പോർച്ചുഗീസുകാരോട് കടുത്ത നിലപാട് സ്വീകരിച്ച പ്രാദേശിക നാടുവാഴികളാണ് അറക്കൽ രാജവംശം. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജ വംശമായിരുന്നു അറക്കൽ സ്വരൂപം. അറബ്, മുസ്ലിംകച്ചവടക്കാർ അവരുടെ സ്വാഭാവിക വ്യാപാര സുഹൃത്തുക്കളായിരുന്നു. തുടക്കം മുതൽ അവസാനം വരെ പോർച്ചുഗീസ് കൊളോണിയൽ ആധിപത്യത്തെയും കുത്തകവ്യാപാരത്തെയും എതിർത്തവരിൽ പ്രമുഖരായിരുന്നു അറക്കൽ സ്വരൂപത്തിലെ ഭരണ കർത്താക്കളായ അറക്കൽ ബീവിമാർ.
പരമ്പര-10 നാസിർ കെ സി
മണ്ണുമൂടിയ ചരിത്രത്താളുകൾ
മലബാറിൽ പോർച്ചുഗീസുകാരെ ചെറുത്തു നിന്നവരിൽ പ്രധാനികൾ സാമൂതിരിയും കുഞ്ഞാലിമരയ്ക്കാർമാരും അവരുടെ സൈനികരുമായിരുന്നു. കുഞ്ഞാലിമാർ പോർച്ചുഗീസുകാരോട് എതിരിട്ട് പലപ്പോഴായി ഈ ലോകത്തോട് വിട പറഞ്ഞു. നാലു പേരിൽ മൂന്നുപേരും യുദ്ധത്തിൽ വീരമൃത്യു വരിച്ചു. ഒരാൾക്കു മാത്രമാണ് സ്വാഭാവിക മരണത്തിനു വിധിയുണ്ടായിരുന്നത്. ഇടക്കാലത്ത് സാമൂതിരി പോർച്ചുഗീസുകാരുമായി സൗഹൃദത്തിലാവുകയും വീണ്ടും അവരുടെ ശത്രുവായിത്തീരുകയും ചെയ്തു. പോർച്ചുഗീസുകാർക്ക് കേരളത്തിൽ സ്ഥിരമായ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല.
കൊച്ചി രാജാക്കൻമാർ പോർച്ചുഗീസുകാരുടെ സുഹൃത്തുക്കളും കച്ചവട പങ്കാളികളും ആയിരുന്നെങ്കിലും പോർച്ചുഗീസുകാരുമായി കൊമ്പുകോർത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എങ്കിലും പോർച്ചുഗീസുകാരുമായി ഒരു ഏറ്റുമുട്ടലിന് അവർ ഒരുങ്ങിയില്ല. താൽപര്യാധിഷ്ഠിതമായിരുന്നു ആ സൗഹൃദവും ശത്രുതയും. കുഞ്ഞാലിമാർ വ്യത്യസ്തരാകുന്നത് ഇവിടെയാണ്. അവർ പറങ്കികളുമായി ഒരിക്കലും വിട്ടുവീഴ്ചക്കോ സൗഹൃദത്തിനോ തയ്യാറായില്ല. ജീവൻ ത്യജിച്ചുള്ള രാജ്യ സംരക്ഷണമായിരുന്നു അവരുടെ രീതി.
കൊച്ചി രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചൻമാരാണ് പോർച്ചുഗീസുകാരുടെ കുടില തന്ത്രങ്ങൾ തിരിച്ചറിയുകയും പലപ്പോഴും അതിനെ എതിർക്കാൻ ധൈര്യപ്പെടുകയും ചെയ്തത്. ഡച്ചുകാർ രംഗത്തു വന്നതോടെ അവരുമായിച്ചേർന്ന് പോർച്ചുഗീസുകാരെ ഒതുക്കുവാനുള്ള ശ്രമമാണ് അവർ നടത്തിയത്. കൊച്ചിയുടെ മേൽ പോർച്ചുഗീസുകാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സ്വാധീനത്തെയും ആധിപത്യത്തെയും അന്നത്തെ പാലിയത്തച്ചന്മാർ എതിർത്തിരുന്നു. ആ കൂട്ടത്തിൽ പ്രമുഖനായിരുന്നു കോമിയച്ചൻ.
പോർച്ചുഗീസുകാരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, അവർക്കെതിരെ കൊച്ചി രാജാവിനെ സഹായിക്കുകയും ഡച്ചുകാരുമായി സഖ്യമുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ആളായിരുന്നു ഇദ്ദേഹം. ഡച്ചുകാരുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അദ്ദേഹം ശ്രീലങ്ക വരെ പോവുകയുണ്ടായി. ശ്രീലങ്കയിൽ ആ കാലമാകുമ്പോഴേക്കും ഡച്ചുകാർ സ്വാധീനം ഉറപ്പിച്ചിരുന്നു.
പോർച്ചുഗീസുകാരുടെ ശക്തിയെ പ്രതിരോധിക്കാൻ കൊച്ചി ഭരണകൂടവും ഡച്ചുകാരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ പാലിയത്തച്ചന്മാർ നയപരമായ ഇടപെടലുകൾ നടത്തി. ദീർഘവീക്ഷണത്തോടെയുള്ള ഒരു നടപടിയായിരുന്നു അത്. കൊടുങ്ങല്ലൂരെ തന്ത്രപ്രധാനവും സുശക്തവുമായ പോർച്ചുഗീസ് കോട്ടപിടിച്ചടക്കാൻ ഡച്ചുകാരെ സഹായിച്ചത് പാലിയത്തച്ചനാണെന്ന് ഡച്ച് ഉദ്യോഗസ്ഥനും പ്രമാണകാരനുമായിരുന്ന ന്യൂ ഹോഫ് (John Nieuhof) ** രേഖപ്പെടുത്തുന്നുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഡച്ചുകാർക്ക് കോട്ട കീഴടക്കാൻ കഴിഞ്ഞിരുന്നില്ല. ആക്രമണം അവസാനിപ്പിച്ച് അവർ സന്ധിക്കൊരുങ്ങുകയായിരുന്ന വേളയിലാണ് പോർച്ചുഗീസുകാരുമായി തെറ്റി പാലിയത്തച്ചൻ ഡച്ച് പക്ഷത്ത് ചേർന്നത്. കോട്ടയുടെ രഹസ്യം വെളിപ്പെടുത്തിക്കൊടുത്തത് അദ്ദേഹമാണ്. അതോടെ ഡച്ചുകാർ നിഷ്പ്രയാസം കോട്ട കീഴടക്കി.
ഒന്നര നൂറ്റാണ്ടുകാലം കാലം അറബിക്കടലും തീരദേശ രാജ്യങ്ങളും അടക്കി ഭരിച്ച പോർച്ചുഗീസുകാർ ഇവിടെ ഉണ്ടാക്കാവുന്ന നാശനഷ്ടങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ക്രൂരതയായിരുന്നു അവരുടെ മുഖമുദ്ര. കച്ചവടത്തിലെ ലാഭത്തോടൊപ്പം അവർ ആർജിച്ച മറ്റൊന്ന് നാട്ടുകാരുടെ വെറുപ്പായിരുന്നു. അതു കൊണ്ട് ഒരവസരം വന്നപ്പോൾ നാട്ടുരാജാക്കൻമാർ ഉൾപ്പെടെ എല്ലാവരും അവർക്ക് എതിരു നിന്നു.
വടക്കൻ കേരളത്തിൽ കോട്ടയം രാജ വംശവും കോലത്തിരിമാരും പോർച്ചുഗീസുകാരെ എതിർത്തവരിൽ പ്രധാനികളായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ പഴശ്ശിരാജാവിൻ്റെ പൂർവികൻമാരായിരുന്നു കോട്ടയം രാജവംശത്തിലെ ഭരണാധികാരികൾ. വയനാട്, തലശ്ശേരി താലൂക്കിലെ ചില ഭാഗങ്ങൾ, ഇരിട്ടി താലൂക്ക്, ഗൂഡല്ലൂർ ഉൾപ്പെടെയുള്ള തമിഴ്നാടിൻ്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം കോട്ടയം രാജ വംശത്തിൻ്റെ കീഴിലായിരുന്നു. സ്വാഭിമാനികളായ ഈ ഭരണകർത്താക്കളെ നിയന്ത്രിക്കാനും അവരുടെ കച്ചവട കാര്യങ്ങളിൽ ഇടപെടാനുമുള്ള പോർച്ചുഗീസുകാരുടെ ശ്രമങ്ങളെ അവർ ശക്തമായി എതിർത്തു പോന്നു. കുരുമുളകിൻ്റെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരത്തിൽ ഏകാധിപത്യം സ്ഥാപിക്കാൻ പോർച്ചുഗീസുകാർ ശ്രമിച്ചപ്പോൾ കോട്ടയം രാജാക്കന്മാർ അത് ചെറുത്തുതോൽപ്പിച്ചു. തങ്ങളുടെ പരമ്പരാഗത വ്യാപാര ബന്ധങ്ങൾ സംരക്ഷിക്കുന്നതിനായി അവർ അറബ് കച്ചവടക്കാരുമായും മറ്റ് യൂറോപ്യൻ ഇതര വിഭാഗങ്ങളുമായും ഉള്ള ബന്ധം തുടർന്നു.
മാത്രമല്ല കോട്ടയത്തിൻ്റെ പരമ്പരാഗത ശത്രുക്കളായ കോലത്തിരിമാരുമായി പോർച്ചുഗീസുകാർ വ്യാപാര ഉടമ്പടിയിൽ ഏർപ്പെട്ടതും അവരെ പ്രകോപിപ്പിച്ച സംഗതിയായിരുന്നു. കോട്ടയം തമ്പുരാക്കൻമാർക്ക് കടൽ സൈന്യം ഉണ്ടായിരുന്നില്ലെങ്കിലും ശക്തമായ കരസൈന്യം ഉണ്ടായിരുന്നു. കോലത്തിരിമാർ തുടക്കത്തിൽ പോർച്ചുഗീസുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ പോർച്ചുഗീസുകാർ അവരുടെ പതിവു പരിപാടി തുടർന്നപ്പോൾ കോലത്തിരിമാർക്കും അവരെ എതിർക്കേണ്ടി വന്നു. തദ്ദേശീയരായ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയും പരമ്പരാഗത വ്യാപാര ബന്ധങ്ങളെ എതിർക്കുകയും തദ്ദേശീയരായ മാപ്പിളക്കച്ചവടക്കാരേയും അറബികളെയും കച്ചവടത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തതാണ് കോലത്തിരിമാരെ പോർച്ചുഗീസുകാർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. ഉദയവർമ്മൻ കോലത്തിരിയാണ് ഇക്കൂട്ടത്തിൽ പ്രധാനി. അദ്ദേഹത്തിൻ്റെ പിൻഗാമികളും അതേ വഴി തന്നെ സ്വീകരിച്ചു.
പോർച്ചുഗീസുകാരോട് കടുത്ത നിലപാട് സ്വീകരിച്ച പ്രാദേശിക നാടുവാഴികളാണ് അറക്കൽ രാജവംശം. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജ വംശമായിരുന്നു അറക്കൽ സ്വരൂപം. അറബ്, മുസ്ലിംകച്ചവടക്കാർ അവരുടെ സ്വാഭാവിക വ്യാപാര സുഹൃത്തുക്കളായിരുന്നു. തുടക്കം മുതൽ അവസാനം വരെ പോർച്ചുഗീസ് കൊളോണിയൽ ആധിപത്യത്തെയും കുത്തകവ്യാപാരത്തെയും എതിർത്തവരിൽ പ്രമുഖരായിരുന്നു അറക്കൽ സ്വരൂപത്തിലെ ഭരണ കർത്താക്കളായ അറക്കൽ ബീവിമാർ.
പോർച്ചുഗീസുകാർ കൊണ്ടുവന്ന കടൽയാത്രാ അനുമതിപത്രം എന്ന സമ്പ്രദായവും കച്ചവട കുത്തകയും അറക്കൽ ഭരണാധികാരികളുടെയും മാപ്പിള വ്യാപാരികളുടെയും സാമ്പത്തിക അടിത്തറയെ തകർത്തു. ഇതിനെതിരെ അവർ ശക്തമായി നിലകൊണ്ടു. മലബാറിൽ പോർച്ചുഗീസുകാർക്കെതിരെ പടപൊരുതിയ സാമൂതിരി രാജാക്കന്മാരുമായും കുഞ്ഞാലി മരയ്ക്കാർമാരുമായും അറക്കൽ ഭരണാധികാരികൾ അടുത്ത ബന്ധം പുലർത്തുകയും നാവിക പ്രതിരോധങ്ങളിൽ സഹകരിക്കുകയും ചെയ്തു. കണ്ണൂർ കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന അറക്കൽ രാജവംശത്തിന്റെ പ്രദേശങ്ങൾക്ക് സമീപം പോർച്ചുഗീസുകാർ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചതും മലബാർ തീരത്ത് നാവിക ശക്തി ഉറപ്പിക്കാൻ ശ്രമിച്ചതും നിരന്തരമായ സംഘർഷങ്ങൾക്ക് കാരണമായി. കേരളത്തിൽ പോർച്ചുഗീസ് ആധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച തദ്ദേശീയ ശക്തികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അറക്കൽ രാജവംശം. ഇത്തരം എതിർപ്പുകളും 1604 ലെ ഡച്ചുകാരുടെ കേരളത്തിലേക്കുള്ള വരവുമാണ് പോർച്ചുഗീസുകാരുടെ പടിയിറക്കത്തിനു കാരണമായത്.
പോർച്ചുഗീസുകാരെപ്പോലെ തന്നെ ഡച്ചുകാരും ഒരുമികച്ച നാവിക ശക്തിയായിരുന്നു. കച്ചവടത്തിൽ അവർ പോർച്ചുഗീസുകാരേക്കാൾ മാന്യത പുലർത്തി. പോർച്ചുഗീസുകാരുമായുള്ള കച്ചവട ബന്ധവും രാഷ്ട്രീയ സൗഹൃദവും ഉപേക്ഷിക്കാൻ നാട്ടുരാജാക്കൻമാരെ പ്രേരിപ്പിച്ച വസ്തുത അതായിരുന്നു. ഡച്ചുകാർക്കാകട്ടെ കേരളത്തിൽ നിന്നുള്ള കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ആവശ്യമുണ്ടായിരുന്നു. നേരത്തെ ലിസ്ബണിൽ നിന്ന് അവർക്കത് ലഭിക്കുമായിരുന്നു. എന്നാൽ ലിസ്ബൺ ഉൾപ്പടെ പോർച്ചുഗൽ സ്പെയിനിൻ്റെ അധീനതയിൽ ആയതോടെ അവിടെ കച്ചവടം അസാധ്യമായിത്തീർന്നു. 1580ൽ സ്പെയിനും പോർച്ചുഗലും ഒരു രാഷ്ട്രം ആയിത്തീർന്നതോടെയാണ് അതു സംഭവിച്ചത്. പോർച്ചുഗൽ സ്പെയിനിൻ്റെ അധീനതയിലായി. ഭ്രാന്തോളമെത്തുന്ന മത വിശ്വാസം പുലർത്തുന്ന ഫിലിപ്പ് രണ്ടാമൻ അവിടെ ഭരണാധികാരിയായിത്തീർന്നു *. അതോടെ പ്രൊട്ടസ്റ്റൻ്റ് രാജ്യങ്ങളിൽ നിന്നുള്ള രാജാക്കൻമാർക്ക് ലിസ്ബണിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതോടെ ഡച്ചുകാർക്ക് സുഗന്ധവ്യഞ്ജനങ്ങൾ ലഭിക്കാൻ മാർഗ്ഗമില്ലാതെയായി. യൂറോപ്പിലെ പ്രധാന സുഗന്ധവ്യഞ്ജന വ്യാപാരികളായിരുന്നു ഡച്ചുകാർ. ചരക്ക് ലഭിക്കാതായതോടെ അവരുടെ കച്ചവടം മുടങ്ങി. പൂർവദിക്കിലേക്കു വരാൻഡച്ചുകാരെ നിർബന്ധിതരാക്കിയ രാഷ്ട്രീയ സാഹചര്യം ഇതായിരുന്നു.
മാത്രമല്ല ഇന്ത്യയുമായുള്ള കച്ചവടം വഴി പോർച്ചുഗീസുകാർ വൻ ലാഭം കൊയ്യുന്നതായി യൂറോപ്പിന് മൊത്തത്തിൽ അറിയാമായിരുന്നു. പോർച്ചുഗീസുകാരുടെ കുത്തക തകർത്ത് ഏഷ്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡച്ചുകാർ ഇന്ത്യയിലെത്തിയത്. 1602 ൽ കച്ചവടത്തിനായി രൂപീകരിക്കപ്പെട്ട പല ഡച്ചു കമ്പനികൾ ചേർന്ന് യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചു. ഏഷ്യൻ രാജ്യങ്ങളുമായി കച്ചവടം നടത്തുന്നതിനുള്ള പ്രത്യേകാവകാശങ്ങൾ ഡച്ചു ഗവൺമെൻ്റ് ( നെതർലാൻ്റ് ഗവൺമെൻ്റ്) ഈ കമ്പനിക്ക് നൽകി. ഇന്തോനേഷ്യയിലാണ് അവർ ആദ്യം എത്തിച്ചേർന്നത്. 1595ൽ കോർണലിസ് ഡി ഹൗട്ട്മാൻ്റെ നേതൃത്വത്തിലാണ് അവരുടെ ആദ്യത്തെ കപ്പൽ സംഘം ആഫ്രിക്കൻ മുനമ്പ് വഴി ഇന്തോനേഷ്യയിലെത്തിച്ചേർന്നത്. 1605 ൽ ആന്ധ്രാപ്രദേശിലെ മസൂലി പട്ടണത്ത് ഡച്ചുകാർ ഇന്ത്യയിലെ അവരുടെ ആദ്യത്തെ കച്ചവടകേന്ദ്രം (ഫാക്ടറി) സ്ഥാപിച്ചു. തുടർന്ന് സൂററ്റ്, പുലിക്കട്ട്, കൊച്ചി, ബംഗാളിലെ ചിൻസുറ, നാഗപട്ടണം എന്നീ സ്ഥലങ്ങളിലും ഫാക്ടറികൾ സ്ഥാപിച്ചു. 1610 ലാണ് അവർ പുലിക്കട്ടിൽ കച്ചവടകേന്ദ്രം സ്ഥാപിച്ചത്. ആന്ധ്രാപ്രദേശിനോട് ചേർന്നു കിടക്കുന്ന ഈ തമിഴ് തീരദേശം പിന്നീട് ഡച്ചുകാരുടെ ആസ്ഥാനമായി മാറി. പോർച്ചുഗീസുകാരുമായി മത്സരിച്ചു കൊണ്ടു മാത്രമേ അവർക്ക് ഇന്ത്യയിൽ നിലനിൽക്കുവാൻ കഴിയുമായിരുന്നുള്ളു. യുദ്ധത്തിലൂടെ പോർച്ചുഗീസുകാരുടെ പല കേന്ദ്രങ്ങളും അവർ പിടിച്ചെടുത്തു. 1663 ൽ പോർച്ചുഗീസുകാരുടെ കൊച്ചിയിലെ കോട്ടകളും അവരുടെ അധീനതയിലായി. കൊല്ലം, കൊടുങ്ങല്ലൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നു കൂടെ പുറത്തായതോടെ കേരളം പൂർണ്ണമായി അവർക്ക് അന്യമായി. ശ്രീലങ്കയും ഇൻഡോനേഷ്യയും നേരത്തേ തന്നെ അവർക്ക് നഷisപ്പെട്ടിരുന്നു. ഇന്ത്യയിലെ അവരുടെ ആസ്ഥാനമായിരുന്ന ഗോവ, ഗുജറാത്തിൽ അവരുടെ അധീനതയിലായിരുന്ന ദാമൻ, ദീയു, ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദാദ്ര, നാഗർ ഹവേലി എന്നീ പ്രദേശങ്ങളിലായി അവർ ഒതുങ്ങി. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1954ൽ നടന്ന ജനകീയ മുന്നേറ്റത്തിലൂടെ ദാദ്രയും നഗർ ഹവേലിയും സ്വതന്ത്രമായി. 1961 ൽ ഈ പ്രദേശം ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടു. ഗോവ, മാമൻ,ദിയു എന്നീ പ്രദേശങ്ങളിൽ 1961 വരെ പോർച്ചുഗീസ് വാഴ്ച തുടർന്നു. 1961 ൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടു. ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര രാജ്യമായിത്തീർന്നിട്ടും ഒരു പരാദം പോലെ നമ്മുടെ രാഷ്ട്ര ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ആ വൈദേശിക ശക്തിയെ എന്നെന്നേക്കുമായി നാം പറിച്ചെറിഞ്ഞു. ഒടുവിൽ മോചിതമായ സ്ഥലങ്ങൾ പിന്നീട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറി.
......................
അടിക്കുറിപ്പ്
• 16-ാം നൂറ്റാണ്ടിൽ സ്പെയിൻ ഭരിച്ചിരുന്ന ശക്തനായ രാജാവായിരുന്നു ഫിലിപ്പ് രണ്ടാമൻ. ഹബ്സ്ബർഗ് രാജവംശത്തിലെ (Habsburg Dynasty) ഭരണാധികാരിയായിരുന്നു ഇദ്ദേഹം 1556 മുതൽ 1598 വരെയായിരുന്നു അദ്ദേഹത്തിൻ്റെ കാലഘട്ടം. ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചുകിടന്ന സ്പാനിഷ് സാമ്രാജ്യം അതിന്റെ ഏറ്റവും വലിയ ശക്തിയുടെയും വിസ്തൃതിയുടെയും ഉച്ചസ്ഥായിയിൽ എത്തിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമന്റെ മകനായി ജനിച്ച ഫിലിപ്പിന് യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങൾ പാരമ്പര്യമായി ലഭിച്ചു. ഏഷ്യയിലെ ഫിലിപ്പീൻസ് രാജ്യത്തിന് ആ പേര് ലഭിച്ചത് ഫിലിപ്പ് രണ്ടാമന്റെ പേരില് നിന്നാണ്.
കത്തോലിക്കാ സഭയുടെ അടിയുറച്ച വിശ്വാസിയായിരുന്ന അദ്ദേഹം പ്രൊട്ടസ്റ്റന്റ് ആശയങ്ങളുടെ വ്യാപനത്തെ ശക്തിയായി എതിർക്കുകയും കൗണ്ടർ-റിഫോർമേഷന് (Counter-Reformation) നേതൃത്വം നൽകുകയും ചെയ്തു.
** പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഡച്ച് സഞ്ചാരിയും, ചിത്രകാരനും, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനുമായിരുന്നു ജോൺ ന്യൂ ഹോഫ് (John Nieuhof / Johan Nieuhof - 1618–1672). കിഴക്കേ ഇന്ത്യയിലും ചൈനയിലും ബ്രസീലിലുമൊക്കെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചരിച്ച് അവിടത്തെ ചരിത്രവും സംസ്കാരവും രേഖപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായത്.
1660-കളുടെ തുടക്കത്തിൽ കേരളത്തിലും മലബാർ തീരത്തും ഡച്ചുകാരുടെ ദൂതനായും ഉദ്യോഗസ്ഥനായും അദ്ദേഹം എത്തിയിട്ടുണ്ട്. കൊച്ചി രാജാവും ഡച്ചുകാരുമായുള്ള ബന്ധങ്ങളിലും പോർച്ചുഗീസുകാർക്കെതിരെയുള്ള നീക്കങ്ങളിലും അദ്ദേഹം പങ്കാളിയായി. അക്കാലത്തെ കേരളത്തിലെ രാഷ്ട്രീയ അവസ്ഥകൾ, രാജാക്കന്മാർ, സാമൂഹികാചാരങ്ങൾ, ക്ഷേത്രങ്ങൾ, സസ്യജാലങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം എഴുതിയ വിവരണങ്ങളും വരച്ച ചിത്രങ്ങളും കേരള ചരിത്രപഠനത്തിലെ വിലപ്പെട്ട ആധികാരിക രേഖകളാണ്.

