ചരിത്രം മൻസൂർ പള്ളൂർ
ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന മനുഷ്യരെ നമ്മൾ എത്രത്തോളം ഓർക്കുന്നുണ്ട്? ചരിത്രപുസ്തകങ്ങളിലെ അധ്യായങ്ങളിൽ ഇടം കിട്ടാതെപോയ, ചിത്രങ്ങൾ പോലും പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത എത്രയോ മനുഷ്യരുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും ചേർന്നാണ് നമ്മൾ ഇന്ന് സ്വതന്ത്ര്യം എന്നു വിളിക്കുന്ന ഇന്ത്യ രൂപപ്പെട്ടത്. അവരിൽ രണ്ടുപേരായിരുന്നു റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും. ഒരാൾ ഹിന്ദു. മറ്റൊരാൾ മുസ്‌ലിം. പക്ഷേ ബ്രിട്ടീഷുകാരുടെ മുന്നിൽ അവർക്ക് ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം.
സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് ഇന്ത്യ കടക്കുമ്പോൾ, ആഘോഷങ്ങൾക്കിടയിൽ നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഈ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന മനുഷ്യരെ നമ്മൾ എത്രത്തോളം ഓർക്കുന്നുണ്ട്? ചരിത്രപുസ്തകങ്ങളിലെ അധ്യായങ്ങളിൽ ഇടം കിട്ടാതെപോയ, ചിത്രങ്ങൾ പോലും പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത എത്രയോ മനുഷ്യരുടെ രക്തവും കണ്ണീരും സ്വപ്നങ്ങളും ചേർന്നാണ് നമ്മൾ ഇന്ന് സ്വതന്ത്ര്യം എന്നു വിളിക്കുന്ന ഇന്ത്യ രൂപപ്പെട്ടത്. അവരിൽ രണ്ടുപേരായിരുന്നു റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും. ഒരാൾ ഹിന്ദു. മറ്റൊരാൾ മുസ്‌ലിം. പക്ഷേ ബ്രിട്ടീഷുകാരുടെ മുന്നിൽ അവർക്ക് ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം. ഒരേയൊരു മാതൃരാജ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരാണ് രണ്ടുപേരുടെയും ജീവിതങ്ങളെ കൂട്ടിയിണക്കിയത്.
1897-ൽ ജനിച്ച റാം പ്രസാദ് ബിസ്മിൽ കവിയും എഴുത്തുകാരനും വിപ്ലവകാരിയുമായിരുന്നു. അഷ്ഫാഖുള്ള ഖാൻ അദ്ദേഹത്തേക്കാൾ മൂന്ന് വയസ്സ് ഇളയവൻ. കവിതയോടും സ്വാതന്ത്ര്യത്തോടുമുള്ള അഭിനിവേശമാണ് ഇരുവരെയും കൂടുതൽ അടുപ്പിച്ചത്. അവരുടെ സൗഹൃദം വെറും വ്യക്തിബന്ധമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കാരെ മതത്തിന്റെ പേരിൽ വേർതിരിച്ചു നിർത്താൻ ശ്രമിച്ചിരുന്ന കാലത്ത്, ആ സൗഹൃദം തന്നെ ഒരു രാഷ്ട്രീയപ്രഖ്യാപനമായിരുന്നു. ഹിന്ദുവായ ബിസ്മിലിന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകരിൽ ഒരാളായി മുസ്‌ലിമായ അഷ്ഫാഖ് മാറി. മതം അവർക്കിടയിൽ മതിലായില്ല; മറിച്ച് പരസ്പരം ബഹുമാനിക്കേണ്ട വ്യത്യസ്ത വിശ്വാസങ്ങളായി മാത്രം നിലനിന്നു.
അവരുടെ ജീവിതകഥയെക്കുറിച്ചുള്ള കുടുംബസ്മരണകളിൽ, ബിസ്മിൽ അഗ്നിയെ സാക്ഷിയാക്കി ഹോമം നടത്തുമ്പോൾ, അതേ പരിസരത്ത് അഷ്ഫാഖ് നമസ്‌കരിച്ചിരുന്നതായും, ഇരുവരും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ജീവിച്ചുകാണിച്ച ഒരു ലളിതമായ സത്യമുണ്ടായിരുന്നു.ദൈവത്തിലേക്കുള്ള വഴികൾ വ്യത്യസ്തമാണെങ്കിലും, മാതൃരാജ്യത്തോടുള്ള സ്നേഹത്തിന് മതത്തിന്റെ അതിർത്തികളില്ല. ബിസ്മിലിനെ അഷ്ഫാഖ് ‘റാം’ എന്നാണ് വിളിച്ചിരുന്നത് . ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം ഷാജഹാൻപൂരിലെ ജനങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് നാഷനൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച അവരുടെ ജീവ ചരിത്രകുറിപ്പിൽ പറയുന്നുണ്ട്.
കാക്കോരിയിലേക്ക് പോയ ആ തീവണ്ടി
1925 ആഗസ്റ്റ് 9. ലഖ്‌നൗവിനടുത്തുള്ള കാക്കോരി. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ യുവ വിപ്ലവകാരികൾ ബ്രിട്ടീഷ് സർക്കാരിന്റെ ട്രഷറിയിലേക്കുള്ള പണം കൊണ്ടുപോകുന്ന തീവണ്ടി തടഞ്ഞു. അതിൽ ബിസ്മിലും അഷ്ഫാഖും ഉൾപ്പെടെയുള്ള വിപ്ലവകാരികളുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് പിടിച്ചെടുക്കുന്ന പണം സ്വാതന്ത്ര്യസമരത്തിനുള്ള ആയുധങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കാൻ ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ചരിത്രത്തിൽ അത് കാക്കോരി വിപ്ലവം എന്ന പേരിൽ ഇടം പിടിച്ചു.ആ വിപ്ലവം ഒരു സാഹസിക നീക്കത്തിന്റെ കഥ മാത്രമായിരുന്നില്ല. ഈ സംഭവത്തിന് ശേഷം ബ്രിട്ടീഷ് ഭരണകൂടം വിപ്ലവകാരികൾക്കെതിരെ അതിശക്തമായ വേട്ട ആരംഭിച്ചു. ബിസ്മിൽ പിടിക്കപ്പെട്ടു. വിദേശത്തേക്ക് കടന്ന് അവിടെനിന്ന് വിപ്ലവപ്രവർത്തനം തുടരണമെന്നാഗ്രഹിച്ച അഷ്ഫാഖുള്ള ഖാനും പിടിയിലായി.
വിചാരണയ്ക്കൊടുവിൽ മരണശിക്ഷ വിധിക്കപ്പെട്ടു. അപ്പോൾ അവരുടെ പ്രായം; ബിസ്മിലിന് മുപ്പത്അ, ഷ്ഫാഖിന് ഇരുപത്തിയേഴ്. യഥാർത്ഥത്തിൽ ജീവിതം തുടങ്ങേണ്ട പ്രായത്തിൽ അവർ തങ്ങളുടെ ജീവിതം തന്നെ ഇന്ത്യയ്ക്ക് എഴുതിക്കൊടുത്തു. 1927 ഡിസംബർ 19 ന് ബിസ്മിലിനെ ഗോരഖ്പൂർ ജയിലിൽ തൂക്കിലേറ്റി. അഷ്ഫാഖുള്ള ഖാനെ ഫൈസാബാദ് ജയിലിലും. തൂക്ക് മരത്തിലേക്ക് നടക്കുമ്പോഴും അവരുടെ മനസ്സിനുളളിൽ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നമായിരുന്നു. താങ്കളുടെ മതവിശ്വാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുമെന്ന് അവർ ജീവിതം കൊണ്ട് തെളിയിച്ചു. അതുകൊണ്ടാണ് അവരുടെ സൗഹൃദത്തിന് ഇന്ന് കൂടുതൽ പ്രസക്തിയുള്ളത്.
ബിസ്മിലിന്റെ അവസാനത്തെ ആഗ്രഹം
തൂക്കിലേറ്റാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ബിസ്മിൽ തന്റെ രാജ്യത്തോട് പറഞ്ഞ വാക്കുകൾ ഇന്നും നമ്മെ അസ്വസ്ഥരാക്കേണ്ടതാണ്. ഒരു ആര്യസമാജിയായ തനിക്ക് അഷ്ഫാഖിനെപ്പോലെ സമർപ്പിതനായ ഒരു മുസ്‌ലിം വിപ്ലവകാരി ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകനാകാൻ കഴിഞ്ഞെങ്കിൽ, ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും അവരുടെ ചെറിയ താൽപര്യങ്ങൾ മറന്ന് ഒന്നിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളുടെ മരണത്തിൽ രാജ്യത്തിന് അല്പമെങ്കിലും ദുഃഖമുണ്ടെങ്കിൽ ഹിന്ദു–മുസ്‌ലിം ഐക്യം സ്ഥാപിക്കണം; അതാണ് തങ്ങളുടെ അവസാന ആഗ്രഹവും യഥാർത്ഥ സ്മാരകവും എന്നായിരുന്നു ബിസ്മിലിന്റെ അഭ്യർത്ഥന. നൂറ് വർഷം കഴിഞ്ഞിട്ടും ആ വാക്കുകൾ ഇന്നും ഇന്ത്യയുടെ മണ്ണിൽ പ്രതിധ്വനിക്കുന്നു. ഒരു ഹിന്ദുവിന് മുസ്‌ലിമിനെ ചേർത്ത് നിർത്താൻ കഴിയുന്നതും ഒരു മുസ്‌ലിമിന് ഹിന്ദുവിനെ സംശയിക്കേണ്ടതില്ലാത്തതുമായ ഒരു രാജ്യമായിരുന്നു അവരുടെ സ്വപ്നം. ക്രിസ്ത്യാനിക്കും സിഖുകാരനും ബുദ്ധമതവിശ്വാസിക്കും ജൈനനും മതമില്ലാത്തവനും ഒരുപോലെ “ഇത് എന്റെ രാജ്യമാണ്” എന്നു പറയാൻ കഴിയുന്ന രാജ്യം.
Podcast: വിണ്ടുകീറാത്ത മതേതര മനസ്സ്
ഒരാളുടെ പേര് കേട്ട് അയാളുടെ ദേശസ്നേഹം അളക്കാത്ത രാജ്യം. ഒരാളുടെ ഭക്ഷണവും വസ്ത്രവും പ്രാർത്ഥനയും അയാളുടെ ഇന്ത്യൻ പൗരത്വത്തിന്റെ അളവുകോലാകാത്ത രാജ്യം.അങ്ങനെയൊരു ഇന്ത്യയെയാണ് അഷ്ഫാഖും ബിസ്മിലും സ്വന്തം ജീവിതംകൊണ്ട് വരച്ചുകാണിച്ചത്. സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയെയും നെഹ്റുവിനെയും പട്ടേലിനെയും സുഭാഷ് ചന്ദ്രബോസിനെയും ഭഗത് സിങ്ങിനെയും നമ്മൾ ഓർക്കും. തീർച്ചയായും ഓർക്കണം. പക്ഷേ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ ഓർക്കേണ്ട മറ്റ് നിരവധി പേരുകളുമുണ്ട്. കാക്കോരിയിലെ രാജേന്ദ്രനാഥ് ലാഹിരിയെയും ഠാക്കൂർ റോഷൻ സിങ്ങിനെയും സചീന്ദ്രനാഥ് ബക്ഷിയെയും ഓർക്കണം. ചന്ദ്രശേഖർ ആസാദിനെ ഓർക്കണം. 1857 ൽ പാറ്റ്നയിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സമര സേനാനിയും പുസ്തക വ്യാപാരിയുമായിരുന്ന പീർ അലിഖാനെ ഓർക്കണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പേരും ചിത്രവും പോലും വലിയ ചരിത്രപുസ്തകങ്ങളിൽ അവശേഷിപ്പിക്കാതെ കടന്നുപോയ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെയും ഓർക്കണം. സ്വാതന്ത്ര്യം നമുക്ക് സമ്മാനമായി കിട്ടിയതല്ല. അത് ആരുടെയൊക്കെയോ നഷ്ടപ്പെട്ട യൗവനമാണ്. പല അമ്മമാരുടെയും കണ്ണുനീരാണ്. പലരുടെയും പൂർത്തിയാകാതെപോയ പ്രണയമാണ്. ആരുടെയൊക്കെയോ കഴുത്തിൽ മുറുകിയ തൂക്കുകയറാണ്. അതിന്റെ വില മനസ്സിലാകുമ്പോഴാണ് ദേശീയപതാക വെറുമൊരു തുണിയല്ലാതാകുന്നത്.
ഇന്ന് അഷ്ഫാഖും ബിസ്മിലും നമ്മുടെ മുന്നിൽ വന്നുനിന്നാൽ അവർ നമ്മോട് എന്തായിരിക്കും ചോദിക്കുക? “ഞങ്ങൾ ജീവൻ കൊടുത്ത ഇന്ത്യയിൽ നിങ്ങൾ പരസ്പരം മതം ചോദിച്ചാണോ സ്നേഹിക്കുന്നത്?” “ഒരുമിച്ച് മരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞപ്പോൾ, ഒരുമിച്ച് ജീവിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ?” ആ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ഒരു രാഷ്ട്രീയപാർട്ടിയോ ഒരു ഭരണകൂടമോ മാത്രമല്ല. നമ്മൾ ഓരോരുത്തരുമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ന് സംരക്ഷിക്കേണ്ടത് അതിർത്തികളിൽ മാത്രം അല്ല; നമ്മുടെ മനസ്സുകളിലും കൂടിയാണ്. മതവിദ്വേഷം നമ്മുടെ അയൽക്കാരനെ ശത്രുവാക്കുമ്പോൾ സ്വാതന്ത്ര്യം മുറിവേൽക്കുന്നു. ജാതി മറ്റൊരു മനുഷ്യന്റെ അന്തസ്സിനെ നിഷേധിക്കുമ്പോൾ സ്വാതന്ത്ര്യം ചെറുതാകുന്നു. വ്യത്യസ്തമായ അഭിപ്രായം പറയുന്ന ഒരാളെ ദേശദ്രോഹിയായി മുദ്രകുത്തുമ്പോൾ സ്വാതന്ത്ര്യത്തിന് ശ്വാസം മുട്ടുന്നു. ഓരോ ആഗസ്റ്റ് പതിനഞ്ചിനും ദേശീയപതാക ഉയരുമ്പോൾ ഒരുനിമിഷം ആ രണ്ട് ചെറുപ്പക്കാരെയും അത് പോലെ അകാലത്തിൽ പൊലിഞ്ഞുപോയ മറ്റനേകം സ്വാതന്ത്ര്യ പോരാളികളെയും ഓർക്കാം.
അതുകൊണ്ട് ഈ സ്വാതന്ത്ര്യദിനത്തിൽ അവർക്കു നൽകാവുന്ന ഏറ്റവും വലിയ ആദരം; നമ്മുടെ അടുത്ത തലമുറയ്ക്ക് വിദ്വേഷമില്ലാത്ത ഒരു ഇന്ത്യയെ കൈമാറുകയാണ്. അഷ്ഫാഖിന്റെ നമസ്‌കാരത്തിനും ബിസ്മിലിന്റെ പ്രാർത്ഥനയ്ക്കും ഒരേ ആകാശത്തിനു കീഴിൽ ഇടമുള്ള ഇന്ത്യ. പേരുകൊണ്ടും മതംകൊണ്ടും ജാതികൊണ്ടും മനുഷ്യരെ വേർതിരിക്കാത്ത ഇന്ത്യ. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനോട് ചേർത്തുനിർത്തുന്ന ഇന്ത്യ. കാരണം അവർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം വിദ്വേഷത്തിന്റെ തടവറയിലാക്കാനുള്ളതല്ല. അത് കാത്തുസൂക്ഷിക്കാനുള്ള ഊഴം ഇന്ന് നമ്മുടേതാണ്.
