നിശബ്ദ വംശഹത്യയ്ക്ക് ഇരയാകുന്ന ഫലസ്തീന്‍ ബാല്യങ്ങൾ


അത് അവന്റെ അവസാനത്തെ യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. വീടിന്റെ പടിയിറങ്ങി പുറത്തേക്ക് ചെന്ന അവൻ അകപ്പെട്ടത് അപ്രതീക്ഷിതമായി ഇസ്രായേൽ സൈന്യം നടത്തിയ ഒരു റെയ്ഡിലേക്കായിരുന്നു. കാരണമൊന്നുമില്ലാതെ, ഉന്നം നോക്കാതെ പായിച്ച ഒരു വെടിയുണ്ടയേറ്റ് അവൻ നിലത്തുവീണു; പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു

ഫലസ്തീനില്‍ നിന്ന് | ബുസൈന ഹംദാൻ     

ഫോട്ടോ: സൽമാൻ മൊഹ്‌സിൻ അൽഖതീബ് / ZUMAPRESS / ന്യൂസ്‌കോം)


ജൂൺ 29-ന്, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ല ഗവർണറേറ്റിലുള്ള ഉമ്മുൽ ഷറായേത്ത് എന്ന പ്രദേശത്തെ വീട്ടിൽനിന്ന് അമീർ ജാബിർ എന്ന പതിനഞ്ചുകാരൻ പുറത്തേക്കിറങ്ങി. തന്റെ അമ്മയോടും സഹോദരങ്ങളായ പതിനെട്ടുകാരൻ താമിറിനോടും പത്തുകാരൻ മീലാദിനോടുമൊപ്പം ചിരിച്ചും കളിപറഞ്ഞുമൊക്കെയായിരുന്നു അവൻ വീട്ടിൽ അവസാന നിമിഷങ്ങൾ ചെലവിട്ടത്. "അവൻ ഞങ്ങളോട് തമാശകൾ പറയുകയായിരുന്നു; കയ്യിൽ കിട്ടിയതൊക്കെ വെച്ച് കളിതമാശയായി ഞങ്ങളെ തല്ലുകയും ചെയ്യുന്നുണ്ടായിരുന്നു," അമീറിന്റെ ഉമ്മ മോന ജാബിർ പറഞ്ഞു.

അത് അവന്റെ അവസാനത്തെ യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. വീടിന്റെ പടിയിറങ്ങി പുറത്തേക്ക് ചെന്ന അവൻ അകപ്പെട്ടത് അപ്രതീക്ഷിതമായി ഇസ്രായേൽ സൈന്യം നടത്തിയ ഒരു റെയ്ഡിലേക്കായിരുന്നു. കാരണമൊന്നുമില്ലാതെ, ഉന്നം നോക്കാതെ പായിച്ച ഒരു വെടിയുണ്ടയേറ്റ് അവൻ നിലത്തുവീണു; പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

"ഞാൻ അടുത്തൊരു വീട്ടിൽ പോയതായിരുന്നു. ആ സമയത്താണ് അമീറും പുറത്തിറങ്ങിയത്," മോന ആ നിമിഷങ്ങൾ ഓർത്തെടുത്തു. "അവൻ തനിയെ നടന്നുപോകുമ്പോഴാണ് ഇസ്രായേൽ സൈനിക ജീപ്പുകളുടെ ഒരു നിര ആ പ്രദേശത്തേക്ക് ഇരച്ചുകയറിയത്. പെട്ടെന്ന് അവന്റെ അരക്കെട്ടിലേക്ക് വെടിയേറ്റു. അധികം വൈകാതെ അവൻ മരണപ്പെടുകയും ചെയ്തു." വെടിയേറ്റതിന് തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിജനമായ ഒരിടത്ത് അമീർ ചോരയൊലിപ്പിച്ചു കിടക്കുന്നതും, പിന്നാലെ യുവാക്കൾ ഓടിയെത്തി അവനെ എടുത്തുയർത്തി കൊണ്ടുപോകുന്നതുമാണ് ആ വീഡിയോയിലുള്ളത്. ആളുകൾ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ആ വീഡിയോ തുറന്നുനോക്കാനുള്ള ത്രാണി മോനയ്ക്കുണ്ടായത്.

"സൈനിക ജീപ്പുകൾ അമീറിൽനിന്ന് വളരെ അകലെയായിരുന്നു," കണ്ട ദൃശ്യങ്ങളിൽനിന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. "അവൻ ആ തുറസ്സായ സ്ഥലത്ത് ഒറ്റക്കായിരുന്നു. ദൂരെനിന്നുള്ള ഏതോ സ്‌നൈപ്പർ തന്നെയാണ് അവനെ ഉന്നംവെച്ച് വെടിവെച്ചത്." മോന വീട്ടിൽനിന്ന് ഇറങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇസ്രായേൽ സൈന്യം അവരുടെ പ്രദേശത്ത് എത്തിയ വിവരം അറിയുന്നത്. തൊട്ടുപിന്നാലെ, ഭർത്താവിന്റെ ബന്ധു വിളിച്ച് അമീറിന് പരിക്കേറ്റ കാര്യം അറിയിച്ചു.

"ഞാൻ റാമല്ലയിലെ ആശുപത്രിയിലേക്ക് പാഞ്ഞുചെന്നു. അവിടെ എത്തുമ്പോൾ കണ്ടത് രക്തത്തിൽ കുതിർന്ന ആംബുലൻസാണ്; ആശുപത്രി വരാന്ത മുഴുവൻ ചോരപ്പാടുകളായിരുന്നു," അവർ പറഞ്ഞു. "വെറുമൊരു പരിക്കല്ലിത്, എന്റെ മോൻ പോയി എന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു."

ഔദ്യോഗിക നിഷേധം

അമീറിനെ കിടത്തിയിരുന്ന മുറിയിലേക്ക് കയറാൻ ആശുപത്രി ജീവനക്കാർ ആദ്യം മോനയെ അനുവദിച്ചില്ല. എന്നാൽ അവർ പിന്മാറാൻ തയ്യാറായില്ല. "ഡോക്ടർമാർ അവന്റെ ശരീരത്തിന് ചുറ്റും കൂടിനിൽക്കുന്നത് ഞാൻ കണ്ടു. എന്റെ മോന്റെ ചോര എല്ലായിടത്തും തളംകെട്ടി കിടന്നിരുന്നു. അവന് ജീവൻ തിരിച്ചുപിടിക്കാൻ അവർ കിണഞ്ഞു ശ്രമിക്കുകയായിരുന്നു."

അവന്റെ മരണം ആ കുടുംബത്തെയാകെ തകിടംമറിച്ചു. ഇസ്രായേൽ അധിനിവേശത്തിന് കീഴിലാണ് ജീവിക്കുന്നതെന്നും സൈനിക റെയ്ഡുകൾ നിത്യസംഭവമാണെന്നും അറിയാമെങ്കിലും, സ്വന്തം മക്കളിലൊരാൾ ഇങ്ങനെ കൊല്ലപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോന പറയുന്നു. അവന്റെ വിയോഗത്തിന് ശേഷം അവർക്ക് മാനസികാഘാതത്തിന് ചികിത്സ തേടേണ്ടി വന്നു; ദിവസങ്ങളോളം മരുന്നിന്റെ സ്വാധീനത്തിലായിരുന്നു അവർ. ഇസ്രായേലിന്റെ അധിനിവേശ സൈന്യവുമായി അമീർ നേരിട്ട ആദ്യത്തെ ദുരനുഭവമായിരുന്നില്ല ഇത്.

"അവൻ രക്തസാക്ഷിയാകുന്നതിന് ഒരാഴ്ച മുൻപ്, അതിരാവിലെ ജോലിക്ക് പോകുന്ന വഴി കലൻദിയ അഭയാർത്ഥി ക്യാമ്പിൽ വെച്ച് സൈനികർ അവന്റെ കാലിലേക്ക് റബ്ബർ ബുള്ളറ്റ് പായിച്ചിരുന്നു," മോന പറഞ്ഞു.

അധിനിവിഷ്ട ഫലസ്തീനിലെ പല കൗമാരക്കാരെയും പോലെ, കുടുംബത്തിലെ പട്ടിണി മാറ്റാൻ അമീറും ചെറിയ പ്രായത്തിൽ തന്നെ ജോലിക്ക് ഇറങ്ങേണ്ടി വന്നതാണ്. അവന്റെ പിതാവ് സിവിൽ കേസുകളിൽ കുടുങ്ങി ഇസ്രായേൽ ജയിലിലായിരുന്നു. അമീർ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം മോനയെ ഇസ്രായേൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. "അവിടുത്തെ ഉദ്യോഗസ്ഥൻ എന്നെ കണ്ടപ്പോൾ ചോദിച്ചത്, എന്തുകൊണ്ടാണ് ഞാൻ മേക്കപ്പൊന്നും ഇടാത്തത് എന്നാണ്; അവന്റെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയാത്തതുപോലെ," അവർ ഓർത്തെടുത്തു.


Read More: ഫലസ്തീനില്‍ നടക്കുന്നത് സാംസ്കാരിക വംശഹത്യ

തുടർന്ന് ആ ഉദ്യോഗസ്ഥൻ പറഞ്ഞത് അമീർ മരിച്ചിട്ടില്ലെന്നും, അവൻ ഇസ്രായേൽ ജയിലിലാണെന്നും, വിചാരണ ഉടൻ ആരംഭിക്കുമ്പോൾ കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുമെന്നുമാണ്. "ഞാൻ അയാളോട് തർക്കിച്ചു. ഇത് അസംബന്ധമാണെന്ന് ഞാൻ പറഞ്ഞു. എന്റെ മകന്റെ മൃതദേഹം ഞാൻ നേരിട്ട് കണ്ടതാണ്. അവൻ മരിച്ചെന്ന് എനിക്ക് ഉറപ്പായിരുന്നു," അവർ പറഞ്ഞു.

അങ്ങനെയൊരു സമൻസ് ഇതുവരെ വന്നിട്ടില്ല. തന്നെ മാനസികമായി തകർക്കാനും ദ്രോഹിക്കാനുമാണ് ആ ഉദ്യോഗസ്ഥൻ അങ്ങനെ സംസാരിച്ചതെന്ന് മോന പിന്നീട് തിരിച്ചറിഞ്ഞു. അമീറിന്റെ മരണം ഔദ്യോഗികമായി അംഗീകരിക്കാൻ ഇസ്രായേൽ തയ്യാറാകാത്തതിനാൽ, കുടുംബത്തിന് ഇസ്രായേലിന്റെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല; ഫലസ്തീൻ അതോറിറ്റി വഴി മാത്രമാണ് അവന്റെ മരണം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്.

അമീർ കൊല്ലപ്പെട്ട വിവരം അറിഞ്ഞതിനു പിന്നാലെ ജയിലിലായിരുന്ന അവന്റെ പിതാവിനെ ഇസ്രായേൽ അധികൃതർ ഏകാന്ത തടവിലേക്ക് മാറ്റിയതായും മോന പറയുന്നു. ഫലസ്തീനിയൻ മനുഷ്യാവകാശ സംഘടനയായ 'അൽ-ഹഖ്'ന്റെ കണക്കനുസരിച്ച്, 2026 ജനുവരി മുതൽ ജൂലൈ പകുതി വരെ രണ്ട് കുട്ടികൾ ഉൾപ്പെടെ 12 ജെറുസലേം നിവാസികളാണ് ഇസ്രായേൽ സൈന്യത്തിന്റെ കൈകളാൽ കൊല്ലപ്പെട്ടത്.

മോഹങ്ങളും കുസൃതികളും

പ്രായത്തിൽ കവിഞ്ഞ പക്വതയും എന്ത് കാര്യവും നേടിയെടുക്കണമെന്ന വാശിയും അമീറിനുണ്ടായിരുന്നുവെന്ന് ഉമ്മ ഓർക്കുന്നു.

"അവൻ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം അധ്വാനം കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടിയെടുത്തു. ഉപ്പയുടെ എതിർപ്പ് വകവെക്കാതെ അവൻ സ്വന്തമായി ഒരു കാറും വെസ്പ സ്കൂട്ടറും വരെ വാങ്ങി; പിന്നീട് അത് വിൽക്കുകയും ചെയ്തു," ആ കുട്ടിയുടെ ഉത്സാഹത്തെയും ജെറുസലേമിലെ ഫലസ്തീനികൾ അനുഭവിക്കുന്ന നിയമപരമായ അനിശ്ചിതത്വങ്ങളെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് മോന പറഞ്ഞു. "അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ, അവൻ ആഗ്രഹിച്ചതെന്തും അവൻ സ്വന്തമാക്കുമായിരുന്നു."

ഒരു വർഷം മുൻപ് ഇസ്രായേൽ തടവിലാക്കിയ തന്റെ ഉറ്റസുഹൃത്ത് ഹംസയെക്കുറിച്ച് അമീർ സോഷ്യൽ മീഡിയയിൽ എപ്പോഴും എഴുതുമായിരുന്നു. സന്ദർശകരെ കാണാനോ ഫോൺ വിളിക്കാനോ ഫലസ്തീൻ തടവുകാർക്ക് അനുവാദമില്ലാത്തതിനാൽ, അമീർ കൊല്ലപ്പെട്ട വിവരം ഹംസ ഇന്നുമറിഞ്ഞിട്ടില്ല. ഹംസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക മാത്രമല്ല, തന്റെ കിടപ്പുമുറിയുടെ ഭിത്തി നിറയെ അവൻ കൂട്ടുകാരന്റെ ഫോട്ടോകൾ പതിച്ചുവെച്ചിരുന്നു.

അമീറിന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും വഴികാട്ടിയുമായിരുന്നു പതിനെട്ടുകാരനായ ജ്യേഷ്ഠൻ താമിർ. പിതാവ് തടവിലായതോടെ ഇരുവരും പഠനം ഉപേക്ഷിച്ച് ഇസ്രായേലിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറി. "ഞങ്ങളുടെ ജീവിതം വീടിനും ജോലിക്കുമിടയിൽ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. ഞങ്ങൾ അധികമാരെയും കണ്ടിരുന്നില്ല, ഞങ്ങളെയും ആരും കണ്ടിരുന്നില്ല," താമിർ  പറഞ്ഞു.

"ഉപ്പ കൂടെയില്ലാത്തതുകൊണ്ട് എല്ലാ ഭാരവും ഞങ്ങൾക്കായിരുന്നു," ജോലിസ്ഥലത്തേക്കുള്ള യാത്രകളെക്കുറിച്ച് താമിർ തുടർന്നു: "ബസ്സിലായാലും കാറിലായാലും കിട്ടുന്ന ഇടങ്ങളിലൊക്കെ അവൻ ഉറങ്ങുമായിരുന്നു. അവൻ അത്രയ്ക്ക് ക്ഷീണിതനായിരുന്നു." അനുജനെക്കുറിച്ചുള്ള ഓർമ്മകൾ താമിറിന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു; അവന്റെ അപ്രതീക്ഷിത വിയോഗം ഇന്നും അവന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

"അമീർ കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുൻപുള്ള വെള്ളിയാഴ്ച, ജീവിതത്തിൽ ആദ്യമായി അവൻ തുടർച്ചയായി 24 മണിക്കൂർ ഉറങ്ങിപ്പോയി," താമിർ ഓർത്തെടുത്തു. "അവൻ മരിച്ചുപോയെന്നാണ് ഞാൻ സത്യത്തിൽ കരുതിയത്. അവനെ വിളിച്ചുണർത്താൻ ഞാൻ ഉമ്മയോട് പറഞ്ഞു. പക്ഷേ അവൻ തനിയെ എഴുന്നേറ്റു."

എല്ലാവരോടും ഇണങ്ങിപ്പഴകുന്ന, ഫലിതബോധമുള്ള ഒരു കുട്ടിയായിരുന്നു തന്റെ സഹോദരനെന്ന് താമിർ പറയുന്നു. "എല്ലാം ചെയ്യണമെന്ന് അവന് മോഹമുണ്ടായിരുന്നു; ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അവന്," താമിർ പറഞ്ഞു.

"കൊല്ലപ്പെട്ട അന്ന് അവൻ എന്നോട് പറഞ്ഞു, അവൻ ഒരു വലിയ വീട് വാങ്ങുമെന്ന്; എന്നിട്ട് ഞങ്ങൾക്ക് രണ്ടുപേർക്കുമായി അത് രണ്ട് ഫ്ലാറ്റുകളാക്കി മാറ്റുമെന്ന്. അതുകഴിഞ്ഞ് അവൻ വല്ലാത്തൊരു ചിരി ചിരിച്ചു, എന്നിട്ടാണ് പുറത്തേക്ക് പോയത്." പത്തുകാരനായ മീലാദിന് അമീർ വെറുമൊരു ജ്യേഷ്ഠൻ മാത്രമായിരുന്നില്ല, അവനെ കളിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഉറ്റകൂട്ടുകാരൻ കൂടിയായിരുന്നു.

"അമീറും ഞാനും ഒന്നിച്ച് ഒരുപാട് കളിക്കുമായിരുന്നു. അവൻ എന്നെ മിഠായി വാങ്ങിത്തരാനും പാർക്കിൽ കൊണ്ടുപോകാനും പോകും; അവൻ എനിക്കൊരു സ്കൂട്ടറും വാങ്ങിത്തന്നിരുന്നു," മീലാദ് പറഞ്ഞു. അമീറിന്റെ വസ്ത്രങ്ങളോ സാധനങ്ങളോ എടുത്തുമാറ്റാൻ മോനയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല. അവൻ ഇട്ടിട്ടുപോയതുപോലെ തന്നെ അവന്റെ മുറി ഇപ്പോഴുമുണ്ട്.

ദിവസവും അവർ ആ മുറിയിൽ കയറും; ആശ്വസിപ്പിക്കാൻ എത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും പലപ്പോഴും അവർക്കൊപ്പം കൂടും. എല്ലാ ആഴ്ചയും കുടുംബം അൽ-ബിറയിലെ അമീറിന്റെ ഖബറിടം സന്ദർശിക്കും; അവനോട് സംസാരിക്കും, ഖുർആൻ സൂക്തങ്ങൾ ഓതി പ്രാർത്ഥിക്കും. ചിലപ്പോൾ താമിർ കൂട്ടുകാരുമൊത്ത് അവിടെ ചെല്ലും.

"അവന്റെ മുറിയിൽ കയറുമ്പോഴൊക്കെ ഞാൻ കരയും," അവനിഷ്ടപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ചും, അവർ ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളെക്കുറിച്ചും ഓർത്ത് മോന പറഞ്ഞു.

രണ്ട് ബാല്യങ്ങൾ, ഒരേ വിധി

അമീർ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ, ജൂലൈ 5-ന്, അവന്റെ ഉറ്റസുഹൃത്തായ പതിനഞ്ചുകാരൻ വലീദ് അബു സ്നേനെ ജെറുസലേമിന് വടക്കുള്ള കലൻദിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടു. ഈ വർഷം ഇസ്രായേൽ കൊലപ്പെടുത്തിയ ജെറുസലേമിലെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവൻ.

1948-ലെ നക്ബയിൽ തകർക്കപ്പെടുകയും ജനങ്ങൾ കൂട്ടക്കൊലക്കിരയാവുകയും ചെയ്ത ജറുസലേം പ്രദേശത്തെ ദൈർ യാസീൻ ഗ്രാമത്തിൽ വേരുകളുള്ളവരാണ് ജാബിർ കുടുംബം. അധിനിവിഷ്ട നഗരത്തിനും വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ മതിലിനും അപ്പുറത്തുള്ള പ്രദേശങ്ങൾക്കുമിടയിൽ ഞെരിഞ്ഞമരുന്ന ജെറുസലേമിലെ ഫലസ്തീനികളുടെ സങ്കീർണ്ണമായ ജീവിതത്തിന്റെ നേർസാക്ഷ്യമാണ് ഈ കുടുംബം.

തങ്ങളുടെ ജെറുസലേം പൗരത്വവും (ബ്ലൂ ഐ.ഡി) റസിഡൻസിയും നഷ്ടപ്പെടാതിരിക്കാൻ, റാമല്ലയിലെ വീടിന് പുറമെ കിഴക്കൻ ജെറുസലേമിലെ ഷുഫാത്ത് എന്ന ഫലസ്തീനിയൻ പ്രദേശത്തും അവർക്ക് വീട് നിലനിർത്തേണ്ടി വരുന്നുണ്ട്. മറ്റുള്ളവരെപ്പോലെ കടുത്ത നിയന്ത്രണങ്ങളും ഉയർന്ന നികുതിയുമാണ് അവർ നേരിടുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഭാരം താങ്ങാനാവാതെയാണ് അമീറും വലീദും അടക്കമുള്ള കുട്ടികൾക്ക് സ്കൂൾ പഠനം ഉപേക്ഷിച്ച്, മുതിർന്നവർ ചുമക്കേണ്ട ഉത്തരവാദിത്തങ്ങൾ ചെറുപ്രായത്തിലേ ഏറ്റെടുക്കേണ്ടി വന്നത്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ, സംഭവസ്ഥലത്തെ പരിശോധനകൾ, ദൃക്സാക്ഷി മൊഴികൾ, വീഡിയോ ദൃശ്യങ്ങളുടെ വിശകലനം എന്നിവ ഉൾപ്പെടുന്ന കൃത്യമായ ഫീൽഡ് അന്വേഷണത്തിലൂടെയാണ് അമീറിന്റെയും വലീദിന്റെയും കൊലപാതകങ്ങൾ രേഖപ്പെടുത്തിയതെന്ന് മനുഷ്യാവകാശ സംഘടനയായ 'അൽ-ഹഖ്' വ്യക്തമാക്കുന്നു.

അൽ-ഹഖിന്റെ റിപ്പോർട്ട് പ്രകാരം, റാമല്ലയ്ക്ക് കിഴക്കുള്ള അമാരി അഭയാർത്ഥി ക്യാമ്പിൽ നിന്ന് പുറപ്പെട്ട മൂന്ന് ഇസ്രായേലി സൈനിക ജീപ്പുകൾ അമീർ താമസിച്ചിരുന്ന പ്രദേശത്തുകൂടി കടന്നുപോയി. കുട്ടികൾ കൂട്ടംകൂടി നിന്നിരുന്ന ദൈർ താരീഫ് വെഡ്ഡിംഗ് ഹാളിന് സമീപം ഈ വാഹനങ്ങൾ നിർത്തി. അവരെ തുരത്താൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. വാഹനങ്ങളിൽനിന്ന് ഏതാണ്ട് 50-60 മീറ്റർ അകലെയുള്ള ഒരു തുറസ്സായ സ്ഥലത്തായിരുന്നു അമീർ നിന്നിരുന്നത്; അവിടെ വെച്ചാണ് അവന് വെടിയേൽക്കുന്നത്. സൈനിക വാഹനങ്ങൾ വളരെ അകലെയായിരുന്നിട്ടും അവൻ അവർക്ക് നേരെ കല്ലെറിയാൻ ശ്രമിച്ചതായി ചില ദൃക്സാക്ഷികൾ പറയുന്നു.

കലൻദിയ അഭയാർത്ഥി ക്യാമ്പിലേക്ക് സൈന്യം നടത്തിയ കടന്നുകയറ്റത്തിനിടയിൽ തലയ്ക്കേറ്റ ഒരൊറ്റ വെടിയുണ്ടയിലാണ് വലീദ് കൊല്ലപ്പെട്ടതെന്ന് അൽ-ഹഖ് രേഖപ്പെടുത്തുന്നു. മറ്റ് കുട്ടികൾക്കൊപ്പം ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിൽക്കുകയായിരുന്നു അവൻ. കുട്ടികൾ കല്ലെറിഞ്ഞിരുന്നെങ്കിലും, അത് സൈനികർക്ക് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നതായിരുന്നില്ല. എന്നിട്ടും വലീദ് ക്രൂരമായി വെടിവെച്ചു കൊല്ലപ്പെട്ടു.

അമീറിനെപ്പോലെ വലീദും വളരെ ചെറിയ പ്രായത്തിൽ തന്നെ പഠനം നിർത്തി ഒരു ബാർബർ ഷോപ്പിൽ ജോലിക്ക് നിന്നിരുന്ന കുട്ടിയാണ്. ഇന്റർനാഷണൽ ക്രിമിനൽ കോടതി (ICC) പോലുള്ള അന്താരാഷ്ട്ര വേദികളിൽ സമർപ്പിക്കുന്നതിനും ഫലസ്തീനിലെ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളെ സഹായിക്കുന്നതിനുമായി ഇസ്രായേലിന്റെ നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് അൽ-ഹഖ് പ്രോഗ്രാം ഡയറക്ടർ തഹ്‌സീൻ ഇലയ്യാൻ പറഞ്ഞു.

കുട്ടികളെ ഉന്നംവെച്ചു കൊല്ലുന്നത് ഉൾപ്പെടെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേൽ നടത്തുന്ന ഈ നരനായാട്ട് യുദ്ധക്കുറ്റമാണെന്നും, അതൊരു "നിശബ്ദമായ കൂട്ട വംശഹത്യ"യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. "ഗാസയിൽ നടക്കുന്നതിൽനിന്ന് ഇതിനുള്ള ഒരേയൊരു വ്യത്യാസം വേഗതയിൽ മാത്രമാണ്," അദ്ദേഹം പറഞ്ഞു.

"നീണ്ട അധിനിവേശ കാലത്തിനിടയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ഒക്ടോബർ 7-ന് ശേഷം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്," ഇലയ്യാൻ കൂട്ടിച്ചേർത്തു. "ഞങ്ങൾ രേഖപ്പെടുത്തിയ ഒട്ടുമിക്ക സംഭവങ്ങളിലും കണ്ടത് മനഃപൂർവ്വമുള്ള കൊലപാതകങ്ങളാണ്; ഒഴിവാക്കാമായിരുന്നവ. ഫലസ്തീൻ ജനതയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം; കുട്ടികളാകട്ടെ ഈ ജനതയുടെ നാഡീഞരമ്പും ഭാവിയുമാണ്."

പഠനമോ ജോലിയോ?

പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാനുള്ള അമീറിന്റെ തീരുമാനം വെറുമൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നില്ല. ജെറുസലേമിലെയും പരിസരങ്ങളിലെയും ഫലസ്തീൻ കുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളുടെയും യാത്രാവിലക്കുകളുടെയും നേർചിത്രമാണ് അവന്റെയും വലീദിന്റെയും കഥകൾ. ജെറുസലേമിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ ആസൂത്രിതമായ തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുഹമ്മദ് സാമി വ്യക്തമാക്കുന്നു.

"ഫലസ്തീനിയൻ സ്വത്വം ഇല്ലാതാക്കാൻ ഇസ്രായേൽ ഫലസ്തീൻ പാഠ്യപദ്ധതിയിൽ നിരന്തരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്," സാമി പറഞ്ഞു. "അതേസമയം, വെസ്റ്റ് ബാങ്കിൽ നിന്നുള്ള അധ്യാപകർക്ക് സ്കൂളുകളിൽ എത്താനുള്ള പെർമിറ്റുകൾ ലഭിക്കുന്നില്ല; സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ നിർമ്മാണ അനുമതിയും ഇസ്രായേൽ നിഷേധിക്കുന്നു."

ഈ നിയന്ത്രണങ്ങൾ കാരണം വിദ്യാഭ്യാസ മന്ത്രാലയത്തിനും വഖഫ് ബോർഡിനും സ്കൂളുകൾക്ക് അനുയോജ്യമല്ലാത്ത, കുട്ടികൾക്ക് സൗകര്യങ്ങളോ ആവശ്യത്തിന് സ്ഥലമോ ഇല്ലാത്ത കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത് പ്രവർത്തിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "വംശീയവിവേചന മതിലിന് പുറത്തുള്ള പ്രദേശങ്ങൾക്കും ജെറുസലേമിനുമിടയിൽ സൈനിക ചെക്ക്പോസ്റ്റുകളും ഗേറ്റുകളും പെരുകിയതോടെ ജനങ്ങളുടെ സഞ്ചാരം പൂർണ്ണമായും തടസ്സപ്പെട്ടു. ഇത് വിദ്യാർത്ഥികളും അധ്യാപകരും മണിക്കൂറുകളോളം വൈകാനും അവർക്ക് സ്കൂളുകളിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ടാക്കാനും കാരണമാകുന്നു," സാമി പറഞ്ഞു."അന്താരാഷ്ട്ര നിയമങ്ങൾ ഉറപ്പുനൽകുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഈ നടപടികൾ വേരോടെ പിഴുതെറിയുന്നത്."

ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം, യു.എൻ അഭയാർത്ഥി ഏജൻസി (UNRWA), സ്വകാര്യ വിദ്യാലയങ്ങൾ, ഇസ്രായേൽ മുനിസിപ്പൽ സ്കൂളുകൾ, അർദ്ധ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ പല ഏജൻസികളാണ് ഇവിടുത്തെ വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് എന്നതിനാൽ സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ കൃത്യമായ കണക്കെടുപ്പ് പ്രയാസകരമാണെന്ന് സാമി പറയുന്നു.

"ഈ സ്കൂളുകളെയെല്ലാം ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത സംവിധാനമില്ല. അതുകൊണ്ട് കൃത്യമായ കണക്കുകൾ ലഭ്യമല്ല," അദ്ദേഹം പറഞ്ഞു. "എങ്കിലും അധിനിവേശം ഉണ്ടാക്കുന്ന സമ്മർദ്ദം കാരണം കുട്ടികൾ വ്യാപകമായി പഠനം ഉപേക്ഷിക്കുന്നുണ്ട് എന്നത് തർക്കമില്ലാത്ത സത്യമാണ്."

സൈനിക അതിക്രമങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, കൊടിയ ദാരിദ്ര്യം, വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ എന്നിവയ്ക്കിടയിൽ ജീവിക്കേണ്ടിവരുന്ന കുട്ടികൾ പ്രായത്തിൽ കവിഞ്ഞ ഉത്തരവാദിത്തങ്ങളിലേക്ക് എങ്ങനെ തള്ളിവിടപ്പെടുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് അമീറിന്റെയും വലീദിന്റെയും ജീവിതം.

എങ്കിലും, അവർ ജീവിച്ചുതീർത്ത ആ ചെറിയ ജീവിതങ്ങൾക്ക് ലളിതമായ ചില ആഗ്രഹങ്ങളുണ്ടായിരുന്നു: സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുക, സ്വപ്നങ്ങൾ കാണുക, സ്വന്തമായി ഒരു ഭാവിയുണ്ടാക്കുക. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, തന്റെ ഇളയ സഹോദരൻ മീലാദ് ഒരിക്കലും ഈ വഴി തിരഞ്ഞെടുക്കരുതെന്നും അവൻ പഠനം തുടരണമെന്നും അമീർ എപ്പോഴും പറയുമായിരുന്നു.

"ഞാൻ പഠിക്കും; സ്കൂളും കോളേജുമൊക്കെ പാസ്സാകും," തന്റെ ജ്യേഷ്ഠൻ തനിക്കായി കരുതിവെച്ച സ്വപ്നം ഏറ്റുപറഞ്ഞുകൊണ്ട് മീലാദ് പറഞ്ഞു. "അതൊക്കെ കഴിഞ്ഞിട്ട് മതി എനിക്ക് ജോലി."

Follow us on WhatsApp

1948-ലെ നക്ബയിൽ ഇസ്രായേൽ സൈന്യം തകർത്ത അന്നാബ ഗ്രാമത്തിൽ വേരുകളുള്ള, റാമല്ലയിൽ താമസിക്കുന്ന ഫലസ്തീനിയൻ എഴുത്തുകാരിയാണ് ബുസൈനഹംദാൻ.

bahuswara

Previous Post Next Post