അറബിക്കടലിലൂടെ പോകുന്ന മലബാറിലെ വ്യാപാരികളുടെ കപ്പലുകൾക്ക് സുരക്ഷയൊരുക്കുകയായിരുന്നു കുഞ്ഞാലി മരക്കാറുടെ നാവികപ്പട ചെയ്തത്. സാമൂതിരി രാജാവിൻ്റെ നിയമം നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. സാമൂതിരി ഭരണകൂടത്തോട് തീവ്രമായ കൂറും വിശ്വസ്തതയും പുലർത്തിയ ഇദ്ദേഹം മലബാറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ തന്റെ ജീവിതം മാറ്റിവെച്ചു.
പരമ്പര-05 നാസിർ കെ സി മണ്ണുമൂടിയ ചരിത്രത്താളുകൾ
"പോർച്ചുഗീസുകാർ ആദ്യമായി സ്പർശിച്ച ഇന്ത്യയുടെ പശ്ചിമതീരത്ത് നാഗരികത ഉയർന്ന തലത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്കാർ പോർച്ചുഗീസുകാരെക്കാൾ കൂടുതൽ പരിഷ്കൃതരായിരുന്നു. അജ്ഞത കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭാഷാജ്ഞാനമില്ലാത്ത പോർച്ചുഗീസുകാർ തങ്ങൾ കണ്ടുമുട്ടിയ സമൂഹത്തിൻ്റെ ജീവിതശൈലിയോ വികാരമോ പരിഗണിക്കുന്ന അവസ്ഥയിലായിരുന്നില്ല. യാഥാസ്ഥിതികരും ക്രൂരന്മാരുമായ അവരുടെ ആദ്യത്തെ ഉത്തമ പ്രതിനിധിയായിരുന്നു ഗാമ. പല പ്രകാരത്തിലും തന്റെ ചരിത്രപാത പിന്തുടർന്ന അനേകരേക്കാൾ ശ്രേഷ്ഠനായ കാടനാ'യിരുന്നു അയാൾ."
ക്രൂരനും പൈശാചിക സ്വഭാവമുള്ളവനുമായ ഗാമയെക്കുറിച്ച് ആർ.എസ്.വൈറ്റവേ (RS. Whiteaway - The rise of Portugese power in India) പറഞ്ഞ വാക്കുകളാണിത്. മൂക്കില്ലാത്ത രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന മട്ടിലാണ് അദ്ദേഹം ഗാമയെ വിവരിക്കുന്നത്. അപ്പോൾ അന്ന് കച്ചവടത്തിന് എന്ന പേരിൽ കൊള്ളയും അതിക്രമങ്ങളുമായി കഴിഞ്ഞിരുന്ന മറ്റു പോർച്ചുഗീസുകാരേക്കുറിച്ച് നമുക്ക് ഏകദേശധാരണ കിട്ടും. കാടൻമാരായ ഈ നാവികരേയാണ് കുഞ്ഞാലിമാർ കടലിൽ നേരിട്ടത്. കുഞ്ഞാലിമാർ പ്രധാനമായും നാലു പേരാണ് ഉണ്ടായിരുന്നത്. അതിൽ ആദ്യത്തെയാളായിരുന്നു കുട്ടി അഹമ്മദ് അലി. അയാൾ കുഞ്ഞാലി മരക്കാർ ഒന്നാമൻ എന്നറിയപ്പെട്ടു.
Read More: കുഞ്ഞാലിമാരുടെ ഉദയം
സാമൂതിരിയുടെ നാവികപ്പടത്തലവന്മാരായിരുന്ന മരക്കാർ കുടുംബത്തിലെ ആദ്യത്തെ പ്രമുഖ ഭരണാധികാരിയാണ് കുഞ്ഞാലി മരക്കാർ ഒന്നാമൻ. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്ത് നടന്ന പ്രതിരോധ പോരാട്ടങ്ങളുടെ ശില്പികളിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. കൊച്ചിയിലെ പ്രമുഖ അറബ്-മുസ്ലിം വ്യാപാരി കുടുംബത്തിലാണ് കുട്ടി അഹമ്മദ് അലി ജനിച്ചത്. വിദേശവ്യാപാരത്തിൽ പ്രശസ്തരായിരുന്ന മരക്കാർമാർ സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും വ്യാപാര പങ്കാളികളായിരുന്നു.
1498-ൽ പോർച്ചുഗീസുകാർ മലബാറിലെത്തിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. കൊച്ചി രാജാവുമായി പോർച്ചുഗീസുകാർ സഖ്യത്തിലാവുകയും കച്ചവട കുത്തക പിടിച്ചെടുക്കുകയും ചെയ്തു. അതോടെ മരക്കാർമാർക്ക് വലിയ തിരിച്ചടിയുണ്ടായി. പോർച്ചുഗീസ് അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനും പോരാട്ടം തുടരാനുമായി കുട്ടി അഹമ്മദ് അലിയും കുടുംബവും കൊച്ചി വിട്ട് സാമൂതിരിയുടെ സംരക്ഷണയിലുള്ള പൊന്നാനിയിലേക്ക് മാറി. പിന്നീട് സാമൂതിരിയുടെ ആസ്ഥാനമായ കോഴിക്കോട്ടേക്കും വടകരയ്ക്കടുത്തുള്ള ഇരിങ്ങലിലുമായി തങ്ങളുടെ കർമ മണ്ഡലം വിപുലീകരിച്ചു.
More Read: പോർച്ചുഗീസുകാർക്കെതിരായ കലാപങ്ങൾ
കോഴിക്കോട്ടെത്തിയ മരക്കാർ കുടുംബത്തെ സാമൂതിരി ഇരുകൈയും നീട്ടി സ്വീകരിച്ചു. പോർച്ചുഗീസുകാരുടെ നാവിക ശക്തിയെ ചെറുക്കാൻ കടൽയുദ്ധത്തിൽ നൈപുണ്യമുള്ള മരക്കാർമാരുടെ സഹായം സാമൂതിരിക്ക് അത്യാവശ്യമായിരുന്നു. സാമൂതിരി കുട്ടി അഹമ്മദ് അലിയെ തന്റെ നാവികസേനയുടെ സർവ്വസൈന്യാധിപനായി നിയമിച്ചു. പോരാട്ടമികവുകൊണ്ട് കേരളത്തിൻ്റെ അലക്സാണ്ടർ എന്ന് സാമൂതിരി അദ്ദേഹത്തെ വിളിച്ചു. കുട്ടി അഹമ്മദ് അലി ലോപിച്ച് കുട്ടിആലിയും ക്രമേണ കുഞ്ഞാലി ആവുകയും ചെയ്തിരിക്കണം. പിന്നീട് അത് സ്ഥാനപ്പേരായി സാമൂതിരി അനുവദിച്ചു കൊടുത്തു. മരക്കാർ എന്ന പേരിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് നാം നേരത്തെ പരിശോധന നടത്തിയതാണ്. കടൽത്തലവൻ എന്ന അർത്ഥത്തിൽ ആ പേരു കൂടി കൂട്ടിച്ചേർത്താണ് സാമൂതിരി അദ്ദേഹത്തെ കുഞ്ഞാലിമരക്കാർ എന്നു വിളിച്ചത്.
പോർച്ചുഗീസുകാരുടെ വലിയ കപ്പലുകളെയും ക്രൂരമായ അക്രമങ്ങളെയും ചെറുക്കാൻ കുഞ്ഞാലി മരക്കാർ ഒന്നാമൻ പല തന്ത്രങ്ങളും പ്രയോഗിച്ചു. വേഗതയെ അദ്ദേഹം തൻ്റെ യുദ്ധതന്ത്രമാക്കി മാറ്റി. വലിയ കപ്പലുകൾക്ക് പകരം ചെറിയ കപ്പലുകളോ തോണികളോ ആണ് അദ്ദേഹം ആക്രമണത്തിന് ഉപയോഗിച്ചത്. ചെറിയ തോണികളിൽ പാഞ്ഞു വന്ന് അതിവേഗം അക്രമിച്ച് തിരിച്ചു പോകുന്ന രീതിയായിരുന്നു അത്. പോർച്ചുഗീസുകാരുടെ വമ്പൻ കപ്പലുകൾക്ക് മലബാറിലെ ആഴം കുറഞ്ഞ പുഴകളിലേക്കും അരുവികളിലേക്കും പ്രവേശിക്കാൻ കഴിയില്ല. ഇത് മനസ്സിലാക്കിയ കുഞ്ഞാലി, വേഗത്തിൽ തുഴയാൻ കഴിയുന്ന ചെറിയ തോണികൾ ഉപയോഗിച്ച് കടലിൽ വെച്ച് പോർച്ചുഗീസ് കപ്പലുകളെ പെട്ടെന്ന് ആക്രമിക്കുകയും, പുഴകളിലേക്ക് പിൻവാങ്ങുകയും ചെയ്തു. കടലിൽ അദ്ദേഹം ആവിഷ്കരിച്ച ഗറില്ലാ യുദ്ധതന്ത്രമായിരുന്നു അത്.
പോർ ച്ചുഗീസുകാരുടെ അനുമതിയില്ലാതെ തന്നെ കടലിൽ സഞ്ചരിക്കാനും കച്ചവടം ചെയ്യാനുമുള്ള തദ്ദേശീയരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അദ്ദേഹം പടപൊരുതിയത്. കടലിൻ്റെ ആധിപത്യം നേടിയതിനു ശേഷം പോർച്ചുഗീസുകാർ കാർട്ടാസ് എന്ന അനുമതിപത്രം നടപ്പിലാക്കിയ കാര്യം നാം നേരത്തേ മനസ്സിലാക്കിയല്ലോ. ഈ അനുമതിപത്രം ഇല്ലാതെ സഞ്ചരിക്കുന്ന പ്രാദേശിക കപ്പലുകളെ അവർ പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ അറബിക്കടലിലൂടെ പോകുന്ന മലബാറിലെ വ്യാപാരികളുടെ കപ്പലുകൾക്ക് സുരക്ഷയൊരുക്കുകയായിരുന്നു കുഞ്ഞാലി മരക്കാറുടെ നാവികപ്പട ചെയ്തത്. സാമൂതിരി രാജാവിൻ്റെ നിയമം നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. സാമൂതിരി ഭരണകൂടത്തോട് തീവ്രമായ കൂറും വിശ്വസ്തതയും പുലർത്തിയ ഇദ്ദേഹം മലബാറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ തന്റെ ജീവിതം മാറ്റിവെച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വിദേശ ശക്തികൾക്കെതിരെ സംഘടിതമായി നാവിക പ്രതിരോധം തീർത്ത ആദ്യത്തെ സൈനിക തലവനാണ് കുഞ്ഞാലി മരക്കാർ ഒന്നാമൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പിൽക്കാലത്ത് ചരിത്രപ്രസിദ്ധമായ മരക്കാർ നാവികസേന കെട്ടിപ്പടുക്കപ്പെട്ടത്. 1520 നും 1530 നും ഇടയിലുള്ള പത്തുവർഷം പോർച്ചുഗീസുകാരുടെ പേടിസ്വപ്നമായി അദ്ദേഹം അറബിക്കടലിൻ്റെ ഓളപ്പരപ്പുകളെ കീഴടക്കി. പിന്നീടു വന്ന കുഞ്ഞാലിമാർക്ക്, പോർച്ചുഗീസുകാരെ പതിറ്റാണ്ടുകളോളം വിറപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം പണിത അടിത്തറയിൽ നിന്നുകൊണ്ടാണ്.
More Read: പോർച്ചുഗീസ് ആഗമനത്തിന്‍റെ രാഷ്ട്രീയ പ്രേരണകള്‍
സാമൂതിരിയുടെ പ്രധാന നാവിക താവളമായിരുന്ന പൊന്നാനി ആക്രമിക്കാൻ പോർച്ചുഗീസ് ഗവർണർ മെനെസസിന്റെ (Henrique de Menezes) നേതൃത്വത്തിൽ വമ്പൻ നാവികസേനയെത്തി. 1525ലായിരുന്നു ഈ സംഭവം. കുഞ്ഞാലി മരക്കാർ ഒന്നാമന്റെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികസേന പോർച്ചുഗീസുകാരെ രൂക്ഷമായി ചെറുത്തു. പോർച്ചുഗീസുകാർ പൊന്നാനി നഗരത്തിന് തീയിട്ടെങ്കിലും, മരക്കാറുടെ തിരിച്ചടിയിൽ അവർക്ക് കനത്ത ആളപായവും കപ്പലുകൾക്ക് നാശനഷ്ടവും സംഭവിച്ചു. ഈ യുദ്ധത്തോടെ പൊന്നാനി പ്രതിരോധത്തിന്റെ പ്രധാന കേന്ദ്രമായി മാറി. താനൂർ രാജാവിൻ്റെ സഹായത്തോടെ 1531-ൽ പോർച്ചുഗീസുകാർ ചാലിയത്ത് കോട്ട പണിതപ്പോൾ അതിനെതിരെ സാമൂതിരി നടപ്പിലാക്കിയ നാവിക ഉപരോധത്തിന് നേതൃത്വം നൽകിയത് കുഞ്ഞാലി മരക്കാർ ഒന്നാമനാണ്. കൊച്ചിയിൽ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള പോർച്ചുഗീസ് സൈനിക-വ്യാപാര കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്താൻ കുഞ്ഞാലി ഒന്നാമന്റെ പടയ്ക്ക് സാധിച്ചു.
ഈ കാലയളവിൽ അദ്ദേഹം സാമൂതിരി രാജാവിനു വേണ്ടി മറ്റുപല യുദ്ധ ദൗത്യങ്ങളും ഏറ്റെടുത്തു. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടിയ ശ്രീലങ്കയിലെ സീതാവക രാജ്യത്തിലെ മായാദുന്നെ രാജാവിനെ സഹായിക്കാൻ സാമൂതിരി കുഞ്ഞാലി മരക്കാർ ഒന്നാമനെ നിയോഗിച്ചു. 1537 നും 1538നും ഇടയിലായിരന്നു ഈ യുദ്ധം. ശ്രീലങ്കയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച പോർച്ചുഗീസുകാരോട് ഏറ്റവും ശക്തമായി ചെറുത്തുനില്പ് നടത്തിയ രാജ്യമാണ് സീതാവക.*
കുഞ്ഞാലി ഒന്നാമനും അദ്ദേഹത്തിന്റെ പ്രധാന സേനാധിപന്മാരായ പാച്ചിച്ചി മരക്കാർ, അലി ഇബ്രാഹിം എന്നിവരും ചേർന്ന് കൊളംബോ തീരത്ത് പോർച്ചുഗീസ് കപ്പലുകളെ ഉപരോധിക്കുകയും ശക്തമായ നാവിക യുദ്ധങ്ങൾ നയിക്കുകയും ചെയ്തു. തമിഴ്‌നാട് തീരത്തുള്ള മണ്ണാർ ഉൾക്കടലിലെ വേദാലെ (Vedalai) എന്ന സ്ഥലത്തു വെച്ച് പോർച്ചുഗീസ് കമാൻഡർ മാർട്ടിൻ അൽഫോൻസോ ഡിസൂസയുടെ സേനയുമായി നടത്തിയത് മറ്റൊരു പ്രധാനപ്പെട്ട യുദ്ധമായിരുന്നു. കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം ഏറെ ദുഷ്കരമായ യുദ്ധമായിരുന്നു ഇത്. അദ്ദേഹത്തിൻ്റെ സൈന്യത്തിന് വലിയ നാശ നഷ്ടങ്ങളുണ്ടായി. എങ്കിലും വിദേശ ശക്തികൾക്കെതിരെ പ്രാദേശികരോ തെക്കേ ഇന്ത്യക്കാരോ ആയ രാജാക്കന്മാരെ ഏകോപിപ്പിച്ച് കടലിൽ പോരാടാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ നേട്ടമാണ്.
More Read: മണ്ണുമൂടിയ ചരിത്രത്താളുകൾ
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ സാമൂതിരിയുടെ നാവികപ്പടയെ നയിച്ച കുട്ടി അഹമ്മദ് അലി കൊല്ലപ്പെട്ടത് പോർച്ചുഗീസുകാരെ തുരത്തുന്നതിനായി ശ്രീലങ്കൻ രാജാവിനെ സഹായിക്കാൻ പോയപ്പോഴാണ് എന്നു കരുതുന്നു. ശ്രീലങ്കയ്ക്കും മദ്രാസിനും ഇടയിൽ പലവട്ടം നടന്ന ഏതോ യുദ്ധത്തിലാവണം അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വം ഉണ്ടായത് എന്നേ പറയാനാവൂ. 1931 ലാണെന്നും 1938ലാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്തായാലും പോർച്ചുഗീസുകാർക്കെതിരെയുള്ള യുദ്ധത്തിലെ രക്തസാക്ഷിയാണ് അദ്ദേഹം.
അഹമ്മദ് മരക്കാർ എന്ന പ്രമുഖ വ്യാപാരിയുടെ കുടുംബപരമ്പരയിലാണ് കുട്ടി അഹമ്മദ് അലി ജനിച്ചത്. തന്റെ കുടുംബത്തോടും സഹോദരങ്ങളോടും അദ്ദേഹത്തിന് കടുത്ത ആത്മബന്ധമുണ്ടായിരുന്നു. സഹോദരനായ കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ എല്ലാ സൈനിക നീക്കങ്ങളിലും കൂടെയുണ്ടായിരുന്ന പ്രധാന പങ്കാളിയായിരുന്നു. ഈ സഹോദരനാണ് അദ്ദേഹത്തിന്റെ കാലശേഷം നാവികപ്പടയുടെ നേതൃത്വം ഏറ്റെടുത്തത്. കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ എന്നറിയപ്പെട്ടത് ഈ സഹോദരനാണ്.
..................................
അടിക്കുറിപ്പ്
* ദക്ഷിണ-മധ്യ ശ്രീലങ്കയിലെ അവീസാവെല്ല അഥവാ അന്നത്തെ സീതാവക കേന്ദ്രീകരിച്ച് 1521 മുതൽ 1593 വരെ ചുരുങ്ങിയ കാലത്തേക്ക് മാത്രം നിലനിന്ന ഒരു രാജവംശം. മായാദുന്നെ എന്ന രാജാവായിരുന്നു ഈ രാജവംശത്തിൻ്റെ സ്ഥാപകൻ. ഇദ്ദേഹത്തിൻ്റെ മകനായ രാജ സിംഹൻ ഒന്നാമൻ ലങ്കൻ രാജവംശത്തിലെ വീരനായകൻമാരിൽ ഒരാളാണ്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 1562ൽ നടന്ന മുള്ളേരിയവ യുദ്ധത്തിൽ സീതാവക സേന പോർച്ചുഗീസ് സൈന്യത്തെ കനത്ത തോൽവിയിലേക്ക് തള്ളിവിട്ടു. ഏഷ്യൻ മണ്ണിൽ യൂറോപ്യൻ ശക്തി നേരിട്ട ഏറ്റവും വലിയ സൈനിക തകർച്ചകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
തങ്ങളുടെ ഭരണകാലത്ത് ശ്രീലങ്കയിലെ മറ്റ് കൊട്ടാരങ്ങളും കോട്ടകളും അധീനതയിലാക്കി ദ്വീപിന്റെ ഭൂരിഭാഗവും സീതാവകയുടെ കീഴിൽ ഏകീകരിക്കാൻ ഇവർക്കായി. ശ്രീലങ്കൻ ഐതിഹ്യമനുസരിച്ച്, രാവണൻ സീതയെ തടവിൽ പാർപ്പിച്ചിരുന്ന ഇടങ്ങളിൽ ഒന്നായതിനാലാണ് ഈ പ്രദേശത്തിന് സീതാവക അഥവാ സീതയുടെ സ്ഥലം എന്ന് പേരുവന്നതെന്ന വിശ്വാസമുണ്ട്.
1593-ൽ രാജസിംഹൻ ഒന്നാമന്റെ മരണശേഷം ആഭ്യന്തര തർക്കങ്ങളും പോർച്ചുഗീസ് അധിനിവേശവും കാരണം ഈ സാമ്രാജ്യം പെട്ടെന്ന് തന്നെ തകരുകയും ഇല്ലാതാവുകയും ചെയ്തു.

