മണ്ണുമൂടിയ ചരിത്രത്താളുകൾ

   പരമ്പര  | നാസിർ കെ സി     


എല്ലാ സ്വാതന്ത്ര്യവും ബലി ആവശ്യപ്പെടുന്നു. ആരുടെയൊക്കെയോ ചോരയിൽ നിന്നാണ് പലപ്പോഴും ദേശത്തിന്റെ പിറവിയും സ്വാതന്ത്ര്യവും. സ്വാതന്ത്ര്യത്തിലേക്ക് ദീർഘമായ ഒരു സഞ്ചാര പാതയുണ്ട്. പലരും ആ വഴി നടന്നിട്ടുണ്ട്. ചിലർ വഴി മാറി നടന്നിട്ടുണ്ട്. ദീർഘമായ യാത്രയിൽ സ്വാതന്ത്ര്യത്തിന്റെ പുലരി കാണാതെ വീണു പോയവരാണ് അധികവും. അവരുടെ ബലിയും രക്തവുമാണ് നാം സ്വാതന്ത്ര്യം എന്നാഘോഷിക്കുന്നത്. കഴിഞ്ഞു പോയ 79 വർഷങ്ങൾക്ക് നാം വിലയായി നൽകിയത് അതിനും മുമ്പ് കഴിഞ്ഞു പോയ അഞ്ഞൂറു വർഷങ്ങളാണ്. അഞ്ചു നൂറ്റാണ്ടിന്റെ വേദനകൾ. ഈ സ്വതന്ത്ര്യ ദിനത്തിൽ ജ്ഞാതരും അജ്ഞാതരുമായ ആ മനുഷ്യരുടെ ദുരിതങ്ങളേയും ത്യാഗങ്ങളേയും തൊട്ടറിയാനുള്ള ശ്രമമാണ് ഈ പരമ്പര.

എല്ലാ കച്ചവടങ്ങളും ഒരർത്ഥത്തിൽ യുദ്ധമാണ്. ആയുധമില്ലാതെ നടത്തുന്ന ഒരു യുദ്ധം. പണമുണ്ടാക്കാനും ലാഭം കൊയ്യാനും വേണ്ടി നടത്തുന്ന ചോര ചിന്താത്ത യുദ്ധമാണത്. ആയുധവും ചോരയും അതിനോട് ചേരുമ്പോൾ കച്ചവടം രാഷ്ട്രീയ അധികാരമായിത്തീരുന്നു. ഇന്ത്യയിലേക്ക് ആദ്യം വന്ന സായുധരായ പോർച്ചുഗീസുകാർ മുതൽ  അവസാനം വന്ന ഫ്രഞ്ചുകാർ വരെ കച്ചവടവും അധികാരവും ഒരുമിച്ചു കൈയാളിയവരായിരുന്നു. എവിടെ നിന്നൊക്കെയോ വന്നവർ നമ്മുടെ ഉടമകളും യജമാനൻമാരുമായിത്തീർന്നു.

ഗാമയുടെ വരവ്‌

1498 ൽ പോർച്ചുഗീസുകാർ ഇന്ത്യയിലേക്കു വരുന്നതിനു മുമ്പുതന്നെ അറബികളും റോമക്കാരും ഗ്രീക്കുകാരും ഒക്കെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കച്ചവടക്കാരായെത്തിയിരുന്നു. ക്രിസ്തുവിനു മുമ്പ് ഗ്രീക്കു ചക്രവർത്തിയായ അലക്സാണ്ടറും ഇന്ത്യൻ ഭൂപ്രദേശങ്ങൾ ആക്രമിച്ചിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു പോർച്ചുഗീസുകാരനായ വാസ്കോഡ ഗാമയുടെ വരവ്. അയാളൊരു പരുക്കൻ നാവികനായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിന് പുതിയൊരു റൂട്ട് കണ്ടുപിടിക്കുകയായിരുന്നു അയാളുടേയും സംഘത്തിൻ്റെയും ഉദ്ദേശ്യം.

പോർച്ചുഗീസുകാരുടെ വരവിനു മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ അറബികളുടെ കച്ചവടാധിപത്യമായിരുന്നു. അവർ വഴിയാണ് പ്രധാനമായും യൂറോപ്പിൽ സുഗന്ധവ്യഞ്ജനങ്ങൾ എത്തിയിരുന്നത്. ഈ ഇടനിലക്കച്ചവടം സുഗന്ധവ്യഞ്ജനങ്ങളുടെ വില കൂടാൻ കാരണമായിരുന്നു. ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ചരിത്രത്തിൽ സംഭവിച്ചു. ഏഷ്യയിലും യൂറോപ്പിലുമായി ശക്തി പ്രാപിച്ചു വരികയായിരുന്ന ഓട്ടോമൻ സാമ്രാജ്യം (ഉസ്മാനിയ രാജവംശം) പതിനഞ്ചാം നൂറ്റാണ്ടിൽ ബൈസാൻ്റയിൻ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന കോൺസ്റ്റാൻ്റിനോപ്പിൾ പിടിച്ചടക്കി. ഒട്ടാമാൻ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ ഇസ്താംബൂളായി അത് മാറി. ഇന്ന് തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ഇസ്താംബൂൾ. കോൺസ്റ്റാൻ്റിനോപ്പിൾ ഉസ്മാനിയ രാജവംശത്തിൻ്റെ കൈവശമായതോടെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള കരമാർഗ്ഗം അടഞ്ഞു. കുരുമുളകിന് യൂറോപ്പിൽ വൻതോതിൽ ആവശ്യക്കാരുള്ള കാലമായിരുന്നു അത്. ഇന്ത്യയിലേക്ക് ഒരു കടൽമാർഗം കണ്ടെത്താൻ യൂറോപ്യൻമാർ നിർബന്ധിതരായത് അങ്ങനെയാണ്. ഈ ഉദ്യമത്തിൽ ആദ്യം വിജയിച്ചയാളായിരുന്നു വാസ്കോഡ ഗാമ. 1498 മെയ് മാസം  ഇന്ത്യാ ഉപഭൂഖണ്ഡത്തിൻ്റെ തെക്കേയറ്റത്ത് കോഴിക്കോട്ടെ കാപ്പാട് കടൽ പുറത്ത് അയാൾ തൻ്റെ കപ്പലിൻ്റെ നങ്കൂരമുറപ്പിച്ചു. ഇന്ത്യയുടെ ശിരോലിഖിതം മാറ്റിയെഴുതിയ ഒരു പാദസ്പർശമായിരുന്നു ഗാമയുടേത്.

കരക്കടിഞ്ഞ കപ്പലിൽ നിന്ന് ഒരു ചെന്നായ പുറത്തേക്കു വരുന്ന ചിത്രം ഡ്രാക്കുള സിനിമയിലും നോവലുകളിലും നാം കണ്ടിട്ടുണ്ട്. ഒരു ദുർഭൂതം ആ ദേശത്തെ ഗ്രസിച്ചു തുടങ്ങുന്നതു പോലെയാണത്. അറിഞ്ഞോ അറിയാതെയോ കോഴിക്കോടെത്തിയ ഗാമ ഈ ദേശത്തിൻ്റെ ശാപമായിത്തീരുന്നു. 

വാസ്കോഡഗാമ

കോഴിക്കോടു ഭരിച്ചിരുന്ന സാമൂതിരി രാജവിൽ നിന്ന് കച്ചവടം ചെയ്യുന്നതിനുള്ള അവകാശം നേടിയെടുക്കുന്ന ഗാമ ഈ പ്രദേശത്തിൻ്റെ സ്വൈര്യവും സമാധാനവും നശിപ്പിച്ചു കൊണ്ടാണ് തൻ്റെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. കടലിലെ ആധിപത്യത്തിനു വേണ്ടി അവർ അറബികളുമായി യുദ്ധം ചെയ്തു, കലാപങ്ങളുണ്ടാക്കി. തീരപ്രദേശങ്ങളിൽ അവർ കൊള്ളയും ബലാത്സംഗങ്ങളും പതിവാക്കി.  

 
മൂന്നു മാസങ്ങൾക്കു ശേഷം അയാൾ തിരിച്ചു പോകുമ്പോൾ കോഴിക്കോടു നിന്ന് വൻ ലാഭത്തിൽ സ്വന്തമാക്കിയ കുരുമുളകും തീരത്തു നിന്ന് തടവിൽ പിടിച്ച കുറേ മനുഷ്യരും അയാളുടെ കപ്പലിൽ ഉണ്ടായിരുന്നു. ഒപ്പം സാമൂതിരിയുടെ വെറുപ്പും നീരസവും അവർ സ്വന്തമാക്കിയിരുന്നു. അതു കൊണ്ടാവണം രണ്ടാം വരവിൽ അയാൾ ഇരുപത് കപ്പലുകൾ നിറയെ സൈന്യവുമായാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 1502 ൽ രണ്ടാം വട്ടം ഗാമ മലബാർ സന്ദർശിച്ചപ്പോൾ കച്ചവടം മാത്രമായിരുന്നില്ല അയാളുടെ ഉദ്ദേശ്യം. അന്നത്തെ പോർച്ചുഗീസ് രാജാവായിരുന്ന മാനുവൽ ഒന്നാമൻ്റെ നിർദ്ദേശപ്രകാരം അറബ്, മുസ്ലിം കച്ചവടക്കാരുടെ പൂർണ്ണമായ ഉൻമൂലനമായിരുന്നു അയാൾ ലക്ഷ്യം വെച്ചത്. അതിനുള്ള പടക്കോപ്പുകളും സൈനികരുമായിട്ടായിരുന്നു അയാളുടെ വരവ്. രണ്ടാം വരവിൽ ക്രൂരതയുടെ വിളയാട്ടമായിരുന്നു അയാൾ കാഴ്ചവച്ചത്.  മക്കയിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞുവരികയായിരുന്ന മുസ്ലിംകച്ചവടക്കാരുടെ ഒരു കപ്പൽ അവർ തടഞ്ഞുവച്ചു. സമ്പത്തു മുഴുവൻ കൊള്ളയടിച്ചു. ഒടുവിൽ ആ കപ്പലിന് അവർ തീകൊളുത്തി. കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇരുന്നൂറോളം നിരപരാധികൾ കപ്പലിൽ വെന്തുമരിച്ചു. മറ്റേത് യൂറോപ്യൻ അധിനിവേശ ശക്തികളേക്കാളും ക്രൂരത കാണിച്ചത് പോർച്ചുഗീസുകാരായിരുന്നു. 

അറബികളേയും മുസ്ലിംകളേയും ഉൻമൂലനാശം വരുത്തുവാനുള്ള ആജ്ഞ ധിക്കരിച്ചതിന് സാമൂതിരിയുടെ നഗരമായ കോഴിക്കോടിനെ അവർ പീരങ്കികൾ കൊണ്ടാക്രമിച്ചു. ആളുകളെ പിടികൂടി കൈയും കാലും മൂക്കും നാക്കും ചെവിയും ഛേദിച്ച് സാമൂതിരിക്കയച്ചുകൊടുത്തു.  കടലിൽ വ്യാപാരം നടത്താൻ പോർച്ചുഗീസുകാരുടെ അനുമതി വേണമെന്നായി. മാത്രമല്ല സാമൂതിരിയുടെ ശത്രുവായ കൊച്ചി രാജാക്കൻമാരുമായി അവർ കൈകോർത്തു. നാട്ടുരാജാക്കൻമാരെ ഭിന്നിപ്പിച്ച് തമ്മിൽ തല്ലിക്കുന്ന കളി ആരംഭിച്ചത് അവിടെ നിന്നാണ്. കൊച്ചിയിലെ കച്ചവടവും ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് / യൂറോപ്യൻ കോട്ടയുടെ നിർമാണവുമാണ് ഈ കളിയിൽ അവരുടെ ലാഭം. കച്ചവടം രാഷ്ട്രീയാധിനിവേശമാകുന്നത് ഈ കോട്ടയുടെ നിർമ്മാണത്തോടെയാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ പണിത ഈ കോട്ടയ്ക്ക് പോർച്ചുഗീസുകാരുടെ അന്നത്തെ രാജാവായിരുന്ന മാനുവൽ ഒന്നാമൻ്റെ പേരിട്ടു; ഫോർട്ട് മാനുവൽ/ ഇമ്മാനുവൽ കോട്ട. പോർച്ചുഗീസുകാരുടെ ഏഷ്യയിലെ തന്നെ ആദ്യത്തെ കോട്ടയായിരുന്നു അത്. 1505 ൽ കണ്ണൂരിൽ സെയിൻ്റ് ആഞ്ചലോസ് കോട്ട സ്ഥാപിച്ചു. കൊച്ചിയിലും കണ്ണൂരുമായി അവരുടെ കച്ചവടം വികസിച്ചു. ഇതിനിടയിൽ 1503 ൽ വാസ്കോഡ ഗാമ പോർച്ചുഗലിലേക്ക് തിരിച്ചു പോയിരുന്നു. പിന്നീട് 1524 ൽ വൈസ്രോയിയായിട്ടാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. അഴിമതിയും അച്ചടക്ക രാഹിത്യവും കൊണ്ട് പൊറുതിമുട്ടിയ പോർച്ചുഗീസ് ബ്യൂറോക്രസിയെ പുനസ്സംഘടിപ്പിക്കുന്നതിനായിരുന്നു ഈ വരവ്. അധികകാലം കഴിയുന്നതിനു മുമ്പ് കടുത്ത രോഗം ബാധിച്ച് കൊച്ചിയിൽ വച്ചു തന്നെ അദ്ദേഹം അന്തരിച്ചു. 

നാസിർ കെ.സി: എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.
 
bahuswara

Previous Post Next Post