ആൾക്കൂട്ട നീതിനടപ്പാക്കലിൽ ഈ സ്ഥാനമാറ്റം പ്രകടമാണ്. നിസ്സാരമായ മോഷണം നടത്തുന്ന ഒരാളെ വഴിയാത്രക്കാർ ചേർന്ന് അതിക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണാം. ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരും ആ ആൾക്കൂട്ട അക്രമത്തിൽ പങ്കാളികളാകുന്നു. അടിച്ചമർത്തപ്പെട്ട നിരാശകളും അപമാനങ്ങളും അഴിച്ചുവിടാനുള്ള ഒരു പാത്രമായി ആ കള്ളൻ മാറുന്നു; പ്രതിരോധമില്ലാതെ ആർക്കും പ്രഹരിക്കാവുന്ന ഒരു ലക്ഷ്യം. വ്യക്തികളിൽ പുകഞ്ഞുകൊണ്ടിരുന്ന അദൃശ്യരോഷം ഒടുവിൽ സംഘടിതമായ അക്രമമായി രൂപാന്തരപ്പെടുന്നു.
സാമൂഹികം സന്തോഷ് ദേശായി
ആണിയിൽ തങ്ങിനിൽക്കേണ്ട തോർത്ത് വഴുതി താഴെ വീഴുന്നു. ഉള്ളിലൊരു നേരിയ അസ്വസ്ഥത. അതെടുത്ത് വീണ്ടും കൊളുത്തിയിടുന്നു. വീണ്ടും വീഴുന്നു; പിറുപിറുപ്പോടെയുള്ള നീരസം. ഇത്തവണ വീഴുമ്പോൾ അടുത്തുള്ള ഷർട്ടിനെയും വലിച്ചു താഴെയിടുന്നു. ഛെ! ലോകം മുഴുവൻ നമുക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നൊരു തോന്നൽ.
തീർച്ചയായും അതൊരു മണ്ടത്തരമാണ്; ഒരു തുണിക്കഷ്ണത്തോട് ദേഷ്യപ്പെടുക എന്നത് ശുദ്ധ അസംബന്ധം. ആ തിരിച്ചറിവ് ദേഷ്യം ഇരട്ടിയാക്കുകയേയുള്ളൂ. ജീവനില്ലാത്ത ഒരു വസ്തുവിനോട് തട്ടിക്കയറാൻ മാത്രം വിവരമില്ലാത്തവനാണോ താൻ?
ഒരുപക്ഷേ, അതത്ര വലിയ വിഡ്ഢിത്തമാവില്ല. കാരണം, നിസ്സാരമെന്നു തോന്നുന്ന ഈ പ്രതികരണത്തിലാണ് കോപത്തിന്റെ യഥാർത്ഥ സ്വഭാവം ഒളിഞ്ഞിരിക്കുന്നത്. കാരണമോ ആളോ എന്തുമാകട്ടെ, നാം ചെറുതാക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോൾ സ്വാഭാവികമായി ഉയരുന്നതാണ് കോപം. നമ്മെ ചെറുതാക്കി നിർത്തുന്ന സാഹചര്യങ്ങൾക്ക് മുന്നിൽ, സ്വന്തം വ്യക്തിത്വത്തെ ഊതിവീർപ്പിച്ച് പ്രാധാന്യം സ്ഥാപിച്ചെടുക്കലാണ് കോപത്തിന്റെ ധർമം. തുണിക്കഷ്ണത്തോട് തോറ്റുപോയ 'ഞാൻ' എന്ന ഭാവം, പെട്ടെന്ന് വലുതും ന്യായവും നീതിയുക്തവുമായി മാറുന്നു. ചുരുക്കത്തിൽ, ഉടനടി സ്വന്തം വില സ്ഥാപിച്ചെടുക്കാനുള്ള വഴിയാണ് ദേഷ്യം. അപമാനിക്കപ്പെടുന്നു എന്ന് തോന്നുമ്പോൾ സ്വന്തം അന്തസ്സ് ചോർന്നുപോകാതെ പിടിച്ചുനിർത്താനുള്ളൊരു പ്രതിരോധം. യാഥാർഥ്യവും നമ്മുടെ ആഗ്രഹങ്ങളും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന ഘർഷണമാണ് ഈ വികാരത്തെ ആളിക്കത്തിക്കുന്നത്; ആ അകലം നികത്താൻ കോപം ഊർജമായി മാറുന്നു.
നമുക്ക് ദേഷ്യം വരുമ്പോൾ, മനസ്സിനുള്ളിൽ വിചാരണ നടത്തി എതിർകക്ഷിയെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയാണ് യഥാർത്ഥത്തിൽ നാം ചെയ്യുന്നത്. നമ്മുടെ ദേഷ്യമാണ് അവർക്കുള്ള ശിക്ഷ—അല്ലെങ്കിൽ അങ്ങനെയാണല്ലോ നാം വിചാരിക്കുന്നത്. അതോടെ ആ അനീതി വെറുതെ വിട്ടില്ലെന്നൊരു ആശ്വാസം. ആ വിചാരണ നമ്മുടെ മനസ്സിന്റെ ഉള്ളറകളിൽ മാത്രമായി ഒതുങ്ങിപ്പോയാൽ പോലും അതിനൊരു പ്രതിഫലനമുണ്ടായി എന്ന് നാം വിശ്വസിക്കുന്നു.
പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തവണ നാം ഉള്ളിൽ ദേഷ്യം അനുഭവിക്കാറുണ്ട്. നമ്മെ ചെറുതാക്കുന്ന ഘടകം അത്രമേൽ ശക്തമോ, വലുതോ, വിദൂരമോ അല്ലെങ്കിൽ നിസ്സഹായമായിപ്പോയ ഒന്നോ ആണെങ്കിൽ—ആ ശിക്ഷ മറ്റൊരിടത്തേക്ക് പകർന്നുനൽകപ്പെടുന്നു. തിരിച്ചൊന്നും പറയാൻ കഴിയാത്ത ഒരു കീഴുദ്യോഗസ്ഥനെ മേലധികാരി അപമാനിക്കുന്നു. അയാൾ വീട്ടിലെത്തി ഭാര്യയോട് തട്ടിക്കയറുന്നു. ഭാര്യ വീട്ടുജോലിക്കാരിയോട് കയർക്കുന്നു; ജോലിക്കാരിയാകട്ടെ കതകടച്ചാട്ടുന്നു. കോപം എപ്പോഴും അധികാരത്തിന്റെ ചരിവുകളിലൂടെ താഴേക്കാണ് ഒഴുകുന്നത്.
ഈ സ്ഥാനമാറ്റം ആളുകൾക്കിടയിൽ മാത്രമല്ല സംഭവിക്കുന്നത്, കാലങ്ങളിലൂടെയും അത് സഞ്ചരിക്കും. പുറത്തുവിടാൻ കഴിയാതെ അടക്കിവെച്ച ചെറിയ അപമാനങ്ങൾ ചേർന്ന് ഉള്ളിൽ പുകയുന്ന പകയായി മാറും. വർഷങ്ങൾക്ക് ശേഷം, യാതൊരു ബന്ധവുമില്ലാത്ത സന്ദർഭങ്ങളിൽ, അസ്ഥാനത്തെന്നു തോന്നുന്ന രോഷത്തോടെ അത് പൊട്ടിത്തെറിച്ചേക്കാം. ഉള്ളിൽ സൂക്ഷിക്കുന്ന ഈ പകയ്ക്ക് ചില ഗുണങ്ങളുമുണ്ട്; തങ്ങൾ വലുതാണെന്ന തോന്നൽ അത് ദീർഘകാലം നിലനിർത്തുന്നു. അനുഭവിക്കുന്ന വേദനയെക്കാൾ, ഉള്ളിൽ സൂക്ഷിക്കുന്ന ആ പകയിൽ ചിലർ സ്വന്തം വ്യക്തിത്വത്തിന്റെ കാവൽ കണ്ടെത്തുന്നു.
ആൾക്കൂട്ട നീതിനടപ്പാക്കലിൽ (mob justice) ഈ സ്ഥാനമാറ്റം പ്രകടമാണ്. നിസ്സാരമായ മോഷണം നടത്തുന്ന ഒരാളെ വഴിയാത്രക്കാർ ചേർന്ന് അതിക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണാം. ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരും ആ ആൾക്കൂട്ട അക്രമത്തിൽ പങ്കാളികളാകുന്നു. അടിച്ചമർത്തപ്പെട്ട നിരാശകളും അപമാനങ്ങളും അഴിച്ചുവിടാനുള്ള ഒരു പാത്രമായി ആ കള്ളൻ മാറുന്നു; പ്രതിരോധമില്ലാതെ ആർക്കും പ്രഹരിക്കാവുന്ന ഒരു ലക്ഷ്യം. വ്യക്തികളിൽ പുകഞ്ഞുകൊണ്ടിരുന്ന അദൃശ്യരോഷം ഒടുവിൽ സംഘടിതമായ അക്രമമായി രൂപാന്തരപ്പെടുന്നു. ചെയ്ത തെറ്റിന് ആനുപാതികമായി ശിക്ഷ വിധിക്കുന്ന നിയമനീതിയിൽ നിന്ന് വ്യത്യസ്തമായി, നിയന്ത്രണങ്ങളില്ലാത്ത ഒരു വികാരവിമോചനമാണ് ആൾക്കൂട്ടം അവിടെ തേടുന്നത്.
പ്രവൃത്തിയായി മാറുന്ന കോപം പല രൂപങ്ങൾ കൈവരിക്കാറുണ്ട്. ദുർബലർക്കെതിരെ പ്രയോഗിക്കുമ്പോൾ, അത് മേൽക്കോയ്മയും അധികാരക്രമവും ഉറപ്പിക്കാനുള്ള ഉപാധിയാണ്. വിവേകമില്ലാതെ പെരുമാറുമ്പോൾ, അത് ദോഷകരവും അപകടകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. പെട്ടെന്നുള്ള ദേഷ്യത്തിൽ ജോലി രാജിവെച്ച് ബോസിനോട് തട്ടിക്കയറുന്നത് ആ നിമിഷത്തിൽ വലിയ സംതൃപ്തി തന്നേക്കാം, എന്നാൽ നാളെയുടെ തണുത്ത വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ അതൊരു ശുദ്ധ ഭോഷ്കായിരുന്നെന്ന് ബോധ്യമാകും.
ആർജ്ജവമുള്ള മറ്റൊരുതരം കോപമുണ്ട്. സ്വന്തം നിലനിൽപ്പ് അപകടത്തിലാക്കിക്കൊണ്ട് ആളുകൾ അധികാരിവർഗത്തിന് നേരെ നേരിട്ടു വിരൽചൂണ്ടുന്ന കോപം. അത്തരം രോഷമാണ് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്; ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാൻ കരുത്തുള്ളതും ആ കോപത്തിനാണ്.
വികാരങ്ങളിൽ വെച്ച് ഏറ്റവും ജനാധിപത്യപരമായ ഒന്നാണ് കോപം. മറ്റെല്ലാ അവകാശങ്ങൾക്കും മുമ്പേ നിലനിൽക്കുന്ന ഒരു പ്രാഥമിക അവകാശം. ഒരാൾ എത്ര നിസ്സാരനാണെങ്കിലും, ദേഷ്യപ്പെടാനുള്ള അവസരം അയാൾക്ക് എപ്പോഴും തുറന്നുകിടക്കുന്നു. വഴിയോരത്തെ യാചകനും കോടീശ്വരനും കോപത്തിനുമേൽ തുല്യ അവകാശമാണുള്ളത്. ആത്മാഭിമാനം അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാൻ വ്യക്തിത്വം സ്വയം നൽകുന്നൊരു സമ്മാനമായിരിക്കാം ഒരുപക്ഷേ അത്.
മറ്റെന്തിനെക്കുറിച്ചും മനസ്സിലാക്കുന്നതിന് മുമ്പുതന്നെ കുട്ടി കോപത്തിന്റെ ശക്തി തിരിച്ചറിയുന്നു. ചുറ്റുപാടുകളിൽ വലിയ സ്വാധീനം ചെലുത്താനാകാത്ത പ്രായത്തിൽ, ശ്രദ്ധയാകർഷിക്കാനും ആഗ്രഹിച്ചത് നേടിയെടുക്കാനും സാധിക്കുന്ന മികച്ചൊരു 'റിമോട്ട് കൺട്രോൾ' ആണ് ദേഷ്യമെന്ന് അത് തിരിച്ചറിയുന്നു. വളരുന്തോറും നമ്മുടെ പെരുമാറ്റം കൂടുതൽ പാകപ്പെടുമെങ്കിലും, ആ റിമോട്ട് കൺട്രോൾ ഒരിക്കലും കയ്യിൽ നിന്ന് താഴെ പോകുന്നില്ല.
അത് പ്രയോജനം ചെയ്യുന്നുണ്ടെന്ന് നാം പലപ്പോഴും കാണാറുമുണ്ട്. നിയമം പറഞ്ഞ് നിസ്സഹായാവസ്ഥ അറിയിക്കുന്ന ഒരു കസ്റ്റമർ കെയർ ജീവനക്കാരനോട് തട്ടിക്കയറുമ്പോൾ കാര്യങ്ങൾ പെട്ടെന്ന് മാറിമറിയുന്നത് കാണാം. മാന്യമായി സംസാരിക്കുന്നയാൾക്ക് ചട്ടങ്ങളുടെ പുസ്തകം നീട്ടുമ്പോൾ, ദേഷ്യപ്പെടുന്ന ആൾക്ക് പലപ്പോഴും കാര്യം സാധിച്ചുകിട്ടുന്നു.
ഓൺലൈൻ ഇടങ്ങളിലാണ് കോപത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണുള്ളത്. ഇവിടെ ദേഷ്യം വെറുമൊരു വികാരമല്ല, മറിച്ച് ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമാണ്. ഡിജിറ്റൽ ലോകം സംസാരിക്കുന്ന ഭാഷ തന്നെ രോഷത്തിന്റേതാണ്. ഓൺലൈനിൽ രോഷം പ്രകടിപ്പിക്കാതിരിക്കുന്നത് ഒരു മര്യാദകേടാണെന്ന മട്ടിലാണ് കാര്യങ്ങൾ. രോഷം വീണ്ടും രോഷത്തെ പെറ്റുപെരുക്കുന്നു; ആൽഗൊരിതങ്ങളാകട്ടെ അതിന് കൂടുതൽ ഇന്ധനം നൽകി പടർത്തുകയും ചെയ്യുന്നു.
ആദ്യ നിമിഷങ്ങളിൽ കോപം നമുക്ക് ഉന്മേഷവും ഊർജവും നൽകിയേക്കാം, എന്നാൽ ക്രമേണ അത് നമ്മെ തളർത്തിക്കളയും. കടുത്തൊരു ദേഷ്യപ്രകടനത്തിന് ശേഷം അവശേഷിക്കുന്നത് തളർച്ചയും അപമാനവും ശൂന്യതയുമായിരിക്കും. പ്രകടിപ്പിച്ചുപോയ രോഷത്തിന്റെ ആധിക്യമോർത്ത് നാം പലപ്പോഴും ഉള്ളിൽ ചമ്മൽ അനുഭവിക്കാറുണ്ട്. നീരസവും പകയും ഉള്ളിൽ കൊണ്ടുനടക്കാൻ കൂടുതൽ അധ്വാനം ആവശ്യമാണ്—പഴയ മുറിവുകളെ നിരന്തരം ഓർത്തെടുക്കുകയും, പുതുക്കുകയും, മനസ്സിലിട്ട് താലോലിക്കുകയും വേണം. വിദ്വേഷം വർത്തമാനകാലത്തെ ഒരിക്കലും അവസാനിക്കാത്ത ഒരു തുടർക്കഥയാക്കി മാറ്റുന്നു. ഒടുവിൽ, ഒരു പ്രതിരോധ തന്ത്രമായി തുടങ്ങിയ ഈ പ്രവണത ഉറച്ചുപോയി നമ്മുടെ സ്വഭാവമായിത്തന്നെ മാറിയേക്കാം. കുട്ടിക്കാലത്ത് നമ്മൾ കയ്യിലെടുത്ത ആ റിമോട്ട് കൺട്രോൾ ഒടുവിൽ നമ്മെത്തന്നെ നിയന്ത്രിക്കാൻ തുടങ്ങും. കോപം തൽക്ഷണം എന്തെങ്കിലും നേടിത്തരുമെങ്കിലും, പിന്നീട് അതിന് വലിയ വില ഈടാക്കുകയും ചെയ്യും.
കോപത്തിന് അതിന്റേതായ ഒരു ലക്ഷ്യമുണ്ട്. സ്വന്തം മാനസിക നിലനിൽപ്പ് ഉറപ്പുവരുത്താൻ എല്ലാവർക്കും ലഭ്യമായ ഒരു ഉപകരണം. എന്നാൽ ഒടുക്കം കാണുമ്പോൾ, സ്വന്തം ആത്മാവിനെത്തന്നെ കാർന്നുതിന്നുന്ന സ്വയംഹത്യയുടെ വഴി കൂടിയാണത്.
