തെയ്യോന്റെ ഓർമ്മകളിലൂടെ സ്വാതന്ത്ര്യദാഹികളായ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ ത്യാഗോജ്ജ്വല ജീവിതം നോവലിൽ തെളിയുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം മുതൽ സ്വാതന്ത്ര്യലബ്ധി വരെയുള്ള കാലയളവിൽ ഉള്ളിച്ചേരി എന്ന ഗ്രാമം ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയായ ചരിത്രമാണ് പി സുരേഷിന്റെ മറതി എന്ന നോവലിന്റെ പ്രമേയം.
വായന | ഓണിൽ രവീന്ദ്രൻ
ഓർമ്മകളുടെ കൂമ്പാരം കൂടിയാണ് ചരിത്രം. അത് പ്രാദേശികമായും ദേശീയമായും നിലനിൽക്കുന്നു. ദേശീയ ചരിത്രങ്ങൾ വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുമ്പോൾ, പ്രാദേശിക ചരിത്രങ്ങൾ ചിലരുടെ ഓർമ്മകളിൽ മാത്രം നനവോടെ ഒതുങ്ങിപ്പോകുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവും അത്തരം അനേകം ഓർമ്മകളുടെ തുകയാണ്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ പതിനായിരങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിലൂടെയും യാതനകളിലൂടെയുമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നടന്നു കയറിയത്. ആ വഴികളുടെ തുടിപ്പുകൾ പ്രാദേശികചരിത്രത്തിൽ നിന്ന് കണ്ടെടുത്ത് ലളിതവും മനോഹരവുമായ ഭാഷയിൽ ആഖ്യാനം ചെയ്യുകയാണ് 'മറതി' എന്ന നോവലിൽ പി. സുരേഷ്.
1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിർണായക വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് ജനത സമരപാത പുനർനിർണയിച്ചപ്പോൾ, നാടിന്റെ മുക്കിലും മൂലയിലും ചെറുത്തുനിൽപ്പുകൾ ശക്തമായി. മലബാറിലെ ഉള്ളിച്ചേരി ഗ്രാമത്തിലും അതിന്റെ അലയൊലികൾ ഉയർന്നു. ഗാന്ധിജിയുടെ അറസ്റ്റും അതിനോടുള്ള വൈകാരിക പ്രതികരണവും മാതാംതോടിന്റെ തീരങ്ങളിലേക്കും പടർന്നു. ഉള്ളിച്ചേരിയിലെ സാധാരണ മനുഷ്യരിലേക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചവും ആവേശവും പകർന്നുനൽകാൻ ആ പ്രക്ഷോഭത്തിന് കഴിഞ്ഞു.
കൂറമുട്ടായിയുടെ മണമുള്ള പഴയൊരു ദേശീയപതാക ശീമക്കൊന്നക്കമ്പിൽ കെട്ടി, വീടിന്റെ കോലായത്തൂണിൽ സ്ഥാപിച്ച് ബഹുമാനത്തോടെ തൊഴുന്ന തെയ്യോൻ എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലൂടെയാണ് 'മറതി' ആരംഭിക്കുന്നത്. കന്നൂര് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ഖാദിവസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ച്, ദേശീയപതാകയുമേന്തി നടന്നുപോകുന്ന തെയ്യോനെ നാട്ടുകാർ കൗതുകത്തോടെയും ചിരിയോടെയുമാണ് നോക്കിനിൽക്കുന്നത്. അസംബ്ലിയിൽ നിരന്നുനിൽക്കുന്ന കുട്ടികളെ നോക്കിക്കാണുന്ന തെയ്യോന്റെ മനസ്സിലേക്ക് സ്വന്തം ബാല്യകാലസ്മൃതികൾ കടന്നുവരുന്നു. ശങ്കരൻ നായരെന്ന സ്വാതന്ത്ര്യസമര സേനാനിയുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് പോയതും, മൂന്നാം ക്ലാസ്സിൽ പഠനം നിലച്ചപ്പോൾ 'ഗോപാലൻ' എന്ന സ്വന്തം പേര് നഷ്ടപ്പെട്ട് 'തെയ്യോൻ' എന്ന പുതിയ പേര് പേറേണ്ടി വന്നതുമെല്ലാം അയാളുടെ ഉള്ളിൽ നൊമ്പരമായി പടരുന്നു. തെയ്യോന്റെ ഓർമ്മകളിലൂടെ സ്വാതന്ത്ര്യദാഹികളായ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ ത്യാഗോജ്ജ്വല ജീവിതം നോവലിൽ തെളിയുന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം മുതൽ സ്വാതന്ത്ര്യലബ്ധി വരെയുള്ള കാലയളവിൽ ഉള്ളിച്ചേരി എന്ന ഗ്രാമം ദേശീയപ്രസ്ഥാനത്തിൽ പങ്കാളിയായ ചരിത്രമാണ് നോവലിന്റെ മുഖ്യപ്രമേയം.
ബ്രിട്ടീഷ് ഭരണത്തിന്റെ അനീതികൾക്കെതിരെ പൊരുതാനിറങ്ങിയ ഒരു ഗ്രാമീണ ജനതയുടെ ആവേശം വരച്ചിടുന്നതിനൊപ്പം, മലബാറിന്റെ സമരഭൂപടത്തിൽ നിർണായക സ്ഥാനമുണ്ടായിട്ടും പിൽക്കാലത്ത് ചരിത്രത്തിൽ വിസ്മൃതരായിപ്പോയ നിരവധി പോരാളികളെ നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നുണ്ട്. കോഴിപ്പുറത്ത് മാധവമേനോൻ, കെ.പി.ആർ. ഗോപാലൻ, എ.വി. കുട്ടിമാളു അമ്മ, സി.കെ. ഗോവിന്ദൻ നായർ (സി.കെ.ജി.), ഐ.കെ. കുമാരൻ മാസ്റ്റർ, പി. കൃഷ്ണപിള്ള തുടങ്ങിയവരുടെ സാന്നിധ്യങ്ങൾ ഇതിനുദാഹരണമാണ്.
ഉള്ളിച്ചേരിയിലെ മാതാംതോടിനു കുറുകെയുള്ള മരപ്പാലം തകർക്കുന്നതാണ് നോവലിലെ പ്രധാന സംഭവങ്ങളിലൊന്ന്. വയനാട്ടിൽ നിന്ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ബ്രിട്ടീഷുകാരുടെ ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നടുവിലക്കണ്ടി ദാമോദരൻ മാഷിന്റെ നേതൃത്വത്തിൽ ശങ്കരൻ നായരും ചാത്തുക്കുട്ടിയും തൊളൂരയും മറ്റുള്ളവരുമടങ്ങുന്ന സംഘത്തോടൊപ്പം കൗമാരക്കാരനായ തെയ്യോനും ഇതിൽ പങ്കാളിയാവുന്നു. പാലം തകർത്തതിനു പിന്നാലെ കോക്കല്ലൂർ, വേളൂർ, ഉള്ളിച്ചേരി എന്നിവിടങ്ങളിലെ അംശക്കച്ചേരികളും തീയിട്ടു നശിപ്പിക്കപ്പെട്ടു. ഇതോടെ തെയ്യോൻ ഉൾപ്പെടെയുള്ളവർ ഒളിവിലായി. ദാമോദരൻ മാസ്റ്റർ പോലീസ് പിടിയിലാവുകയും കൊയിലാണ്ടിയിലും പിന്നീട് ബെല്ലാരി ജയിലിലും ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്തു. മാതാംതോട് പാലം പൊളിച്ച സംഭവത്തോടെ നോവലിന്റെ ഗതി മാറുന്നു. അതോടൊപ്പം, സ്വാതന്ത്ര്യസമര സേനാനികളെ ഒറ്റിക്കൊടുത്തും ഭരണാധികാരികൾക്ക് ദാസ്യവേല ചെയ്തും സുഖജീവിതം നയിച്ച മറ്റൊരു വിഭാഗത്തിന്റെ ചിത്രംകൂടി 'മറതി' തുറന്നുകാട്ടുന്നു.
മനുഷ്യരുടെ സഹനങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും സാക്ഷിയായി മാതാംതോട് ഒഴുകിക്കൊണ്ടേയിരുന്നു. ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യാഗ്രഹമാണ് ദാമോദരൻ മാസ്റ്റർക്ക് കണ്ണൂർ ജയിലിൽ വെച്ച് കെ.പി.ആർ. ഗോപാലനെ പരിചയപ്പെടാൻ വഴിയൊരുക്കിയത്; പിന്നീട് അവർ ബെല്ലാരി ജയിലിലും കണ്ടുമുട്ടുന്നു. കോൺഗ്രസിനുള്ളിലെ സോഷ്യലിസ്റ്റ് ചേരിയും തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണവുമെല്ലാം സൂചനകളിലൂടെ നോവലിൽ കടന്നുവരുന്നുണ്ട്. ചരിത്രസംഭവങ്ങളെ അനാവശ്യമായി വലിച്ചുനീട്ടാതെ, കയ്യൊതുക്കത്തോടെ നോവലിന്റെ ഭാഗമാക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾ നോവലിലുടനീളമുണ്ട്. പിറുങ്ങന്റെയും തെയ്യത്തിരയുടെയും മരണം, രാമുണ്ണിയുടെ ആത്മഹത്യ, കീഴരിയൂർ ബോംബ് കേസിൽ പ്രതിയാക്കപ്പെട്ട മുള്ളൻകണ്ടി മീത്തൽ കുഞ്ഞിരാമന്റെ ഭാര്യ കൈക്കുഞ്ഞുമായി കൊയിലാണ്ടി കോടതിമുറ്റത്തും കടവത്തും കാത്തിരിക്കുന്ന രംഗം, കുന്നമംഗലം കോടതിയിൽ ഒന്നാം പ്രതി ദാമോദരൻ നൽകുന്ന കൂസലില്ലാത്ത മറുപടികൾ എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. സമകാലിക സാമൂഹികജീവിതത്തിൽ പ്രാദേശിക ചരിത്രാന്വേഷണങ്ങൾക്കുള്ള പ്രാധാന്യവും, വിസ്മൃതിയിലായ ചരിത്രസത്യങ്ങളെ പുനർവായിക്കേണ്ടതിന്റെ ആവശ്യകതയും നോവൽ ഓർമ്മിപ്പിക്കുന്നു.
സ്വാതന്ത്ര്യലബ്ധിയുടെ വാർത്തയറിഞ്ഞ് കൊയിലാണ്ടി കോടതിവളപ്പിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കാണുമ്പോൾ കേളപ്പജിയോ സി.കെ.ജിയോ എത്തിയതാവും എന്നാണ് തെയ്യോൻ കരുതുന്നത്. എന്നാൽ മുൻപ് തങ്ങളെ ഒറ്റിക്കൊടുത്തവർ തന്നെ ഗാന്ധിത്തൊപ്പിയണിഞ്ഞ് വന്ന് സ്വാതന്ത്ര്യവാർത്ത അറിയിക്കുമ്പോൾ അയാൾ സ്തബ്ധനാകുന്നു. റോഡുപണി നിർത്തി ഉള്ളിച്ചേരിയിലേക്ക് തിടുക്കത്തിൽ മടങ്ങുന്ന അയാൾ, കുഞ്ഞായി ഹാജിയുടെ വീട്ടിൽനിന്ന് കിട്ടിയ സ്വാതന്ത്ര്യദിനാഘോഷ നോട്ടീസിലേക്ക് കണ്ണീരോടെ നോക്കിനിൽക്കുന്ന കാഴ്ച ഹൃദയസ്പർശിയാണ്.
സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങൾ കൊയ്തത് ആരായിരുന്നുവെന്നും, യഥാർത്ഥ പോരാളികൾക്ക് എന്തു സംഭവിച്ചുവെന്നുമുള്ള കനത്ത ചോദ്യം നോവൽ ഉയർത്തുന്നു. വിസ്മൃതിയിലാണ്ടുപോയ ഒരു ദേശചരിത്രത്തെ വസ്തുതകളും ഓർമ്മകളും ഭാവനയും ചേർത്ത് പുനർനിർമ്മിക്കുകയാണ് 'മറതി'. "കാണുന്നീലോരക്ഷരവും എന്റെ വംശത്തെപ്പറ്റി" എന്ന പൊയ്കയിൽ അപ്പച്ചന്റെ വരികളുടെ അന്തർധാര ഈ കൃതിയിലുമുണ്ട്. ചില ഓർമ്മപ്പെടുത്തലുകൾ ശക്തമായ രാഷ്ട്രീയപ്രവർത്തനമാണെന്ന് നോവൽ വ്യക്തമാക്കുന്നു. ചരിത്രബോധത്തിന്റെ തെളിനീരുറവകളായി തലമുറകളിലേക്ക് ഒഴുകിപ്പരക്കേണ്ട ഓർമ്മകളുടെ വീണ്ടെടുപ്പാണിത്. ഓർമ്മകളുടെ ചെറിയ വെട്ടമാണ് മുന്നോട്ടുള്ള വഴികളെ തെളിക്കുന്നതെന്നും, ബഹുസ്വരതയുടെ ഐക്യമാണ് ഇന്ത്യൻ ദേശീയതയുടെ കാതലായ അടിത്തറയെന്നും പി. സുരേഷിന്റെ 'മറതി' അടിവരയിടുന്നു.
