മലയാള സിനിമ ഇത്തരം എത്രയോ പദങ്ങളെ ആഘോഷമാക്കിയിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് "രാമായണക്കാറ്റ്" എന്നത്. രാമായണവുമായി യാതൊരു ബന്ധവുമില്ലാത്ത, കേവലം കാതോർക്കാൻ ഇമ്പമുള്ള ആ പദം മലയാളി എത്രയോ കാലം നെഞ്ചിലേറ്റിക്കൊണ്ടു നടന്നു. അർത്ഥത്തിൻ്റെ കൃത്യതയേക്കാൾ, അത് മനസ്സിനു നൽകുന്ന സംഗീതത്തിന്റെ കുളിർമയെയാണ് മലയാളി എക്കാലത്തും സ്നേഹിച്ചിട്ടുള്ളത്. ചില വാക്കുകൾ അർത്ഥമില്ലാതെ ജീവിക്കുമ്പോഴാണ് കൂടുതൽ സുന്ദരമാകുന്നത്
പാട്ടോളം 07 | ദേവേശൻ പേരൂർ
കുട്ടിക്കാലത്തിൻ്റെ ഹരിത വീഥികളിൽ എപ്പോഴോ കേട്ടുമറന്ന ചില ഈണങ്ങൾ, വർഷങ്ങൾ കഴിഞ്ഞാലും ഒരു പുഴയുടെ ഗന്ധമായോ, ഒരു കാറ്റിൻ്റെ തലോടലായോ നമ്മുടെ ഉള്ളിൽ തങ്ങിനിൽക്കും. "തൊത്തോ തൊത്തോ തൊത്തൈത്തോ, പാത്തൂനെ തോത്താൻ കിട്ടൂല, കിണ്ടാണ്ടം കിണ്ടാണ്ടം കിണ്ടാണ്ടം ഇത് കിണ്ടാണ്ടം..." എന്ന വരികൾ അത്തരത്തിലുള്ള ഒന്നാണ്. വയൽക്കര ഇപ്പോഴില്ലാത്ത കൈതമുള്ളുകൾ കോറിനിൽക്കുന്ന കൈത്തോടിൻ്റെ ഓരത്തുകൂടി നടന്നുപോയ ആ ബാല്യകാല സന്ധ്യയിൽ ആണ് ഈ പാട്ട് ആദ്യമായി കേട്ടത് എന്നാണ് തോന്നുന്നത്. അതൊരു നനുത്ത ഓർമ്മയായി മനസ്സിൽ പറ്റിപ്പിടിച്ചു. എപ്പോഴെങ്കിലും ആ തോടും കൈതക്കാടും ഓർമ്മവരുമ്പോൾ ഈ പാട്ട് തനിയെ മനസ്സിൽ അലയടിക്കും.
More Read: ബാഗീ ജീൻസും ഷൂസുമണിഞ്ഞ്
അക്കാലത്ത് ആ വരികളിലെ ഈണത്തിൽ മാത്രം ലയിച്ചു നിന്നതുകൊണ്ട്, അതിലെ "കിണ്ടാണ്ടം" എന്ന വാക്കിൻ്റെ അർത്ഥമെന്താകുമെന്ന് തിരക്കാൻ തോന്നിയിരുന്നില്ല. മനസ്സ് പൂർണ്ണമായും ആ സംഗീതത്തിൻ്റെ കൗതുകവലയത്തിലായിരുന്നു.
പിന്നീട്, കൗമാരത്തിൻ്റെയോ യൗവനത്തിൻ്റെയോ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് "ഒന്നാം വട്ടം കണ്ടപ്പോൾ പെണ്ണിന് കിണ്ടാണ്ടം" എന്ന മറ്റൊരു ഗാനം കാതിൽ വീഴുന്നത്. വീണ്ടും ആ വാക്ക് മുന്നിൽ വന്നപ്പോൾ കൗതുകം അടക്കാനായില്ല. ഉടൻതന്നെ ശബ്ദതാരാവലി പരതി നോക്കി. 'കിണ്ടം' എന്ന വാക്കിന് ഇച്ഛാഭംഗം എന്നും, 'കിണ്ടാട്ടം' എന്നതിന് ഒറ്റ്, വഞ്ചന എന്നുമൊക്കെയാണ് അർത്ഥമെന്ന് അപ്പോൾ മനസ്സിലായി. അപ്പോഴും കിണ്ടാണ്ടം കണ്ടില്ല. ആ പദങ്ങൾ പാട്ടിൻ്റെ ആ സന്ദർഭവുമായി യാതൊരു വിധത്തിലും യോജിക്കുന്നതാണോ എന്നൊന്നും അറിയുമായിരുന്നില്ല.
അവിടെയാണ് മലയാള സിനിമയിലെയും നാടൻ പാട്ടുകളിലെയും ചില പ്രത്യേകതകൾ നമ്മെ ചിന്തിപ്പിക്കുന്നത്. ചില വാക്കുകൾക്ക് അർത്ഥത്തേക്കാൾ ഉപരിയായി ഒരു പ്രത്യേക ശബ്ദഭംഗിയോ ഭാവമോ ഉണ്ടാകും. ആ ശബ്ദം ഉണ്ടാക്കുന്ന ഒരു ഗൂഢമായ അന്തരീക്ഷം ഏതെങ്കിലും കൃത്യമായ നിർവചനങ്ങൾക്കപ്പുറത്താണ്. അർത്ഥത്തിൻ്റെ വേലിക്കെട്ടുകളില്ലാതെ, കേവലം ഭാവദീപ്തിക്കായി മാത്രം നിലകൊള്ളുന്ന ഇത്തരം പദങ്ങളെ കുറിച്ച് ചിന്തിച്ചപ്പോൾ പാട്ടുകൾക്ക് ജീവൻ നൽകുന്നത് ചിലപ്പോൾ ഇത്തരം അർത്ഥരഹിതമായ മനോഹര വരികളാണെന്ന് തോന്നി.
Read More: മധുരം ജീവാമൃതബിന്ദു
മലയാള സിനിമ ഇത്തരം എത്രയോ പദങ്ങളെ ആഘോഷമാക്കിയിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് "രാമായണക്കാറ്റ്" എന്നത്. രാമായണവുമായി യാതൊരു ബന്ധവുമില്ലാത്ത, കേവലം കാതോർക്കാൻ ഇമ്പമുള്ള ആ പദം മലയാളി എത്രയോ കാലം നെഞ്ചിലേറ്റിക്കൊണ്ടു നടന്നു. അർത്ഥത്തിൻ്റെ കൃത്യതയേക്കാൾ, അത് മനസ്സിനു നൽകുന്ന സംഗീതത്തിൻ്റെ കുളിർമയെയാണ് മലയാളി എക്കാലത്തും സ്നേഹിച്ചിട്ടുള്ളത്. ചില വാക്കുകൾ അർത്ഥമില്ലാതെ ജീവിക്കുമ്പോഴാണ് കൂടുതൽ സുന്ദരമാകുന്നത്; 'കിണ്ടാണ്ടം' പോലെ, ഈണത്തിൻ്റെ താളത്തിൽ അവ അനശ്വരരായി നിലകൊള്ളുകയും ചെയ്യുന്നു.
ഇവിടെ ഇത്രയും പറഞ്ഞത് ഈ പാട്ടുകളെ കുറിച്ച് പറയാനല്ല അതിനേക്കാൾ വിസ്മയകരമായി വാക്കുകൾ കൊരുത്തുകെട്ടിയ മറ്റൊരു സിനിമാ ഗാനത്തെക്കുറിച്ച് പറയാൻ വേണ്ടിയാണ്. സൺഡേ ഹോളിഡേ എന്ന സിനിമയിൽ ജിസ് ജോസ് എഴുതിയ അൻവർ സാദത്ത് പാടിയ ഒരു പാട്ടുണ്ട് "കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രചണ്ഡനം" എന്ന പാട്ട്. ഇതിലെ പ്രചണ്ഡനത്തിന് പ്രശ്നമൊന്നുമില്ല എന്നാൽ അതു കഴിഞ്ഞുള്ള പദങ്ങൾ ആരെയും അമ്പരപ്പിക്കും. ഇതിലെ ആദ്യഭാഗത്തെ കുറച്ചു വരികൾ:
കണ്ടോ നിന്റെ കണ്ണില് ഒരു പ്രചണ്ഡനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം..
നീ അറിഞ്ഞോ പെണ്ണെ..
പാരിക്ഷോപ്ത്തിയായോ
തുലോം തുച്ചം മോഹിച്ചല്ലോ ഞാന്
കാറ്റു പോയോ പെണ്ണെ..
മീഷ്ട്ടകാന്തം നീയേ
ഉള്ളില് തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം..
കണ്ടോ നിന്റെ കണ്ണില് ഒരു പ്രചണ്ഡനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം...
ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രചണ്ഡനം എന്നത് അർത്ഥയുക്തം തന്നെയാണെന്ന് കാണാം. വലിയ മുഴക്കങ്ങളെയാണ് പ്രചണ്ഡനം എന്ന് വിശേഷിപ്പിക്കുക. കണ്ണിൽ പ്രചണ്ഡനം ഉണ്ടാകുമോ എന്ന കാര്യം വേറെ. കാതിലാണ് പ്രചണ്ഡനം ഉണ്ടാവേണ്ടത്. പക്ഷേ ഇവിടെ കാതിൽ ഹുമേളനം ഉണ്ട്. ഹുമേളനത്തിനും നിഘണ്ടു അർത്ഥമില്ലെങ്കിലും നമുക്ക് ഒരർത്ഥം കല്പിക്കാം ഹും എന്ന മേളനം. ഒരു ഹുങ്കാരധ്വനി. അപ്പോ അതും ഒപ്പിക്കാം. ഇനി അങ്ങോട്ടുള്ള പദങ്ങളാണ് നമ്മെ ശരിക്കും വിസ്മയിപ്പിക്കുക.
കവിതയെന്നത് ശബ്ദത്തിന്റെയും അർത്ഥത്തിന്റെയും സുന്ദരമായ സമാഗമമാണെന്ന് ഭാരതീയ കാവ്യമീംമാംസകർ പറയുന്നുണ്ട്. "ശബ്ദാർത്ഥൗ സഹിതോ കാവ്യം" എന്ന നിർവചനം അതാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ അർത്ഥത്തിന്റെ കടുപ്പമേറിയ വഴികളെയും യുക്തിസഹമായ ഘടനകളെയും പിൻതള്ളി കേവലം ശബ്ദങ്ങളുടെ മാത്രം മാന്ത്രിക ലോകത്തേക്ക് പാട്ടുകൾ വഴിമാറാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അർത്ഥമില്ലായ്മ പോലും ഒരു പ്രത്യേക സൗന്ദര്യമായി മാറുന്ന വിസ്മയകരമായ കാഴ്ചയാണ് നാം കാണുന്നത്.
ഈ പാട്ടിലെ 'പ്രചണ്ഡനം' എന്ന പദം തന്നെ വലിയൊരു ചർച്ചയ്ക്ക് വഴിവെക്കുന്നതാണ്. വലിയ മുഴക്കങ്ങളെയും കോലാഹലങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ പദം കാതിലാണ് അനുഭവപ്പെടേണ്ടത്. എന്നാൽ കവി അത് കണ്ണുകളിലേക്ക് പറിച്ചുനടുന്നു. 'കണ്ണിൽ പ്രചണ്ഡനം ഉണ്ടാകുമോ' എന്ന ചോദ്യം അവിടെ പ്രസക്തമാണ്. എങ്കിലും കാതിൽ അനുഭവപ്പെടേണ്ട ആ പ്രകമ്പനത്തെ ദൃശ്യാനുഭവത്തിന്റെ തലത്തിലേക്ക് കവി ഉയർത്തുകയാണിവിടെ.
തുടർന്ന് കാതിൽ അനുഭവപ്പെടുന്ന 'ഹുമേളനം'. കർശനമായ നിഘണ്ടു അർത്ഥങ്ങൾ ഇതിന് ഇല്ലെങ്കിലും, സർഗാത്മകതയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് നമുക്കതിന് പുതിയൊരു അർത്ഥം കൽപിച്ചെടുക്കാം 'ഹും' എന്ന ശബ്ദവും 'മേളനവും' ചേർന്നുണ്ടായ ഒരു ഹുങ്കാരധ്വനി! അങ്ങനെയാവുമ്പോൾ ആ പ്രയോഗവും അർത്ഥവത്തായി മാറുന്നു. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് പിന്നീട് നിരനിരയായി എത്തുന്ന വിസ്മയകരമായ പദസഞ്ചയങ്ങൾ.
പദവൈചിത്ര്യങ്ങളുടെ മാന്ത്രിക ലോകം കണ്ട് വിസ്മയപ്പെടുന്ന സാധാരണക്കാർ കവിതകളുടെ അർത്ഥം എന്താണെന്ന് നേരിട്ട് ചോദിച്ചാൽ പോലും അവർക്ക് അത് പൂർണ്ണമായി വിശദീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. അങ്ങനെയിരിക്കെ, ചലച്ചിത്ര ഗാനങ്ങളിലെ വാച്യാർത്ഥങ്ങളിലേക്ക് അത്രയധികം അന്വേഷിച്ചു പോകേണ്ടതുണ്ടോ? എങ്കിലും, കേവലം അർത്ഥരഹിതമെന്ന് തോന്നാമെങ്കിലും ഈ പദങ്ങൾ എങ്ങനെ എഴുത്തുകാരന്റെ മനോമുകുരത്തിലേക്ക് ഒഴുകിയെത്തി എന്നത് അത്ഭുതകരമായ ഒരു യാഥാർത്ഥ്യമാണ്.
ദൃഷ്ടാടനം, ദൃംഷ്ടാപം, തുപ്ലോദയം,പാരിക്ഷോപ്ത്തി, മീഷ്ട്ടകാന്തം, ഹുമേളനം
ദ്രുണ്യത്ത്, സുമ്മക്ഷോപി, പ്യാരിത ,ചീലാവായ്
ഇങ്ങനെ നിരനിരയായി എത്തുന്ന പദസംഘാതങ്ങൾ നൽകുന്ന ഊർജ്ജം ചെറുതല്ല. പാട്ടിന്റെ ദ്രുതഗതിയിലുള്ള ഇളകിമറിയലിന് ഇടയിൽ ഇത്തരം പദങ്ങളുടെ അർത്ഥം എന്താണെന്ന് ആഴത്തിൽ അന്വേഷിച്ച് പോകേണ്ടതില്ല എന്ന് ഏതൊരു ആസ്വാദകനും തോന്നിപ്പോകും.
ആരെയും ആക്ഷേപിക്കാനോ വിമർശിക്കാനോ അല്ല ഈ കുറിപ്പ് മുതിരുന്നത്. പണ്ട് സഞ്ജയൻ മഹാകവി ചങ്ങമ്പുഴയെ പരിഹരിച്ചുകൊണ്ട് എഴുതിയ വരികൾ ഇവിടെ ഓർമ്മ വരുന്നു. "തലബള സലബള ലഞ്ജില മഞ്ജില മാഗല ഗ്ലീ ഗ്ലീഥർക്ലീ" എന്ന മട്ടിൽ അർത്ഥരഹിതമായ ശബ്ദങ്ങൾ കോർത്തിണക്കി കവിതയെഴുതുന്നു എന്ന് സഞ്ജയൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സഞ്ജയൻ വിമർശിച്ച ചങ്ങമ്പുഴയുടെ കവിതകളിൽ പോലും അർത്ഥശുദ്ധിയില്ലാത്ത ഇത്തരം പദങ്ങളൊന്നും കാണാൻ കഴിയില്ലായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. എന്നിട്ടും അന്ന് കവിയ്ക്ക് കടുത്ത വിമർശന ശരങ്ങൾ ഏൽക്കേണ്ടിവന്നു.
എന്നാൽ ഇന്നത്തെ ചലച്ചിത്ര ഗാനങ്ങളുടെ പശ്ചാത്തലത്തിൽ, അർത്ഥമില്ലാത്ത ശബ്ദങ്ങൾ പോലും താളത്തിന്റെയും ലഹരിയുടെയും ഭാഗമായി മാറുന്നത് നാം കാണുന്നു. ശബ്ദമുണ്ട്, പക്ഷേ അർത്ഥമില്ലാത്ത അവസ്ഥ. എങ്കിലും ആ സംഗീതത്തിന്റെ ഒഴുക്കിൽ അവ വായനക്കാരനിലും കേൾവിക്കാരനിലും സൃഷ്ടിക്കുന്ന ഭാവതീവ്രത ചെറുതല്ല. അർത്ഥത്തിന്റെ കരിങ്കൽമതിലുകൾ തകർത്തെറിഞ്ഞ്, കേവലം ഭാവത്തിന്റെയും ശബ്ദത്തിന്റെയും മാത്രം തലത്തിൽ ആസ്വദിക്കാൻ കഴിയുന്ന ഇത്തരം പദവൈചിത്ര്യങ്ങൾ മലയാള പാട്ടുവഴികളിലെ വിസ്മയകരമായ ഒരു ഏടായി നിലകൊള്ളുന്നു.
ദേവേശൻ പേരൂർ ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ
