ഭാഷയുടെ ഏറ്റവും സാന്ദ്രീകൃത രൂപമാണ് കവിത; ധ്വനിയാണ് അതിന്റെ ശക്തിയും സൗന്ദര്യവും. എത്രത്തോളം ആഴത്തിൽ അർഥത്തെ ഉൾക്കൊള്ളാൻ കഴിയുന്നുവോ, അതാണ് കവിതയുടെ ഭംഗി. ഈ മട്ടിൽ ധ്വനനശക്തിയും സൗന്ദര്യവും ചേർന്നതാണ് പ്രദീപ് കെ. കൃഷ്ണഗാഥയുടെ കവിതകൾ. കുറുങ്കവിതകളാണ് ഈ കവിക്ക് പഥ്യം. ചുരുങ്ങിയ വരികളിൽ പ്രദീപ് ആവിഷ്കരിക്കുന്ന കവിതകൾ, അവയുടെ വ്യംഗ്യചാരുതയാർന്ന പ്രയോഗങ്ങൾകൊണ്ട് സമൂഹത്തിലെ അനീതികളുടെ മർമത്തെത്തന്നെ ഭേദിക്കുന്നു.
വായന ഓണിൽ രവീന്ദ്രൻ
ജീവിതത്തെ കാലാതീതമായി നിരീക്ഷിക്കുന്ന സൂക്ഷ്മദർശിനിയാണ് കവിത. അതിലൂടെ നോക്കിക്കാണുന്ന കവി ഒരു പൂ വിരിയുന്ന ലാഘവത്തോടെയല്ല കവിത രചിക്കുന്നത്; മണ്ണിൽ ആഴ്ന്നിറങ്ങി വേരുപിടിച്ച്, ചെടിയിൽ പൂമൊട്ട് വിരിയുന്നതുപോലുള്ള സംസ്കാരത്തിന്റെ ഭാഗമാണത്. ഓരോ വാക്കും കവിയുടെയുള്ളിൽ രൂപപ്പെടുന്നത് ദീർഘകാലത്തെ കാത്തിരിപ്പിലൂടെയാണ്; ഒരുതരത്തിൽ പറഞ്ഞാൽ ധ്യാനാവസ്ഥ. അതിനാൽത്തന്നെ കവിത അയാൾക്ക് ലോകത്തിലേക്ക് തുറന്നുവെച്ച സൂക്ഷ്മദർശിനിയാവുന്നു. തീർച്ചയായും, കാലമാണ് കവിയെ സൃഷ്ടിക്കുന്നത്.
More Read: പ്രണയം നിർമിച്ച നഗരം
ഭാഷയുടെ ഏറ്റവും സാന്ദ്രീകൃത രൂപമാണ് കവിത; ധ്വനിയാണ് അതിന്റെ ശക്തിയും സൗന്ദര്യവും. എത്രത്തോളം ആഴത്തിൽ അർഥത്തെ ഉൾക്കൊള്ളാൻ കഴിയുന്നുവോ, അതാണ് കവിതയുടെ ഭംഗി. ഈ മട്ടിൽ ധ്വനനശക്തിയും സൗന്ദര്യവും ചേർന്നതാണ് പ്രദീപ് കെ. കൃഷ്ണഗാഥയുടെ കവിതകൾ. കുറുങ്കവിതകളാണ് ഈ കവിക്ക് പഥ്യം. ചുരുങ്ങിയ വരികളിൽ പ്രദീപ് ആവിഷ്കരിക്കുന്ന കവിതകൾ, അവയുടെ വ്യംഗ്യചാരുതയാർന്ന പ്രയോഗങ്ങൾകൊണ്ട് സമൂഹത്തിലെ അനീതികളുടെ മർമത്തെത്തന്നെ ഭേദിക്കുന്നു. രാഷ്ട്രീയവും പ്രണയവും നിറവും മണ്ണും സാമൂഹികമായ വേർതിരിവുകളും തുടങ്ങി എല്ലാ ദുർഭൂതങ്ങളെയും കൃത്യമായ അളവുകോലുകൊണ്ട് അളന്നെടുത്ത്, വിമർശനത്തിന്റെ പ്രഹരംകൊണ്ട് ഉടച്ചുകളയുന്നുണ്ട് ‘കുലം’, ‘പലായനം’ തുടങ്ങിയ കവിതകൾ.
പക്ഷപാതപരമായ വേർതിരിവുകൾ മനുഷ്യനിൽ പകയുടെ തീപ്പൊരി വീഴ്ത്തിപ്പടർത്തുന്നത് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അനുരഞ്ജനത്തിന്റെ ഭാഷ മറന്നുപോകുന്നു എന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ മനസ്സിലാണ് യുദ്ധത്തിന്റെ വിത്തുകൾ മുളപൊട്ടുന്നതെന്ന് ജ്ഞാനികൾ ആവർത്തിച്ചിട്ടുണ്ട്; നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. വിനാശകരമായ യുദ്ധങ്ങൾക്ക് തുടക്കമിടുകയും, പിന്നീട് സമാധാനത്തിന്റെ വാതിൽ തുറക്കുകയാണെന്ന് ഭാവിച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തി പരസ്പരം ആലിംഗനം ചെയ്തു പിരിയുകയും ചെയ്യുന്ന ഭരണാധികാരികൾക്കുള്ള താക്കീതായി മാറാത്ത രചന എങ്ങനെ കവിതയാകും എന്ന നിഷ്കളങ്കമായ ചോദ്യം ‘പലായനം’ എന്ന കവിത ഉയർത്തുന്നുണ്ട്. പലായനം ചെയ്തവന്റെ പൗരത്വം ചോദ്യംചെയ്യുന്ന ദുർനീതിയെ തുറന്നുകാട്ടുന്ന ശക്തമായ രാഷ്ട്രീയകവിത കൂടിയാണിത്
"സന്ധിസംഭാഷണങ്ങൾ
ചായക്കോപ്പയിലെ കൊടുങ്കാറ്റാവണം..."
അതുവഴി-
"കുഞ്ഞിനും പെണ്ണിനും വൃദ്ധനും
കണ്ണീർപ്പൂക്കൾ വിതറുന്നവരോട് നേർക്കുനേർ എതിരിടുന്ന കവിയെ ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണാം.
അസ്ത്രവിദ്യ നോക്കിപ്പഠിച്ച ഏകലവ്യന്റെ ചരിത്രം നമുക്കറിയാം; ദ്രോണാചാര്യർ പഠിപ്പിക്കുന്നത് ഒളിച്ചുനിന്നു കണ്ടുപഠിച്ച കാട്ടാളൻ. കീഴ്ജാതിക്കാരനായ അവൻ മേൽജാതിക്കാരനായ ഗുരുവിന്റെ അനുവാദമില്ലാതെ വിദ്യ അഭ്യസിച്ചതിനുള്ള ശിക്ഷയായിരുന്നു പെരുവിരൽ ദക്ഷിണ. ജാത്യാധികാരത്തിന്റെ കൊടുംക്രൂരതയുടെ പ്രതീകമായി ഏകലവ്യനെ പുനരാനയിക്കുകയാണ് ‘കുലം’ എന്ന കവിത. "എന്റെ കുട്ടികൾക്ക് അക്ഷരം ചൊല്ലിക്കൊടുത്തില്ലെങ്കിൽ നിങ്ങളുടെ പാടത്ത് നെല്ലു കൊയില്ല" എന്ന് സമരം പ്രഖ്യാപിച്ച അയ്യങ്കാളിയുടെ ചരിത്രവും, "കാണുന്നീലൊരക്ഷരവും എന്റെ ജാതിയെപ്പറ്റി" എന്ന് വ്യസനിച്ചുപാടിയ പൊയ്കയിൽ അപ്പച്ചന്റെ രചനകളും നമുക്കു മുന്നിലുണ്ട്. ജാതീയതയ്ക്കെതിരെ കലഹിച്ച പണ്ഡിറ്റ് കറുപ്പന്റെ ‘ജാതിക്കുമ്മി’യും മലയാളത്തെ നവീകരിച്ചതാണ്. ഇവിടെയൊക്കെ നിറത്തിന്റെയും കുലത്തിന്റെയും പേരിൽ മാറ്റിനിർത്തപ്പെട്ട കീഴാളന്റെ ദുരിതം ഇന്നും തീരുന്നില്ല എന്ന യാഥാർഥ്യം ഈ കവിയെയും വേട്ടയാടുന്നുണ്ട്. നിറം കറുപ്പായിപ്പോയതിനാൽ ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്നതിൽനിന്നുപോലും അകറ്റിനിർത്തപ്പെടുന്ന ഒരു ജനതയുടെ നിരാശാഭരിതമായ അവസ്ഥയെ ‘കുലം’ സാക്ഷ്യപ്പെടുത്തുന്നു. നിറത്തിന്റെ രാഷ്ട്രീയത്തെ യുക്തികൊണ്ടുതന്നെ അത് നിരാകരിക്കുന്നു. ഉന്നംകൊണ്ടു ഉന്നതിയിലെത്തിയിട്ടും കുലത്തിന്റെ പേരുപറഞ്ഞ് മനുഷ്യന്റെ വഴിതടയുന്ന സാമൂഹികാവസ്ഥയെ വിചാരണചെയ്യുന്ന രചനകളാണ് ‘കാട്ടാളൻ’, ‘കുലം’ എന്നിവ.
കണ്ണും കാതും ചുറ്റുപാടുകളിലേക്ക് തുറന്നുവെച്ച ഒരു സൂക്ഷ്മഗ്രാഹിയെ ‘ചൂണ്ടുവിരൽ’ എന്ന കാവ്യസമാഹാരത്തിൽ ഉടനീളം കാണാം. അതേസമയം, പ്രണയത്തെ അതിന്റെ സൗന്ദര്യാത്മക ഭാവത്തോടെ ആവാഹിക്കുന്ന ഒരു കാൽപ്പനികനും ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് പ്രകൃതിയോടാവാം, പുസ്തകങ്ങളോടാവാം, മനുഷ്യഭാവങ്ങളോടാവാം. ട്രെൻഡുകൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന പുതിയ കാലത്തിന്റെ പൊള്ളത്തരങ്ങൾ ‘ബിബ്ലിയോമാനിയ’ എന്ന കവിത വരച്ചുകാട്ടുന്നു. അകംകാഴ്ചകളേക്കാൾ പുറംപകിട്ടുകൾക്ക് പ്രാധാന്യം നൽകുന്ന പുതിയ തലമുറയുടെ ശീലങ്ങളോട് സന്ധിചെയ്യുന്ന ആളല്ല കവി. "വീടുകാണാൻ വന്ന അവൾക്കും പുസ്തകങ്ങൾക്കും ഒരേ മണമായിരുന്നു" എന്ന ഒന്നാകലിൽനിന്നു തുടങ്ങി, വായന മരിച്ച സമൂഹത്തിൽ പുസ്തകങ്ങൾ വെറുമൊരു സ്വീകരണമുറി അലങ്കാരമായി മാറുന്ന പ്രവണതയെ കവി പരിഹസിക്കുന്നു. പുസ്തകപ്രേമംപോലും പലർക്കും ഒരു ആഡംബരമായി മാറുന്ന കാലമാണിത്.
More Read: മധുരം ജീവാമൃതബിന്ദു
പ്രണയമാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനമെന്ന ധാരണയെ ഉറപ്പിക്കുകയാണ് ‘ഇലകൾ’, ‘ഋതു’ തുടങ്ങിയ കവിതകൾ.
"ഓർക്കാറുണ്ടോ?
മറന്നിട്ടുവേണ്ടേ..." (ഇഷ്ടം)
ചോദ്യത്തിന് അനുയോജ്യമായ മറുപടി നൽകി പൂർവകാല വസന്തത്തിലേക്ക് മടങ്ങുന്നൊരു മനുഷ്യൻ ഈ കവിതയിലുണ്ട്. പ്രണയം പ്രകൃതിയെ വിശ്വവിതാനത്തിലേക്ക് ഉയർത്തുന്നു; പ്രണയമില്ലെങ്കിൽ ജീവിതം ഇലപൊഴിഞ്ഞ വൃക്ഷംപോലെ ശുഷ്കമായിപ്പോകും. എന്നാൽ, ആ അവസ്ഥ ശാശ്വതമല്ലെന്നും മരം വീണ്ടും തളിർക്കുകയും പൂക്കുകയും ചെയ്യുമെന്നും കവി വിശ്വസിക്കുന്നു. പ്രകൃതി ഇങ്ങനെ പുനർജനിക്കുന്നത് മറ്റാരുടെയും പ്രേരണകൊണ്ടല്ല, അത് സ്വന്തം ആത്മസ്വത്വത്തിന്റെ ആവിഷ്കാരമാണ്
"അവർ കെട്ടിപ്പിടിക്കുന്നു
പൂക്കുന്നു കായ്ക്കുന്നു
വരുംജന്മത്തിൽ..." (ഇലകൾ)
ജന്മജന്മാന്തരങ്ങളിലേക്ക് പടരുന്നതാണ് സ്നേഹം. കുമാരനാശാന്റെ "സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന വരികളും, കാളിദാസന്റെ "ഭാവസ്ഥിരാണി ജനനാന്തരസൗഹൃദാനി" എന്ന സൂക്തവും ഈ സമാഹാരത്തിലെ രചനകളുടെയെല്ലാം അന്തർധാരയായി വായനക്കാരന് അനുഭവപ്പെടും. ‘വേരുകൾ’, ‘അത്രമേൽ’, ‘ഋതു’ തുടങ്ങിയ കവിതകളിൽ പ്രണയത്തിന്റെ വ്യത്യസ്തങ്ങളായ അടരുകൾ തെളിയുന്നുണ്ട്.
സ്നേഹം തുറന്നുപറയാൻ മടിച്ചിരുന്ന ഒരു കാലത്തിൽനിന്ന് മാറി, തീവ്രമായ പൊസസീവ്നെസ്സിലേക്കും തുടർന്ന് സംശയത്തിന്റെ ദുരന്തങ്ങളിലേക്കും വഴുതിവീഴുന്ന വർത്തമാനകാല ചിത്രമാണ് ‘അത്രമേൽ’ എന്ന കവിത. "അതിസ്നേഹഃ പാപശങ്കീ", "അതിപരിചയാത് അവജ്ഞാ" എന്നീ പൗരാണിക വാക്യങ്ങളെ അത് ഓർമിപ്പിക്കുന്നു. കാളിദാസൻ ‘ശാകുന്തള’ത്തിൽ വരച്ചിട്ട പ്രണയനിരാസത്തിന്റെ ഒരു തുടർച്ച ഈ കവിതയിലും പ്രതിഫലിക്കുന്നുണ്ട്.
ദിശ കാണിക്കാനും അനീതിക്കെതിരെ വിരൽചൂണ്ടാനും ഒരു ‘ചൂണ്ടുവിരൽ’ വേണം; അധികാരത്തിന്റെ അഹന്തയെ നിലത്തുനിർത്താനും അത് അനിവാര്യമാണ്. മനുഷ്യനെ മറന്ന ഭരണകൂടങ്ങൾക്കു നേരെ തൊടുക്കുന്ന മൂർച്ചയേറിയ ആയുധമാണത്. പന്തയത്തിൽ തളർന്നുവീണവനെ കൈപിടിച്ചുയർത്താനും ഈ വിരലിനാകും. എല്ലാവരുടെയും ശബ്ദവും വോട്ടും തുല്യമാകുമെന്ന പ്രതീക്ഷയിലാണ് നാം വരിവരിയായി നിന്ന് വിരലിൽ മഷി പുരട്ടുന്നത്. എന്നാൽ, അധികാരത്തിന്റെ ഇടനാഴികളിൽ പുതിയ കെണികൾ ഒരുങ്ങുന്നത് പലപ്പോഴും നാം അറിയാതെപോകുന്നു.
മത്തുപിടിച്ച അധികാരത്തിന്റെ ദുഷ്ടലാക്കുകൾക്കു നേരെ പിടിച്ച കണ്ണാടിയാണ് ‘കുതിരക്കച്ചവടം’, ‘ചൂണ്ടുവിരൽ’, ‘പന്തയം’ എന്നീ കവിതകൾ. അധികാരരാഷ്ട്രീയത്തിൽ ജയിച്ചുകയറാൻ, "നിങ്ങളെ അവർ ചൂണ്ടുവിരലിൽ മഷി പുരട്ടി നിശ്ശബ്ദരാക്കുന്നു" എന്ന കയ്പേറിയ തിരിച്ചറിവാണ് ഇവ പകരുന്നത്.
ഈ സമാഹാരത്തിലെ മറ്റൊരു ശ്രദ്ധേയമായ രചനയാണ് ‘കസേര’. അധികാരം മനുഷ്യനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഈ കവിത വരച്ചുകാട്ടുന്നു. കസേരയിലെത്തുമ്പോഴുണ്ടാകുന്ന അഹംഭാവവും ധാർഷ്ട്യവും മനുഷ്യനെ മറ്റുള്ളവരിൽനിന്നും അകറ്റുന്നു. "എന്നും ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലത്" എന്ന് കവി ഓർമിപ്പിക്കുന്നത് ആ ഇരിപ്പിടം അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്താനാണ്. എന്നാൽ, ആയുസ്സവസാനിച്ച് പടിയിറങ്ങുമ്പോൾ ആ കസേര കൂടെപ്പോരില്ലെന്ന വലിയൊരു തത്ത്വം കവിത ഓർമിപ്പിക്കുന്നു. "ശ്രീഭൂവിലസ്ഥിര"മെന്ന പ്രാചീന കവിവാക്യത്തിന്റെ പുതിയകാല ഭാഷ്യമായി ഈ കവിത മാറുന്നു.
കാലിക യാഥാർഥ്യങ്ങളോടും സമൂഹത്തെ ബാധിച്ച ദുഷ്പ്രവണതകളോടും കലഹിക്കുന്ന ഒട്ടേറെ രചനകൾ ഈ സമാഹാരത്തിലുണ്ട്. ആത്മാർഥമായ ജീവിതനിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന കുറുങ്കവിതകൾ വായനക്കാരനിലേക്ക് എത്രവേഗമാണ് സംവേദനം ചെയ്യപ്പെടുന്നത് എന്ന് ഈ പുസ്തകം തെളിയിക്കുന്നു. ഡോ. മോഹനൻ നടുവത്തൂർ അവതാരികയിൽ കുറിച്ചതുപോലെ: "ആത്മരതിയിൽ അഭിരമിക്കാനോ, ഗൂഢഭാഷയിൽ ഒളിച്ചിരിക്കാനോ, വാഗ്ജാലങ്ങൾ തീർക്കാനോ ഉള്ള ഉപകരണമല്ല പ്രദീപ് കെ. കൃഷ്ണഗാഥയ്ക്ക് കവിത." സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുന്ന, തികഞ്ഞ ജനാധിപത്യബോധമുള്ള ഒരു കവിയെ ഇവിടെ കാണാം. ജീവിതത്തെ നിർമമതയോടെയും ലാളിത്യത്തോടെയും നോക്കിക്കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ ഉള്ളിലുള്ളത്.
പ്രദീപിന് കവിതയെന്നത് തെളിനീരിലൂടെയുള്ള ശാന്തമായ സഞ്ചാരമല്ല; ആഴക്കടലിലേക്ക് ഊളിയിട്ടിറങ്ങുന്ന ഒരു മുങ്ങൽവിദഗ്ദ്ധന്റെ മനക്കരുത്താണ്. ആശയദൃഢതയും ഉള്ളുറപ്പുമുള്ള കാവ്യാനുഭവമാണ് ഈ സമാഹാരമെന്ന് നിസ്സംശയം പറയാം.

