സൂഫിയും സൂഫിനിയും: വിവാദം അവസാനിക്കുമ്പോൾ

സുന്നി, സലഫി ഭേദമന്യേ സംഘടനകൾ തങ്ങളുടെ അധികാരഘടന സ്ഥാപിച്ചെടുത്തപ്പോൾ സ്ത്രീകളുടെ കർതൃത്വത്തെയും ചരിത്രപരമായ പ്രാധാന്യത്തെയും പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റി. സൂഫിസം പോലും പിൽക്കാലത്ത് ദർഗ്ഗകളുടെയും സംഘടനകളുടെയും പാരമ്പര്യ പദവികളുടെയും പേരിൽ പുരുഷകേന്ദ്രീകൃതമായി സ്ഥാപനവത്‌കരിക്കപ്പെട്ടു. ആത്മീയതയുടെ തുറന്ന ഇടങ്ങൾ ക്രമേണ പുരുഷ മേധാവിത്വത്തിന്റെ കുത്തകയായി മാറി. കേരളത്തിലെ യാഥാസ്ഥിതിക മുസ്ലിം ധാരകളും ആധ്യാതിമ പദവികളിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുക തന്നെയാണ് ചെയ്യുന്നത് 

സാമൂഹികം | മുജീബ്‌ റഹ്‌മാൻ കിനാലൂർ



കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സൂഫിസം പലപ്പോഴും ഒരു സൗന്ദര്യശാസ്ത്ര കൗതുകമായോ, അല്ലെങ്കിൽ സംഘടനകൾ തമ്മിലുള്ള പതിവുവാഗ്വാദങ്ങളുടെ വിഭവമായോ മാത്രമാണ് കടന്നുവരാറുള്ളത്. സമീപകാലത്ത് ശബ്‌നം നൂർജഹാൻ ഉയർത്തിവിട്ട ആലോചനകൾ വലിയൊരു സംവാദ സാധ്യത തുറന്നിട്ടതായിരുന്നു. എന്നാൽ, പതിവുപോലെ ആ ചർച്ചയും ചെന്നവസാനിച്ചത് സങ്കുചിതമായ സംഘടനാ വേലിക്കെട്ടുകളിലും പരമ്പരാഗത പൗരോഹിത്യത്തിന്റെ വിധിതീർപ്പുകളിലുമാണ്. ഒരു സ്ത്രീ തന്റെ ആന്തരിക ബോധ്യങ്ങളിൽ നിന്നും ആത്മാന്വേഷണങ്ങളിൽ നിന്നും മുന്നോട്ടുവെച്ച ചിന്തകളെ അതിന്റെ ദാർശനിക തലത്തിൽ അഭിസംബോധന ചെയ്യുന്നതിനു പകരം, യാഥാസ്ഥിതിക പക്ഷവും നവയാഥാസ്ഥിതിക പക്ഷവും അവരവരുടെ രാഷ്ട്രീയ,സാമുദായിക നിലപാടുകളുടെ അളവുകോൽ വെച്ച് അതിനെ വെട്ടിമുറിച്ചു. ആ സംവാദം അലക്ഷ്യമായി വഴിപിരിഞ്ഞുപോയെങ്കിലും, അത് ബാക്കിവെച്ച ചോദ്യങ്ങൾ അവഗണിക്കാനാവാത്തവിധം പുതിയ കാലത്ത് ഉയർന്നുനിൽക്കുന്നുണ്ട്.

എന്തുകൊണ്ടാണ് സംഘടനകൾ നിർവചിച്ച മതചട്ടക്കൂടുകളെ മറികടന്ന് പുതിയ തലമുറ, പ്രത്യേകിച്ച് സ്ത്രീകൾ, സൂഫിസത്തിലേക്കും റൂമിയുടെ മസ്‌നവിയിലേക്കും അത്താറിന്റെ മിസ്റ്റിക് വരികളിലേക്കും ആകർഷിക്കപ്പെടുന്നത്? ബാഹ്യമായ അനുഷ്ഠാന കാർക്കശ്യങ്ങൾക്കപ്പുറം സൂഫി ചിന്തകൾക്ക് സമകാലിക ലോകത്ത് എന്ത് പ്രസക്തിയാണുള്ളത്? ഇസ്‌ലാമിന്റെ ചരിത്രത്തിൽ സജീവമായിരുന്ന സ്ത്രീ ആധ്യാത്മിക പാരമ്പര്യം പിൽക്കാലത്ത് എങ്ങനെ തമസ്‌കരിക്കപ്പെട്ടു?- ഈ ചോദ്യങ്ങൾ സമഗ്രമായി പരിശോധിക്കപ്പെടേണ്ടതാണ്. 

ഇസ്‌ലാമിക ചരിത്രത്തിലും തത്ത്വചിന്താ പദ്ധതിയിലും സൂഫിസം ഒരു അന്യആശയമോ പിൽക്കാല കൂട്ടിച്ചേർക്കലോ ആയിരുന്നില്ല. മറിച്ച്, ഇസ്‌ലാമിന്റെ ബൗദ്ധികവും ആത്മീയവുമായ സൗധം രൂപപ്പെട്ടത് കർമ്മശാസ്ത്രവും (ഫിഖ്ഹ്) ദൈവശാസ്ത്രവും (കലാം) പോലെത്തന്നെ ആത്മശുദ്ധീകരണ ശാസ്ത്രമായ തസവ്വുഫിലൂടെയുമാണ്. ശരീഅത്ത് എന്ന ബാഹ്യനിയമത്തെ മനുഷ്യന്റെ ആന്തരിക ജീവിതവുമായി വിളക്കിച്ചേർത്തത് സൂഫിസമാണ്. ഇമാം ഗസ്സാലിയെപ്പോലുള്ള ചിന്തകർ കർമ്മശാസ്ത്രത്തിന്റെ വരണ്ട യുക്തികളെ ആത്മീയമായ ഉൾക്കാഴ്ച കൊണ്ട് പുനരുജ്ജീവിപ്പിച്ചത് ഇതിന്റെ തെളിവാണ്. നിർഭാഗ്യവശാൽ, ആധുനിക കേരളത്തിൽ ഇസ്‌ലാമിക വ്യവഹാരങ്ങൾ ഒന്നുകിൽ യാഥാസ്ഥിതിക ആചാരകേന്ദ്രീകൃതമായി, അല്ലെങ്കിൽ നവയാഥാസ്ഥിതികരുടെ അക്ഷരവായനയിലധിഷ്ഠിതമായ കർക്കശ നിയമകേന്ദ്രീകൃതമായി ചുരുങ്ങിപ്പോയി. ദൈവം എന്നത് നിരന്തരം ശിക്ഷിക്കുന്ന, കർക്കശമായ നിയമാവലികൾ നടപ്പിലാക്കുന്ന ഒരു ആജ്ഞാദാതാവായി മാത്രം അവതരിപ്പിക്കപ്പെട്ടപ്പോൾ, ഇസ്‌ലാമിന്റെ അകക്കാമ്പായ കാരുണ്യവും സ്നേഹവും ഉൾക്കൊള്ളുന്ന ആത്മീയ പ്രപഞ്ചം നിഴലിലായി.

ഇവിടെയാണ് പുതിയ തലമുറയിലെ മനുഷ്യർ, വിശേഷിച്ച് സ്ത്രീകൾ, സൂഫിസത്തിൽ അഭയം കണ്ടെത്തുന്നത്. ഇതിന് കേവലമായ ഒരു സാഹിത്യപ്രേമത്തിനപ്പുറം വ്യക്തമായ മനഃശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ഇന്നത്തെ മുസ്ലിം പെൺകുട്ടികൾ അഭ്യസ്തവിദ്യരും വിജ്ഞാനാന്വേഷികളുമാണ്. അവർ ജീവിക്കുന്നത് ആധുനികതയുടെ സമ്മർദ്ദങ്ങൾ നിറഞ്ഞ, മത്സരബുദ്ധിയുള്ള ഒരു ലോകത്താണ്. അതേസമയം സ്വന്തം സമുദായത്തിനകത്തു നിന്ന് നേരിടുന്നത് നിരന്തരമായ വിലക്കുകളും ശരീരത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠകളും പൗരോഹിത്യത്തിന്റെ വിരൽചൂണ്ടലുകളുമാണ്. 'ചെയ്യരുത്' എന്ന ആജ്ഞകളുടെ ഭാരത്താൽ വീർപ്പുമുട്ടുന്ന സ്ത്രീമനസ്സ് സ്വാഭാവികമായും അന്വേഷിക്കുന്നത് സമാധാനവും ഉൾക്കൊള്ളലുമാണ്.

ജലാലുദ്ദീൻ റൂമിയും ഇബ്നു അറബിയും മൻസൂർ ഹല്ലാജും സംസാരിക്കുന്നത് വിലക്കുകളുടെ ഭാഷയിലല്ല, മറിച്ച് ഉപാധികളില്ലാത്ത ദിവ്യസ്നേഹത്തിന്റെ ഭാഷയിലാണ്. സൂഫിസത്തിൽ ദൈവം ഭയപ്പെടേണ്ട ഒരു അധികാര ശക്തിയല്ല; പ്രണയിക്കപ്പെടേണ്ട പരമമായ പ്രിയനാണ് (മഅ്ശൂഖ്). ഈ മിസ്റ്റിക് ദർശനം സ്ത്രീക്ക് നൽകുന്ന ഒരു മാനസിക വിടുതലുണ്ട്. ശരീരത്തിന്റെ ഭാരങ്ങളിൽ നിന്നും ലിംഗപരമായ വേർതിരിവുകളിൽ നിന്നും ആത്മാവിനെ അത് സ്വതന്ത്രമാക്കുന്നു. റൂമിയുടെ ദർശനത്തിൽ മനുഷ്യൻ വെറുമൊരു ഭൗതിക ശരീരമല്ല, മറിച്ച് ദൈവത്തിൽ നിന്ന് വേർപെട്ടുപോയ, വീണ്ടും ആ സ്രോതസ്സിലേക്ക് ചേരാൻ കൊതിക്കുന്ന പുല്ലാങ്കുഴലാണ്. അസ്തിത്വപരമായ ഈ വേവലാതിയെയാണ് പുതിയ തലമുറ തിരിച്ചറിയുന്നത്. സംഘടനകൾ നൽകുന്ന വരണ്ട രാഷ്ട്രീയ, സാമൂഹിക ബോധ്യങ്ങൾ മനസ്സിന്റെ ആഴങ്ങളിലെ ശൂന്യതയെ നികത്താൻ അപര്യാപ്തമാകുമ്പോൾ, മസ്‌നവിയിലെ കാവ്യഭാഷ അവർക്ക് ആശ്വാസവും ജീവനവായുവുമായി മാറുന്നു.

എന്നാൽ, സമകാലിക ചർച്ചകളിൽ ഏറ്റവും ദയനീയമായി വിട്ടുപോയത് സൂഫിസത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ സ്ത്രീ സാന്നിധ്യമാണ്. ഇസ്‌ലാമിക ആധ്യാത്മികതയിൽ പുരുഷനെപ്പോലെത്തന്നെ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിച്ച നിരവധി 'വിശുദ്ധ വനിതകൾ' ഉണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ച റാബിയത്തുൽ അദവിയ്യ എന്ന മഹതിയെ പരാമർശിക്കാതെ സൂഫിസത്തിന്റെ ചരിത്രം പൂർണ്ണമാകില്ല. നരകഭയം കൊണ്ടോ സ്വർഗ്ഗമോഹം കൊണ്ടോ അല്ലാതെ, ദൈവത്തെ ദൈവമായതുകൊണ്ട് മാത്രം പ്രണയിക്കുക എന്ന 'ഇശ്ഖി'ന്റെ (ദിവ്യപ്രണയം) സങ്കല്പം സൂഫിസത്തിൽ പ്രതിഷ്ഠിച്ചത് ഒരു സ്ത്രീയായിരുന്നു എന്നത് ചരിത്രത്തിലെ വിസ്മയകരമായ യാഥാർത്ഥ്യമാണ്. 'എന്റെ കയ്യിലെ തീപ്പന്തം കൊണ്ട് സ്വർഗ്ഗത്തിന് തീവെക്കാനും, കയ്യിലെ വെള്ളം കൊണ്ട് നരകം കെടുത്താനും ഞാൻ ആഗ്രഹിക്കുന്നു, മനുഷ്യർ ദൈവത്തെ അവന്റെ സ്വന്തം സൗന്ദര്യം കണ്ട് സ്നേഹിക്കട്ടെ' എന്ന റാബിയയുടെ പ്രഖ്യാപനം ആധ്യാത്മിക ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിലപാടുകളിലൊന്നാണ്. അക്കാലത്തെ പ്രഗത്ഭരായ പുരുഷ ആത്മജ്ഞാനികൾ പോലും തങ്ങളുടെ സന്ദേഹങ്ങൾ തീർക്കാൻ റാബിയയുടെ മുന്നിൽ വിനീതരായി ഇരുന്നിട്ടുണ്ട്.

റാബിയയിൽ ഒതുങ്ങുന്നതല്ല ഈ പാരമ്പര്യം. ഫാത്വിമ നിശാപൂരി, ആയിശ ബിൻത് ജഅ്ഫർ സ്വാദിഖ്, ഇബ്നു അറബിയുടെ ആത്മീയ ഗുരുവായിരുന്ന ഫാത്വിമ ബിൻത് ഇബ്നുൽ മുസന്ന, നഫീസത്തുൽ മിസ്‌രിയ്യ തുടങ്ങിയ എത്രയോ പ്രഗത്ഭരായ വനിതകൾ ആത്മജ്ഞാനത്തിന്റെ മാർഗ്ഗദർശികളായി നിലകൊണ്ടു. ലിംഗഭേദമല്ല, മറിച്ച് ആത്മാവിന്റെ ശുദ്ധിയും ജ്ഞാനവുമാണ് ഒരു വ്യക്തിയുടെ പദവി നിർണ്ണയിക്കുന്നത് എന്ന് ഈ ചരിത്രം അടിവരയിടുന്നു. ഫരീദുദ്ദീൻ അത്താറിന്റെ 'തദ്കിറത്തുൽ ഔലിയ'യിൽ റാബിയയെ ഉൾപ്പെടുത്തിയത് ന്യായീകരിച്ചുകൊണ്ട് അദ്ദേഹം എഴുതിയത്, 'ദൈവമാർഗ്ഗത്തിൽ ആണിനും പെണ്ണിനും ഒരേ സ്ഥാനമാണുള്ളത്; ഒരാൾ ആത്മീയമായി ദൈവത്തോട് അടുത്താൽ അവൻ ആണെന്നോ പെണ്ണെന്നോ നോക്കേണ്ടതില്ല' എന്നാണ്.

എന്നിട്ടും എന്തുകൊണ്ട് ഈ ചരിത്രം വിസ്മൃതിയിലായി? പുരുഷാധിപത്യപരമായ പൗരോഹിത്യം മതത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്തപ്പോൾ സംഭവിച്ച ദുരന്തമാണത്. സുന്നി, സലഫി ഭേദമന്യേ സംഘടനകൾ തങ്ങളുടെ അധികാരഘടന സ്ഥാപിച്ചെടുത്തപ്പോൾ സ്ത്രീകളുടെ കർതൃത്വത്തെയും ചരിത്രപരമായ പ്രാധാന്യത്തെയും പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റി. സൂഫിസം പോലും പിൽക്കാലത്ത് ദർഗ്ഗകളുടെയും സംഘടനകളുടെയും പാരമ്പര്യ പദവികളുടെയും പേരിൽ പുരുഷകേന്ദ്രീകൃതമായി സ്ഥാപനവത്‌കരിക്കപ്പെട്ടു. ആത്മീയതയുടെ തുറന്ന ഇടങ്ങൾ ക്രമേണ പുരുഷ മേധാവിത്വത്തിന്റെ കുത്തകയായി മാറി. കേരളത്തിലെ യാഥാസ്ഥിതിക മുസ്ലിം ധാരകളും ആധ്യാതിമ പദവികളിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുക തന്നെയാണ് ചെയ്യുന്നത്‌. പാരമ്പര്യ സൂഫിസത്തിന്റെ സാർവ്വലൗകികമായ ആത്മാവിനെ നിരാകരിച്ച്, ബാഹ്യമായ ചില അനുഷ്ഠാനങ്ങളുടെയും പുരുഷകേന്ദ്രീകൃത പൗരോഹിത്യത്തിന്റെയും തടവറയിലാണ് അവർ അതിനെ തളച്ചിട്ടത്.

ഈ പശ്ചാത്തലത്തിൽ വേണം ശബ്‌നം നൂർജഹാൻ ഉയർത്തിയ ചർച്ചകളെയും പുതിയ തലമുറയുടെ ആത്മാന്വേഷണങ്ങളെയും വിലയിരുത്താൻ. അതൊരു ഫാഷനോ താൽക്കാലിക ട്രെൻഡോ അല്ല; മറിച്ച് പൗരോഹിത്യത്തിന്റെ ഇരുമ്പുമറകൾക്കപ്പുറം തങ്ങളുടെ ദൈവത്തെയും ആത്മാവിനെയും സ്വതന്ത്രമായി വീണ്ടെടുക്കാനുള്ള സ്ത്രീകളുടെ നിശബ്ദമായ വീണ്ടെടുപ്പാണ്. മധ്യകാലത്തെ വിശുദ്ധ വനിതകൾ കാണിച്ചുതന്ന അതേ ധീരമായ ഉൾക്കാഴ്ചയോടെ, ഇടുങ്ങിയ വാദപ്രതിവാദങ്ങളെ മറികടന്ന്, സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും വിശാലമായ ഇസ്‌ലാമിക പാരമ്പര്യത്തെയാണ് അവർ പുനർവായിക്കുന്നത്.

സംഘടനാപരമായ ബലപരീക്ഷണങ്ങൾ കൊണ്ട് ഈ അന്വേഷണങ്ങളെ തടഞ്ഞുനിർത്താനാവില്ല. കേരളീയ മുസ്ലിം സമൂഹം ബൗദ്ധിക പക്വത കൈവരിക്കണമെങ്കിൽ, ഇത്തരം ചർച്ചകളെ കേവല ആരോപണ, പ്രത്യാരോപണങ്ങൾക്കപ്പുറം ഗൗരവതരമായ വൈജ്ഞാനിക വിനിമയമായി സ്വീകരിക്കാൻ തയ്യാറാകണം. ആചാരങ്ങളുടെ ബാഹ്യതകളിൽ കുരുങ്ങിക്കിടക്കുന്ന മതബോധത്തിൽ നിന്ന് ആത്മാവിന്റെ ആഴങ്ങളിലേക്ക് തുറക്കുന്ന; സ്ത്രീയെ കേവല ഭോഗവസ്തുവോ പുരുഷന്ന് വേണ്ടി സൃഷ്ടിക്കപ്പെട്ടവളായോ കാണാതെ പൂർണ്ണ ആത്മീയ സത്തയായി ആദരിക്കുന്ന  ഉൾക്കാഴ്ചയാണ് പുതിയ കേരളത്തിനും ലോകത്തിനും അടിയന്തരമായി ആവശ്യമുള്ളത്.

Follow us on WhatsApp


bahuswara

Previous Post Next Post