കവിത സഫീദ് ഇസ്മായിൽ
പ്രഭാതം
ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോൾ
ഇടനാഴിയുടെ നിശ്ശബ്ദതയാണ്
ആദ്യം പുറത്തേക്കിറങ്ങിയത്.
അതിന്റെ കാൽപ്പാടുകളെ
ഞാൻ പിന്തുടർന്നു.
ലിഫ്റ്റിന്റെ ശ്വാസനാളത്തിലൂടെ
ഓരോ നിലയുടെയും മണം
മെല്ലെ കടന്നുപോയി.
അഞ്ചാം നിലയിലെ
നിർമ്മിത വസന്തം,
മൂന്നാം നിലയിലെ
സാമ്പാറിന്റെ മണം,
ഒന്നാം നിലയിലെ
അണുനാശിനിയുടെ ഗന്ധം;
പരസ്പരം പരിചയമില്ലാത്തവയെല്ലാം
ഒരേ കണ്ണാടിയിൽ മുഖം നോക്കുന്നു.
ആദ്യം പുറത്തേക്കിറങ്ങിയത്.
അതിന്റെ കാൽപ്പാടുകളെ
ഞാൻ പിന്തുടർന്നു.
ലിഫ്റ്റിന്റെ ശ്വാസനാളത്തിലൂടെ
ഓരോ നിലയുടെയും മണം
മെല്ലെ കടന്നുപോയി.
അഞ്ചാം നിലയിലെ
നിർമ്മിത വസന്തം,
മൂന്നാം നിലയിലെ
സാമ്പാറിന്റെ മണം,
ഒന്നാം നിലയിലെ
അണുനാശിനിയുടെ ഗന്ധം;
പരസ്പരം പരിചയമില്ലാത്തവയെല്ലാം
ഒരേ കണ്ണാടിയിൽ മുഖം നോക്കുന്നു.
ഉച്ച
എതിർഫ്ലാറ്റിന്റെ ഡിഷ് ആന്റിനയിൽ
ഒരു കാക്ക വന്നിരുന്നു.
ആകാശം അതിനു മുകളിലുണ്ടായിരുന്നു.
എങ്കിലും അത് തിരഞ്ഞെടുത്തത്
ആ പഴയ ഇരുമ്പുവട്ടമായിരുന്നു.
പകൽ പൊള്ളിയപ്പോൾ
ആ ചിറകിനടിയിൽ
ഒരു ചെറിയ കാറ്റ് വിശ്രമിച്ചു.
ചെടിച്ചട്ടിയിലെ മണ്ണ്
ചെടിയെ മറന്നിട്ടില്ല.
ഉണങ്ങിയ തണ്ടിന് താഴെ
വേരുകളുടെ ഇരുട്ട്
ഇപ്പോഴും മെല്ലെ ശ്വസിക്കുന്നു.
സന്ധ്യ
ആദ്യം റോഡ് മുറിച്ചുകടന്നത് ഞാനല്ല.
എന്റെ നിഴലാണ്.
ഒരു വൈകിയ ഓർമ്മ പോലെ
ഞാൻ അതിനു പിന്നാലെ നടന്നു.
രാത്രി
എതിർ ടവറിലെ
ഒരു ജനാലയിൽ
വെളിച്ചം തെളിഞ്ഞു.
ആരോ വീട്ടിലെത്തിയെന്നല്ല;
ഒരു അടഞ്ഞ മുറി
ഒടുവിൽ ആരെയോ വിശ്വസിച്ചുവെന്ന്.
ഉറങ്ങാൻ കിടക്കുമ്പോൾ
തലയിണയിൽ ഒരു മുടിനാര്.
അത് ആരുടേതെന്ന്
ആ മുറിക്കും
ഓർമ്മയില്ല.
വീണ്ടും പ്രഭാതം
കണ്ണാടിക്കു മുന്നിൽ
ഞാൻ നിന്നു.
കുറച്ചുനേരം ഞാനും കണ്ണാടിയും
പരസ്പരം തിരിച്ചറിയാൻ ശ്രമിച്ചു.
പാതിരാ മുഴുവൻ
ഈ ബാൽക്കണിയിൽ നിന്ന്
ഞാൻ നഗരത്തെ
നോക്കുകയായിരുന്നു.
ഇപ്പോൾ ഒരു സംശയം മാത്രം.
ഈ നഗരം എന്നെ പാർപ്പിക്കുകയാണോ?
അതോ, അതിന്റെ ശരീരത്തിലെ
പുതിയൊരു കോശമാണോ ഞാൻ?
