പോർച്ചുഗീസ് ആഗമനത്തിന്‍റെ രാഷ്ട്രീയ പ്രേരണകള്‍

മലബാറിലേക്കുള്ള വരവ് അവർക്ക് ഇരട്ടി ലാഭമാണ് ഉണ്ടാക്കിക്കൊടുത്തത്. മൂറുകളോട് അഥവാ മുസ്ലിംകളോട് മതപരമായ ശത്രുത തീർക്കാം. പോപ്പിൻ്റെ അനുവാദവും ആശീർവാദവും ആ കാര്യത്തിൽ അവർക്കുണ്ടായിരുന്നു. പൗരസ്ത്യ ദേശങ്ങളിൽ മതപരിവർത്തനം നടത്തുന്നതിന് പോപ്പ് അവർക്ക് അനുവാദവും പ്രോത്സാഹനവും നൽകിയിരുന്നു. 

   പരമ്പര  | നാസിർ കെ സി     

അറബികളോ മുസ്ലിംകളോ വലിയ പോരാളികളായിരുന്നില്ല. അവരുടെ തൊഴിൽ കച്ചവടമായിരുന്നു. കച്ചവടം ആവശ്യപ്പെടുന്ന അളവിൽ സമാധാനവും സംയമനവും നയചാതുരിയുമാണ് അവർ പ്രയോഗിച്ചു വന്നത്. പോർച്ചുഗീസുകാരുടെ വരവോടെ എല്ലാം മാറിമറിഞ്ഞു. മതപരമായ ശത്രുത നേരത്തെ മുതൽ പോർച്ചുഗീസുകാർക്ക് അറബികളോടും മൂറുകളോടും (മുസ്ലിംകൾ) ഉണ്ടായിരന്നു. വടക്കൻ ആഫ്രിക്കയിലെ ടുണീഷ്യ, മൊറോക്കോ, അൾജീരിയ എന്നീ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന അറബ് വംശജരായ മുസ്ലിംകളേയാണ് മൂറുകൾ എന്നു വിളിച്ചിരുന്നത്. മധ്യകാലത്ത് എപ്പൊഴോ ആണ് ഈ പേര് രൂപപ്പെട്ടത്. വടക്കുപടിഞ്ഞാറേ ആഫ്രിക്കയിൽ നിവസിച്ചിരുന്ന ആളുകളെ റോമാക്കാർ വിളിച്ചിരുന്ന പേരാണിത്. മൗറി എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മൂർ എന്ന വാക്ക് ഉത്ഭവിച്ചത്. 

മണ്ണുമൂടിയ ചരിത്രത്താളുകൾ | 2 

സ്പെയിൻ ദീർഘകാലം ഇസ്ലാമിക ഭരണത്തിൻ കീഴിലായിരുന്നു. ഏറെക്കുറേ എട്ടു നൂറ്റാണ്ടു നിലനിന്നു ആ അധിനിവേശം. ഉമവികളുടെ സേനാനായകനായിരുന്ന താരീഖ് ഇബ്നു സിയാദിൻ്റെ നേതൃത്വത്തിൽ ഐബീരിയൻ ഉപദ്വീപ് കീഴടക്കാൻ എത്തിയ മുസ്ലിം സൈനികരിൽ ഭൂരിഭാഗവും ഈ മൂറുകളായിരുന്നു. സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന ഭൂഭാഗത്തെയാണ് ഐബീരിയ എന്നു വിളിച്ചിരുന്നത്. പിൽക്കാലത്ത് ആഫ്രിക്കക്കാരായ മുഴുവൻ മുസ്ലിംകളേയും യൂറോപ്യൻമാർ മൂറുകൾ എന്നു വിളിച്ചുതുടങ്ങി. പിന്നീട് അത് മുസ്ലിംകളുടെ ഇരട്ടപ്പേരു പോലെയായിത്തീർന്നു. പോർച്ചുഗലിന് മൂറുകൾ അഥവാ മുസ്ലിംകൾ ശത്രുക്കളായിത്തീർന്നതിൻ്റെ രാഷ്ട്രീയ കാരണങ്ങളിൽ ഒന്നിതാണ്. 

പതിമൂന്നാം നൂറ്റാണ്ടോടെ മുസ്ലിം വാഴ്ച പോർച്ചുഗലിൽ പൂർണ്ണമായി അവസാനിപ്പിച്ചാണ് പോർച്ചുഗീസുകാർ ഇന്ത്യയിലേക്കുള്ള കപ്പലോട്ടം ആരംഭിക്കുന്നത്. മെഡിറ്ററേനിയനിലും ജിബ്രാൾട്ടറിലും ഒക്കെയായി ഉണ്ടായിരുന്ന ശത്രുത ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അറബിക്കടലിലേക്കുമായി മാറ്റി സ്ഥാപിക്കപ്പെട്ടു എന്നുകൂടിയാണ് അതിനർത്ഥം. മുറുകളിൽ നിന്നുള്ള പോർച്ചുഗലിൻ്റെ വിടുതലിനും ഇന്ത്യയിലേക്കുള്ള അവരുടെ വരവിനും ഇടയിൽ രണ്ടര നൂറ്റാണ്ടിൻ്റെ അകലം ഉണ്ടായിരുന്നു എന്നു മാത്രം. ഈ കാലം കൊണ്ട് സ്ഥിരതയുള്ള ഒരു ഭരണം പോർച്ചുഗലിൽ ഉണ്ടാവുകയും അവർ കടൽ ഗവേഷണ യാത്രകൾ ആരംഭിക്കുകയും ചെയ്തു. 

മലബാറിലേക്കുള്ള വരവ് അവർക്ക് ഇരട്ടി ലാഭമാണ് ഉണ്ടാക്കിക്കൊടുത്തത്. മൂറുകളോട് അഥവാ മുസ്ലിംകളോട് മതപരമായ ശത്രുത തീർക്കാം. പോപ്പിൻ്റെ അനുവാദവും ആശീർവാദവും ആ കാര്യത്തിൽ അവർക്കുണ്ടായിരുന്നു. പൗരസ്ത്യ ദേശങ്ങളിൽ മതപരിവർത്തനം നടത്തുന്നതിന് പോപ്പ് അവർക്ക് അനുവാദവും പ്രോത്സാഹനവും നൽകിയിരുന്നു. എന്നാൽ മൂറുകളെ മതം മാറ്റുന്നത് എളുപ്പമായിരുന്നില്ല. മത വിശ്വാസത്തിൻ്റെ കാര്യത്തിൽ മൂറുകൾ ക്രിസ്ത്യാനികളേക്കാൾ ദൃഢചിത്തരായിരുന്നു. പകരം അവരെ കൊന്നൊടുക്കാനുള്ള അവസരമാണ് പോർച്ചുഗീസുകാർക്ക് ലഭിച്ചത്. അവരത് നന്നായി ഉപയോഗിക്കുകയും ചെയ്തു. 

രണ്ടാമത്തെ കാര്യം കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കച്ചവടാധിപത്യം വഴി ഉണ്ടാക്കുന്ന അമിതമായ ലാഭമാണ്. നേരിട്ടുള്ള കച്ചവടം, കച്ചവടത്തിലെ കുത്തക എന്നിവ വഴി അവർ ലാഭം വാരിക്കൂട്ടി. എന്നാൽ പോർച്ചുഗീസുകാരുമായുള്ള ശത്രുതയ്ക്ക് മുസ്ലിംകൾ കൊടുക്കേണ്ടി വന്ന വില ചെറുതായിരുന്നില്ല. കടൽ വ്യാപാരത്തിലെ അവരുടെ കുത്തക നശിക്കുകയും അവർക്ക് വലിയ ധനനഷ്ടം സംഭവിക്കുകയും ചെയ്തു. പോർച്ചുഗീസുകാരുമായുള്ള നിരന്തര സംഘർഷങ്ങളും യുദ്ധങ്ങളും മൂലം അവരുടെ ധനസ്ഥിതി കൂടുതൽ മോശമായി. അവരുടെ കപ്പലുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. വ്യാപാരം മിക്കവാറും അസാധ്യമായിത്തീർന്നു. തീരദേശം വിട്ട് ഉൾനാടുകളിലേക്ക് കുടിയേറാൻ അവർ നിർബന്ധിതരായി.

വിധിയെന്നോ വിധി വൈപരീത്യം എന്നോ വിളിക്കാവുന്ന ഒരു വസ്തുത, മുസ്ലിം വ്യാപാരികളുടെ ബദ്ധശത്രുക്കളായ പോർച്ചുഗീസുകാർക്ക് ഇന്ത്യയിലേക്കുള്ള വഴി കാണിച്ചു കൊടുത്തത് ഒരു മുസ്ലിം നാവികനായിരുന്നു എന്നതാണ്. 

കടൽ വഴികളേക്കാൾ അനിശ്ചിതത്വം നിറഞ്ഞതാണ് ചരിത്രത്തിൻ്റെ വഴികൾ. ഗുജറാത്തുകാരനായ അഹമ്മദ് ഇബ്നു മജീദ് ആയിരുന്നു ആ നാവികൻ.​ മൺസൂൺ കാറ്റിന്റെ ഗതിയെക്കുറിച്ചും നാവിക വഴികളെക്കുറിച്ചും ആഴത്തിൽ അറിവുണ്ടായിരുന്ന, കടലിൻ്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അറബ് ഗുജറാത്തി മാപ്പിംഗ് വിദഗ്ധനായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്കുള്ള കടൽവഴി അന്വേഷിച്ച പോർച്ചുഗീസ് സംഘം ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി, ഇന്ന് കെനിയ എന്നറിയപ്പെടുന്ന മലിന്ദിയിലാണ് എത്തിച്ചേർന്നത്. പക്ഷെ, അവിടെനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യയിലെത്താനുള്ള വഴിയോ, മൺസൂൺ കാറ്റിന്റെ ഗതിയോ പോർച്ചുഗീസുകാർക്ക് നിശ്ചയമില്ലായിരുന്നു.​ മലിന്ദിയിലെ ഭരണാധികാരിയുടെ സഹായത്തോടെയാണ് വാസ്കോ ഡ ഗാമ അഹമ്മദ് ഇബ്നു മജീദ് എന്ന കടൽ വിദഗ്ധനെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ അറിവിന്റെയും വൈദഗ്ധ്യത്തിൻ്റേയും സഹായത്തോടെയാണ് പോർച്ചുഗീസ് കപ്പലുകൾ മലബാർ തീരത്തണഞ്ഞത്. സുഹൃത്താണെന്നു കരുതി ശത്രുവിന് കോട്ടവാതിൽ തുറന്നുകൊടുത്തതു പോലെയായിരുന്നു അത്. 

ഈ ജലപാത താണ്ടിയാണ് ഒന്നിനു പിറകെ ഒന്നായി എല്ലാ യൂറോപ്യൻ ശക്തികളും ഇന്ത്യയിലേക്ക് കുതിച്ചെത്തിയത്. അഹമ്മദ് ഇബ്നു മജീദിൻ്റെ കഥ അവിതർക്കിതമായ ഒന്നല്ല. ഗുജറാത്തിലെ കച്ച് പ്രദേശക്കാരനായ ഗണികനാണെന്നും ഗുജറാത്തുകാരൻ തന്നെയായ ദവാനെ എന്ന ദല്ലാളാണെന്നും വ്യത്യസ്തമായ വിശദീകരണങ്ങളുണ്ട്. എന്തായാലും ഒരിന്ത്യക്കാരനാണ് അവരെ ഇങ്ങോട്ടേക്ക് നയിച്ചത് എന്നു വ്യക്തം. വീട്ടിലേക്കുള്ള വഴി മറ്റാരേക്കാളും നിശ്ചയമുള്ളത് വീട്ടുകാരന് തന്നെയായിരിക്കുമല്ലോ.​കച്ചവടത്തെ അധികാരമാക്കി മാറ്റിയ പോർച്ചുഗീസുകാർക്ക് അവരുടെ അധികാരം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല. പിൽക്കാലത്ത് അവരുടെ ആസ്ഥാനമായി മാറിയ ഗോവയ്ക്കു പുറത്ത് ദാമൻ, ദിയു, ദാദ്ര-നഗർ ഹവേലി തുടങ്ങിയ ഇടങ്ങൾ കൂടി അവരുടെ കീഴിലായെങ്കിലും അവർ ആഗ്രഹിച്ചതു പ്രകാരം ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ നിറയാനും നിലനിർത്താനും അവർക്ക് കഴിഞ്ഞില്ല. 

ആദ്യം പോർച്ചുഗീസുകാർക്ക് കൈ കൊടുത്ത കൊച്ചി ക്രമേണ ഡച്ചുകാരുടെ കൈവശമായി. നമ്മൾ ലന്തക്കാർ എന്നു വിളിച്ചു പോന്നത് ഈ ഡച്ചുകാരെയാണ്. എൻ.എസ് മാധവൻ്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവൽ വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. ഹോളണ്ട് എന്ന ദേശ നാമത്തിൽ നിന്നാണ് ഒളന്തയും പിന്നീട് ലന്തയും രൂപപ്പെട്ടത്. ഡച്ചുകാർ നമുക്ക് ലന്തക്കാരായത് അങ്ങനെയാണ്. ഡച്ചുകാരുടെ പീരങ്കിത്തറയാണ് ലന്തൻബത്തേരിയായി മാറിയത്. വൈപ്പിനിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും കാണാം ഡച്ചു പള്ളികൾ. അവയിൽ പലതും പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത് ചില മാറ്റങ്ങൾ വരുത്തി ഡച്ചുകാർ തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. മതപരമായ അസഹിഷ്ണുതയും പോർച്ചുഗീസ് ഉദ്യോഗസ്ഥരുടെ അഴിമതി ഭരണവുമാണ് പോർച്ചുഗീസ് ഭരണത്തിൻ്റെ തകർച്ചയ്ക്ക് കാരണമായത്. ഒപ്പം ഇന്ത്യയേക്കാൾ കൂടുൽ ശ്രദ്ധ തെക്കേ അമേരിക്കൻ ഭുഭാഗത്ത് അവർ പുതുതായി കണ്ടെത്തിയ ബ്രസീലിന് നൽകേണ്ടിയും വന്നു.

പതിനാറാം നൂറ്റാണ്ടിൽ മറ്റൊരു പോർച്ചുഗീസ് നാവികനായ പെഡ്രോ അൽവാരസ് കബ്രാളാണ് ബ്രസീൽ കണ്ടെത്തിയത്. അഥവാ യൂറോപ്പിൽ നിന്ന് ബ്രസീലിലെത്തിയ ആദ്യത്തെ ആളാണദ്ദേഹം. ഇതേ കബ്രാളാണ് പോർച്ചുഗീസ് അധിനിവേശം ഇന്ത്യയിൽ ശക്തിപ്പെടുത്തിയത്. കൊച്ചീരാജാവുമായി കച്ചവട സൈനീക ബാന്ധവങ്ങൾ ഊട്ടിയുറപ്പിച്ചത് അദ്ദേഹമാണ്. കരിമ്പുകൃഷി ഉൾപ്പെടെയുള്ള തോട്ടവിളകൾ, സ്വർണ്ണം വജ്രം എന്നിവയുടെ കണ്ടെത്തൽ മുതലായവ പോർച്ചുഗീസുകാരെ ബ്രസീലിലേയ്ക്ക് ആകർഷിച്ചു. അവിടെയും അവർക്ക് വ്യാപാര ശത്രുക്കൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഉണ്ടായതുപോലെ ഡച്ചുകാർ തന്നെയായിരുന്നു അവിടെ അവർക്ക് വെല്ലുവിളി ഉയർത്തിയത്. അവരുടെ മുഴുവൻ ശ്രദ്ധയും സൈനിക ശക്തിയും ബ്രസീലിലേക്ക് തിരിച്ചുവിടേണ്ടി വന്നു. അതേ സമയം ഗോവയിലെ ആധിപത്യം അവർ നിലനിർത്തുകയും ചെയ്തു. ഇന്നും ഗോവയ്ക്ക് ഒരു പോർച്ചുഗീസ് ച്ഛായയുണ്ട്.

Follow us on WhatsApp


എഴുത്തുകാരന്റെ പേര്

നാസിർ കെ.സി
എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.
bahuswara

Previous Post Next Post