ഇന്ത്യയെന്ന സങ്കല്പത്തെ അതിന്റെ മതേതര, സാമൂഹിക നീതിയുടെ അടിത്തറയിൽ നിലനിർത്താനായാണ് പ്രതിരോധത്തിന്റെ വലിയൊരു മതിലായി ഇടതുപക്ഷം മാറുന്നത്. ഇടതുപക്ഷമെന്നത് രാജ്യത്തെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുമായി തുലനപ്പെടുത്താൻ കഴിയുന്ന ഒന്നല്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയ പരാജയങ്ങൾക്കപ്പുറം, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാനും അവകാശങ്ങൾക്കായി പോരാടാനുമുള്ള ശേഷിയാണ് ഇടതുപക്ഷത്തെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും ഡൽഹി സമരം നമ്മെ ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നു.
വിശകലനം | എം എസ് ഷൈജു
ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലെ നിർണായകമായൊരു വഴിത്തിരിവാണ് ഡൽഹിയിലെ ഐതിഹാസികമായ ജന്ദർമന്തറിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണവർഗ്ഗ,സാമ്രാജ്യത്വ സഖ്യങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യമെന്ന ആശയത്തെ സംരക്ഷിക്കാനുമായി രാജ്യത്തെ പുതു തലമുറ തുടക്കമിട്ട ഒരു പ്രക്ഷോഭം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. കൊളോണിയൽ കാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി സമരസജ്ജമായ ഒരു ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിനായി രാജ്യത്ത് സമരം നടക്കുന്നത്. ബിജെപി സർക്കാർ കോർപ്പറേറ്റുകളെ കൂട്ട് പിടിച്ച് രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുവെന്നതാണ് ഈ സമരത്തിൻ്റെ പ്രത്യക്ഷമായ കാരണമെങ്കിലും ഭരണഘടന മുന്നോട്ട് വെക്കുന്ന അവകാശങ്ങളുടെ സംരക്ഷണവും ഇന്ത്യ എന്ന ആശയത്തിൻ്റെ വീണ്ടെടുപ്പുമാണ് ഈ സമരത്തിൻ്റെ അന്തിമമായ ലക്ഷ്യം. അതാണ് ഈ സമരത്തിൻ്റെ ആശയപരമായ കരുത്തും. ഈ സമരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിന് ആശയപരവും നേതൃപരവുമായ പിന്തുണ നൽകുന്നത് രാജ്യത്തെ ഇടതുപക്ഷമാണ്. യുവതക്കൊപ്പം തെരുവിലിറങ്ങിയിരിക്കുന്ന ഇടതുപക്ഷം, ജനങ്ങളുടെ പ്രതീക്ഷാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനത്തിലും ഭരണമില്ലാത്ത, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ ഭൂരിപക്ഷങ്ങളില്ലാത്ത ഒരു രാഷ്ട്രീയ ധാര അതിൻ്റെ ആശയപരമായ ദൃഢതകൊണ്ട് മാത്രം ജനമനസ്സുകളിൽ പുതിയൊരു മുന്നേറ്റം സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് ഈ സമരം വ്യക്തമാക്കി തരികയാണ്.
ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും ഭരണഘടനയും കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. കോർപ്പറേറ്റ് പ്രീണനവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിടുന്ന ഭരണകൂട നയങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജന്തർമന്തർ പോലുള്ള വേദികളിൽ ഇടതുപക്ഷം ഭരണകൂടത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തുന്നത്.
ഇന്ത്യയെന്ന സങ്കല്പത്തെ അതിന്റെ മതേതര, സാമൂഹിക നീതിയുടെ അടിത്തറയിൽ നിലനിർത്താനായാണ് പ്രതിരോധത്തിന്റെ വലിയൊരു മതിലായി ഇടതുപക്ഷം മാറുന്നത്. ഇടതുപക്ഷമെന്നത് രാജ്യത്തെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുമായി തുലനപ്പെടുത്താൻ കഴിയുന്ന ഒന്നല്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയ പരാജയങ്ങൾക്കപ്പുറം, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാനും അവകാശങ്ങൾക്കായി പോരാടാനുമുള്ള ശേഷിയാണ് ഇടതുപക്ഷത്തെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും ഡൽഹി സമരം നമ്മെ ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നു.
ജനാഭിലാഷമെന്നതാണ് ജനാധിപത്യത്തിൻ്റെ കാതൽ. അധികാരം പ്രയോഗിച്ചോ ഉപജാപങ്ങളിലൂടെയോ അതിൻ്റെ അന്തസത്തയെ തകർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിൻ്റെ ധ്വംസനമാണ്. ഇന്ത്യൻ ഭരണകൂടം ഇതിനെ രണ്ടിനെയും ഉപയോഗിച്ച് കൊണ്ടാണ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ മൂർത്തിമ രൂപമായ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ പദ്ധതികളൊരുക്കിയത്. മുൻ കൂട്ടി രൂപപ്പെടുത്തിയ ബ്ലൂ പ്രിൻ്റുകൾ ഉപയോഗപ്പെടുത്തിയും സാങ്കേതിക വിദ്യയെ ഉപയോഗിച്ചുമാണ് ഈ അട്ടിമറി നടന്നത്. സ്വാധീനിച്ച് എളുപ്പത്തിൽ കൂടെ നിർത്താവുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരെയും ജോലി ചെയ്തിടങ്ങളിലെല്ലാം ഇരുണ്ട പ്രതിച്ഛായ സ്വഷ്ടിച്ചിട്ടുള്ള കളങ്കിതനായ ഒരു മേധാവിയെയും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതലക്കാരായി വാഴിച്ച് കൊണ്ടാണ് ബിജെപി സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയത്. എന്നെങ്കിലും ഒരിക്കൽ ഈ അട്ടിമറി പിടിക്കപ്പെട്ടാലും ഇതിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനെ ശിക്ഷിക്കാൻ സാധിക്കാത്ത വിധം നിയമ പരിരക്ഷ ഒരുക്കി ബിജെപി സർക്കാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആത്മധൈര്യം പകർന്ന് കൊടുത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാഹചര്യമൊരുക്കിയത്. ഇതിൻ്റെ ഭാഗമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം പ്രഖ്യാപിക്കുകയും 13 കോടി മനുഷ്യരുടെ സമ്മതിദാനാവകാശം റദ്ദ് ചെയ്യുകയും ചെയ്തു. ധൃതി പിടിച്ച് നടത്തിയ ഈ നീക്കങ്ങളുടെ അനന്തര ഫലങ്ങൾ ഏറെക്കഴിഞ്ഞാണ് പുറത്ത് വന്നത്. അപ്പോഴാണ് പ്രതിപക്ഷത്തിനടക്കം നടന്ന കാര്യങ്ങളുടെ ഗൗരവ സ്വഭാവത്തെ സംബന്ധിച്ച് ബോധ്യപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം പതിമൂന്ന് കോടി ജനങ്ങൾ എന്നത് അതീവ നിർണായകമായ ഒരു സംഖ്യയാണ്. ഏതൊക്കെ മണ്ഡലങ്ങളിൽ, എവിടെ നിന്നെല്ലാമാണ് ഈ വെട്ടി മാറ്റലുകൾ സംഭവിച്ചത് എന്ന വിവരങ്ങൾ കൂടി പുറത്ത് വന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ബിജെപി അധികാരത്തിൽ വന്നത് എന്ന് കൃത്യമായി നമുക്ക് മനസിലാകും.
ഈ കൃത്രിമത്വത്തിനും ജനാധിപത്യ അട്ടിമറിക്കും ചുക്കാൻ പിടിച്ച ഗ്യാനേഷ്കുമാർ എന്ന കളങ്കിതനായ ഉദ്യോഗസ്ഥൻ രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലയിൽ നിന്ന് ഒഴിയണമെന്ന മുഖ്യമായ അജണ്ട ഉയർത്തിപ്പിടിച്ചാണ് ഇന്ത്യൻ യുവത്വം സമര രംഗത്തേക്കിറങ്ങിയത്. പരമ്പരാഗത ശൈലികളോ സമര രീതികളോ ഉപയോഗിക്കാതെ വിദ്യാർഥികളും യുവാക്കളും ആരംഭിച്ച ഈ സമരം ദിശാപരമായ അനിശ്ചിത്വത്തിൽ അവസാനിച്ച് നിർവീര്യമായിപ്പോകുമെന്ന ഭരണകൂട കണക്ക് കൂട്ടലുകൾ മുഴുവൻ തകർന്നടിഞ്ഞത് ഇടതുപക്ഷം ഈ സമരത്തിന് പിന്തുണ നൽകിയതോടെയാണ്. ആശയപരമായും നയപരമായും ഈ സമരത്തെ നയിക്കാനുള്ള ചരിത്ര ദൗത്യമാണ് ഇന്ത്യൻ ഇടതുപക്ഷം നിർവഹിച്ച് കൊണ്ടിരിക്കുന്നത്.
ഈ സമരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറി എന്ന മുഖ്യമായ വിഷയത്തോടൊപ്പം തന്നെ തൊഴിലില്ലായ്മ, വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങളിൽക്കൂടി ജനങ്ങളെ അണിനിരത്താൻ സാധിക്കുന്നുവെന്നത് രാജ്യം നേരിടുന്ന പൊതുവായ പ്രശ്നങ്ങളെയെല്ലാം ഒരേ സമയം വൈരുദ്ധ്യങ്ങളില്ലാതെ ഉൾക്കൊള്ളാനുള്ള ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ക്ഷമതയെയാണ് കാണിക്കുന്നത്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളിൽ പുതിയ തലമുറയും തൊഴിലാളി വർഗ്ഗവും കൂടുതൽ സജീവമായി കടന്നുവരുന്ന കാഴ്ച ഏറെ ശുഭകരമാണ്. അധികാരപരമായി ഒരു വൻശക്തിയല്ലെങ്കിലും, ഇടതുപക്ഷം
വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങാതെ പ്രവൃത്തിയിലൂടെ ജനപക്ഷത്ത് ഉറച്ചുനിൽക്കുന്നു എന്ന ബോധ്യം സാധാരണ ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുവന്നതിൻ്റെ തെളിവ് കൂടിയാണ് ഈ ജനപിന്തുണ. മറ്റു പല രാഷ്ട്രീയ പാർട്ടികളും അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ, വ്യക്തമായ പ്രത്യശാസ്ത്ര അടിത്തറയാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതാണ് ഈ സമരത്തിൻ്റെ നേതൃത്വത്തിലേക്ക് ഉയരാൻ ഇടതുപക്ഷത്തെ പ്രാപ്തമാക്കിയത്. സാമ്രാജ്യത്വ വിരുദ്ധ നിലപാടും വർഗ്ഗസമര കാഴ്ചപ്പാടുകളും തൊഴിലാളി, കർഷക ഐക്യവും ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് ആശ്രയമാകാൻ ഇടതുപക്ഷത്തിന് കരുത്ത് പകരുന്നു.
വ്യക്തികേന്ദ്രിതമായ രാഷ്ട്രീയത്തിന് പകരം നയങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെക്കുന്നതുകൊണ്ടാണ് ജനങ്ങൾക്ക് ദുരിതകാലത്ത് ഇടതുപക്ഷം ഒരു ആശ്രയമായി മാറുന്നത്. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെയും മാധ്യമവിലക്കുകളെയും അതിജീവിച്ച് ജനങ്ങളുടെ യഥാർത്ഥ ശബ്ദമാകുകയാണ് ഈ പ്രത്യശാസ്ത്ര ദൃഢത. രാജ്യത്ത് നടക്കുന്ന ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്. മുക്കാൽ നൂറ്റാണ്ട് നീളുന്ന ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വിശ്വസിക്കാനും കൂടെ നിർത്താനും ചേർന്ന് നിൽക്കാനും പറ്റുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ഇന്ത്യൻ യുവത്വത്തിന് ഇടതുപക്ഷത്തെയാണ് അനുഭവപ്പെടുന്നതെന്നത് ആ രാഷ്ട്രീയ ധാരയുടെ വിജയം തന്നെയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല. അധികാരത്തിന്റെ സമവാക്യങ്ങൾക്കപ്പുറം ജനങ്ങളുടെ ഹൃദയങ്ങളിൽ വേരോട്ടമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ നിലനിർത്താൻ കഴിയൂ എന്ന് ജന്തർമന്തറിലെ പ്രക്ഷോഭം തെളിയിക്കുന്നു. ഫാസിസ്റ്റ് പ്രവണതകൾക്കും കോർപ്പറേറ്റ് കൊള്ളയ്ക്കുമെതിരെയുള്ള ഇന്ത്യയുടെ ജനകീയ പ്രതിരോധത്തിൽ ഇടതുപക്ഷം പുതിയൊരു കാലഘട്ടത്തിന്റെ പ്രത്യാശയായി വളർന്നു വരികയാണ്. ഈ സമരത്തിൽ രണ്ട് പക്ഷമേയുള്ളൂ. ഒന്ന് ജനാധിപത്യത്തിൻ്റെയും ജനങ്ങളുടെയും പക്ഷം. രണ്ട് കോർപറേറ്റുകളുടെയും അവർക്ക് വേണ്ടിയുള്ള ഉപജാക രാഷ്ട്രീയത്തിൻ്റെയും പക്ഷം. ഇതിലെവിടെ നിൽക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുക എന്നതാണ് ഇന്ത്യൻ ജനതയുടെ വർത്തമാന ധർമം.

