ഈയടുത്ത കാലത്തായി നബിദിനങ്ങളുടെ പേരിൽ ചില പരിഹാസ്യ പരിപാടികൾ കൂടി അരങ്ങേറി വരുന്നുണ്ട്. സൈനിക വേഷമിട്ട് യൂണിഫോം പരേഡുകളുടെ വികലമായ അനുകരണം നടത്തിക്കൊണ്ട്, കോമിക് ഷോകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുതിർന്നവർ നടത്തുന്ന ചില പ്രകടനങ്ങളെക്കുറിച്ചാണ് പറയുന്നത്. മുൻ വർഷങ്ങളിൽ ചിലയിടങ്ങളിൽ വെറും കോമഡികളായി മാത്രം കണ്ടിരുന്ന ഇത്തരം പരിപാടികൾ കൂടുതൽ സ്ഥലങ്ങളിൽ വ്യാപകമാവുകയാണ്.
സമൂഹം | എം എസ് ഷൈജു
ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തവണയും നബിദിനം ഗംഭീരമായി ആഘോഷിച്ചു. സലഫി, ഇസ്ലാമിസ്റ്റ് ധാരകളിൽ പെട്ട ഇസ്ലാം മത വിശ്വാസികൾ എപ്പോഴത്തെയും പോലെ ആഘോഷങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തു. നബിദിനം ആഘോഷിക്കണോ വേണ്ടയോ എന്നത് മതത്തിനുള്ളിലെ ഒരാഭ്യന്തര തർക്കമാണെങ്കിലും പൊതു സമൂഹം നബി ദിനത്തെ മുസ്ലിംകളുടെ ആഘോഷങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. അത് കൊണ്ടുതന്നെ നബിദിനാഘോഷങ്ങളോട് ജാതി, മത ഭേദമന്യേയുള്ള ജനങ്ങൾ എക്കാലത്തും സഹകരണം പുലർത്തിയിട്ടുണ്ട്. ആഘോഷങ്ങളിൽ കാലികമായുണ്ടാകുന്ന മാറ്റങ്ങൾ മറ്റെല്ലാ ആഘോഷങ്ങളിലുമെന്ന പോലെ നബിദിനത്തിലും പ്രകടമാണ്. ആഘോഷത്തിൻ്റെ പൊലിമയും രീതികളുമൊക്കെ ഏറെ മാറിയിട്ടുണ്ട്. ആഘോഷങ്ങളിൽ സ്ത്രീ സാന്നിധ്യം തീരെയില്ലെങ്കിലും ദഫ് മുട്ട്, കോൽക്കളി തുടങ്ങിയ പാരമ്പര്യ കലകളും നബിദിനാഘോഷത്തിൻ്റെ ഭാഗമായി കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
ഈയടുത്ത കാലത്തായി നബിദിനങ്ങളുടെ പേരിൽ ചില പരിഹാസ്യ പരിപാടികൾ കൂടി അരങ്ങേറി വരുന്നുണ്ട്. സൈനിക വേഷമിട്ട് യൂണിഫോം പരേഡുകളുടെ വികലമായ അനുകരണം നടത്തിക്കൊണ്ട്, കോമിക് ഷോകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുതിർന്നവർ നടത്തുന്ന ചില പ്രകടനങ്ങളെക്കുറിച്ചാണ് പറയുന്നത്.
മുൻ വർഷങ്ങളിൽ ചിലയിടങ്ങളിൽ വെറും കോമഡികളായി മാത്രം കണ്ടിരുന്ന ഇത്തരം പരിപാടികൾ കൂടുതൽ സ്ഥലങ്ങളിൽ വ്യാപകമാവുകയാണ്. കേരളത്തിലെ, പ്രത്യേകിച്ചും വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ചില മഹല്ലുകളുടെയും മദ്രസകളുടെയും കീഴിലുള്ള നബിദിന റാലികളിലാണ് ഇത്തരം മാർച്ചുകൾ കൂടുതലായി കണ്ടിട്ടുള്ളത്. ഉദാഹരണത്തിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, പരപ്പ തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള യൂണിഫോം ധരിച്ചുള്ള യുവാക്കളുടെ പരേഡുകൾ അടുത്തകാലത്തുള്ള ആഘോഷങ്ങളിലും വ്യാപകമാകുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റാലികളിൽ കുട്ടികൾക്ക് കൃത്യമായ ഒരു അനുസരണവും ചിട്ടയും വരുത്തുന്നതിന്റെ ഭാഗമായി കൗതുകത്തിന് വേണ്ടി നടത്തുന്ന പരിപാടികൾ മാത്രമാണിതെന്നാണ് സംഘാടകർ അവകാശപ്പെടുന്നതെങ്കിലും കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് മതാചാരത്തിൻ്റെ ഭാഗമായി നടത്തുന്ന സൈനിക സമാനമായ പ്രകടനങ്ങൾ ആശാസ്യമാണോ എന്ന് ഇതിനൊക്കെ നേതൃത്വം നൽകുന്നവർ ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
ഒരു ചിട്ടയും ക്രമവുമില്ലാതെ കൂത്താട്ടങ്ങൾ പോലെ പോലെ നടക്കുന്ന ഇത്തരം പരേഡുകളിൽ മഹാഭൂരിപക്ഷവും ഒന്നാന്തരം കോമഡികളാണ്. സൈന്യത്തിൻ്റെ വേഷവും സൺഗ്ലാസുകളും കൃത്രിമമായ ആയുധങ്ങളുമൊക്കെ കൈയിൽ വെച്ചാണ് പല പരേഡുകളും നടക്കുന്നത്. ബോധവും വിവരവുമുള്ള മനുഷ്യർ ഇതിനെയൊക്കെ എങ്ങനെയാകും കാണുന്നതെന്ന യാതൊരാലോചനയും അവർ നടത്തിയിട്ടുണ്ടാകില്ല. തങ്ങൾ നടത്തുന്നത് ഒരാഘോഷത്തെയും അതിൻ്റെ പ്രാധാന്യത്തെയും ആക്ഷേപിക്കുന്ന നിലയിലുള്ളതാണെന്ന് ഇത് നടത്തുന്നവർ മനസിലാക്കുകയോ കാണുന്നവർ പറഞ്ഞ് വിശദീകരിച്ചു കൊടുക്കുകയോ ചെയ്യുന്നില്ല എന്നത് സങ്കടകരമാണ്. അങ്കണവാടികളിലും പ്രീ പ്രൈമറികളിലും നടക്കുന്ന വേഷ പ്രച്ഛന്ന മത്സരത്തിൻ്റെ നിലവാരത്തിൽ നടത്തുന്ന സൈനിക വേഷം കെട്ടലുകൾ കേരളത്തിൻ്റെ മുസ്ലിം സമുദായത്തിൻ്റെ അന്തസിനെയാണ് പരിഹാസ്യമാക്കുന്നത്.
ഒരു കോമഡി പീസ് എന്ന നിലയിൽ മാത്രമല്ല ഇത്തരം പ്രകടനങ്ങളെ നോക്കിക്കാണേണ്ടത്. കുട്ടികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിൽ എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്ന ഗൗരവകരമായ ചർച്ചകൾക്ക് കൂടി വഴി വെക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ വോളണ്ടിയർമാരും സന്നദ്ധ സേനകളുമൊക്കെ നിശ്ചിത യൂണിഫോമുകൾ ധരിച്ച് പരേഡ് നടത്താറുണ്ട്. അതിനെല്ലാം ചില ക്രമീകൃത രീതികളും സംവിധാനങ്ങളുണ്ട്. പക്ഷേ അതുമായൊന്നും താരതമ്യപ്പെടുത്താവുന്നതല്ല നബിദിനത്തിൽ മദ്രസകളുടെയോ പ്രാദേശിക സംഘങ്ങളുടെയോ ആഭിമുഖ്യത്തിൽ വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ നടത്തുന്ന ഇത്തരം പരേഡുകൾ. ജനാധിപത്യ സമൂഹങ്ങളിലെ പൊതു ഇടങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. എല്ലാത്തരം മനുഷ്യരും ചേർന്ന് ആഘോഷിക്കേണ്ടതാണ് നബിദിനം പോലെയുള്ള മതാഘോഷങ്ങൾ. ഇത്തരം മതാഘോഷങ്ങളിൽ സൈനിക ചിഹ്നങ്ങളും കായികമായ പരിപാടികളും വേഷങ്ങളും ഉപയോഗിക്കുന്നത് പൊതു ഇടങ്ങളുടെ സ്വഭാവത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആധിപത്യ പ്രകടനമായി തെറ്റിദ്ധരിക്കാനോ ചുരുക്കാനോ ഇടയാക്കും. ഇത് കേരളത്തിലെ മുസ്ലിം പാരമ്പര്യത്തിൻ്റെ ശൈലിയല്ലെന്നും ആർ എസ് എസ് പോലെയുള്ള തീവ്ര സംഘടനകളുടെ ശൈലിയാണെന്നും ഇത്തരക്കാർക്ക് പറഞ്ഞ് കൊടുക്കേണ്ടവർ നിശബ്ദത പാലിക്കുന്നതാണ് ഇത്തരം പ്രവണതകൾ വ്യാപകമാകുന്നതിന് കാരണമാകുന്നത്.
ഇത്തരം പ്രകടനങ്ങൾ യഥാർത്ഥത്തിൽ നിരുപദ്രവകരമായ ഉദ്ദേശങ്ങളോടെ നടത്തപ്പെടുന്നതാണെങ്കിലും കേവലം ആഹ്ലാദപ്രകടനങ്ങൾ എന്നതിലുപരി ഒരു ശക്തിപ്രകടനമായി പരിണമിക്കാൻ സാധ്യതയുള്ള ചില തുടക്കങ്ങളാണിവ. പള്ളികൾക്കോ മദ്രസകൾക്കോ നിയന്ത്രണങ്ങളില്ലാത്ത വിധം വളർന്ന് വരുന്ന ഇത്തരം പ്രകടനങ്ങൾ ശക്തിപ്പെട്ടാൽ അതൊരു ഹരമായി ഏറ്റെടുക്കാൻ ആളുകളുണ്ടാകും. പിന്നീട് അതിനെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകുകയും ചെയ്യും. ഒരു ബഹുമത സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ പരസ്പരവിശ്വാസം കുറയ്ക്കാനും മാനസിക അകലം വർദ്ധിപ്പിക്കാനും അതൊക്കെ കാരണമാകും. കൗതുകത്തിൻ്റെയും അച്ചടക്കത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഈ പരേഡുകളിൽ ചിലത് ഇപ്പോൾ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ളതാണ്.
നബിദിനം എന്നത് കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബിയുടെ ജനനദിനമാണ്. എന്നാൽ ആഘോഷങ്ങൾ ഇത്തരം സൈനികവൽക്കരിക്കപ്പെട്ട വിപ്ലവ ധ്വനിയിലേക്ക് വഴിമാറുമ്പോൾ, ആഘോഷത്തിന്റെ യഥാർത്ഥ ആത്മീയ സന്ദേശം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
മുഹമ്മദ് നബി നടത്തിയ യഥാർത്ഥ വിപ്ലവമെന്നത് അടിച്ചമർത്തലുകൾക്കെതിരെയുള്ള മാനവികമായ മുന്നേറ്റമാണ് എന്ന് പ്രഖ്യാപിക്കുന്നവർ ഇത്തരം പ്രവണതകളെ മുളയിലെ നുള്ളുക തന്നെ വേണം. മതപരമായ ആഘോഷങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും, അവ പൊതുസമൂഹത്തിന്റെ ക്രമാനുസൃതമായ സമാധാന അന്തരീക്ഷത്തെ ബാധിക്കാത്ത വിധത്തിലായിരിക്കണം. ജനാധിപത്യത്തിന്റെ സൗന്ദര്യം പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലുമാണ് നിലനിൽക്കുന്നത്. ഇത്തരം അർദ്ധസൈനിക മാതൃകയിലുള്ള പ്രകടനങ്ങൾ ആഘോഷങ്ങളുടെ ആത്മീയ സൗന്ദര്യം കെടുത്തുമെന്ന് മാത്രമല്ല, സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യും. അതിനാൽ, ആഘോഷങ്ങൾ കൂടുതൽ സമാധാനപരവും സർഗാത്മകവുമായ രീതിയിലേക്ക് തിരിച്ചുവിടേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.