വയലാർ എത്ര മനോഹരമായാണ് ആ ആരാധനയെ വാഴ്ത്തുന്നത്! പ്രണയം സ്ത്രീയെ ഒരു ദേവതയാക്കി മാറ്റുമ്പോൾ, പുരുഷനെ അത് ആത്മാർത്ഥതയുള്ള ഒരു സാധാരണ മനുഷ്യനാക്കുന്നു. പഴയകാല പ്രണയഭാവനകളിൽ മുഴുവൻ സ്ത്രീയെ ഒരു ദേവിയായിട്ടാണ് സങ്കല്പിച്ചിരുന്നത്
പാട്ടോളം 04 | ദേവേശൻ പേരൂർ
![]() |
| ഗാനരംഗം |
"നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി.. നീയെന്നരികില്‍ നിന്നൂ.."
ഇല്ല, ആരും അങ്ങനെ അരികിൽ നിന്നിട്ടൊന്നുമില്ല. പക്ഷേ, ഈ പാട്ടുകേൾക്കുമ്പോൾ ആരോ അരികിൽ നിൽക്കുന്നതുപോലെ, അജ്ഞാതയായ ഒരു കാമുകിയുടെ സാമീപ്യം എപ്പോഴും അനുഭവിച്ചിരുന്നു. അവളുടെ തുടുത്ത ഒരു ചിത്രം ഉള്ളിൽ വിടരും. "തുടുതുടെയൊരു ചെറു കവിത വിടർന്നു തുഷ്ടി തുടിക്കും മമഹൃത്തിൽ / ചൊകചൊകയൊരു ചെറുകവിത വിടർന്നു ചോര തുളുമ്പിയ മമ ഹൃത്തിൽ" എന്ന് ചങ്ങമ്പുഴ പാടിയ പോലൊരു അനുഭൂതി സമ്മാനിച്ച ഗാനമാണ് 'വചനം' എന്ന സിനിമയിലെ ഈ ഗാനം.
Read More: മധുരം ജീവാമൃതബിന്ദു
എണ്‍പതുകളുടെ അവസാനത്തിലോ തൊണ്ണൂറുകളുടെ ആദിയിലോ ആണത് എന്നു തോന്നുന്നു. ആ സിനിമ കണ്ടതിൽപിന്നെ, ആ അജ്ഞാത കാമുകിയെക്കുറിച്ചുള്ള ശോണ ചിത്രങ്ങൾ എന്നെ വിടാതെ പിൻതുടർന്നു. ഞാനാ പാട്ടിൻ്റെ വഴിയേ പോയി, ഇല്ലാത്ത പ്രേമത്തിൻ്റെ മധുനുകർന്നു. കാണാത്ത കാമുകിയെ നേരില്‍ കണ്ടു. ഭാവന നിർമ്മിക്കുന്ന യാഥാർത്ഥ്യത്തെക്കുറിച്ചൊന്നും അന്ന് ഓർക്കുകയുണ്ടായില്ല. പക്ഷേ, ആ ഭാവനയുടെ യാഥാർത്ഥ്യത്തിൽ മാത്രം പുലർന്നവനായിരുന്നു ഞാനന്ന്. എൻ്റെ ആദ്യ കാമുകി ഒ.എൻ.വി.യുടെ ഈ വരികൾ നിർമ്മിച്ച അജ്ഞാത കാമുകിയായിരുന്നു.
പ്രേമകാമനകൾകൊണ്ടു മൂടിയ ഒരു വിരഹോന്മാദിയെപ്പോലെ ആ പാട്ടുകേട്ടു ഞാൻ നടന്നു. ആ പാട്ടുകേട്ട് ഞാൻ അനുരാഗം നുകർന്നു. ആ പാട്ടുകേൾക്കുമ്പോഴൊക്കെ മനസ്സിൽ ഒരു സംശയം കടന്നുവരുമായിരുന്നു; ഇത് 'നീൾമിഴിപ്പീലി'യാണോ അതോ 'നീർമിഴിപ്പീലി'യാണോ എന്ന്. രണ്ടും മാറി മാറി ഞാൻ ചൊല്ലി നോക്കുമായിരുന്നു. നീൾമിഴിപ്പീലിയായാലും നീർമിഴിപ്പീലിയായാലും എൻ്റെ പ്രേമഭാവനകൾക്ക് അത് ഒരിക്കലും ഭംഗം വരുത്തിയില്ല.
Read More: മംഗളം നേരുന്നു ഞാൻ
ഏതു വരിയിലും ഞാൻ ആ പ്രണയബിംബത്തെയുണർത്തി. മറ്റൊന്നുമെനിക്കറിയേണ്ടിയിരുന്നില്ല; ആ കൺകോണിൽ അപ്രത്യക്ഷമായിപ്പോയ ഒരു മൗനാനുരാഗത്തെക്കുറിച്ച് മാത്രം ഞാൻ അറിഞ്ഞു. അവളറിയാതെ ഏകാന്തമായി പ്രേമിച്ച് നടന്ന കാലത്തിൻ്റെ മായാത്ത ചിത്രം മാത്രം എൻ്റെയുള്ളിൽ തെളിഞ്ഞുകൊണ്ടിരുന്നു.കാമുകി അറിയാതെ ഏകാത്മകമായി, ധ്യാനാത്മകമായി പ്രേമിച്ചു മറയുന്ന കാമുകൻമാരെ പല സിനിമാപാട്ടുകളിലും ജീവിതത്തിലും ഞാൻ കണ്ടിട്ടുണ്ട്. അവരിലൊരാളായി മാറുകയായിരുന്നു ഞാനും.
അജ്ഞാതഗായകാ അരികില്‍ വരൂ / അരികില്‍ വരൂ / ആരാധധികയുടെ അരികില്‍ വരൂ / അജ്ഞാത ഗായകാ... (പി. സുശീല - ചിത്രം: ഹോട്ടൽ ഹൈറേഞ്ച്).
ഇവിടെയുള്ള അജ്ഞാത ഗായകൻ യഥാർത്ഥത്തിൽ ഒരു അജ്ഞാത കാമുകൻ തന്നെയാണ്. ഒരുപക്ഷേ, യഥാർത്ഥ കാമുകരെക്കാൾ എത്രയോ നല്ലത് ഇത്തരം അജ്ഞാത കാമുകരാണ്. യാതൊരുവിധ ബുദ്ധിമുട്ടുകളും വാഗ്വാദങ്ങളുമില്ല. സുഖമായി മനസ്സിൽ കൊണ്ടുനടക്കാം, ആവോളം ആസ്വദിക്കാം.
ഒരു തരത്തിൽ കാമുകിയുടെ പുണ്യാശ്രമത്തിൽ ഭക്തിയോടെ ഭജനം നടത്തുന്ന ആരാധകർ തന്നെയാണ് എല്ലാ കാമുകൻമാരും. "സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ / സന്ധ്യാപുഷ്‌പവുമായ് വന്നു / ആരും തുറക്കാത്ത പൂമുഖവാതിലിൽ / അന്യനെപ്പോലെ ഞാൻ നിന്നു"
വയലാർ എത്ര മനോഹരമായാണ് ആ ആരാധനയെ വാഴ്ത്തുന്നത്! പ്രണയം സ്ത്രീയെ ഒരു ദേവതയാക്കി മാറ്റുമ്പോൾ, പുരുഷനെ അത് ആത്മാർത്ഥതയുള്ള ഒരു സാധാരണ മനുഷ്യനാക്കുന്നു. പഴയകാല പ്രണയഭാവനകളിൽ മുഴുവൻ സ്ത്രീയെ ഒരു ദേവിയായിട്ടാണ് സങ്കല്പിച്ചിരുന്നത്.
"ദേവീ ശ്രീദേവി / തേടി വരുന്നൂ ഞാൻ" (കാവ്യമേള ) "ദേവീ നിൻ രൂപം / ശിശിരമാസക്കുളിർ നിലാവിൽ"(ഒരു തിര പിന്നെയും തിര) "ദേവീ...../ ആത്മരാഗമേകാൻ കന്യാവനിയിൽ( ഞാൻ ഗന്ധർവൻ)" "ദേവീ എന്നും നീയെൻ സ്വന്തം."( സമ്മാനം)
![]() |
| വയലാറും ദേവരാജനും |
എന്തിന് പ്രണയനികളെ ഇങ്ങനെ ദേവതയാക്കുന്നു എന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ തോന്നിയിട്ടുണ്ട്. അങ്ങനെ ആലോചനയിൽ വീണ നേരത്ത് എന്നിൽ അറിയാതെ ഊറിയ ചില വരികൾ ഇങ്ങനെയായിരുന്നു."ദേവി എന്നു വിളിക്കില്ല നിന്നെ ഞാൻ /ദേവനെന്നു വിളിക്കരുതെന്നെയും /കോവിലിൽ പ്രതിഷ്ഠിക്കില്ല നിന്നെ ഞാൻ / ഗോപാലക നാക്കരുതിന്നെന്നെയും" പ്രണയം നിർമ്മിക്കുന്ന അതികാല്പനികതയെ ഇങ്ങനെ വിചാരണ ചെയ്തുപോന്നു.
പ്രണയം മാംസനിബദ്ധമല്ലെന്ന കാവ്യദർശനം ആഴത്തിൽ പഠിച്ചവരായിരുന്നില്ലെങ്കിൽ പോലും, പ്രണയത്തെ ഏറ്റവും പരിപാവനമായി സമീപിക്കുന്നവരായിരുന്നു പഴയതലമുറയിലെ കാമുകർ. അക്കാലത്ത് ഏതൊരു പുരുഷനും തൻ്റെ കൗമാരത്തിലും യൗവനത്തിലും ഇത്രതീവ്രമായ പ്രേമാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും.
More Read: ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും
പുരുഷൻ പ്രണയത്തിൽ മാംസാനുരാഗിയാണെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ, യാഥാർത്ഥ്യം അതല്ല. പുരുഷൻ്റെ അനുരാഗഭാവന തീർത്തും മാംസമുക്തമാണ്. പ്രണയത്തിൽ അങ്ങേയറ്റത്തെ ആരാധനയോടെ മാത്രമേ പുരുഷൻ നിലകൊള്ളൂ. താൻ തീവ്രമായി സ്നേഹിക്കുന്ന കാമുകിയെ ഒന്നു നോവിക്കാൻ പോലും ഒരിക്കലും ഒരു കാമുകന് കഴിയുകയില്ല. അവൻ അവളുടെ അംഗങ്ങളുടെ സൗന്ദര്യത്തിലും അതിൻ്റെ ആസ്വാദ്യതയിലും ലാളനയിലും തികഞ്ഞ ആമഗ്നനായിട്ടായിരിക്കും നിലകൊള്ളുക. ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയധികം അംഗോപാംഗ വർണനകൾ വരുന്നത്, പുരുഷൻ്റെ അനുരാഗ ഭാവനയിൽ സ്ത്രീ എത്രത്തോളം ആഴത്തിൽ നിറയുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ്.
നമ്മുടെ ചിന്തകളെയും ഓർമ്മകളെയും വീണ്ടും ആ നീൾമിഴിപ്പീലിയിലേയ്ക്ക് തന്നെ കൊണ്ടുപോകാം. ആ സിനിമയിലെ രംഗങ്ങൾ ഇന്നത്ര വ്യക്തമായി ഓർമ്മയില്ലെങ്കിലും, ആ പാട്ട് മനസ്സിൽ ഉണർത്തിവിടുന്ന ഒരു പ്രത്യേക ചിത്രമുണ്ട്. ചുവന്ന ബ്ലൗസും മഞ്ഞപ്പാവാടയും അണിഞ്ഞ്, കരിമഷികൊണ്ട് മനോഹരമായി നീൾമിഴിയെഴുതിയ ഒരു ഗ്രാമീണ പെൺകുട്ടി. പാട്ടിൻ്റെ വരികളിൽ അതിൻ്റെ സൂചനകൾ ഒന്നുംതന്നെ ഇല്ലെങ്കിലും, ആ പാട്ട് എൻ്റെ ഉള്ളിൽ നിർമ്മിച്ചെടുത്ത കാമുകിയുടെ രൂപം അങ്ങനെയായിരുന്നു. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ആ മഞ്ഞപ്പാവാടക്കാരി എൻ്റെ കൺമുന്നിൽ ഒരു നിഴൽപോലെ വന്നുപോകുന്നുണ്ട്.
ദേവേശൻ പേരൂർ ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ

