി വരുന്നു. തനിക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾക്ക് നീതി ലഭിക്കാതെ, ഇനി ആവർത്തിക്കില്ലെന്ന പൊള്ളയായ ഉറപ്പുകളുടെ പുറത്ത് അവൾ തിരികെ ചെല്ലുന്നത് സ്വന്തം ജീവനെത്തന്നെ പണയം വെച്ചാണ്. എന്തുകൊണ്ടാണ് ഈ ദുരവസ്ഥയ്ക്ക് ഒരു അവസാനമുണ്ടാകാത്തത് എന്ന് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.ഈ ഘട്ടത്തിൽ, ദാമ്പത്യത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് നിലവിലുള്ള ചില കാഴ്ചപ്പാടുകൾ അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്:
സാമ്പത്തിക ഭദ്രതയും സ്വയംപര്യാപ്തതയും
സ്ത്രീകൾ പ്രാഥമികമായി മനസ്സിലാക്കേണ്ടത്, സ്വന്തം ജീവിതത്തിന്റെ സംരക്ഷണം സ്വന്തം കൈകളിൽത്തന്നെയാണെന്നാണ്. സാമ്പത്തിക ഭദ്രതയ്ക്കോ, തലചായ്ക്കാൻ ഒരു ഇടത്തിനോ, ജീവിതമാർഗ്ഗത്തിനോ വേണ്ടിയല്ല ഒരാൾ വിവാഹം കഴിക്കേണ്ടത്. അതിന് തൊഴിലും സ്വന്തമായ വരുമാനവുമാണ് പ്രധാനം. പങ്കാളിയേക്കാൾ പ്രധാനം സ്വന്തം ജീവനും ആത്മാഭിമാനവുമാണ്. പരസ്പരം സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ട ഒരിടം — അത് സ്വന്തം വീടാണെങ്കിൽ പോലും — പിന്നീട് നമ്മുടേതായിരിക്കില്ല. വിട്ടുവീഴ്ചകളിലൂടെയല്ല, മറിച്ച് സ്വന്തം അവകാശങ്ങൾക്കായി നിലകൊള്ളുന്നതിലൂടെയാണ് ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നത്.
കുടുംബങ്ങളുടെ നിലപാടുകളിൽ വരേണ്ട മാറ്റം
സഹികെട്ട് ഇറങ്ങിവരുന്ന മക്കൾക്കായി 'വീടിന്റെ വാതിലുകൾ എപ്പോഴും തുറന്നിടണം' എന്ന ഉപദേശം കേൾക്കാൻ നല്ലതാണെങ്കിലും, പ്രായോഗികമായി എത്രപേർ അതിന് തയ്യാറാകുന്നുണ്ട് എന്നത് ചോദ്യചിഹ്നമാണ്. സമൂഹത്തെയും നാട്ടുകാരെയും ഭയക്കാതെ, സ്വന്തം മകളുടെ ജീവനും സ്വാതന്ത്ര്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന ബോധ്യം മാതാപിതാക്കൾക്കുണ്ടാകണം. മക്കൾക്ക് സുരക്ഷിതത്വവും പിന്തുണയും നൽകാൻ കേവലം പണമോ പദവിയോ അല്ല, അതിരില്ലാത്ത സ്നേഹവും വ്യക്തമായ നിലപാടുമാണ് ആവശ്യം.
വിവാഹം: സാമൂഹിക ബാധ്യതയല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പ്
കൃത്യമായ പ്രായമെത്തുമ്പോഴോ, ജോലി കിട്ടുമ്പോഴോ, നാട്ടുകാരുടെ ചോദ്യം ഭയന്നോ ചെയ്യേണ്ട ഒന്നല്ല വിവാഹം. ഒരാൾക്ക് പങ്കാളി ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ആ വ്യക്തിക്കുണ്ടായിരിക്കണം. ദാമ്പത്യത്തിലേക്ക് കടക്കാൻ എത്രത്തോളം സ്വാതന്ത്ര്യമുണ്ടോ, അത്രതന്നെ സ്വാതന്ത്ര്യം പരസ്പര ബഹുമാനത്തോടെ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാനും സ്ത്രീക്കും പുരുഷനും ഉണ്ടാകണം.
ദാമ്പത്യബന്ധം വേർപെടുത്തുന്നത് പങ്കാളിയുടെ അതിക്രമങ്ങൾ സഹിച്ച് അതിരുകടക്കുമ്പോൾ മാത്രമാകണമെന്നില്ല. പരസ്പരം പൊരുത്തപ്പെടാൻ സാധിക്കാതെ വരികയോ, മാനസികമായ പിന്തുണ നൽകാൻ കഴിയാതെ വരികയോ ചെയ്യുന്നതും വിവാഹമോചനത്തിനുള്ള ന്യായമായ കാരണങ്ങളാണ്. അതിക്രമങ്ങൾ നടന്ന്, ശരീരത്തിൽ മുറിവുകൾ വീഴുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
സാമൂഹിക നിർമ്മിതികളും സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും
'പെൺവീട്', 'ആൺവീട്' എന്ന വേർതിരിവുകൾക്കപ്പുറം, ഓരോ വ്യക്തിക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അന്തരീക്ഷമൊരുങ്ങണം. അടിയന്തിര ഘട്ടങ്ങളിൽ അഭയം പ്രാപിക്കാൻ തക്കവണ്ണം സ്ത്രീകൾ സാമ്പത്തികമായും മാനസികമായും പ്രാപ്തരാകണം. അതോടൊപ്പം, പ്രതിസന്ധിയിലാകുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താത്കാലിക അഭയകേന്ദ്രങ്ങളും നിയമസഹായവും ഉറപ്പാക്കാൻ സ്റ്റേറ്റിന്റെ സംവിധാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.
മുതിർന്ന മക്കൾക്കായി സമ്പാദ്യം മുഴുവൻ മാറ്റിവെക്കാതെ, സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും നിക്ഷേപിക്കാനും മാതാപിതാക്കൾ തയ്യാറാകണം. അതുപോലെ, മക്കൾ മാതാപിതാക്കളുടെ സ്വത്തിൽ മാത്രം കണ്ണുവെച്ച് ജീവിക്കുന്ന രീതിയും മാറണം. പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ നിരവധി തിരഞ്ഞെടുപ്പുകളിൽ ഒന്നു മാത്രമായി വിവാഹം മാറണം.
പരസ്പര സ്നേഹവും കരുതലുകളും ബഹുമാനവും സുതാര്യതയും മാത്രമായിരിക്കണം ഏത് ദാമ്പത്യത്തിന്റെയും അടിത്തറ. അതില്ലാത്ത പക്ഷം, വീടുകൾ കേവലം നാല് ചുവരുകളുള്ള കെട്ടിടങ്ങൾ മാത്രമായി മാറും; അവിടെ പല പെൺകുട്ടികളുടെയും ജീവിതങ്ങൾ ജീവനോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്യും.
