ബസ്തറിൽ ഒരു നാൾ

ചുവരുകളിൽ പരമ്പരാഗത ആദിവാസി ചിഹ്നങ്ങളും മനോഹരമായ വെളുത്ത ചായക്കൂട്ടുകളും വിരിഞ്ഞുനിൽക്കുന്ന മൺവീടായിരുന്നു അത്. ഓരോ വാതിലിലും ചുമരിലും പാരമ്പര്യകലകളുടെ ആത്മാവ് തുടിച്ചുനിൽക്കുന്നു. മുറ്റത്തെ തണൽമരങ്ങൾക്ക് താഴെ, കൈകൊണ്ട് വരച്ച ചിത്രപ്പണികളുള്ള നീല മരമേശയ്ക്കു ചുറ്റുമിരുന്ന് ചായ കുടിച്ചുകൊണ്ടാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്.  

യാത്ര | മുജീബ്‌ റഹ്‌മാൻ കിനാലൂർ

നന്ദിനി മേനോന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആംചോ ബസ്തർ’ എന്ന യാത്രാവിവരണത്തിന്റെ താളുകളിലൂടെയാണ് ഷക്കീൽ രിസ്‌വി എന്ന പേര് ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. പുറംലോകത്തിന്റെ വാർത്തകളിൽ നക്സൽ സ്വാധീനത്തിന്റെയും വെടിയൊച്ചകളുടെയും അശാന്തി മാത്രമായി ചിത്രീകരിക്കപ്പെടുന്ന ദണ്ഡകാരണ്യത്തിന്റെ ഉള്ളറകളിൽ, ആദിവാസി ജനതയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരാൾ. പിന്നീട് ഓൺലൈൻ വഴിയുള്ള ചെറിയൊരു സൗഹൃദം. ഒടുവിൽ ബസ്തറിന്റെ ചുവന്ന മൺപാതകൾ ചെന്നുനിന്നത് അദ്ദേഹത്തിന്റെ പച്ചപ്പുനിറഞ്ഞ കൊച്ചു താവളത്തിലേക്കായിരുന്നു.  

രാവിലെ വെയിൽ പടർന്നുതുടങ്ങുന്ന നേരത്താണ് ഞങ്ങൾ ബസ്തർ ട്രൈബൽ ഹോംസ്റ്റേയുടെ (BTH) മുറ്റത്തെത്തുന്നത്. ശാന്തവും പ്രസന്നവുമായ പുഞ്ചിരിയോടെ ഷക്കീൽജി എതിരേറ്റു. വിദേശരാജ്യങ്ങളിലെ പഠനവും ലോകോത്തര നഗരങ്ങളിലെ ഡിസൈനർ ജീവിതവും നൽകിയ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച്, ഈ കാടിന്റെ ഏകാന്തതയിലേക്ക് ഇറങ്ങിനടന്ന ഒരാളാണ് മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കണ്ടാൽ ആരും തിരിച്ചറിയില്ല. ഒപ്പം, ആ പ്രഭാതത്തെ കൂടുതൽ ജീവസ്സുറ്റതാക്കിക്കൊണ്ട് ദീപ്തി ഓഗ്രയുമുണ്ടായിരുന്നു. ട്രൈബൽ കലകൾ, പെർഫോമിംഗ് ആർട്ട്, ചുമർചിത്രങ്ങൾ, ചിഹ്നപഠനം എന്നിവയിൽ അഗാധമായ ഗവേഷണം നടത്തുന്ന ദീപ്തി, 'സുരൂജ് ട്രസ്റ്റ്' (Surooj Trust) എന്ന സന്നദ്ധ സംഘടനയിലൂടെ പ്രാദേശിക സംസ്കാരത്തെയും ജനതയെയും ശാക്തീകരിക്കാൻ പ്രവർത്തിക്കുന്ന ഊർജ്ജസ്വലയായ ഗവേഷകയാണ്.  

ചുവരുകളിൽ പരമ്പരാഗത ആദിവാസി ചിഹ്നങ്ങളും മനോഹരമായ വെളുത്ത ചായക്കൂട്ടുകളും വിരിഞ്ഞുനിൽക്കുന്ന മൺവീടായിരുന്നു അത്. ഓരോ വാതിലിലും ചുമരിലും പാരമ്പര്യകലകളുടെ ആത്മാവ് തുടിച്ചുനിൽക്കുന്നു. മുറ്റത്തെ തണൽമരങ്ങൾക്ക് താഴെ, കൈകൊണ്ട് വരച്ച ചിത്രപ്പണികളുള്ള നീല മരമേശയ്ക്കു ചുറ്റുമിരുന്ന് ചായ കുടിച്ചുകൊണ്ടാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്.  

ഭരണകൂടത്തിന്റെ കണ്ണിൽ ഇന്നും സംശയത്തിന്റെ നിഴലുകൾ വീണു കിടക്കുന്ന ഇടമാണ് ബസ്തർ. സുരക്ഷാസേനയുടെ പരിശോധനകളും അരക്ഷിതാവസ്ഥയും ഒരുവശത്ത്; മറുവശത്ത് വികസനത്തിന്റെ അടയാളങ്ങൾ തൊട്ടുതീണ്ടാത്ത ഗ്രാമജീവിതം. മഴ പെയ്താൽ ആഴ്ചകളോളം വൈദ്യുതി നിലയ്ക്കുന്ന, ആശുപത്രിയോ വിദ്യാലയങ്ങളോ ഇന്നും വിദൂരമായ ഈ ഉൾനാടൻ ഭൂമികയിൽ ഇത്രമേൽ സമാധാനത്തോടെ എങ്ങനെ ഒരാൾക്ക് വേരൂന്നാൻ കഴിയുമെന്ന ചോദ്യത്തിന് അവരുടെ സാന്നിധ്യം തന്നെയായിരുന്നു മറുപടി.  

"പുറംലോകം കാടിനെ കാണുന്നത് ചൂഷണം ചെയ്യാനുള്ള വിഭവങ്ങളുടെ കലവറയായിട്ടാണ്, എന്നാൽ ഗോത്രമനുഷ്യന് കാട് കുടുംബമാണ്," ഷക്കീൽജി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ആദിവാസികളെ നാം അളക്കുന്ന 'വികസന മുരടിപ്പ്' എന്ന മുൻവിധികളെ ഉടച്ചുവാർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഭൂമിയോട് നന്ദി പറയാതെ അവർ വിത്തുവിതയ്ക്കുന്നില്ല; ദേവ്ഗുഡികളിലെ പൂർവിക സ്മൃതികളോട് അനുവാദം ചോദിക്കാതെ അവർ കാടിന്റെ ഒരിലയും നുള്ളുന്നില്ല.  

Read English version: The Keepers of the Red Earth

ആദിവാസി ചുമർചിത്രങ്ങളിലെയും (ഭിത്തിചിത്രങ്ങൾ) വീട്ടുപകരണങ്ങളിലെയും അർത്ഥതലങ്ങളെക്കുറിച്ച് ദീപ്തി സംസാരിച്ചപ്പോൾ ആ സംഭാഷണം കൂടുതൽ ആഴമുള്ളതായി മാറി. മൺകലങ്ങളിലും കവാടങ്ങളിലും തീർത്തിരിക്കുന്ന ഓരോ രൂപവും കേവലം അലങ്കാരമല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന പ്രകൃതിപൂജയുടെയും ആചാരങ്ങളുടെയും ജീവസ്സുറ്റ ചരിത്രരേഖകളാണെന്ന് അവർ വിശദീകരിച്ചു. ആഴ്ചച്ചന്തകളായ ഹാട്ടുകളിലെ കച്ചവടവും ധോക്രാ പിച്ചള ശില്പകലയുടെ സൂക്ഷ്മതയും വിദേശത്തുനിന്നടക്കം എത്തുന്ന യാത്രികർക്കായി അവർ തുറന്നുകൊടുക്കുന്ന അനുഭവപാഠങ്ങളും ആ സംഭാഷണത്തിൽ നിറഞ്ഞുവന്നു.  

ആ പ്രഭാതം കേവലം ഒരു സൗഹൃദസന്ദർശനം മാത്രമായിരുന്നില്ല; വേരുകളറ്റുപോയ ആധുനിക ജീവിതത്തിന് മുന്നിൽ പ്രകൃതിയോട് ഇണങ്ങിനിൽക്കാനുള്ള ലളിതമായ വഴികാട്ടലായിരുന്നു. നഗരങ്ങളുടെ ബഹളങ്ങളിൽനിന്ന് മാറി ഈ ചുവന്ന മണ്ണിൽ, പാരമ്പര്യത്തിന്റെ കാവലാളുകളായി ജീവിക്കുന്ന ഷക്കീൽ രിസ്‌വിയും ദീപ്തി ഓഗ്രയും നന്മയുടെയും സമർപ്പണത്തിന്റെയും വേറിട്ടൊരു ലോകമാണ് തുറന്നുവെക്കുന്നത്.

Follow us on WhatsApp

എഴുത്തുകാരന്റെ പേര്

മുജീബ് റഹ്മാൻ കിനാലൂർ 
ഗ്രന്ഥകാരൻ, കോളമിസ്റ്റ്, സഞ്ചാരി. പതിനഞ്ചോളം രാജ്യങ്ങൾ  സന്ദർശിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ പ്രമുഖ ആനുകാലികങ്ങളിൽ  എഴുതുന്നു.  അമേരിക്ക-ബഹുവർണ ചിത്രങ്ങൾ, അക്കരൈപത്ത്, മിസ്ർ എന്ന രാജാത്തി, ഹൈദരാബാദ് ഒരു പ്രണയ നഗരം എന്നിവ പ്രധാന പുസ്തകങ്ങൾ.


bahuswara

Previous Post Next Post