അധികാര കോട്ടകളെ പിടിച്ചുകുലുക്കുന്ന പെൺമുന്നേറ്റം

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലളിതവും ശക്തവുമായ രാഷ്ട്രീയമാണ് സമരരംഗത്തുള്ള യുവത മുന്നോട്ടുവെക്കുന്നത്. ഒരു തുണ്ടു കടലാസിലെ മുൻകരുതൽ അറസ്റ്റുകൾ കൊണ്ടോ ഭരണകൂട ഭീകരത കൊണ്ടോ ഈ ഇച്ഛാശക്തിയെ റദ്ദാക്കാനാവില്ല.

      എഡിറ്റോറിയൽ   

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത തുലാസിലായ നിർണായക ഘട്ടത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന യുവജന പ്രക്ഷോഭം ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയാണ്. വ്യവസ്ഥാപിത പാർലമെന്ററി പ്രതിപക്ഷങ്ങൾ പത്രസമ്മേളനങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങിനിന്നപ്പോൾ, ജന്തർ മന്ദറിലും തെരുവുകളിലും പ്രതിരോധത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പതാക ഉയർത്തിയത് ക്രോക്കോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്ന ജനകീയ മൂവ്‌മെന്റാണ്. ഒത്തുതീർപ്പുകളുടെ രാഷ്ട്രീയ സമവാക്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് പുതിയൊരു രാഷ്ട്രീയ സംസ്കാരം ഇവിടെ ജന്മമെടുക്കുകയാണ്.

വിമാനത്താവളത്തിൽ വച്ചുതന്നെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, പാർട്ടി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെ കരുതൽ തടങ്കലിലാക്കിയും, ആയിരക്കണക്കിന് പ്രവർത്തകരെ തടവിലിട്ടും പ്രക്ഷോഭത്തെ തകർക്കാമെന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വ്യാമോഹമാണ് തലസ്ഥാനത്ത് തകർന്നടിഞ്ഞത്. കസ്റ്റഡി ഭീഷണികൾക്കിടയിലും ഭരണഘടനാ മൂല്യങ്ങളെ മുൻനിർത്തി സി.ജെ.പി ലീഗൽ സെൽ മേധാവി രത്ന സിംഗിനെപ്പോലുള്ളവർ കാണിച്ച ധീരതയും ആശയവ്യക്തതയും നിയമപോരാട്ടത്തിന് പുതിയ ഊർജ്ജം പകർന്നു. നേതാക്കളെ അഴിക്കുള്ളിലാക്കിയാൽ സമരം പട്ടുപോകുമെന്ന് കരുതിയ അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചത് വിദ്യാർത്ഥിനികളും പെൺകുട്ടികളും സ്വയം സമരനേതൃത്വം ഏറ്റെടുത്ത കാഴ്ചയാണ്.

ലാത്തിച്ചാർജുകളെയും ബി.എൻ.എസ്.എസ് (BNSS) മുൻകരുതൽ വകുപ്പുകളുടെ ദുരുപയോഗത്തെയും കൂസാതെ പെൺകുട്ടികൾ മുന്നിൽനിന്ന് ബാരിക്കേഡുകൾ മറികടന്നപ്പോൾ, ഷഹീൻബാഗിന്റെയും കർഷക സമരത്തിന്റെയും തുടർച്ചയായ ചരിത്രപരമായ മറ്റൊരു പ്രതിരോധ അധ്യായം രചിക്കപ്പെടുകയായിരുന്നു. വ്യവസ്ഥാപിത പാർട്ടികളുടെ വോട്ട് ബാങ്ക് താല്പര്യങ്ങളോ കക്ഷിരാഷ്ട്രീയ അജണ്ടകളോ അല്ല ഈ യുവതയെ നയിക്കുന്നത്; മറിച്ച് വോട്ടർപട്ടിക തിരുത്തലുകളിലൂടെയും പക്ഷപാതപരമായ പെരുമാറ്റച്ചട്ട നടപ്പാക്കലിലൂടെയും വോട്ടവകാശത്തെ അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ധാർമിക രോഷമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ അടിച്ചമർത്തലുകൾ അഴിച്ചുവിട്ടിട്ടും ഭയമില്ലാതെ മുന്നോട്ടുപോകുന്ന ഈ കൂട്ടായ്മ, ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ ചില്ലുമേടകളിലല്ല, പ്രതികരിക്കുന്ന പൗരന്റെ നിശ്ചയദാർഢ്യത്തിലാണെന്ന് ഓർമ്മിപ്പിക്കുന്നു.  

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്ക് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലളിതവും ശക്തവുമായ രാഷ്ട്രീയമാണ് സമരരംഗത്തുള്ള യുവത മുന്നോട്ടുവെക്കുന്നത്. ഒരു തുണ്ടു കടലാസിലെ മുൻകരുതൽ അറസ്റ്റുകൾ കൊണ്ടോ ഭരണകൂട ഭീകരത കൊണ്ടോ ഈ ഇച്ഛാശക്തിയെ റദ്ദാക്കാനാവില്ല. ജനാധിപത്യത്തിന്റെ കാവലാളുകളായി സ്വയം അവരോധിക്കപ്പെട്ട പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കാഴ്ചക്കാരായി നിൽക്കുമ്പോൾ, അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കുന്ന ഈ നവയുവതയുടെ ചുവടുകളിലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർത്ഥ വീണ്ടെടുപ്പ് സാധ്യമാകുന്നത്.


bahuswara

Previous Post Next Post