വലിയ ജനസംഖ്യയും സാഹിത്യ പാരമ്പര്യങ്ങളും സർവ്വകലാശാലകളും പ്രസാധന വ്യവസായങ്ങളും സംസ്ഥാന സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന തമിഴ്, മറാഠി തുടങ്ങിയ ഭാഷകൾക്ക് പോലും തങ്ങളുടെ ഭാഷാപരമായ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെങ്കിൽ, ഇത്തരത്തിലുള്ള യാതൊരു സംരക്ഷണവുമില്ലാത്ത മറ്റ് ചെറുഭാഷകളുടെ അവസ്ഥ എന്തായിരിക്കും?
ഭാഷ | ഡോ. സൌമ്യ ശങ്കർ ഘോഷ്
ഇന്ത്യ അതിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചിരിക്കുന്നു. രാജ്യമൊട്ടാകെ ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മറാഠി, കന്നഡ, മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലൂടെ ഈ ആഘോഷങ്ങൾ പ്രകടമായി . ഒന്നിലധികം ശബ്ദങ്ങളിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ഈ ബഹുഭാഷാ സ്വഭാവം തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെ പ്രധാന ലക്ഷണം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, ഹിന്ദി ഭാഷയെക്കുറിച്ചുള്ള ചോദ്യം വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക ക്ലാസുകളിൽ ഹിന്ദിക്ക് മൂന്നാം ഭാഷയായി മുൻഗണന നൽകുന്ന നീക്കത്തിനെതിരെ ശക്തമായ എതിർപ്പുയർന്നതിനെ തുടർന്ന്, 2025 ജൂണിൽ മഹാരാഷ്ട്ര സർക്കാർ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകൾ പിൻവലിച്ചു. തമിഴ്‌നാടാകട്ടെ, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പരോക്ഷ മാർഗ്ഗമായി വ്യാഖ്യാനിക്കപ്പെടുമ്പോഴെല്ലാം ത്രിഭാഷാ സമവാക്യത്തെ തുടർച്ചയായി എതിർത്തുപോരുന്നു. ഈ അഭിപ്രായവ്യത്യാസം കേവലം വിദ്യാഭ്യാസ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണം, വ്യക്തിത്വം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്നിവയെക്കൂടി ബാധിക്കുന്ന ഒന്നാണ്.
ഈ വിഷയം ഇപ്പോഴും സജീവമാണ്. 2026–27 അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസിൽ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2026 ജൂണിൽ സി.ബി.എസ്.ഇ (CBSE) പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം, അതിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. ഹിന്ദി ഇതിലെ തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളിൽ ഒന്നാണെങ്കിലും, രാജ്യവ്യാപകമായി അത് നിർബന്ധമാക്കിയിട്ടില്ല.
ഇന്ത്യയിലെ ഭാഷാ തർക്കം ഹിന്ദി നല്ലതാണോ അതോ മോശമാണോ എന്ന വാദപ്രതിവാദമായി മാറരുത്. തമിഴ്, ബംഗാളി, മറാഠി അല്ലെങ്കിൽ കന്നഡ പോലെ തന്നെ ഹിന്ദിയും ഇന്ത്യയുടേതാണ്. ഹിന്ദി പഠിക്കുന്നത് ഒരു കുട്ടിയുടെ സാംസ്കാരികവും ആശയവിനിമയപരവുമായ ലോകം വിപുലമാക്കും. തമിഴ്, അസമീസ്, മലയാളം അല്ലെങ്കിൽ ബംഗാളി എന്നിവ പഠിക്കുന്നതും അതുപോലെ തന്നെയാണ്. എന്നാൽ അവസരങ്ങൾ ബാധ്യതകളാവുകയും, ഒരു ഭാഷ മറ്റുള്ളവയ്ക്ക് പ്രാപ്യമല്ലാത്ത സ്ഥാനം കൈവശപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.
ഇന്ത്യയിൽ ഭാഷ എന്നത് സ്കൂൾ ടൈംടേബിളിലെ ഒരു വിഷയം മാത്രമല്ല. അത് ഓർമ്മകൾ, പ്രദേശം, ആഗ്രഹങ്ങൾ, വ്യക്തിത്വം, അധികാരം എന്നിവയെ പേറുന്ന ഒന്നാണ്.അതുകൊണ്ടുതന്നെ, ഹിന്ദിയെക്കുറിച്ചുള്ള തർക്കം കേവലം ഹിന്ദിയെക്കുറിച്ച് മാത്രമല്ല. ഇന്ത്യയിലെ ബഹുഭാഷാത്വം സഹവർത്തിത്വമാണോ അതോ മേൽക്കോയ്മയാണോ അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഇതിനൊരു നല്ല തുടക്കം നൽകുന്നുണ്ട്. ജനപ്രിയമായ ചില വ്യാഖ്യാനങ്ങൾക്ക് വിപരീതമായി, ഒരു ഭാഷയും ഒരു സംസ്ഥാനത്തിന് മേലും അടിച്ചേൽപ്പിക്കില്ല എന്ന് അത് വ്യക്തമായി പ്രസ്താവിക്കുന്നു.
മൂന്ന് ഭാഷകൾ തിരഞ്ഞെടുക്കുന്നതിൽ അത് ഇളവുകൾ നൽകുന്നുണ്ടെങ്കിലും, കുറഞ്ഞത് രണ്ടെണ്ണം ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണമെന്ന് നിർബന്ധമുണ്ട്. കൂടാതെ, കുറഞ്ഞത് 5-ാം ക്ലാസ് വരെയെങ്കിലും (സാധ്യമെങ്കിൽ 8-ാം ക്ലാസ് വരെയും അതിനുമുകളിലും) ബോധനമാധ്യമമായി കുട്ടിയുടെ മാതൃഭാഷയോ വീട്ടുഭാഷയോ ഉപയോഗിക്കാൻ അത് ശുപാർശ ചെയ്യുന്നു. അതിനെ ചുറ്റപ്പറ്റിയുള്ള രാഷ്ട്രീയ തർക്കങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ അർഹിക്കുന്നത് ഈ തത്വമാണ്.
Read More; അഷ്ഫാഖും ബിസ്മിലും പറഞ്ഞുതരുന്ന സ്വാതന്ത്ര്യം
ഒരു കുട്ടി സ്കൂളിൽ പ്രവേശിക്കുന്നത് ഭാഷയില്ലാതെ യാതൊന്നുമില്ലാതെയല്ല. ഒരു പാഠപുസ്തകം തുറക്കുന്നതിന് എത്രയോ മുൻപ് തന്നെ, ചോദ്യങ്ങൾ ചോദിക്കാനും ഭയം പ്രകടിപ്പിക്കാനും സ്നേഹം തിരിച്ചറിയാനും കഥകൾ പറയാനും വസ്തുക്കൾക്ക് പേരിടാനും ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും കുട്ടികൾ പഠിച്ചിട്ടുണ്ട്. അവർക്ക് നിലവിൽ തന്നെ സ്വന്തമായൊരു ഭാഷാലോകമുണ്ട്. വിദ്യാഭ്യാസം ആ ലോകത്തെ വികസിപ്പിക്കുകയാണ് വേണ്ടത്, ഇല്ലാതാക്കുകയല്ല. അതുകൊണ്ടാണ് ഇന്ത്യക്ക് മുന്നിലുള്ള ചോദ്യം കേവലം "ഒരു കുട്ടി ഏതൊക്കെ മൂന്ന് ഭാഷകൾ പഠിക്കണം?" എന്നതാകരുതാത്തത്. "ഒരു ഭാഷയും നഷ്ടപ്പെടാതെ മറ്റൊരു ഭാഷ കൈവരിക്കാൻ ഒരു കുട്ടിക്ക് സാധിക്കുമോ?" എന്നതാണ് കൂടുതൽ നല്ല ചോദ്യം.
ഇന്ത്യയിലെ വലിയ ഭാഷകൾക്കപ്പുറത്തേക്ക് ചിന്തിക്കുമ്പോൾ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിലവിൽ 22 ഭാഷകളെ അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ഭാഷാപരമായ യാഥാർത്ഥ്യം ഈ 22 ഭാഷകൾക്കും അപ്പുറമാണ്. ചെറു ഭാഷകളിൽ ഭൂരിഭാഗത്തിനും പരിമിതമായ പഠന സാമഗ്രികളും കുറച്ച് പരിശീലനം ലഭിച്ച അധ്യാപകരും കുറഞ്ഞ സ്ഥാപനപരമായ പരിഗണനയും മാത്രമേയുള്ളൂ. ഹിന്ദിയും തമിഴും അല്ലെങ്കിൽ ഹിന്ദിയും മറാഠിയും തമ്മിലുള്ള തർക്കങ്ങളിൽ അവ അപൂർവ്വമായേ പരാമർശിക്കപ്പെടാറുള്ളൂ. ആ അവഗണന നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്.
വലിയ ജനസംഖ്യയും സാഹിത്യ പാരമ്പര്യങ്ങളും സർവ്വകലാശാലകളും പ്രസാധന വ്യവസായങ്ങളും സംസ്ഥാന സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന തമിഴ്, മറാഠി തുടങ്ങിയ ഭാഷകൾക്ക് പോലും തങ്ങളുടെ ഭാഷാപരമായ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെങ്കിൽ, ഇത്തരത്തിലുള്ള യാതൊരു സംരക്ഷണവുമില്ലാത്ത മറ്റ് ചെറുഭാഷകളുടെ അവസ്ഥ എന്തായിരിക്കും? ഒരു ഭാഷ സംസാരിക്കുന്ന അവസാനത്തെ ആളും മരിക്കുമ്പോൾ മാത്രമല്ല അത് അപ്രത്യക്ഷമാകാൻ തുടങ്ങുന്നത്. അതിന്റെ അപ്രത്യക്ഷമാകൽ അതിനും എത്രയോ മുമ്പേ തുടങ്ങുന്നു. കുട്ടികൾ ഭാഷ മനസ്സിലാക്കുകയും എന്നാൽ അതിൽ മറുപടി പറയാതിരിക്കുകയും ചെയ്യുമ്പോൾ അത് ആരംഭിക്കുന്നു. മെച്ചപ്പെട്ട ഭാവി നൽകുമെന്ന് വിശ്വസിച്ച് മാതാപിതാക്കൾ മറ്റൊരു ഭാഷയിലേക്ക് മാറുമ്പോൾ അത് ആരംഭിക്കുന്നു. ഒരു ഭാഷ വീട്ടിൽ സംസാരിക്കുകയും എന്നാൽ സ്കൂളിൽ ഒരിയ്ക്കലും അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് ആരംഭിക്കുന്നു. ഒടുവിൽ അത് വിദ്യാഭ്യാസവുമായും ആഗ്രഹങ്ങളുമായും ബന്ധപ്പെടാതെ മുത്തശ്ശിമാരുമായും ഓർമ്മകളുമായും മാത്രം ബന്ധപ്പെട്ടിരിക്കുന്നു.
പ്രായോഗികമായ ഒരു ഭാഷാ നയത്തിനും എല്ലാ ഇന്ത്യൻ ഭാഷകളെയും പൂർണ്ണമായ ബോധനമാധ്യമമാക്കാൻ കഴിയില്ല. എന്നാൽ ഒരു ഭാഷയെ ബോധനമാധ്യമമാക്കുന്നതും അതിനെ തീർത്തും അദൃശ്യമാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കുട്ടികൾ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരുന്ന ഭാഷകളെ അംഗീകരിക്കാൻ സ്കൂളുകൾക്ക് കഴിയും. പ്രധാന സ്കൂൾ ഭാഷയ്ക്കൊപ്പം പ്രാദേശിക വാക്കുകൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയും. ചിത്ര കാർഡുകളും പ്രാഥമിക പഠന സാമഗ്രികളും ബഹുഭാഷാ രൂപത്തിലാക്കാം. വാമൊഴി കഥകളും പാട്ടുകളും പ്രാദേശിക അറിവുകളും ക്ലാസ് മുറിയിലെ പഠനവിഭവങ്ങളാക്കി മാറ്റാം. ലളിതമായ പഠന സാമഗ്രികൾ വികസിപ്പിക്കുന്നതിൽ സമൂഹത്തിന് പങ്കാളികളാകാം. ഇതൊന്നും ഒരു കുട്ടിയെ ഹിന്ദിയോ ഇംഗ്ലീഷോ ഒരു പ്രധാന പ്രാദേശിക ഭാഷയോ പഠിക്കുന്നതിൽ നിന്ന് തടയുന്നില്ല. വിദ്യാഭ്യാസം നേടാൻ സ്വന്തം ഭാഷ ഇല്ലാതാക്കേണ്ടതില്ല എന്ന് മാത്രമാണ് അത് കുട്ടിയോട് പറയുന്നത്. നിലവിലെ ത്രിഭാഷാ തർക്കം മാറ ണം എന്ന് തോന്നുന്നത് ഒരുപക്ഷേ ഇവിടെയായിരിക്കാം.
ബഹുഭാഷാ വിദ്യാഭ്യാസം ഒരു കുട്ടിയുടെ ഭാഷാപരമായ കഴിവുകളെ വികസിപ്പിക്കുകയാണോ അതോ ഒരു മേൽക്കോയ്മാ ക്രമത്തെ പുനഃസംഘടിപ്പിക്കുകയാണോ ചെയ്യുന്നത് എന്ന് നാം ചോദിക്കണം. അത് മറ്റൊരു ഇന്ത്യൻ ഭാഷയോട് താല്പര്യം വളർത്തുകയാണോ അതോ നിർബന്ധം മൂലമുള്ള അമർഷമാണോ ഉണ്ടാക്കുന്നത്? കുട്ടിയുടെ ആദ്യ ഭാഷ സജീവമായി നിലനിർത്താൻ അനുവദിച്ചുകൊണ്ട് പുതിയ ഭാഷയുടെ വാതിലുകൾ തുറന്നു കൊടുത്തു കൂടെ?
ഇന്ത്യയ്ക്ക് ഹിന്ദി ആവശ്യമാണ്. അതിന് തമിഴ്, മറാഠി, ബംഗാളി, തെലുങ്ക്, കന്നഡ, മലയാളം, അസമീസ്, ഒഡിയ എന്നിവയും അതിലേറെയും ആവശ്യമാണ്. ആശയശാസ്ത്രപരമായ നിലപാടുകൾ എന്തുതന്നെയായാലും, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉന്നതവിദ്യാഭ്യാസവുമായും തൊഴിലുമായും ബന്ധിപ്പിക്കുന്നതിനാൽ ഇന്ത്യയ്ക്ക് ഇംഗ്ലീഷും ആവശ്യമാണ്. ഇതിൽ ഏതെങ്കിലും ഒന്നിനെ പരാജയപ്പെടുത്തുക എന്നതല്ല മുന്നിലുള്ള വെല്ലുവിളി. അവസരങ്ങൾ നല്കുന്നതിന്റെ മറവില് ഒരു ഭാഷയ്ക്ക് പകരം മറ്റൊരു ഭാഷ സ്ഥാപിക്കലായി മാറാൻ അനുവദിക്കരുത്.
രാഷ്ട്രീയ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് സ്വയം ഭരണത്തിനുള്ള സ്വാതന്ത്ര്യം നൽകി. ഭാഷാപരമായ ജനാധിപത്യം അത്രതന്നെ പ്രധാനപ്പെട്ട മറ്റൊന്നുകൂടി ആവശ്യപ്പെടുന്നുണ്ട്: സ്വന്തം ഭാഷാപരമായ വ്യക്തിത്വത്തിന്റെ ഒരു ഭാഗം ചെറുതായാൽ മാത്രമേ മറ്റൊന്ന് വളരുകയുള്ളൂ എന്ന തോന്നലില്ലാതെ ഇന്ത്യക്കാർക്ക് ഈ രാജ്യത്തിൽ പൂർണ്ണമായി പങ്കാളികളാകാൻ കഴിയുമോ എന്നതാണു അത്. സംസാരിക്കാനുള്ള അവകാശമാണ് സ്വാതന്ത്ര്യം. എന്നാൽ സ്വന്തം ഭാഷ നഷ്ടപ്പെടുത്താതെ മറ്റൊരു ഭാഷ പഠിക്കാനുള്ള അവകാശമാണ് ഭാഷാപരമായ സ്വാതന്ത്ര്യം.
കടപ്പാട്: countercurrents.com
