റോഡ്രിഗസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാകുന്നത് 1607 ൽ ഇന്ത്യയിലെത്തിയ യൂറോപ്യൻ സഞ്ചാരിയായ പിരാർഡ് ഡി ലാവാലിൽ സനിന്നാണ്. ഗോവയിലെ പോർച്ചുഗീസ് ജയിലിൽ രണ്ടു പേരും ഒരേ കാലത്ത് ഉണ്ടായിരുന്നു. പോർച്ചുഗീസുകാരുടെ നട്ടെല്ലൊടിച്ച റോഡ്രിഗസിൻ്റെ വീരകഥകൾ അദ്ദേഹം തൻ്റെ യാത്രാവിവരണത്തിൽ വിശദീകരിക്കുന്നുണ്ട്. പതിനാറു വർഷത്തോളമാണ് റോഡ്രിഗസ് പോർച്ചുഗീസ് ജയിലിൽ ഉണ്ടായിരുന്നത്. ഈ കാലമത്രയും തന്റെ ഗുരുവും ബന്ധുവുമായ കുഞ്ഞാലിയുടെ ദാരുണമായ വധത്തിൻ്റെ പ്രതികാരം അദ്ദേഹത്തിൽ ആളിക്കത്തിക്കൊണ്ടിരുന്നു.
പരമ്പര-09 നാസിർ കെ സി
മണ്ണുമൂടിയ ചരിത്രത്താളുകൾ
മുഹമ്മദ് അലി മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ്റെ മരണം വീരോചിതമായിരുന്നു. കടലിൻ്റെ അധിപൻമാരായി അഭിനയിച്ചിരുന്ന പോർച്ചുഗീസുകാർക്ക് അദ്ദേഹം ഉറങ്ങാനാവാത്ത രാവുകൾ സമ്മാനിച്ചു. ഒടുവിൽ സ്വന്തം നാഥനായി കാണുകയും പിതൃതുല്യം സ്നേഹിക്കുകയും ചെയ്തിരുന്ന സാമൂതിരിതന്നെ അദ്ദേഹത്തെ പോർച്ചുഗീസുകാർക്ക് പിടിച്ചു കൊടുത്തു. അതിലേക്കു നയിച്ച ചരിത്ര സംഭവങ്ങൾ നാം നേരത്തെ പരിശോധിച്ചു കഴിഞ്ഞു.
കുഞ്ഞാലിമാരുടെ പരമ്പര കുഞ്ഞാലി നാലാമനോടെ അവസാനിച്ചെങ്കിലും അവർ നടത്തിയ പോരാട്ടം അവസാനിച്ചിരുന്നില്ല. കുഞ്ഞാലിയുടെ കുടുംബത്തിൽ നിന്ന് ചാട്ടുളി പോലെ മറ്റൊരാൾ പോർച്ചുഗീസുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുഞ്ഞാലി നാലാമൻ്റെ ഭാര്യാ സഹോദരനായ ഒരു പയ്യനായിരുന്നു അത്. വടകരക്കാരനായ ക്യാപ്റ്റൻ കുട്ടി അഹമ്മദിന്റെ സഹോദരൻ കൂടിയായിരുന്നു ഈ കുട്ടി. പോർച്ചുഗീസ് സേനയോട് നിരന്തരം പൊരുതുന്ന കുഞ്ഞാലി നാലാമനോടുള്ള സ്നേഹാദരങ്ങൾ കാരണമാണ് ഇദ്ദേഹം കുഞ്ഞാലിയുടെ നാവികപ്പടയിൽ ചേർന്നത്. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു ബാലനായിരുന്നു അന്നയാൾ. എങ്കിലും ഒരു ചെറുപ്പക്കാരൻ്റെ ശൗര്യം അദ്ദേഹം പ്രദർശിപ്പിച്ചു. കാർഡിവിറ്റ പോരാട്ടം അതിന് ഉദാഹരണമാണ്.
ലക്ഷദ്വീപിനടുത്തുള്ള ഒരു കടൽത്തീരപ്രദേശമാണ് കാർഡിവിറ്റ (cardiva island). ഇതിനടുത്ത് വച്ച് കുഞ്ഞാലിയുടെ സൈന്യവും പോർച്ചുഗീസുകാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മലബാറിനും ലക്ഷദ്വീപിനും ഇടയിൽ അറബിക്കടലിൽ വച്ച് കുഞ്ഞാലി സൈന്യവും പോർച്ചുഗീസുകാരും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിരുന്നു. പറങ്കികൾക്കെതിരെ കുഞ്ഞാലിയുടെ നാവികപ്പട നടത്തിയിരുന്ന ഒളിപ്പോർ ആക്രമണങ്ങളായിരുന്നു അതിൽ പലതും.
അതിനിടയിലാണ് 1581-ൽ പോർച്ചുഗീസ് നാവികമേധാവിയായ ഡോൺ ആൻഡ്രെ ഫുർട്ടോ ഡി മെൻഡോസയുടെ (Don Furtado) നേതൃത്വത്തിൽ അൻപതോളം യുദ്ധക്കപ്പലുകൾ അടങ്ങുന്ന വലിയൊരു വ്യൂഹം കടലിൽ തിരച്ചിൽ നടത്തുകയും മരയ്ക്കാർ പടയുടെ ചെറുകപ്പലുകളെ വളയുകയും ചെയ്തത്. കുഞ്ഞാലിയുടെ സൈന്യം ധീരമായി ചെറുത്തു നിന്നു. അക്കൂട്ടത്തിലൊരാൾ മുകളിൽ പരാമർശിച്ച പതിമൂന്നുകാരൻ പയ്യനായിരുന്നു. പോർച്ചുഗീസുകാർ അമ്പതോളം കപ്പലുകൾ ഉപയോഗിച്ച് നടത്തിയ ഈ വളയലിൽ വെച്ച് ഈ യുവാവിനെ തടവുകാരനായി പിടികൂടുകയുണ്ടായി.
പോർച്ചുഗീസുകാർ ഇയാളെ ഗോവയിലേക്ക് കൊണ്ടുപോവുകയും ക്രിസ്തുമതത്തിലേക്ക് നിർബന്ധിതമായി പരിവർത്തനം ചെയ്യിക്കുകയും ചെയ്തു. മതം മാറ്റത്തിനു ശേഷം ഡോൺ പെഡ്രോ റോഡ്രിഗസ് എന്ന പുതിയ പോർച്ചുഗീസ് കൃസ്ത്യൻ പേരു മാറ്റി നൽകി. പിന്നീട് ഒരു പോർച്ചുഗീസ് കന്യകയെ കല്യാണം കഴിപ്പിച്ചു നൽകി എന്നും കഥയുണ്ട്. പിൽക്കാലത്ത് അദ്ദേഹം ഗോവയിലെ തടവിൽ നിന്ന് രക്ഷപ്പെടുമ്പോൾ ഈ കുടുംബവും കൂടെ ഉണ്ടായിരുന്നത്രെ. പൊന്നാനിയിലെത്തിയ റോഡ്രിഗസ് സ്വന്തം നാവികപ്പട രൂപീകരിക്കുകയും അലി മരയ്ക്കാർ എന്ന പേരിൽ പോർച്ചുഗീസുകാർക്കെതിരെ ശക്തമായ കടൽപ്പോരാട്ടങ്ങൾ നടത്തുകയും ചെയ്തു.
കുഞ്ഞാലി മരയ്ക്കാർ നാലാമൻ കൊല്ലപ്പെടുന്ന കാലത്ത് റോഡ്രിഗസ് ഗോവയിലുണ്ടായിരുന്നു. തൻ്റെ ബന്ധുവും നേതാവുമായ മരയ്ക്കാരുടെ മരണം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. ക്രൂരമായ പീഢനങ്ങൾക്ക് വിധേയനായിട്ടാണ് മരയ്ക്കാർ കൊല്ലപ്പെട്ടത്. മരണാനന്തരം അദ്ദേഹത്തിൻ്റെ മൃതശരീരത്തോട് കാണിച്ച ക്രൂരതയും അനാദരവും നാം നേരത്തേ കണ്ടതാണ്. ഇത് റോഡ്രിഗസിൽ പ്രതികാര വാഞ്ജ വളർത്തി.
ഗോവയിൽ നിന്നു രക്ഷപ്പെട്ട റോഡ്രിഗസ്സമർത്ഥരായ കുറച്ചു അനുയായികളോടൊപ്പം ഒരു ചെറു സൈന്യം രൂപീകരിച്ചു. പടവുകൾ എന്നറിയപ്പെടുന്ന ചെറിയ കപ്പലുകളും അദ്ദേഹം സ്വന്തമാക്കി. അവയിൽ ആയുധങ്ങൾ സജ്ജീകരിച്ച് അദ്ദേഹം യുദ്ധസന്നദ്ധനായി. പിന്നീടു നടന്നത് പോർച്ചുഗീസുകാർക്കെതിരായ നിരന്തരമായ ആക്രമണങ്ങളായിരുന്നു. പോർച്ചുഗീസ് കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ട് അറബിക്കടലിലൂടെ ഒരു കൊടുങ്കാറ്റു പോലെ അദ്ദേഹം സഞ്ചരിച്ചു.
കുഞ്ഞാലി മരക്കാർ നാലാമൻ്റെ മരണത്തിനു ശേഷം മരയ്ക്കാർക്കോട്ടയിലെ സമർത്ഥരായ നാവികർക്ക് ഒരു നേതാവ് ഉണ്ടായിരുന്നില്ല. പ്രാപ്തിയും സാമർത്ഥ്യവും ഉള്ള നായകനില്ലെങ്കിൽ ഒരു സൈന്യവും നിലനിൽക്കുകയില്ല. ഒരു നേതാവില്ലാതെ പോയതിൻ്റെ നിരാശയിൽ കഴിയുകയായിരുന്നു കുഞ്ഞാലി വളർത്തിയെടുത്ത നാവികപ്പോരാളികൾ. ഈ സമയത്താണ് കുഞ്ഞാലിയുടെ അളിയനായ റോഡ്രിഗസിന്റെ ജയിലിൽ നിന്നുള്ള ഈ തിരിച്ചുവരവ്. പ്രതികാരോദ്ധതനായ റോഡ്രിഗസിൻ്റെ ആവരവും പടയൊരുക്കവും അവരിൽ നവന്മേഷം വളർത്തി.
ആവശ്യമായ പോർപടവുകളും ആയുധങ്ങളും ഉടനെ സജ്ജീകരിച്ചു. മലബാർ മുതൽ മംഗലാപുരം വരെയുള്ള വിദഗ്ദ്ധരായ നാവികരെ കണ്ടെത്തി അവരെ പടവുകളിലെ ജോലിക്കാരായി നിയമിച്ചു. മലബാർ തീരം വീണ്ടും സജീവമായി. റോഡ്രിഗ്സിന്റെ നേതൃത്വത്തിലുള്ള നാവികവ്യൂഹം പോർച്ചുഗീസുകാരുടെ ഉറക്കം കെടുത്തി. പറങ്കിക്കപ്പലുകൾക്കും താവളങ്ങൾക്കും നേരെ റോഡ്രിഗ്സിന്റെ നിരന്തരമായ ആക്രമണങ്ങൾ നടന്നു. തീരപ്രദേശത്തെ പല നാടുവാഴികളുടേയും പിന്തുണ അദ്ദേഹം നേടിയെടുത്തു. ഡച്ചുകാരും ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ തുണയ്ക്കെത്തിയിരുന്നു.
പോർച്ചുഗീസുകാർക്ക് തങ്ങളുടെ കപ്പലുകൾ കടലിൽ ഇറക്കാൻ ഭയമായി. എവിടെയും റോഡ്രിഗസിൻ്റെ പോർക്കപ്പലുകൾ പ്രത്യക്ഷപ്പെടാം. മൂന്നൂറോ നാനൂറോ നൗകകൾ ഒരുമിച്ചു സഞ്ചരിച്ചു. ഗോവയിലേക്കുള്ള കപ്പലുകൾക്ക് അവർ ഉപരോധം ഏർപ്പെടുത്തുകയോ അവയെ ആക്രമിച്ച് കൊള്ളയടിക്കുകയോ ചെയ്തു. ചരക്കുകളുമായി ഗോവയിലേക്കു വരികയായിരുന്ന കപ്പലുകളെ മാസങ്ങളോളം തടഞ്ഞുവച്ചതിനേത്തുടർന്ന് ഗോവയിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിട്ട അനുഭവങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഡച്ചുകാരുടെ സഹായവും റോഡ്രിഗസിനും കൂട്ടുകാർക്കും ലഭിച്ചിരുന്നു. ഡച്ചുകാരുമായി അദ്ദേഹം നല്ല ചങ്ങാത്തത്തിൽ വർത്തിച്ചു. ആക്രമണത്തിൽ പിടിച്ചെടുക്കുന്ന സ്വത്തുവകകൾ തർക്കരഹിതമായി പങ്കുവെക്കുകയും പരസ്പരം സഹായിക്കുകയും ചെയ്തു.
റോഡ്രിഗസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാകുന്നത് 1607 ൽ ഇന്ത്യയിലെത്തിയ യൂറോപ്യൻ സഞ്ചാരിയായ പിരാർഡ് ഡി ലാവാലിൽ സനിന്നാണ്. ഗോവയിലെ പോർച്ചുഗീസ് ജയിലിൽ രണ്ടു പേരും ഒരേ കാലത്ത് ഉണ്ടായിരുന്നു. പോർച്ചുഗീസുകാരുടെ നട്ടെല്ലൊടിച്ച റോഡ്രിഗസിൻ്റെ വീരകഥകൾ അദ്ദേഹം തൻ്റെ യാത്രാവിവരണത്തിൽ വിശദീകരിക്കുന്നുണ്ട്. പതിനാറു വർഷത്തോളമാണ് റോഡ്രിഗസ് പോർച്ചുഗീസ് ജയിലിൽ ഉണ്ടായിരുന്നത്. ഈ കാലമത്രയും തൻ്റെ ഗുരുവും ബന്ധുവുമായ കുഞ്ഞാലിയുടെ ദാരുണമായ വധത്തിൻ്റെ പ്രതികാരം അദ്ദേഹത്തിൽ ആളിക്കത്തിക്കൊണ്ടിരുന്നു. ലഭ്യമായ ആദ്യത്തെ അവസരം തന്നെ താനതിന് വിനിയോഗിക്കുമെന്ന് പിരാർഡിനോട് അദ്ദേഹം പറഞ്ഞതായി പിരാർഡ് വ്യക്തമാക്കുന്നുണ്ട്. പിരാർഡ് മലബാറിൽ ഉണ്ടായിരുന്ന കാലത്ത് റോഡ്രിഗസിൻ്റെ സഹോദരനായ കുട്ടി അഹമ്മദിന്റെ അതിഥിയായി കുറച്ചു കാലം താമസിച്ചിരുന്നു. അതു വഴി കുഞ്ഞാലിമരയ്ക്കക്കാരുടെ വീരസാഹസിക കഥകൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഫ്രഞ്ച് സഞ്ചാരിയായിരുന്നു പിരാർഡ് ഡി ലാവലിൻ. ഫ്രാൻസിൽ നിന്ന് കച്ചവടത്തിനായി പുറപ്പെട്ട പിരാർഡ് ഡി ലാവലിന്റെ കപ്പൽ മാലിദ്വീപിന് സമീപം അപകടത്തിൽപ്പെട്ട് തകർന്നു. തുടർന്ന് അദ്ദേഹം വർഷങ്ങളോളം മാലിദ്വീപിൽ അകപ്പെട്ടു. പിന്നീട് അവിടെിന്ന് രക്ഷപ്പെട്ട് 1607-ഓടെ അദ്ദേഹം ഇന്ത്യയിലെത്തിച്ചേർന്നു. എന്നാൽ അക്കാലത്ത് പോർച്ചുഗീസുകാർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും കച്ചവടക്കാരേയും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
പോർച്ചുഗീസ് ആധിപത്യമുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ എത്തിയ അദ്ദേഹത്തെ പോർച്ചുഗീസുകാർ പിടികൂടി ഗോവയിലെ ജയിലിൽ അടച്ചു.ഈ തടവുകാലത്താണ് അദ്ദേഹം അതേ ജയിലിലുണ്ടായിരുന്ന റോഡ്രിഗസിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ വീരകഥകൾ തന്റെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തുന്നതും. പതിനെട്ടു വർഷത്തോളം അറബിക്കടലിൽ പോർച്ചുഗീസ് കപ്പലുകളെ അദ്ദേഹം നിരന്തരം ആക്രമിച്ചു. തൻ്റെ കൺമുന്നിൽ വച്ച് ക്രൂരമായി വധിക്കപ്പെട്ട കുഞ്ഞാലി നാലാമനു വേണ്ടിയുള്ള പ്രതികാരമായിരുന്നു അതെല്ലാം. 1619-ൽ പോർച്ചുഗീസുകാരുടെ വലിയ ഒരു നാവികപ്പടയെത്തന്നെ അദ്ദേഹം പരാജയപ്പെടുത്തി.
ഈ നാവിക യുദ്ധത്തിനും വിജയത്തിനും ശേഷം അദ്ദേഹം തന്റെ അനുയായികളോടും സമ്പാദ്യത്തോടും കൂടി മാലിദ്വീപിലേക്ക് (Maldives) രക്ഷപ്പെട്ടു. ചരിത്രത്തിൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് വലിയ വിവരങ്ങളൊന്നും രേഖപ്പെട്ടതായി കാണുന്നില്ല. മാലിദ്വീപിൽ വച്ച് അദ്ദേഹം മരണപ്പെട്ടിരിക്കാം എന്നാണ് വിശ്വാസം. എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭ്യമല്ല. ഒരു വൻ നാവിക ശക്തിയെ തൻ്റെ ഉള്ളുറപ്പു കൊണ്ടും പ്രതികാരവാഞ്ജ കൊണ്ടും നേരിടുകയും പലപ്പോഴും അവരെ തോൽപ്പിച്ചോടിക്കുകയും ചെയ്ത വീരനായകനായിരുന്നു റോഡ്രിഗസ് എന്ന അലി മരയ്ക്കാർ.

