ഇനി കേരളയല്ല, കേരളം

 എഡിറ്റോറിയൽ 

​കേരള നിയമസഭയുടെയും രാജ്യസഭയുടെയും അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗികമായ പേര് കേരള എന്നതിൽ 'കേരളം' എന്ന് മാറിയിരിക്കുകയാണ്. ഭാഷാപരമായി നോക്കിയാൽ നിസാരമെന്നോ ലളിതമെന്നോ തോന്നാമെങ്കിലും, ഈ മാറ്റത്തിന് വലിയ തോതിലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ പ്രസക്തിയുണ്ട്.


വർത്തമാനകാല ഇന്ത്യയിലെ പേരുമാറ്റ രാഷ്ട്രീയത്തിൻ്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, കേരളത്തിൻ്റെ ഈ നാമകരണം തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ ബോധ്യത്തെയാണ് മുന്നോട്ടുവെക്കുന്നത്. ​മലയാള ഭാഷാപ്രയോഗത്തിൽ എക്കാലത്തും കേരളം എന്ന വാക്കാണ് സജീവമായി ഉണ്ടായിരുന്നത്. എന്നാൽ ഭരണപരമായ രേഖകളിലും ഇംഗ്ലീഷ് പ്രയോഗങ്ങളിലും ഇത് കേരള എന്ന് ചുരുങ്ങുകയായിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും ഇതുവരെ കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

​ഒരു പ്രദേശത്തിന്റെ യഥാർത്ഥ നാടൻ പേര് അതിൻ്റെ തനതായ ഉച്ചാരണത്തോടും തനിമയോടും കൂടി അംഗീകരിക്കപ്പെടുക എന്നത് മാതൃഭാഷയോടുള്ള നീതിയാണ്. കേരളം എന്ന പ്രയോഗം കേവലം ഒരു സ്ഥലപ്പേര് മാത്രമല്ല, മറിച്ച് ഈ ഭൂപ്രദേശത്തിന്റെ സംസ്കാരവും ആവാസ വ്യവസ്ഥയും ഉൾക്കൊള്ളുന്ന ജീവസുറ്റ ഒരു പദമാണ്. മാതൃഭാഷാദിനത്തിലോ സംസ്ഥാന രൂപീകരണത്തിൻ്റെ ഓർമ്മകളിലോ മാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ ഭാഷാസ്നേഹം. അത് ഔദ്യോഗിക നാമങ്ങളിൽ കൂടി പ്രതിഫലിക്കേണ്ടതുണ്ട്. ഈ നിലപാടാണ് ഇപ്പോഴത്തെ പേര് മാറ്റത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.​

​ഈ പേരുമാറ്റത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയം എന്നത് ഫെഡറൽ വൈവിധ്യത്തിൻ്റെയും ഭാഷാസ്വാതന്ത്യത്തിൻ്റെയും അംഗീകാരമാണ്. ഓരോ പ്രദേശത്തിൻ്റെയും പ്രാദേശിക സ്വത്വത്തെയും ഭാഷാപരമായ പ്രത്യേകതകളെയും ഭരണകൂടം മാനിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. ​ആരുടെയെങ്കിലും അടിച്ചേൽപ്പിക്കലുകളുടെ ഭാഗമായല്ല ഈ പേരുമാറ്റം സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ ജനപ്രതിനിധികളും നിയമസഭയും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. അതാണ് ഇതിൻ്റെ പ്രധാനപ്പെട്ട സവിശേഷത. പ്രാദേശിക ജനതയുടെ താൽപ്പര്യങ്ങൾക്കും സാംസ്കാരിക ബോധ്യങ്ങൾക്കും ഭരണഘടനാപരമായ ഇടം ലഭിക്കുന്നു എന്നതാണ് ഈ പേരുമാറ്റത്തിന്റെ ആഴത്തിലുള്ള രാഷ്ട്രീയം.

​​സമീപകാലത്ത് ഇന്ത്യയിൽ നാം കാണുന്ന പേരുമാറ്റങ്ങൾ പ്രധാനമായും സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളുടെ ഭാഗമായാണ് നടപ്പിലാക്കപ്പെടുന്നത്. അലഹാബാദിനെ പ്രയാഗ്‌രാജാക്കിയതും, മുഗൾ സരായിയെ ദീൻ ദയാൽ ഉപാധ്യായ നഗറാക്കിയതും, ഫൈസാബാദിനെ അയോദ്ധ്യയാക്കി മാറ്റിയതുമെല്ലാം ചരിത്രത്തെയും ഒരു പ്രത്യേക സമുദായത്തിന്റെ അടയാളങ്ങളെയും മായ്ച്ചുകളയാനും, ഏകശിലാത്മകമായ ഒരു ഹിന്ദുത്വ രാഷ്ട്രീയബോധം അടിച്ചേൽപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. അവിടെ ചരിത്രപരമായ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഉന്മൂലനം ചെയ്യലാണ് ലക്ഷ്യമിടുന്നത്. ​എന്നാൽ, കേരളത്തിൻ്റെ പേരുമാറ്റം ഇതിൽ നിന്നും തികച്ചും വിപരീതമാണ്. അതിലൊരു മാതൃകയുണ്ട്. ചരിത്രത്തെ മായ്ക്കുകയല്ല, തിരുത്തുകയാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇവിടെ പുതിയൊരു ചരിത്ര നിർമ്മിതിയല്ല സംഭവിക്കുന്നത്. പകരം, മാതൃഭാഷയോടും ജനങ്ങളുടെ യഥാർത്ഥ ഉച്ചാരണത്തോടും ചെയ്ത നീതിയാണത്.

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെയും പ്രാദേശിക ഭാഷാ വൈവിധ്യങ്ങളെയും ശക്തിപ്പെടുത്തുന്നതാണ് കേരളം എന്ന പേരുമാറ്റം. ചരിത്രപരമായ പേരുകൾ വെട്ടിപ്പിടിച്ച് ജനങ്ങളെ ധ്രുവീകരിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, സ്വന്തം തനിമയെ ഔദ്യോഗികമായി അംഗീകരിക്കുക മാത്രമാണ് കേരളം ചെയ്തത്. അത് കൊണ്ടാണ് കേരള എന്ന ഔദ്യോഗിക പദത്തിൽ നിന്ന് കേരളം എന്ന പൂർണ്ണതയിലേക്കുള്ള ഈ മാറ്റം കേവലം ഒരു അക്ഷരത്തിൻ്റെയോ ഉച്ചാരണത്തിൻ്റെയോ വ്യത്യാസമല്ല എന്ന് നിരീക്ഷിക്കേണ്ടി വരുന്നത്. മലയാളികളുടെ സാംസ്കാരിക അവബോധത്തിൻ്റെയും ഭാഷാസ്വാഭിമാനത്തിൻ്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് ഈ മാറ്റം. ജനതയെ ഭിന്നിപ്പിക്കാനും വംശീയമായ സ്വത്വ ബോധങ്ങളെ അടിച്ചേൽപിക്കാനുമായി സംഘപരിവാർ നടത്തുന്ന പേരു മാറ്റങ്ങൾക്കിടയിൽ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ബദലായി, ജനാധിപത്യപരമായ സാംസ്കാരിക തനിമയെ ഉയർത്തിപ്പിടിക്കുന്ന ഒന്നായി ഈ പേരുമാറ്റം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും.

എഡിറ്റർ

bahuswara

Previous Post Next Post