ബി ജെ പി അനുകൂല കുടുംബം, സൈനികനായ അച്ഛൻ

ഒരു കുട്ടിയെ വളർത്തുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതിനേക്കാൾ, എന്റെ മാതാപിതാക്കളുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത് എന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയും. ഉത്തരേന്ത്യയിലെ മറ്റ് പല ഇടത്തരം കുടുംബങ്ങളെയും പോലെ ബി.ജെ.പിയെ ശക്തമായി പിന്തുണയ്ക്കുന്ന ഒന്നാണ് എന്റെയും വീട്. അച്ഛൻ സൈന്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ 'ദേശഭക്തി' വലിയൊരു കാര്യമായിരുന്നു; അന്ധമായ ദേശീയതയും രാജ്യസ്നേഹവും ഒന്നുതന്നെയാണെന്നായിരുന്നു ഞങ്ങളുടെ വീട്ടിലെ പൊതുബോധം.

   അനുഭവം    | നേഹ ബോറ

എന്നാൽ ഈ കാഴ്ചപ്പാടുകൾക്കപ്പുറം, മാതാപിതാക്കൾ കുട്ടികളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന് എന്റെ ജീവിതത്തിൽ നിന്നൊരു അനുഭവമുണ്ട്. മാതാപിതാക്കളെ സർവ്വസ്വമായി കാണുന്ന പ്രായത്തിൽ അവർ പറയുന്നത് എന്തും കുട്ടികൾക്ക് അന്തിമ സത്യമാണ്. ആ ഘട്ടത്തിൽ മാതാപിതാക്കളുടെ വാക്കുകൾക്കും നിലപാടുകൾക്കും വലിയ പ്രാധാന്യമുണ്ട്.

എന്റെ അച്ഛൻ ഒരു ആർമി ഓഫീസർ ആയിരുന്നു. സൈന്യത്തിൽ ഉയർന്ന റാങ്കിലുള്ള ഓഫീസർമാരും മറ്റ് തസ്തികയിലുള്ള ജീവനക്കാരും (Other Ranks) തമ്മിൽ വലിയൊരു വേർതിരിവും അസമത്വവും വ്യവസ്ഥാപിതമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഓഫീസർമാരുടെ ക്വാർട്ടേഴ്സുകൾ വേറെയാണ്, മറ്റുള്ളവരുടേത് വേറെ. സ്വിമ്മിംഗ് പൂളിന്റെ സമയക്രമം പോലും വെവ്വേറെയാണ്. ഏത് സമയം മുതൽ ഏത് സമയം വരെ ഓഫീസറുടെ കുടുംബത്തിന് ഉപയോഗിക്കാം, മറ്റ് ജീവനക്കാരുടെ കുടുംബത്തിന് എപ്പോൾ ഉപയോഗിക്കാം എന്നതിലൊക്കെ കൃത്യമായ വേർതിരിവുണ്ട്. പാർപ്പിട സമുച്ചയങ്ങൾ, കാന്റീനിൽ സാധനങ്ങൾ വാങ്ങി ബില്ലടിക്കുന്ന വരികൾ എന്നിവയെല്ലാം വെവ്വേറെയാണ്.

ഇത് സൈന്യത്തിന്റെ സ്വാഭാവികമായ ഒരു രീതിയായി മാറിയിരിക്കുന്നതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാറില്ല. ആശുപത്രികളിൽ പോയാൽ പോലും, മറ്റുള്ളവരുടെ വരി എത്ര നീളമുള്ളതാണെങ്കിലും ഒരു ഓഫീസർക്കോ അവരുടെ കുടുംബാംഗത്തിനോ നേരിട്ട് കടന്നുചെന്ന് ഡോക്ടറെ കാണാൻ കഴിയും. എന്നാൽ, ചെറുപ്പം മുതലേ എന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നത് ഈ വേർതിരിവിനോട് തനിക്ക് യോജിപ്പില്ല എന്നായിരുന്നു. എന്റെ കൂട്ടുകാരാരും ഇതൊരു പ്രശ്നമായി കണ്ടിരുന്നതേയില്ല. അച്ഛൻ ഈ വ്യവസ്ഥയ്ക്കെതിരെ നേരിട്ട് പ്രവർത്തിക്കുകയോ ആശുപത്രിയിൽ ചെന്ന് മറ്റുള്ളവർക്ക് അവസരം നൽകുകയോ ഒന്നും ചെയ്തിരുന്നില്ലെങ്കിലും, തനിക്ക് ഇതിനോട് വിയോജിപ്പുണ്ട് എന്ന് നിരന്തരം പറയുമായിരുന്നു.

സൈന്യത്തിൽ റാങ്കിന് വലിയ പ്രാധാന്യമുണ്ട്. എങ്കിലും സ്വന്തം കമാൻഡിംഗ് ഓഫീസറോ ഉയർന്ന ഉദ്യോഗസ്ഥരോ ആണെങ്കിൽ പോലും, അവർ പറയുന്നത് തെറ്റാണെങ്കിൽ അതിനെതിരെ നിലപാടെടുക്കേണ്ടത് പ്രധാനമാണെന്ന് അച്ഛൻ പലപ്പോഴും പറയുമായിരുന്നു. സ്വന്തം മേലുദ്യോഗസ്ഥരെ ഭയപ്പെടുന്നില്ലെന്നും, ഈ വേർതിരിവിൽ വിശ്വസിക്കാത്തതുകൊണ്ട് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെന്നും സ്വയം ബോധ്യപ്പെടുത്താൻ അച്ഛൻ പറഞ്ഞ കാര്യങ്ങളായിരുന്നു അവ. എന്നാൽ അതിലൂടെ അച്ഛൻ ഉദ്ദേശിക്കാത്ത മറ്റൊരു വലിയ പാഠമാണ് ഞാൻ പഠിച്ചെടുത്തത്‌; അധികാരത്തിനെതിരെ ശബ്ദമുയർത്തണം എന്ന പാഠം.


Read More: ദേശീയ വിദ്യാഭ്യാസ നയം നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുക?

ഒരാൾ ശക്തനായതുകൊണ്ടോ, നമ്മൾ വരുന്നതിന് മുൻപേ തന്നെ അങ്ങനെയൊരു വ്യവസ്ഥ നിലനിന്നിരുന്നു എന്നതുകൊണ്ടോ, കാര്യങ്ങൾ അങ്ങനെ തുടർന്നുപോന്നു എന്നതുകൊണ്ടോ അതിനെ ചോദ്യം ചെയ്യാതിരിക്കരുത്. ഒരു കാര്യം കാലങ്ങളായി നടക്കുന്നു എന്നത് അത് ശരിയാണെന്നതിന് തെളിവല്ല. അച്ഛന്റെ നിർഭാഗ്യവശാൽ ഞാൻ അദ്ദേഹത്തിൽ നിന്നും പഠിച്ച പാഠമിതാണ്. റാങ്കിന്റെയോ പദവിയുടെയോ പേരിലുള്ള വിവേചനങ്ങളായാലും, ക്യാമ്പസുകളിൽ റിസർച്ച് വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളും വെവ്വേറെ ഭക്ഷണം കഴിക്കുന്നതായാലും, ജാതിയുടെ പേരിൽ മാറിയിരിക്കുന്നതായാലും, ക്ലാസ് മുറികളിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മിണ്ടാതെ സംഘം തിരിയുന്നതായാലും-ഇത്തരം വേർതിരിവുകൾ ഉണ്ടാകാൻ പാടില്ലെന്ന ബോധം എനിക്കുണ്ടായത് അച്ഛനിൽ നിന്നാണ്. ഇന്ന് ഒരുപക്ഷേ അദ്ദേഹം എന്റെ നിലപാടുകളോട് വിയോജിച്ചേക്കാം; ഇന്ന് അദ്ദേഹം സംവരണത്തെയോ ക്യാമ്പസുകളിലെ വിവേചന വിരുദ്ധ നടപടികളെയോ എതിർക്കുന്നവരുടെ കൂടെ നിന്നേക്കാം. എങ്കിലും വ്യവസ്ഥാപിത അസമത്വങ്ങൾക്കെതിരെ തുല്യമായ ഇടങ്ങൾക്ക് വേണ്ടി വാദിക്കണമെന്ന എന്റെ അടിസ്ഥാന ബോധം രൂപപ്പെട്ടത് എന്റെ അച്ഛനിൽ നിന്നാണ്.

എന്റെ അമ്മയും എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അരുന്ധതി റോയ് പറഞ്ഞതുപോലെ, പല പ്രശ്നങ്ങൾക്കും വിയോജിപ്പുകൾക്കും കാരണമാകുന്ന അതേ അമ്മ തന്നെയാണ് യഥാർത്ഥത്തിൽ പോരാട്ടം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നത്. പുരുഷാധിപത്യ ഘടനയുള്ള ഒരു കുടുംബത്തിൽ, എന്നെയും സഹോദരനെയും പഠിപ്പിക്കാൻ അമ്മ വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഭാവനയ്ക്കും സർഗ്ഗാത്മകതയ്ക്കും സ്ഥാനമുണ്ടെന്ന് അമ്മ എന്നെ മനസ്സിലാക്കിപ്പിച്ചു. എത്ര വലിയ സമ്മർദ്ദങ്ങൾക്കിടയിലും സൗന്ദര്യത്തെ കണ്ടെത്താനും, അങ്ങനെ കണ്ടെത്താനുള്ള കഴിവിനെ സ്വയം അഭിനന്ദിക്കാനും സാധിക്കുമെന്ന് അമ്മയിൽ നിന്നാണ് ഞാൻ പഠിച്ചത്. നിശബ്ദമായ ചെറുത്തുനിൽപ്പുകൾ (Silent rebellion) എങ്ങനെ സാധ്യമാക്കാം എന്ന് അമ്മ എന്നെ പഠിപ്പിച്ചു.

ഞാൻ തിയേറ്റർ പഠിക്കുന്ന ആളാണ്. സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സർവ്വ ആയുധബലവും ഭരണകൂട സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥയും കൈവശമുള്ള, നമ്മളോട് എന്തുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒരു ഭരണകൂടത്തിന് മുന്നിൽ എങ്ങനെയാണ് പ്രതിരോധം തീർക്കേണ്ടത് എന്ന് ഞങ്ങൾ നിരന്തരം ചിന്തിക്കാറുണ്ട്. കശ്മീരിലെ ജനങ്ങൾ അനുഭവിച്ച അക്രമങ്ങളെക്കുറിച്ചോ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഫ്സ്പയുടെ (AFSPA) പ്രത്യാഘാതങ്ങളെക്കുറിച്ചോ, നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചോ, ആഭ്യന്തര ജാതി സംഘർഷങ്ങളെക്കുറിച്ചോ, മുൻകാലങ്ങളിൽ വർഗീയ വിദ്വേഷത്തിനെതിരെ നാം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചോ ഉള്ള ചരിത്രങ്ങളെല്ലാം മായ്ച്ചുകളയപ്പെടുകയാണ്.

ഓർമ്മകളെ മായ്ച്ചുകളയുന്ന ഇത്തരം അധികാര ശക്തികൾക്കെതിരെ ഹാസ്യത്തിലൂടെയും, സംഭാഷണങ്ങളിലൂടെയും, കഥകളിലൂടെയുമാണ് പോരാടേണ്ടതെന്ന് തിയേറ്റർ എന്നെ പഠിപ്പിച്ചു. എന്നാൽ തിയേറ്ററിനും മുൻപേ, ഒരു വ്യവസ്ഥയെ നേരിട്ട് ചോദ്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ നിശബ്ദമായി എങ്ങനെ അതിനെ പരിശോധിക്കാമെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ്. അതുകൊണ്ട് മാതാപിതാക്കൾ ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും, സ്വന്തം മക്കളെ സ്വതന്ത്രരായ മനുഷ്യരായി കാണാൻ കഴിയണം. അവർ ജീവിക്കുന്നത് തങ്ങളോടും ചുറ്റുമുള്ള ലോകത്തോടും ആത്മബന്ധവും സംതൃപ്തിയുമുള്ള മനോഹരമായ ഒരു ജീവിതമായിരിക്കണം.

എന്റെ അനിയൻ എന്നെ പഠിപ്പിച്ച കാര്യങ്ങൾക്ക് അതിരുകളില്ല. ഡൗൺ സിൻഡ്രോം ബാധിതനായ അവൻ എന്നെക്കാൾ ഇളയതാണ്. എനിക്കറിയാവുന്ന, ഞാൻ വിശ്വസിക്കുന്ന നല്ല കാര്യങ്ങളിൽ ഭൂരിഭാഗവും എന്നെ പഠിപ്പിച്ചത് അവനാണ്. ഈ ലോകത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നതിന്റെ ആദ്യ സൂചന നൽകിയത് അവനാണ്. ശാരീരികമോ ബുദ്ധിപരമോ ആയ വെല്ലുവിളികൾ നേരിടുന്ന മനുഷ്യർക്ക്, ഏറ്റവും പുരോഗമനപരമെന്ന് പറയപ്പെടുന്ന ഇടങ്ങളിലെ പൊതുചർച്ചകളിൽ പോലും ഒരു സ്ഥാനവുമില്ല. ഭിന്നശേഷിക്കാരായ മനുഷ്യർക്കും ഔപചാരിക വിദ്യാഭ്യാസത്തിൽ തുല്യ സ്ഥാനമുണ്ടെന്നും, വിദ്യാഭ്യാസം എന്നാൽ പൂർണ്ണ ആരോഗ്യവാന്മാരായവർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നുമുള്ള ചിന്തകൾ പുരോഗമന ചർച്ചകളിൽ പോലും ഇനിയും പൂർണ്ണമായി ഇടംപിടിച്ചിട്ടില്ല. സമൂഹം അതൊരു ചർച്ചയാക്കേണ്ട വിഷയമാണെന്ന് പോലും ചിന്തിക്കാത്തതാണ് ഇതിന് കാരണം.

ലോകം എത്ര ക്രൂരമായാലും അതിനെ പൂർണ്ണമായ ഉൾക്കരുത്തോടും ചിരിയോടെയും നേരിടാമെന്ന് അനിയൻ എന്നെ പഠിപ്പിച്ചു. നമ്മൾ എങ്ങനെയുള്ള മനുഷ്യരായി വളരുന്നു എന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ട്. പിൽക്കാലത്ത് മാതാപിതാക്കൾ വിദ്വേഷത്തിന്റെയോ അക്രമത്തിന്റെയോ പക്ഷം ചേർന്നാൽ പോലും, അവർ നമ്മളെ എങ്ങനെ വളർത്തി എന്നതും, ആ അനുഭവങ്ങളിൽ നിന്ന് നമ്മൾ എന്തൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടു എന്നതുമാണ് നമ്മുടെ വ്യക്തിത്വത്തെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത്.

(ദേശീയ മാനവിക വേദിയും Wakeup Kerala യും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

bahuswara

Previous Post Next Post