"ഒരു വാക്കിന് രണ്ടർത്ഥമുരച്ചാൽ ശ്ലേഷ മാമത്" എന്ന് ശ്ലേഷാലങ്കാരത്തിൻ്റെ ലക്ഷണം പഠിച്ചതും "കരവുംകെട്ടി സർക്കാറിൻ തണലിൽ നിൽപ്പൂ സത്തൻമാർ" എന്ന് ഉദാഹരണ സഹിതം അത് മനസ്സിലാക്കിയതും ഇപ്പോഴും ഓർക്കുന്നു. ശ്ലേഷവും യമകവും എല്ലാം സമാനമായ അലങ്കാരങ്ങളായിരുന്നു. അവ രണ്ടും മാറിപ്പോകുന്ന സന്ദർഭങ്ങളും ഉണ്ടാകുമായിരുന്നു.
ഇത്തരം അലങ്കാരങ്ങൾ കവിതയിൽ ഇപ്പോഴുമുണ്ടോ എന്ന് കൗതുകത്തിന് തിരയാറുണ്ട്. അലങ്കാരങ്ങളില്ലാത്തതാണ് പുതിയ കവിതകൾ എന്നൊക്കെ സാമാന്യമായിപ്പറയാറുണ്ടെങ്കിലും അലങ്കാര നിഭൃതമാണ് ഇപ്പോഴും ധാരാളം പുതിയ കവിതകളും.
എന്നാൽ ചലച്ചിത്ര ഗാനങ്ങളിലാവട്ടെ ആ മട്ടിൽ അലങ്കാരങ്ങളെ അന്വേഷിക്കാറില്ല. അതിൻ്റെ ഗാനാനുഭൂതിയിൽ അങ്ങനെ ലയിച്ചിരിക്കുകയാണ് ചെയ്യുക. ചലച്ചിത്ര ഗാനങ്ങളിലാണ് വിസ്മയകരമായ അലങ്കാരങ്ങൾ ഉണ്ടാകാറുള്ളത്. ഉപമ കാളിദാസസ്യ എന്നു പറയുന്നതു പോലെ ചലചിത്രഗാനങ്ങളിൽ ഉപമയുടെയും രൂപകങ്ങളുടെയും ഉൽപ്രേക്ഷയുടെയും പെരുപ്പങ്ങൾ കാണാം. ഗാനധാരയുടെ അനുഭൂതി പണിയുന്നത് ഈ ചമൽക്കാര ധാരകൾ തന്നെ.
അങ്ങനെയിരിക്കെയാണ് ഒരുവരി എൻ്റെ പ്രത്യേക ശ്രദ്ധയിൽ പെട്ടത്. രണ്ടു കാലങ്ങളിലെഴുതിയ രണ്ടു പാട്ടുകളിൽ വന്ന ഒരുവരി രണ്ട് വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതായിക്കണ്ടത്. അത് എന്നെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്.
1955-ൽ പുറത്തിറങ്ങിയ ഹരിശ്ചന്ദ്ര എന്ന മലയാളചലച്ചിത്രത്തിലെ അനശ്വരഗാനമാണ് “ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ”. തിരുനയിനാർകുറിച്ചി മാധവൻ നായർ രചിച്ച ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഒരുകാലത്ത് മലയാളിയെ ഏറെ സ്വാധീനിച്ച ഗാനമാണിത്. കമുകറ പുരുഷോത്തമന്റെ സവിശേഷസ്വരവീചിയിൽ മലയാളികളിൽ അത് ഹൃദയസ്പർശിയായി.
ജീവിതത്തിന്റെ നശ്വരതയും മനുഷ്യസമത്വവും
മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ദാർശനിക ചിന്തയുമാണ് ഈ ഗാനത്തിന്റെ അർത്ഥ പ്രപഞ്ചം. കേരളീയ നവോത്ഥാനം രൂപപ്പെടുത്തിയ മനുഷ്യസങ്കല്പമാവണം ഈ പാട്ടിൻ്റെ ആശയധാരയ്ക്ക് ആധാരമായിത്തീർന്നത്.
ജീവിതത്തിന്റെ സങ്കീർണതകളിലും ഭൗതികമായ നേട്ടങ്ങളുടെ പിന്നാലെ പായുന്ന മനുഷ്യൻ്റെ ദുരമൂത്ത നെട്ടോട്ടങ്ങളിൽ നാം പലപ്പോഴും മറന്നുപോകുന്ന ജീവിതസത്യങ്ങളെ ഈ ഗാനം ഓർമിപ്പിക്കുന്നു.
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി
ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
ശരീരത്തെക്കുറിച്ച് നാം സൂക്ഷിക്കുന്ന അഭിമാനബോധവും ജാതിബോധത്തിൻ്റെ അസംബന്ധതയും മലയാളി നവോത്ഥാനത്തോടെ ആർജിച്ച സാംസ്കാരിക മൂല്യങ്ങളായിരുന്നു. പാട്ട് അതിനെ പ്രത്യക്ഷതലത്തിൽ തന്നെഉൾക്കൊണ്ടിട്ടുണ്ട് എന്നു പറയാം.
ജീവിതത്തിൻ്റെ നൈമിഷികത, മരണത്തിനുമുന്നിൽ മനുഷ്യന്റെ അഹങ്കാരത്തിനും അധികാരത്തിനും സമ്പത്തിനും സ്ഥാനമാനങ്ങൾക്കും ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യം. ഇങ്ങനെ മനുഷ്യ ജീവിതത്തിൻ്റെ നശ്വരതയുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങൾ കവിത അവതരിപ്പിക്കുന്നുണ്ട്. ആനിലയിൽ സാധാരണ സംഗീതത്തെക്കാളേറെ സാംസ്കാരിക മൂല്യമാണ് ഈ പാട്ടിനെ ശ്രദ്ധേയമാക്കുന്നത് എന്നു പറയാം. ഇവിടെ പരാമർശിക്കാൻ പോകുന്നത് മറ്റൊരു കാര്യമാണ്
മുൻലക്കങ്ങൾ വായിക്കൂ: പാട്ടോളം
1996-ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഗാനങ്ങളിലൊന്നാണ് ‘കളിവീടുറങ്ങിയല്ലോ’. ഗാനരചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും പാടിയത് യേശുദാസുമാണ്. മലയാളിയുടെ വൈകാരികലോകത്ത് ആഴത്തിൽ പതിഞ്ഞ ഒരു വിരഹഗീതമാണ് ഇത്.
ഈ രണ്ടു പാട്ടുകൾക്കും എന്താണ് സമാനമായിട്ടുള്ളത് എന്ന് തോന്നും. അർത്ഥങ്ങളിലോ സിനിമാ സന്ദർഭങ്ങളിലോ ഈ പാട്ടുകൾക്ക് സമാനതകൾ ഒന്നുമില്ല. ഒന്ന് ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചാണ് പറയുന്നതെങ്കിൽ മറ്റേത് മകനെ നഷ്ടപ്പെടുന്ന രക്ഷിതാക്കളുടെ മനോദുഃഖങ്ങളാണ്. ഈ രണ്ട് പാട്ടിലും സമാനമായി വന്ന ഒരു വരിയാണ് എന്നെ ആകർഷിച്ചത്. അതാവട്ടെ "വിലപിടിയാത്ത എന്ന വരിയാണ്" ആത്മവിദ്യാലയത്തിലെ" വിലപിടിയാത്ത തലയോട്" ഇവിടെ "വിലപിടിയാത്ത നിധി"യായി മാറിയിരിക്കുന്നു.സ്വാഭാവികമായും വിലപിടിയാത്ത എന്നതിൻ്റെ അർത്ഥം എന്താണ് എന്നതിനെ സംബന്ധിച്ചുള്ള ഒരു സംശയം ആർക്കും ജനിക്കും. പിടിയാത്ത എന്നതിന് ശബ്ദതാരാവലി നൽകുന്ന അർത്ഥം വിലയില്ലാത്ത എന്നാണ്. അങ്ങനെയാവുമ്പോൾ "വിലപിടിയാത്തൊരു തലയോടാകും" എന്നത് ഒരുവിലയില്ലാത്ത തലയോട് ആകും എന്ന നേരർത്ഥമാണ് നമുക്ക് നൽകുന്നത്. എന്നാൽ കളിവീടുറങ്ങിയല്ലോ എന്ന കവിതയിലെ "വിലപിടിയാത്ത നിധി" വിലയില്ലാത്ത എന്നർത്ഥമല്ല ഉൽപാദിപ്പിക്കുന്നത് അമൂല്യമായ എന്ന അർത്ഥമാണ്. എന്നാൽ വിലപിടിയാത്ത എന്നതിന് അമൂല്യമായ എന്ന അർത്ഥം നമ്മുടെ നിഘണ്ടുവിൽ കാണുന്നുമില്ല. അപ്പോൾ പിന്നെ അത് ഗാനരചയിതാവിന്റെ മനോധർമ്മം മാത്രമായിരിക്കുമോ എന്നാണ് ആലോചിച്ചു പോയത്.
ചലച്ചിത്രഗാനങ്ങളിൽ അർത്ഥത്തിന്റെ പതിവുവഴികളിലൂടെ സഞ്ചരിക്കാത്ത വാക്കുകളും പ്രയോഗങ്ങളും ധാരാളമായി കാണാം. പലപ്പോഴും വാക്കിന്റെ നേരിട്ടുള്ള അർത്ഥത്തെക്കാൾ അത് ഉൽപ്പാദിപ്പിക്കുന്ന ഭാവത്തിനായിരിക്കും പ്രാധാന്യം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ‘രാമായണക്കാറ്റ്’ എന്ന പ്രയോഗംതന്നെ ഉദാഹരണം. അങ്ങനെയൊരു കാറ്റ് യഥാർഥത്തിൽ എവിടെയും വീശുന്നില്ലെങ്കിലും നമ്മുടെ ഭാവന അതിനെ ഹൃദയപൂർവം സ്വീകരിച്ചു. രാമായണത്തിന്റെ ഓർമകളും അനുഭവങ്ങളും പേറുന്ന ഒരു കാറ്റിനെ നമുക്ക് അനുഭവിക്കാൻ കഴിയുന്നു. അതുകൊണ്ട്, ഗാനങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾക്ക് കൃത്യമായ അർത്ഥമുണ്ടോ എന്നതിലുപരി അവ എന്ത് ഭാവമാണ് സൃഷ്ടിക്കുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.
എങ്കിലും, ‘കളിവീടുറങ്ങിയല്ലോ’ എന്ന ഗാനത്തിലെ ‘വിലപിടിയാത്ത’ എന്ന പ്രയോഗത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്ന് ഞാനും അന്വേഷിക്കുകയുണ്ടായി. ശബ്ദതാരാവലിയിൽ ‘പിടിയാത്ത’ എന്നതിന് ‘പിടിയിൽ ഒതുങ്ങാത്തത്’, ‘പിടിക്കാൻ കഴിയാത്തത്’ എന്നിങ്ങനെയുള്ള അർത്ഥങ്ങൾ കാണാം. അങ്ങനെ നോക്കുമ്പോൾ, ‘വിലപിടിയാത്ത നിധി’ എന്നത് വിലകൊടുത്ത് സ്വന്തമാക്കാനോ മൂല്യം നിർണയിക്കാനോ കഴിയാത്ത ഒരു നിധിയായി വായിക്കാം. എന്റെ കൈയിലൊതുങ്ങാത്ത, വിലമതിക്കാനാവാത്ത ഒരു നിധിയായിരുന്നല്ലോ നീ എന്ന വേപഥുവാകാം ആ പ്രയോഗം ഉള്ളിൽ വഹിക്കുന്നത്. ഇത് ഗാനരചയിതാവ് ഉദ്ദേശിച്ച അർത്ഥം തന്നെയാണെന്ന് ഉറപ്പിക്കാനാവില്ലെങ്കിലും, ഗാനത്തിന്റെ വൈകാരികസന്ദർഭത്തിൽ അത്തരമൊരു വായനയ്ക്ക് പ്രസക്തിയുണ്ട്.
എന്തായാലും, ഗാനങ്ങളിൽ ഭാഷയുടെ കൗതുകങ്ങൾ നിലയ്ക്കുന്നില്ല. വാക്കുകൾ അവയുടെ നേരിട്ടുള്ള അർത്ഥത്തിനപ്പുറം പുതിയ ഭാവങ്ങൾ സൃഷ്ടിക്കുകയും പുതിയ വ്യാഖ്യാനങ്ങൾക്ക് വഴിതുറക്കുകയും ചെയ്യുന്നു. ചിലപ്പോൾ അർത്ഥത്തിന്റെ വ്യക്തതയല്ല, അതിന്റെ അനിശ്ചിതത്വമാണ് നമ്മെ ആകർഷിക്കുന്നത്. ഈ നിലയില്ലാത്ത അർത്ഥധാരയാണല്ലോ ഭാഷയുടെയും പാട്ടിന്റെയും സമ്പത്ത്!
ദേവേശൻ പേരൂർ ഗ്രന്ഥകാരൻ, കവിത നിരൂപകൻ. കവിത, ഗാനം, സാഹിത്യ നിരൂപണം തുടങ്ങിയ മേഖലകളിൽ ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. പുതുകാലം പുതുകവിത, ഒച്ചയിൽ വരക്കുന്ന വെളിച്ചം, വാഗ്ഭടാനന്ദൻ ജീവചരിത്രം എന്നിവ പ്രധാന കൃതികൾ
