നമ്മുടെ ജീവിതത്തിൻ്റെ സൗന്ദര്യ ലോകമാണ് കല്പനകൾ. ഈ കല്പനകളുടെ ലോകം ജീവിതത്തിൽ നിന്നും എടുത്തു മാറ്റിയാൽ ജീവിതം അങ്ങേയറ്റം ശുഷ്കമായിരിക്കും അത്തരം ജീവിതം ഏറെ വിരസവും മടുപ്പുളവാക്കുന്നതുമാവും. ആ നിലയിൽ കല്പനകൾ വളരെ പ്രധാനമാണെന്നു പിൽക്കാലത്ത് ചലച്ചിത്ര ഗാനങ്ങൾ തന്നെ എന്നെ പഠിപ്പിക്കുന്നുണ്ട്.
പാട്ടോളം 03 | ദേവേശൻ പേരൂർ
സാഹിത്യം എന്നാൽ ജീവിതത്തിൽ ഇല്ലാത്തിനെ കുറിച്ച് പറയലാണെന്നും അത് നിറഞ്ഞ ഭാവനയാണെന്നും എന്നാൽ വെറും ഭാവനമാത്രമല്ല സമ്പൂർണമായ അതിശയോക്തിയാണെന്നുമുള്ള ധാരണ കുട്ടിക്കാലത്ത് എന്നിലുണ്ടാക്കിയത് സിനിമാ ഗാനങ്ങളായിരുന്നു.
പനങ്കുല പോലുള്ള മുടിയും ചെന്തൊണ്ടിപ്പഴം പോലുള്ള ചുണ്ടും മുല്ലപ്പൂവുപോലുള്ള പല്ലും മുക്കൂറ്റിക്കവിളും അല്ലിമലർ മിഴിയുമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും മാത്രമേ ഞാൻ ആദ്യകാലത്ത് ചലച്ചിത്ര ഗാനങ്ങളിൽ കേട്ടിരുന്നുള്ളൂ. ഇങ്ങനെയുള്ളള്ള സ്ത്രീകൾ ഉണ്ടാകുമോ എന്ന് എനിക്ക് സംശയമായിരുന്നു. ഞാൻ അക്കാര്യം ഒരു കൂട്ടുകാരനോട് ചോദിച്ചപ്പോൾ അവൻ പറയുകയുണ്ടായി "ഇതൊന്നും ജീവിതത്തിൽ ഉള്ളതല്ല, ഇതൊക്കെ സാഹിത്യത്തിൽ മാത്രമുള്ളതാണ്" എന്ന്. അങ്ങനെ സാഹിത്യം എന്നത് എനിക്ക് ജീവിതത്തിൽ ഒട്ടും കാണാത്ത ചില വിചിത്ര ചിത്രങ്ങൾമാത്രമായി മാറി.
ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല ആദ്യകാല കവിതയും നോവലും എൻ്റെ ഈ ധാരണകളെ ഒന്നുകൂടി ബലപ്പെടുത്തുന്നതായിരുന്നു. "വെണ്ണ തോൽക്കുമുടലോടെ" എന്ന് വയലാറും"വെണ്ണ തോൽക്കുമുടലിൻസുഗന്ധിയാ മെണ്ണ തേച്ചരയിലൊറ്റമുണ്ടുമായ്" എന്ന് വള്ളത്തോളും വർണ്ണിക്കുന്നുണ്ട്.( വള്ളത്തോളിനെ പകർത്തിയതാണോ വയലാർ എന്നറിയില്ല)
കസവിനെ വെല്ലുന്ന ശരീരം ഇന്ദുലേഖയിലും കണ്ടിട്ടുണ്ട്. അപ്പോള് സാഹിത്യം ആകെപ്പാടെ യാഥാർത്ഥ്യത്തിൻ്റെ വിപരീതമാണെന്ന ധാരണ എന്നിൽ കൂടുതൽ കൂടുതൽ ദൃഢമാവുകയായിരുന്നു.
Read More: മധുരം ജീവാമൃതബിന്ദു
അത്തരമൊരു ധാരണയിലേക്ക് എന്നെ ആദ്യമായി ആനയിച്ചത് വയലാറിൻ്റെ തന്നെ "ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാര" എന്ന പാട്ടായിരുന്നു. (അത് ചക്കരപ്പന്തലാണോ ശർക്കരപ്പന്തലാണോ എന്ന് പല പാട് ഞാൻ കേട്ടു നോക്കി.)
വലിയൊരു ശർക്കരപ്പന്തൽ തീർത്ത്, അതിനുമുകളിൽ തേനിന്റെ മഴ കൂടി പെയ്താൽ ആ കാഴ്ച്ചയും അനുഭവവും എങ്ങനെയാകുമെന്ന കൗതുകമായിരുന്നു മനസ്സു നിറയെ.
ആ കൗതുകത്തിൽ നിന്നാണ് പിന്നീട് ഞാൻ അദ്ദേഹത്തിന്റെ മറ്റ് കവിതകളിലേക്കും ഗാനങ്ങളിലേക്കും തിരിഞ്ഞത്. വരികളിലുടനീളം വിസ്മയകരമായ കൽപ്പനകളുടെ ഒരു പ്രവാഹം തന്നെയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഈ പാട്ടിൽ തന്നെ എത്രയെത്ര മനോഹരമായ കാൽപ്പനിക സ്വരൂപങ്ങളാണ് അദ്ദേഹം ഒന്നിനുപുറകെ ഒന്നായി കോർത്തിണക്കുന്നത്!
പ്രേമയമുന, താമരവള്ളം, ജീവിതവീണ,വിജനലതാഗൃഹം.
ഇങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തമായ ബിംബങ്ങളുടെയും കാൽപ്പനിക ദൃശ്യങ്ങളുടെയും ഒരു നടനരംഗമായി വയലാർ തന്റെ ചലച്ചിത്ര ഗാനങ്ങളെ മാറ്റിമറിച്ചു. "തെല്ലിതിൻ സ്പർശമില്ലാതില്ലലങ്കാരമൊന്നുമേ" എന്ന് അതിശയോക്തിയെ സംബന്ധിച്ച ഏ ആറിൻ്റെ അലങ്കാരശാസ്ത്രത്തെ അന്വർത്ഥമാക്കുന്നതായിരുന്നു ഈ ഗാനങ്ങൾ.
ഈ പാട്ടിലെ തന്നെ വിജനലതാഗൃഹം എന്ന കല്പന നോക്കൂ, മറ്റെവിടെയെങ്കിലും മറ്റാരെങ്കിലും ഇങ്ങനെ ഒരു പദത്തെ നാണയപ്പെടുത്തിയെടുത്തിട്ടില്ല.
വിജനം, ലത, ഗൃഹം
ഈ മൂന്ന് വാക്കുകളും ചേർത്തുവെക്കുമ്പോൾ ഒരർത്ഥം ലഭിക്കുന്നുണ്ട് പാട്ടിൽ ( പാട്ടിൽമാത്രം ലഭിക്കുന്ന ഒരർത്ഥമാണത്). ആളൊഴിഞ്ഞതും എന്നാൽ പടർന്നുകിടക്കുന്ന വള്ളികളാൽ മൂടപ്പെട്ടതുമായ ഒരു ഏകാന്ത സങ്കേതം എന്ന അർത്ഥമാണ് ഇവിടെ ലഭിക്കുന്നത്. പ്രകൃതിയുടെ മാറിൽ മനുഷ്യന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരു രഹസ്യവാസസ്ഥലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
Read More: മംഗളം നേരുന്നു ഞാൻ
ആളുകൾ തിങ്ങിനിറഞ്ഞ ലോകത്തുനിന്നും അകന്ന്, സ്വന്തം ഉള്ളിലേക്ക് ഒതുങ്ങേണ്ടിവരുന്ന ഏകാന്തതയുടെ പ്രതീകമാണ് 'വിജനലതാഗൃഹം'. എന്നാൽ ഈ ഏകാന്തത ശൂന്യമല്ല; മറിച്ച് വള്ളികൾ പടർന്നുകിടക്കുന്നതുപോലെ ഓർമ്മകളും വികാരങ്ങളും കൊണ്ട് സമൃദ്ധമായ ഒന്നാണ്.
പ്രകൃതിയോടുള്ള ഇഴുകിച്ചേരൽ കൂടി നമുക്ക് ഇതിൽ കാണാൻ കഴിയും.
മനുഷ്യന്റെ നിർമ്മിതമായ വീടുകൾക്കപ്പുറം, കാടും പടർപ്പും വള്ളികളും ചേർന്നൊരുക്കുന്ന പ്രകൃതിയുടെ സ്വന്തം വീടാണിത്. പ്രണയത്തിന്റെയോ വിരഹത്തിന്റെയോ തീവ്രത അനുഭവിക്കാൻ കവി തിരഞ്ഞെടുക്കുന്ന ഏറ്റവും സുരക്ഷിതമായ മാനസികാവസ്ഥ കൂടിയാണിത്.
വയലാർ ഈ പദം ഉപയോഗിക്കുമ്പോൾ കേവലം ഒരു തോട്ടത്തെയോ കാടിനെയോ അല്ല ഉദ്ദേശിക്കുന്നത്. അതൊരു വികാരതീവ്രമായ അവസ്ഥയാണ്. പ്രണയിനികൾ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുമ്പോഴോ അല്ലെങ്കിൽ പ്രണയത്തിന്റെ തീവ്രമായ ഏകാന്തത അനുഭവിക്കുമ്പോഴോ മനസ്സിൽ രൂപപ്പെടുന്ന ഒരു സാങ്കൽപ്പിക ഭവനമാണത്.
ചുരുക്കത്തിൽ, ബഹളങ്ങളിൽ നിന്നകന്ന് പ്രകൃതിയുടെ തുടിപ്പുകളോടെ ഏകാന്തതയിൽ കഴിയുന്ന ഒരു പ്രണയസങ്കേതത്തെ. അല്ലെങ്കിൽ നിശബ്ദതയുടെയും കാൽപ്പനികതയുടെയും ആവാസവ്യവസ്ഥയെ. ആണ് 'വിജനലതാഗൃഹം' എന്ന പ്രയോഗത്തിലൂടെ വയലാർ അടയാളപ്പെടുത്തുന്നത്.
അദ്യകാലത്ത് കല്പനകൾ യാഥാർത്ഥ്യ ഭിന്നമാണെന്നു മനസ്സിലാക്കിയ ഞാൻ കല്പനകളാണ് യാഥാർത്ഥ്യത്തെ തന്നെ നിർമ്മിക്കുന്നത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. നമ്മുടെ ജീവിതത്തിൻ്റെ സൗന്ദര്യ ലോകമാണ് കല്പനകൾ. ഈ കല്പനകളുടെ ലോകം ജീവിതത്തിൽ നിന്നും എടുത്തു മാറ്റിയാൽ ജീവിതം അങ്ങേയറ്റം ശുഷ്കമായിരിക്കും അത്തരം ജീവിതം ഏറെ വിരസവും മടുപ്പുളവാക്കുന്നതുമാവും. ആ നിലയിൽ കല്പനകൾ വളരെ പ്രധാനമാണെന്നു പിൽക്കാലത്ത് ചലച്ചിത്ര ഗാനങ്ങൾ തന്നെ എന്നെ പഠിപ്പിക്കുന്നുണ്ട്.
ദേവേശൻ പേരൂർ ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ
