അത് ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമയിലെ പാട്ടാണെന്നോ, യേശുദാസ് പാടിയതാണെന്നോ എന്നൊന്നും അറിയാത്ത ഒരു കാലത്തിൽ ഗാഢമായ ശോക ലായനിയിൽ അതെന്നെ വിലയിപ്പിച്ചു. ഒമ്പതോ പത്തോ വയസ്സുള്ളപ്പോഴാവണം ഞാനാ പാട്ടുകേൾക്കുന്നത്.
പാട്ടോളം 02 | ദേവേശൻ പേരൂർ
![]() |
| ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമയുടെ പോസ്റ്റർ |
വിയോഗങ്ങളുടെ രാഗങ്ങളിൽ നമ്മളെ അലിയിക്കും ഗാനങ്ങളധികവും. വർത്തമാനത്തിൻ്റെ ആനന്ദങ്ങൾക്കിടയിലും ആർത്തനാദത്തിൻ്റെ ഭൂതലോകങ്ങളിലേയ്ക്കാവും അതുനമ്മെ പലപ്പോഴും കൂട്ടികൊണ്ടുപോകുന്നത്. ആത്മാവിലത് വിഷാദത്തിൻ്റെ കരിമേഘങ്ങൾ നിറയ്ക്കും."താരകേ.... മിഴിയിതളിൽ കണ്ണീരുമായി... താഴേ... തിരയുവതാരേ... നീ... " എന്ന ഗദ്ഗദാത്മകമായ ഗാനം വിമൂകമായി കേട്ടിരിക്കാനേ നമുക്ക് കഴിയൂ. തിരിച്ചുവരാനൊക്കാത്തൊരാളിൻ്റെ അപരിഹാര്യമായ നഷ്ടമാണ് നമ്മളിൽ അത് ഉണർത്തുന്നത്. ഈ വിധം എത്രയെത്ര പാട്ടുകൾ വിയോഗോന്മകതയിൽ നമ്മെ മുക്കിക്കളയുന്നു.
പോഡ്കാസ്റ്റ് കേൾക്കാം. ശബ്ദം: രാജേശ്വരി കെ കെ
മനസ്വിനീ മംഗളം നേരുന്നു ഞാന്‍ "
എന്ന പാട്ട് എന്നിലുണർത്തുന്ന മുറിപ്പാട് ചെറുതല്ല. അത് ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമയിലെ പാട്ടാണെന്നോ, യേശുദാസ് പാടിയതാണെന്നോ എന്നൊന്നും അറിയാത്ത ഒരു കാലത്തിൽ ഗാഢമായ ശോക ലായനിയിൽ അതെന്നെ വിലയിപ്പിച്ചു. ഒമ്പതോ പത്തോ വയസ്സുള്ളപ്പോഴാവണം ഞാനാ പാട്ടുകേൾക്കുന്നത്.
"മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ് നീ എങ്കിലും എന്നും
മംഗളം നേരുന്നു ഞാൻ "
എന്നത് ഒരിക്കലും തിരിച്ചുവരാത്ത നഷ്ടബോധത്തിൻ്റെ കാണാക്കയങ്ങളിലേയ്ക്കാണ് എന്നെ വീഴ്ത്തുന്നത്. കാമുകിയുടെ വിയോഗമുണ്ടാക്കിയ ദുഃഖസാന്ദ്രതയെയാണ് ആ പാട്ട് ആവിഷ്ക്കരിക്കുന്നതെങ്കിലും. എനിക്കത് ഹൃദയത്തിൽ കുടിയിരുത്തിപ്പോന്ന ആത്മബന്ധത്തിൻ്റെ അകാലത്തിലുള്ള പൊലിയലായിരുന്നു.
വീട്ടിലെന്നുമെത്തുന്ന ഒരു ബാലേട്ടൻ്റെ നിനച്ചിരിക്കാതെയുള്ള വിയോഗത്തിൻ്റെ ചുടു നിശ്വാസമാണ് എനിക്കാവരികൾ. നന്നായി മുടി കോതി വെച്ച്, ഇളം നീല ഷർട്ടിട്ട് , സ്നിഗ്ധസ്വരൂപനായി എന്നുമെത്തുന്ന ബാലേട്ടൻ. ഇളം കറുപ്പിൽ തെളിഞ്ഞ ഇളം നീല കുപ്പായക്കാരനായി നിലാവിൻ്റെ പ്രഭവീഴ്ത്തുന്ന പുഞ്ചിരിയുമായി എന്നും വൈകുന്നേരം വീട്ടിലേയ്ക്ക് കയറി വരും. ഒരു ചന്ദ്രബിംബം പോലെയായിരുന്നു അദ്ദേഹം. നല്ല ചിത്രകാരൻ. മനോഹരമായ സീനറികൾ വരച്ച് കൊണ്ടുവരുമായിരുന്നു. നീല നിറമുള്ള ബ്രിൽമഷിയിൽ വരച്ച ഒരു സീനറി, നിറം മങ്ങാത്ത ഇപ്പോഴും കിടക്കുന്നുണ്ട് ഓർമ്മയുടെ ക്യാൻവാസിൽ. മലയും അതിനിടയിലൂടെ ഉയർന്നുവരുന്ന സൂര്യബിംബവും പുഴയും തലയിൽ കെട്ടുള്ള തോണിക്കാരനും അപ്പുറമൊരു കുടിലും അങ്ങനെ സീനിറിക്കാഴ്ചയുടെ വ്യവസ്ഥാപിത ചേരുവകൾ ഞാനാദ്യം കാണുന്നത് ബാലേട്ടൻ്റെ ചിത്രത്തിലാണ്. മനസ്സിൽ കോറിയിട്ട ആ ചിത്രം ഞാൻ പലപാട് എൻ്റെ ചിത്രങ്ങളായി വരച്ചു കാണിച്ചിട്ടുണ്ട്. ആ നിലയിൽ ബാലേട്ടൻ എന്നിൽ ഒരു ചിത്രകാരൻകൂടിയായി പുനർജനിച്ചു പലപ്പോഴും. നീലയിൽ ചാലിച്ച ഒരു വിഭ്രമകല്പനയായിരുന്നു, വിചിത്രചിത്രമായിരുന്നു എനിക്ക് ബാലേട്ടൻ.
അദ്ദേഹം വീട്ടു മുറ്റത്തേയ്ക്ക് കയറി വരുന്ന മാത്രയിൽ എന്നും പാടുന്ന പാട്ടായിരുന്നു "മംഗളം നേരുന്നു ഞാൻ മനസ്വിനി......"
കാലത്തിന്റെ തിരക്കുകളിൽ പെട്ട് ഏറെ നാളുകൾ പരസ്പരം കാണാതെയും വിവരങ്ങൾ അറിയാതെയുമിരിക്കുമ്പോഴാണ് ഒരു ദിവസം ആ ഞെട്ടിക്കുന്ന വാർത്ത എന്നിൽ എത്തിയത്. ബാലേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു, അതും സ്വയം തിരഞ്ഞെടുത്ത അകാലമരണത്തിലൂടെ. ഉൾക്കൊള്ളാൻ കഴിയാത്ത ആ ആഘാതം വലിയൊരു വിങ്ങലായി ഉള്ളിൽ തറഞ്ഞു. എന്തായിരുന്നു ആ കടുത്ത തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്? ഏത് ഏകാന്തതയാണ്, അല്ലെങ്കിൽ എന്ത് തീരാദുഃഖമാണ് അദ്ദേഹത്തെ ആ വഴിയിലേക്ക് നയിച്ചത്? ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ ഇന്നും ഒരു നൊമ്പരമായി ശേഷിക്കുന്നു.
എന്നാൽ, ആ വിയോഗത്തോടെ ബാലേട്ടൻ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയില്ല; മറിച്ച്, കൂടുതൽ സജീവമായി എന്നിൽ നിറഞ്ഞുനിൽക്കുകയാണുണ്ടായത്. എപ്പോഴൊക്കെ ഞാൻ ആ പാട്ട് കേട്ടുവോ, അപ്പോഴൊക്കെയും ആ വരികൾ ബാലേട്ടന്റെ ഓർമ്മകളായി എന്റെ ഉള്ളിൽ താളമിട്ടുകൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ, ആ പാട്ടിന്റെ ഘടനയും അർത്ഥവും എന്റെ ഉള്ളിൽ മാറിമറിഞ്ഞു. യഥാർത്ഥ വരികളിൽ ഉണ്ടായിരുന്ന പ്രണയഭാവത്തിന് പകരം അവിടെയൊരു വിതുമ്പൽ തുന്നിച്ചേർന്നു:
"മംഗളം നേരുന്നു ഞാൻ മനസ്വിനി" എന്ന ആ പഴയ വരിയിലെ 'മനസ്വിനി' എന്ന പദത്തിന് പകരം എന്റെ നാവ് അറിയാതെ മൂളിപ്പോകുന്നത് "മംഗളം നേരുന്നു ഞാൻ ബാലേട്ടന്" എന്നാണ്.
Read more: മധുരം ജീവാമൃതബിന്ദു
ആ ഒരു മാറ്റത്തോടെ, ആ പാട്ടിലെ തുടർന്നുള്ള ഓരോ വരിയും കേവലം വാക്കുകൾ അല്ലാതായി മാറി. അവയെല്ലാം ബാലേട്ടന്റെ അകാലവിയോഗത്തിന്റെ നോവും, എണ്ണിയാലൊടുങ്ങാത്ത ഓർമ്മകളും, തീരാത്ത നഷ്ടബോധവും ഉണർത്തുന്ന അർത്ഥഗർഭമായ വരികളായി എന്റെ മനസ്സിൽ പുതിയൊരു ഭാവം പൂണ്ടു. വിടപറഞ്ഞുപോയ പ്രിയപ്പെട്ടവന്റെ സ്മരണകൾക്ക് മുന്നിലുള്ള കണ്ണീരിൽ കുതിർന്ന അർപ്പണമായി ആ ഗാനം പിന്നീട് എനിക്ക് മാറുകയായിരുന്നു.
മംഗളം നേരുന്നു ഞാന്‍
ബാലേട്ടന് മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ് നീ എങ്കിലും എന്നും.
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
(മംഗളം നേരുന്നു..)
ആ സ്വരരാഗം, വിമൂകമായ ഒരു വിഷാദ നാദമായി
കണ്ണീരിൻ്റെ ഒരു നീർച്ചാലായി ഇപ്പോഴും എൻ്റെ മനോഭാവണളെ ഈറനണിയിക്കുന്നു. മംഗളം നേരുന്ന ഒരു മനസ്സ് ഇപ്പോഴും പ്രിയപ്പെട്ട ബാലേട്ടനു വേണ്ടി സ്തുതിയർപ്പിക്കുന്നു.
മംഗളം നേരുന്നു ഞാന്‍
ബാലേട്ടന് മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ് നീ എങ്കിലും എന്നും.
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
(മംഗളം നേരുന്നു..)
ആ സ്വരരാഗം, വിമൂകമായ ഒരു വിഷാദ നാദമായി
കണ്ണീരിൻ്റെ ഒരു നീർച്ചാലായി ഇപ്പോഴും എൻ്റെ മനോഭാവണളെ ഈറനണിയിക്കുന്നു. മംഗളം നേരുന്ന ഒരു മനസ്സ് ഇപ്പോഴും പ്രിയപ്പെട്ട ബാലേട്ടനു വേണ്ടി സ്തുതിയർപ്പിക്കുന്നു.
