സ്നേഹത്തിന്റെ കഥകൾ പറയുന്ന മനുഷ്യർ

സ്നേഹത്തിന്റെയും ധീരമായ കാരുണ്യത്തിന്റെയും ഈ കൂട്ടായ്മകൾക്ക് ഞങ്ങൾ നൽകിയ പേര് 'റഹ്മത്ത്' എന്നാണ്. ഉർദുവിൽ അനുകമ്പ, ദയ, കരുതൽ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. വിദ്വേഷാക്രമണങ്ങൾക്കെതിരെ തലയുയർത്തി നിൽക്കുന്ന മനുഷ്യരെ കണ്ടെത്തുകയും അവരെ പൊതുവേദികളിൽ ആദരിക്കുകയുമാണ് 'റഹ്മത്ത്' സംരംഭത്തിന്റെ പ്രധാന ആശയം. ധീരമായ കാരുണ്യവും നിസ്വാർത്ഥ സ്നേഹവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന മനുഷ്യരെ കണ്ടെത്തുക.

   അനുഭവം     ഹർഷ്‌ മന്ദർ  


തീർത്തും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മനുഷ്യജീവിതത്തിലെ നന്മകളും അമൂല്യവുമായ പലതും ഇന്ന് തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു; ദയ, നീതി, സ്നേഹം, ധൈര്യം, കരുതൽ, അനുകമ്പ, സഹാനുഭൂതി എന്നിവയെല്ലാം അതിൽപ്പെടുന്നു. ഇനിയൊരിക്കലും ഇവയെ കൂട്ടിയിണക്കാൻ നമുക്കാവില്ലെന്ന തരത്തിൽ ചിലപ്പോഴെങ്കിലും പ്രതീക്ഷകൾ അസ്തമിച്ചുപോകുന്നു.

നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കൂ; നിരായുധനായ ഒരു മനുഷ്യനെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു, മണിക്കൂറുകളോളം അയാൾ ജീവനുവേണ്ടി ദയനീയമായി നിലവിളിച്ചിട്ടും നമ്മൾ മുഖംതിരിച്ചു നടക്കുന്നു. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ ലംഘിക്കാൻ തുനിഞ്ഞ യുവമിഥുനങ്ങളെ കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനത്തിന്റെ പേരിൽ ആൾക്കൂട്ടങ്ങളോ സ്വന്തം കുടുംബത്തിലെ പുരുഷന്മാരോ തന്നെ അരിഞ്ഞുതള്ളുന്നു. ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാകുന്നു, സ്കൂൾ അധ്യാപകന്റെ മർദ്ദനമേറ്റ് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുന്നു, ജാത്യാചാരങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒരു നവവരനെ കുതിരപ്പുറത്തുനിന്നും പിടിച്ചിറക്കി കൊലപ്പെടുത്തുന്നു.

നമ്മുടെ നാട്ടിൽ മുസ്ലിം സ്വത്വമുള്ള മനുഷ്യരുടെ പൗരാവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും, അവരുടെ വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തുമ്പോഴും, അവരുടെ പ്രാർത്ഥനകൾ കുറ്റകൃത്യമായി മുദ്രകുത്തപ്പെടുമ്പോഴും, അവരെ അന്യവൽക്കരിക്കുമ്പോഴും കണ്ണടച്ചുപിടിക്കുന്നത് നമുക്കിടയിൽ ഒരു ശീലമായി മാറിയിരിക്കുന്നു. ഇരകളാക്കപ്പെട്ട മനുഷ്യരെ തോക്കിൻമുനയിൽ അന്താരാഷ്ട്ര അതിർത്തികൾ കടത്തിവിടുമ്പോഴോ, നാവികസേനയുടെ ബോട്ടുകളിൽനിന്ന് ആഴക്കടലിലേക്ക് വലിച്ചെറിയുമ്പോഴോ പോലും നാം നിസ്സംഗത തുടരുന്നു.

ഇന്ത്യയിൽ മാത്രമല്ല, ഇന്നത്തെ ലോകത്തേക്ക് നോക്കൂ; ഒരു വ്യക്തിയുടെ മാത്രം ആസ്തി ഒരു ലക്ഷം കോടി ഡോളറാണ്. അയാൾ ദിവസവും പത്തുലക്ഷം ഡോളർ വീതം ചെലവഴിച്ചാൽ പോലും ആ സമ്പത്ത് തീർന്നുപോകാൻ 2,700 വർഷങ്ങൾ വേണ്ടിവരും! എന്നിട്ടും ഈ ലോകത്ത് പന്ത്രണ്ടിൽ ഒരാൾ വീതം രാത്രി പട്ടിണി കിടന്നുറങ്ങുന്നു, രണ്ടുപേരിൽ ഒരാൾക്ക് താങ്ങാനാകുന്ന ചികിത്സ ലഭിക്കുന്നില്ല, അഞ്ചിൽ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നു.

ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ ഗസ്സയിലെ പിഞ്ചുമക്കളെയും സന്നദ്ധപ്രവർത്തകരെയും ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും കൂട്ടക്കൊല ചെയ്യുന്നതിന് പരസ്യമായി പിന്തുണ നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ആ മണ്ണിൽ ജീവിച്ച മനുഷ്യരെ അവരുടെ തകർക്കപ്പെട്ട ജന്മനാട്ടിൽ നിന്നും ആട്ടിയോടിച്ച് അവിടെ സമ്പന്നർക്കായി ഒരു ഉല്ലാസതീരം പണിയുന്നതിനെക്കുറിച്ച് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സംസാരിക്കുന്നു.

കണ്ണീരും കരുണയില്ലായ്മയും നിറഞ്ഞ ഈ കാലത്തിന്റെ വേദനിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും നമ്മെ തേടിയെത്തുന്നത്. അനുദിനം പടരുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അസമത്വത്തിന്റെയും ഈ കഥകൾ ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയെയാണ് വിരൽചൂണ്ടുന്നത്.

ഇതിനെല്ലാം നാം പരസ്യമായി സാക്ഷ്യം വഹിക്കേണ്ടതുണ്ട്; നമ്മുടെ മനസ്സാക്ഷിയെ ഉണർത്താനും ചെറുത്തുനിൽപ്പുകൾ തീർക്കാനും അത് അനിവാര്യമാണ്. വിദ്വേഷം വിതയ്ക്കുന്ന അക്രമങ്ങൾക്കെതിരെയും ഭരണകൂട അനീതികൾക്കെതിരെയും സാധ്യമായ എല്ലാ വഴികളിലൂടെയും നാം പോരാടണം. കോടതികളിലും തെരുവുകളിലും, അതിലുപരി മനുഷ്യരുടെ ഹൃദയങ്ങളിലും ചിന്തകളിലും ആ പോരാട്ടം നടക്കണം.

Read more: പച്ചക്കറിയും വെറുപ്പിന്റെ രാഷ്ട്രീയവും

ധൈര്യവും ദയയും

എന്നാൽ നിരാശപ്പെടുക എന്നത് നമുക്ക് മുന്നിലുള്ള ഒരു വഴിയല്ല. പ്രത്യാശ എന്നത് ഓരോ പൗരന്റെയും കടമയാണ്. അതുകൊണ്ടുതന്നെ വെറും സാക്ഷികളായാൽ മാത്രം പോരെന്നും നാം തിരിച്ചറിയണം.

ഇതിനപ്പുറം നമുക്ക് ചുറ്റും മറ്റുചില കഥകൾ കൂടിയുണ്ടെന്ന് നാം ഓർക്കേണ്ടതുണ്ട്. അചഞ്ചലമായ ധൈര്യത്തിന്റെയും, ഹൃദയം നുറുങ്ങുന്ന അനുകമ്പയുടെയും, വീരോചിതമായ ഐക്യദാർഢ്യത്തിന്റെയും, കനിവുറ്റ മാപ്പിന്റെയും കഥകൾ.

നമ്മൾ പറയാൻ മറന്നുപോയ കഥകൾ.

മനുഷ്യചരിത്രം എന്നാൽ ക്രൂരതയുടെയും അടിച്ചമർത്തലിന്റെയും ചരിത്രം മാത്രമല്ലെന്ന് ചരിത്രകാരനായ ഹോവാർഡ് സിൻ നമ്മെ ഓർമ്മിപ്പിക്കുമ്പോൾ നാം അത് ശ്രദ്ധയോടെ കേൾക്കണം. അത് ദയയുടെയും ധൈര്യത്തിന്റെയും കഥ കൂടിയാണ്. സങ്കീർണ്ണമായ ഈ ചരിത്രത്തിൽ നാം എന്തിനാണ് മുൻഗണന നൽകുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മൾ ആരായിത്തീരുമെന്ന് ഒടുവിൽ തീരുമാനിക്കപ്പെടുക.

അതുകൊണ്ട്, നമ്മെ ചവിട്ടിമെതിക്കുന്ന വിദ്വേഷത്തിനും അനീതിക്കും സാക്ഷ്യം വഹിക്കേണ്ടത് എത്രത്തോളം അനിവാര്യമാണോ, അത്രതന്നെ പ്രധാനമാണ് ധൈര്യത്തിന്റെയും ദയയുടെയും ഉദാത്തമായ മാതൃകകളെ തിരിച്ചറിയുന്നതും അവയെ ആഘോഷിക്കുന്നതും.

ഈ സൽകർമ്മങ്ങളെ ഞാൻ വിളിക്കുന്നത് 'തീവ്രമായ സ്നേഹം' (Radical Love) എന്നാണ്. അടിച്ചമർത്തപ്പെടുന്ന അപരനെ സംരക്ഷിക്കാനും തുണയ്ക്കാനും വേണ്ടി ജയിലിൽ പോകാനും, സ്വന്തം ജീവൻ പോലും പണയം വെക്കാനും തയ്യാറാകുന്ന അത്രയും ദൃഢമായ ഒരു സ്നേഹം. ഇത്തരം ധീരതകളെയും കാരുണ്യപ്രവൃത്തികളെയും നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. അവയെ നാം അധികമൊന്നും ആഘോഷിക്കാറുമില്ല.

അങ്ങനെയാണ് കാരുണ്യത്തിന്റെയും ധീരതയുടെയും, ആ 'തീവ്രമായ സ്നേഹ'ത്തിന്റെയും അനുഭവങ്ങളെ പ്രാദേശികമായി ആഘോഷിക്കണം എന്ന ചിന്ത ഞങ്ങളിൽ ഉടലെടുത്തത്. അത്തരം കഥകളെ ജനങ്ങളിൽ നിന്ന് നേരിട്ട് കണ്ടെത്തുക, ഒരുപക്ഷേ സ്നേഹത്തിന്റെ ഒരു ജനകീയ മുന്നേറ്റം തന്നെ പടുത്തുയർത്തുക എന്നതായിരുന്നു ലക്ഷ്യം.

അതായിരിക്കും നമുക്ക് പ്രതീക്ഷ പകരുക; അത് മുറിവുകൾ ഉണക്കും, തകർന്നതിനെ കൂട്ടിയിണക്കും, മുന്നോട്ടുള്ള വഴികളിൽ വെളിച്ചം വീശും.

'റഹ്മത്ത്' കൂട്ടായ്മകൾ

സ്നേഹത്തിന്റെയും ധീരമായ കാരുണ്യത്തിന്റെയും ഈ കൂട്ടായ്മകൾക്ക് ഞങ്ങൾ നൽകിയ പേര് 'റഹ്മത്ത്' എന്നാണ്. ഉർദുവിൽ അനുകമ്പ, ദയ, കരുതൽ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. വിദ്വേഷാക്രമണങ്ങൾക്കെതിരെ തലയുയർത്തി നിൽക്കുന്ന മനുഷ്യരെ കണ്ടെത്തുകയും അവരെ പൊതുവേദികളിൽ ആദരിക്കുകയുമാണ് 'റഹ്മത്ത്' സംരംഭത്തിന്റെ പ്രധാന ആശയം. ധീരമായ കാരുണ്യവും നിസ്വാർത്ഥ സ്നേഹവും പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന മനുഷ്യരെ കണ്ടെത്തുക.

വർഗീയ, ജാതീയ, ലിംഗപരമായ അതിക്രമങ്ങൾ തടയാൻ ധൈര്യത്തോടെ മുന്നിട്ടിറങ്ങിയവർ, പീഡിപ്പിക്കപ്പെടുന്നവർക്ക് അഭയമേകുകയും രക്ഷിക്കുകയും ചെയ്തവർ, മനുഷ്യജീവനുകൾ കാത്തവർ. ആൾക്കൂട്ട വിദ്വേഷം, ക്രരോധം, ഭരണകൂട വേട്ടയാടലുകൾ അല്ലെങ്കിൽ സ്വന്തം പരാധീനതകൾ തുടങ്ങിയ പ്രതിസന്ധികളെ വകഞ്ഞുമാറ്റി അപകടത്തിലും അടിച്ചമർത്തലിലും ദുരിതത്തിലും അകപ്പെട്ട മനുഷ്യർക്ക് കാവലായവർ.

ചുരുക്കത്തിൽ, വിദ്വേഷത്തിന്റെ ശക്തികൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന മനുഷ്യർ. ഇതൊരു ഒറ്റപ്പെട്ട പരിപാടിയാകാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തുടർച്ചയായി സംഘടിപ്പിക്കണമെന്നും, കാരുണ്യത്തിന്റെ ഇത്തരം ധീരമായ ഏടുകൾ പൊതുജനങ്ങളിൽ നിന്ന് തന്നെ കണ്ടെത്തണമെന്നും ഞങ്ങൾ തീരുമാനിച്ചു. ഈ ആശയം പടിപടിയായി വളരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

ഹൈദരാബാദിൽ നിന്നൊരു തുടക്കം

എവിടെയെങ്കിലും നമുക്ക് തുടങ്ങണമായിരുന്നു. ഹൈദരാബാദിലെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ രാജ്യത്തെ ആദ്യത്തെ റഹ്മത്ത് കൂട്ടായ്മയ്ക്ക് ആതിഥേയത്വം വഹിക്കാൻ മുന്നോട്ടുവന്നു. ധീരമായ കാരുണ്യം തെളിയിച്ച മനുഷ്യരെ ആദരിക്കുന്ന നിരവധി കഥകളുടെയും വേദികളുടെയും ഒരു തുടക്കം മാത്രമായിരിക്കും ഇതെന്ന് ഞങ്ങൾ കരുതുന്നു. ഹുമൈറ അഹമ്മദും അഷ്ഹർ ഫർഹാനും ചേർന്ന് 16 വർഷങ്ങൾക്ക് മുമ്പ് പടുത്തുയർത്തിയ 'ലാമകാൻ' എന്ന മനോഹരമായ ഇടം ഈ സംഗമത്തിനായി അവർ വിട്ടുനൽകി. ഇലാഹെ ഹിപ്തൂല, സലീമ റസ്‌വി, അസം ഖാൻ, ആസിയ അഹമ്മദ് ഖാൻ, അമീർ ഉല്ലാ ഖാൻ എന്നിവരും അവരോടൊപ്പം കൈകോർത്തു. ഏഴ് സുഹൃത്തുക്കളുടെ ഈ കൂട്ടായ്മ ചേർന്നാണ് ധീരമായ നന്മയുടെ വെളിച്ചം വീശുന്ന ആദ്യത്തെ സംഗമം ഒരുക്കിയത്.

ആദരിക്കപ്പെടേണ്ട ഈ നായകരെയും നായികമാരെയും കണ്ടെത്തുക എന്നതായിരുന്നു 'കാർവാനെ മൊഹബത്തി'ൽ ഞങ്ങളുടെ ചുമതല. ഇതിനായി കശ്മീരിലെ മലനിരകളിലേക്കും, മണിപ്പൂരിലെ മുറിവേറ്റ കലാപഭൂമികളിലേക്കും, ഉത്തർപ്രദേശിലെ മുസാഫർനഗറിലേക്കും, വടക്കുകിഴക്കൻ ദൽഹിയിലെ മുസ്തഫാബാദിലേക്കും, കർണാടകയുടെ തീരദേശങ്ങളിലേക്കും ഞങ്ങൾ എത്തിച്ചേർന്നു. ദിവസങ്ങളോളം എന്റെ സഹപ്രവർത്തകർ ഈ ധീരമനുഷ്യരുമായി സംസാരിച്ചു, ഞങ്ങളുടെ ലക്ഷ്യമെന്താണെന്നും എന്തിനാണ് ഇതെന്നും അവർക്ക് വിശദീകരിച്ചു നൽകി, ഹൈദരാബാദിലെ റഹ്മത്ത് വേദിയിലേക്ക് അവരെ ക്ഷണിച്ചു.

ആദ്യം ചെറിയൊരു മടിയും സങ്കോചവുമൊക്കെ അവർ പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ അവർ സമ്മതം മൂളി. യാത്രയ്ക്കുള്ള ടിക്കറ്റുകൾ എടുത്തു, ജൂൺ 13, 14 തീയതികളിൽ ഹൈദരാബാദിലെ ലാമകാനിൽ പരിപാടി നിശ്ചയിച്ചു. ഹൈദരാബാദിലേക്കുള്ള അവരുടെ യാത്രയിലും ചില അനുഭവങ്ങളുണ്ടായി. 2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ വെടിയുണ്ടകൾക്കിരയായ വിനോദസഞ്ചാരികളെ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ധീരനായ കുതിരക്കാരൻ ആദിൽ ഹുസൈൻ ഷായുടെ പിതാവ് ഹൈദർ ഷാ ജീവിതത്തിലൊരിക്കലും കശ്മീരിന് പുറത്തുപോവുകയോ വിമാനത്തിലോ ട്രെയിനിലോ കയറുകയോ ചെയ്തിരുന്നില്ല. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയും ചെക്ക്-ഇന്നുമൊക്കെ അദ്ദേഹത്തിന് അപരിചിതമായിരുന്നെങ്കിലും, ഓരോ ചുവടിലും ഫോണിലൂടെ കൂടെനിന്ന് എന്റെ സഹപ്രവർത്തകൻ മുഹമ്മദ് ആമിർ ഖാൻ അദ്ദേഹത്തിന് വഴി കാട്ടി.

മണിപ്പൂരിലെ കുക്കി സമാധാന പ്രവർത്തകയായ ങ്‌ഗൈനേകിം ലുൻകിമിന് വിമാനം കയറാനായി ഇംഫാലിലേക്കുള്ള ഒരു മണിക്കൂർ റോഡ് യാത്ര നടത്താൻ സാധിക്കുമായിരുന്നില്ല; കാരണം കുക്കികൾക്ക് ഇംഫാലിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമായിരുന്നില്ല. പകരം, ഹൈദരാബാദിലേക്കുള്ള ഫ്ലൈറ്റ് പിടിക്കാൻ പത്ത് മണിക്കൂർ മലയോര പാതയിലൂടെ സഞ്ചരിച്ച് ഐസ്വാളിലെത്തിയാണ് അവർ യാത്ര തിരിച്ചത്.

ഹൈദരാബാദിൽ യുവാക്കളായ വളണ്ടിയർമാരുടെ സംഘം ഓരോ അതിഥിയെയും സ്വീകരിക്കുകയും നഗരം കാണിക്കാൻ കൊണ്ടുപോവുകയും ചെയ്തു. എന്റെ ഹൈദരാബാദിലെ സുഹൃത്തുക്കൾ ഓരോരുത്തരായി അവരെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ചു. ഞായറാഴ്ച ങ്‌ഗൈനേകിം പ്രാർത്ഥനയ്ക്കായി പള്ളിയിലേക്കും (ചർച്ച്), ഇമാം റശീദിയും ഹൈദർ ഷായും മസ്ജിദിലേക്കും, മൊഹീന്ദർ സിംഗ് ഗുരുദ്വാരയിലേക്കും പോയി. ആ ഏതാനും ദിവസങ്ങൾ കൊണ്ട് തികച്ചും വ്യത്യസ്തരായ ഈ ധീരമനുഷ്യർ പരസ്പരം ആത്മബന്ധം സ്ഥാപിച്ചു. യാത്രപറഞ്ഞു പിരിയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. പരസ്പരം ബന്ധം കാത്തുസൂക്ഷിക്കാൻ അവർ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും തുടങ്ങി.

ഹൈദർ ഷാ

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ നിഷ്കളങ്കരായ വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാൻ ഒരു ഭീകരനോട് മല്ലിടുകയും അയാളുടെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ വെടിയേറ്റു മരിക്കുകയും ചെയ്ത 28-കാരനായ സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവ് ഹൈദർ ഷായുടെ വാക്കുകളോടെയാണ് ലാമകാനിലെ ആദ്യ സായാഹ്നം ആരംഭിച്ചത്.

വളരെ ലളിതമായ വാക്കുകളിൽ തികഞ്ഞ ആത്മാഭിമാനത്തോടും ഉറപ്പോടും കൂടിയാണ് ആ പിതാവ് സംസാരിച്ചത്. കുടുംബത്തിന്റെ അത്താണിയായിരുന്ന തന്റെ മൂത്ത മകനെ താൻ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും അവന്റെ വിയോഗം എത്രത്തോളം നോവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അവൻ ചെയ്ത ധീരപ്രവൃത്തിയിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു; അവൻ അത് ചെയ്തത് മനുഷ്യത്വത്തിന് വേണ്ടിയാണ്. അവന്റെ സംസ്കാരവും മതവും മാതൃരാജ്യത്തോടുള്ള സ്നേഹവുമാണ് അവനെ അത് പഠിപ്പിച്ചത്. ഓരോ ദിവസവും മകനെ ഓർത്തു കേഴുമ്പോഴും അവനെയോർത്ത് ആ പിതാവ് അഭിമാനിക്കുന്നു.

ഹിമാൻഷി നർവാൾ

പഹൽഗാമിൽ മധുവിധു ആഘോഷിക്കുന്നതിനിടയിൽ ഭീകരരുടെ വെടിയുണ്ടയേറ്റ് നാവികസേനാ ഉദ്യോഗസ്ഥനായ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും വിദ്വേഷത്തിനും അക്രമത്തിനും പ്രതികാരത്തിനുമെതിരെ ഉറച്ച ശബ്ദമുയർത്തിയ ഹിമാൻഷി നർവാൾ എന്ന അസാധാരണ ധൈര്യശാലിയായ യുവതിക്ക് വേണ്ടിയുള്ള പുരസ്കാരം ലളിത രാംദാസ് ഏറ്റുവാങ്ങി.

ഇന്ത്യയുടെ ആദ്യത്തെ നേവൽ ചീഫിന്റെ മകളും 13-ാമത് നേവൽ ചീഫിന്റെ ഭാര്യയുമാണ് ലളിത രാംദാസ്. അവർ ഹിമാൻഷിക്ക് അയച്ച വ്യക്തിപരമായ കുറിപ്പ് വേദിയിൽ വായിച്ചു; “ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥന്റെ മകൾ/ഭാര്യയിൽ നിന്ന്, നേവൽ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്” എന്ന ആമുഖത്തോടെയായിരുന്നു ആ കത്ത്.

അതിൽ അവർ ഇങ്ങനെ എഴുതി: “മാധ്യമങ്ങൾക്ക് മുന്നിലുള്ള നിന്റെ വാക്കുകൾ ഞാൻ വീണ്ടും വീണ്ടും കാണുമ്പോൾ നിന്നെയോർത്ത് എനിക്ക് അഭിമാനം തോന്നുന്നു. പഹൽഗാമിൽ നിരപരാധികളായ മനുഷ്യർ കൊല്ലപ്പെട്ടതിന് പിന്നാലെ, വിദ്വേഷത്തിനും മുസ്ലിംകൾക്കും കശ്മീരികൾക്കുമെതിരായ ആക്രമണങ്ങൾക്കുമെതിരെ നീ സംസാരിച്ചപ്പോൾ പ്രകടമായ അസാധാരണമായ ആത്മധൈര്യവും ശാന്തതയും ബോധ്യവും അങ്ങേയറ്റം പ്രശംസനീയമാണ്!” അവർ കൂട്ടിച്ചേർത്തു, “ഈ രാജ്യത്തെ ചിന്തിക്കുന്ന ഓരോ പൗരന്റെയും ചിന്തകളും വികാരങ്ങളുമാണ് നീ പ്രതിഫലിപ്പിച്ചത്... നിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നാം വിദൂരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്”.

ഇമാം റശീദി

അടുത്ത ഊഴം ഇമാം റശീദിയുടേതായിരുന്നു. 2018-ൽ പശ്ചിമ ബംഗാളിലെ അസൻസോളിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭവം ഞാൻ സദസ്സിന് ഓർമ്മപ്പെടുത്തിക്കൊടുത്തു. നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ രണ്ട് ഹിന്ദു കുട്ടികളും, ഹിന്ദു പ്രദേശത്ത് ഒരു മുസ്ലിം കുട്ടിയും കുടുങ്ങിപ്പോയി. കുടുങ്ങിക്കിടക്കുന്ന കുട്ടികളെ പരസ്പരം കൈമാറുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ യാതൊരു നിബന്ധനകളുമില്ലാതെ ഹിന്ദു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അടുക്കലേക്ക് സുരക്ഷിതമായി തിരിച്ചയക്കണമെന്ന് ഇമാം റശീദി ഇടപെട്ട് ആവശ്യപ്പെട്ടു. ആ കുട്ടികളെ തിരിച്ചെത്തിച്ച ശേഷം അവർ മുസ്ലിം കുട്ടിക്കായി കാത്തിരുന്നു. ആ കുട്ടി മറ്റാരുമായിരുന്നില്ല, സാക്ഷാൽ ഇമാമിന്റെ സ്വന്തം മകനായിരുന്നു.

അർദ്ധരാത്രിയോടടുത്ത്, ആ ബാലൻ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടുവെന്ന വിവരമാണ് പോലീസ് ഇമാമിനെ അറിയിച്ചത്. ഇമാം ഇടപെട്ടില്ലായിരുന്നുവെങ്കിൽ പ്രതികാരത്തിന്റെ പേരിൽ ആ നഗരം മുഴുവൻ കത്തിയെരിയുമായിരുന്നു. എന്നാൽ അദ്ദേഹം മുസ്ലിംകളോട് ഇങ്ങനെ അഭ്യർത്ഥിച്ചു: “എന്റെ മകന്റെ മരണം എനിക്ക് താങ്ങാനാവാത്ത ദുരന്തമാണ്, എന്നാൽ അതിന്റെ പേരിൽ ഒരു ഹിന്ദുവിന് നേരെപ്പോലും ആക്രമണമുണ്ടായാൽ അതായിരിക്കും എന്നെ സംബന്ധിച്ച് ഇതിലും വലിയ ദുരന്തം”.

ദിവസങ്ങൾക്ക് ശേഷം കാർവാനെ മൊഹബത്ത് സംഘത്തോടൊപ്പം അസൻസോളിൽ പോയത് ഞാൻ ഓർത്തു. ഒരു പ്രതികാര അക്രമത്തിന് മുതിരുന്നതിന് പകരം, തങ്ങളുടെ പ്രദേശത്തെ ഹിന്ദുക്കളെ സംരക്ഷിക്കാൻ സംഘങ്ങൾ രൂപീകരിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് അവിടുത്തെ മുസ്ലിം ചെറുപ്പക്കാർ എന്നോട് പറഞ്ഞു. ആ ബാലന്റെ മയ്യത്ത് സംസ്കാര ചടങ്ങിൽ മുസ്ലിംകളേക്കാൾ കൂടുതൽ പങ്കെടുത്തത് ഹിന്ദുക്കളായിരുന്നു; അങ്ങനെ ആ നഗരത്തിലേക്ക് സമാധാനം തിരികെയെത്തി.

ഞാൻ സംസാരിക്കുമ്പോൾ ഇമാമിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് താൻ പൊതുവേദിയിൽ കരഞ്ഞുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരമായി മകനെ നഷ്ടപ്പെട്ടിട്ടും എന്തുകൊണ്ടാണ് താൻ സമാധാനത്തിന്റെ ഈ വഴി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി: “എന്റെ മതം, ഇസ്ലാം എന്നെ പഠിപ്പിച്ചത് ഇതാണ്,” അദ്ദേഹം ശാന്തമായി പറഞ്ഞു.

ങ്‌ഗൈനേകിം

കുക്കി വനിതാ മനുഷ്യാവകാശ സംഘടനയുടെ അധ്യക്ഷയായ ങ്‌ഗൈനേകിം ആയിരുന്നു അടുത്തത്. 2023 മെയ് 3-ന് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ അവർ മകളുടെ ക്ലിനിക്കിലായിരുന്നു. ക്ലിനിക്കിന് തൊട്ടുമുന്നിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ചിലർ ഒരു തോക്ക് കട നടത്തിയിരുന്നു. മെയ്തെയ് ആളുകളെ കൊലപ്പെടുത്താനും തോക്കുകൾ കൊള്ളയടിക്കാനുമായി കുക്കി യുവാക്കളുടെ ഒരു ആൾക്കൂട്ടം പാഞ്ഞടുത്തപ്പോൾ, അവർ ആൾക്കൂട്ടത്തിനും ആ മനുഷ്യർക്കും ഇടയിൽ നെഞ്ചുവിരിച്ചു നിന്നു; അവരെ പോലീസ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി ഓടിയെത്താൻ സഹായിച്ചു. തിരികെ ക്ലിനിക്കിൽ എത്തിയപ്പോൾ ഭയന്നുവിറച്ച രണ്ട് മെയ്തെയ് പുരുഷന്മാർ അവിടെ ഒളിച്ചിരിക്കുന്നതാണ് അവർ കണ്ടത്; ജീവൻ രക്ഷിക്കണമെന്ന് അവർ കരഞ്ഞുപറഞ്ഞു. അവരെ ക്ലിനിക്കിനുള്ളിൽ പൂട്ടിയിട്ട ശേഷം പുലർച്ചെ മൂന്ന് മണിക്ക് സ്കൂട്ടറോടിച്ച് അവിടെയെത്തി അവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.

പിറ്റേന്ന്, തങ്ങളുടെ കൂട്ടത്തിലെ മെയ്തെയ് അംഗങ്ങളെ രക്ഷിക്കാൻ അവർ കുക്കി വനിതാ കൂട്ടായ്മയിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ആയുധധാരികളായ കുക്കി അക്രമികൾക്കും മെയ്തെയ് പുരുഷന്മാർക്കും ഇടയിൽ സ്ത്രീകൾ ഒരു മനുഷ്യച്ചങ്ങല തീർത്ത് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി.

ഇംഫാൽ താഴ്വരയിൽ സമാനമായ രീതിയിൽ കുടുങ്ങിപ്പോയ സ്വന്തം കുക്കി ബന്ധുക്കളിൽ നിന്ന് തനിക്ക് വന്ന ഫോൺ കോളുകളെക്കുറിച്ചും ങ്‌ഗൈനേകിം സംസാരിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെടാനാണ് അവർ ഉപദേശിച്ചത്. എന്നാൽ ആൾക്കൂട്ടം അവരെ പിടികൂടി കൊലപ്പെടുത്തി. അതവരുടെ ഹൃദയത്തിൽ വലിയൊരു മുറിവാണ് ഉണ്ടാക്കിയത്; മലനിരകളിൽ താനും മറ്റ് സ്ത്രീകളും മെയ്തെയ് പുരുഷന്മാരെ രക്ഷിച്ചതുപോലെ താഴ്വരയിലുള്ള ആരും തന്റെ ബന്ധുക്കളെ രക്ഷിക്കാൻ ഉണ്ടായിരുന്നില്ലല്ലോ എന്ന നോവായിരുന്നു അത്.

എന്നാൽ ഹൈദരാബാദിൽ വെച്ച് അവർ നിരവധി കുക്കി മനുഷ്യരെ രക്ഷിച്ച മെയ്തെയ് സമാധാന പ്രവർത്തകനായ ക്ഷേത്രിമയൂം ഒനിലിനെ കണ്ടുമുട്ടി. ആ കൂടിക്കാഴ്ച തന്റെ ഹൃദയത്തിലെ മുറിവുകളുടെ 70 ശതമാനവും മായ്ച്ചുകളഞ്ഞതായി അവർ പറഞ്ഞു. അക്രമം വിഴുങ്ങിയ മണിപ്പൂരിൽ വെച്ച് തങ്ങൾക്ക് പരസ്പരം കാണാൻ പോലും സാധിക്കുമായിരുന്നില്ലെന്ന് ങ്‌ഗൈനേകിമും ഒനിലും ഒരുപോലെ ഓർത്തു. എന്നാൽ ഹൈദരാബാദിൽ എത്തിയപ്പോൾ ഒനിലിൽ ഒരു സഹോദരനെ കണ്ടെത്തുകയായിരുന്നു ങ്‌ഗൈനേകിം. വേദിയിൽ ഒരുമിച്ചിരിക്കുമ്പോൾ രണ്ടുപേരും വിതുമ്പുന്നുണ്ടായിരുന്നു.

ക്ഷേത്രിമയൂം ഒനിൽ

തൊട്ടടുത്ത സായാഹ്നം ആരംഭിച്ചത് ക്ഷേത്രിമയൂം ഒനിലിന്റെ അനുഭവങ്ങൾ കേട്ടുകൊണ്ടായിരുന്നു. ആംനസ്റ്റി, ഓക്സ്ഫാം, ഗ്രീൻപീസ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ-സമാധാന പ്രവർത്തകനാണ് ഒനിൽ. 2002-03 ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ അതിജീവിച്ചവർക്കായി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിച്ച അനുഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു.

2023-ൽ മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒനിൽ ചെയ്ത കാര്യങ്ങൾക്ക് അപാരമായ ധൈര്യം ആവശ്യമായിരുന്നു. സ്വന്തം സമുദായമായ മെയ്തെയ്‌യിലെ സായുധ സംഘങ്ങൾ തെരുവുകളിൽ തോക്കുകളുമായി കറങ്ങിനടന്ന് കുക്കി-സോ ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ വീടുകളും പള്ളികളും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തപ്പോഴും, അദ്ദേഹം കുക്കി-സോ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും രക്ഷിച്ച് മണിപ്പൂർ റൈഫിൾസ് ക്യാമ്പിലേക്ക് മാറ്റി. അവിടെനിന്ന് മലനിരകളിലെ കുക്കി-സോ പ്രദേശങ്ങളിലേക്ക് അയക്കുന്നത് വരെ ആ ക്യാമ്പിൽ അവർക്ക് ഭക്ഷണവും വസ്ത്രങ്ങളും അവശ്യസാധനങ്ങളും എത്തിച്ചുനൽകാൻ അദ്ദേഹം നിരന്തരം പ്രവർത്തിച്ചു.

തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണികൾക്കിടയിലും മണിപ്പൂരിൽ ചർച്ചകളും സമാധാനവും പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ഇന്നും ഉറക്കെ ആവശ്യപ്പെടുന്നു. എല്ലാ വംശത്തിലും മതത്തിലും പെട്ട ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു മണിപ്പൂർ പടുത്തുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

സണ്ണി ശർമ്മ

ഷാമിലി ജില്ലയിലെ (പഴയ മുസാഫർനഗർ ജില്ലയുടെ ഭാഗം) ലിസാധ് ഗ്രാമത്തിൽ മൊബൈൽ ഫോൺ കട നടത്തുന്ന ആളും പ്രദേശത്തെ ഖാപ്പ് പഞ്ചായത്തിലെ സ്വാധീനമുള്ള അംഗവുമാണ് സണ്ണി ശർമ്മ. 2013-ൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്റെ കടയിലെ ജീവനക്കാരനായ നദീം എന്ന മുസ്ലിം യുവാവിനെയും അവന്റെ ഉമ്മയെയും സഹോദരിയെയും സ്വന്തം വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചാണ് താൻ രക്ഷിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തു.

തന്റെ വഴി തടയാൻ ശ്രമിച്ച ആയുധധാരികളായ യുവാക്കളുടെ അക്രമാസക്തരായ ആൾക്കൂട്ടത്തെ അവഗണിച്ച് നിരവധി ആളുകളെ അദ്ദേഹം സ്വന്തം മോട്ടോർ സൈക്കിളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. സുഹൃത്തായ ബാബ്ലുവും അദ്ദേഹത്തോടൊപ്പം ചേർന്നു; ട്രാക്ടറിൽ നിരവധി ആളുകളെ ബാബ്ലുവിന്റെ കോഴിഫാമിലേക്ക് മാറ്റി, പിന്നീട് സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത് വരെ നാടൻ തോക്കുകളുമായി അവർ ആ മനുഷ്യർക്ക് കാവലിരുന്നു.

ക്യാമ്പുകളിലെത്തി സ്വന്തം ഗ്രാമത്തിലെ മുസ്ലിംകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും സണ്ണി ശർമ്മ എത്തിച്ചുനൽകി. ഭയന്നോടിയ മുൻ ഗ്രാമവാസികളെ തിരിച്ചുവരാൻ പ്രേരിപ്പിക്കുകയും അവരുടെ വീടുകളും ജീവിതമാർഗ്ഗങ്ങളും പുനർനിർമ്മിക്കാൻ അദ്ദേഹം സഹായിക്കുകയും ചെയ്തു.

ഹൈദരാബാദിലെ യോഗത്തിൽ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിനെതിരെയും വിദ്വേഷം കൊണ്ട് അവർ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. “പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 36 സമുദായങ്ങളുണ്ട്. അതിലൊന്നാണ് മുസ്ലിംകൾ. ഞങ്ങൾ എക്കാലത്തും സമാധാനത്തോടെയാണ് ഒരുമിച്ച് ജീവിച്ചിട്ടുള്ളത്. ഞങ്ങളെ ഭിന്നിപ്പിക്കാൻ ഞങ്ങൾ ആർ.എസ്.എസിനെ അനുവദിക്കില്ല.”

അബ്ദുൽ ബഷീർ

അബ്ദുൽ ബഷീറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സഹോദരൻ നൗഷാദ് പുരസ്കാരം ഏറ്റുവാങ്ങി. 2018-ൽ മംഗലാപുരത്ത് ദീപക് റാവു എന്ന ബജ്‌റംഗ്ദൾ പ്രവർത്തകൻ ക്രൂരമായി കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമായി പ്രദേശത്തെ ഹിന്ദുത്വ പ്രവർത്തകർ തിരഞ്ഞെടുത്തത് 25 വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം തിരിച്ചെത്തി ഒരു ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്ന 48-കാരനായ അബ്ദുൽ ബഷീറിനെയായിരുന്നു.

രാത്രി പത്തു മണിയോടെ കടയുടെ ഷട്ടർ താഴ്ത്തുന്നതിനിടയിലാണ് നാലുപേർ ചേർന്ന് അദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞത്. നഗരത്തിലെ ആ വിജനമായ ഇരുണ്ട വഴിയോരത്ത് ചോരവാർന്നു കിടന്ന അദ്ദേഹത്തെ 15 മിനിറ്റുകൾക്ക് ശേഷം ആംബുലൻസ് ഡ്രൈവർ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിക്ക് പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി; മറ്റൊരു പ്രതികാര കൊലപാതകം ഭയന്ന് നഗരം മുൾമുനയിലായി. ബഷീറിന്റെ മൃതദേഹവുമായി നഗരത്തിലൂടെ വിലാപയാത്ര നടത്താനും വലിയൊരു സംസ്കാര ചടങ്ങ് സംഘടിപ്പിക്കാനും ചിലർ ശ്രമിച്ചു. എന്നാൽ ബഷീറിന്റെ കുടുംബം അത് കർശനമായി നിരസിച്ചു. തന്റെ കൊലപാതകം കൂടുതൽ അക്രമങ്ങൾക്ക് കാരണമാകാൻ ബഷീർ ഒരിക്കലും ആഗ്രഹിക്കില്ലെന്ന് അവർ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

അവർ നിശ്ശബ്ദമായി മൃതദേഹം വീടിനടുത്തുള്ള പള്ളിയിലേക്ക് മാറ്റി സംസ്കാരം കുടുംബാംഗങ്ങളിൽ മാത്രമായി ഒതുക്കി. എങ്കിലും മുസ്ലിംകളേക്കാൾ കൂടുതൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നു. അങ്ങനെ ആ കുടുംബം ഒരു വലിയ പ്രതികാര അക്രമ പരമ്പരയ്ക്ക് അറുതി വരുത്തി.

മൊഹീന്ദർ സിംഗ്

2020-ൽ ദൽഹിയിൽ നടന്ന വർഗീയ വംശഹത്യയ്ക്കിടയിൽ 70 മുതൽ 80 വരെ മുസ്ലിം സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും സ്വന്തം മകൻ ഇന്ദർജീത് സിംഗിനൊപ്പം ചേർന്ന് രക്ഷിച്ച പ്രാദേശിക സിഖ് നേതാവ് മൊഹീന്ദർ സിംഗിനെ ആദരിച്ചുകൊണ്ടാണ് ഹൈദരാബാദിലെ റഹ്മത്ത് സംഗമം സമാപിച്ചത്.

അവരുടെ വീടിനടുത്തുള്ള ജന്നത്തി മസ്ജിദ് തകർക്കാനായി ഒരു അക്രമിസംഘം തടിച്ചുകൂടി. മുസ്ലിംകൾ പള്ളിക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും സ്വന്തം ജീവൻ പണയം വെച്ച് പിൻവാതിലിലൂടെ പള്ളിക്കുള്ളിൽ കടന്ന് അവരെ സ്വന്തം വീട്ടിലേക്ക് ഒളിപ്പിച്ചു കടത്തി.

ഈ രക്ഷാപ്രവർത്തനത്തിൽ തന്റെ ഭാര്യയും മരുമകളും നൽകിയ പിന്തുണയെക്കുറിച്ച് മൊഹീന്ദർ സിംഗ് വാചാലനായി. അവർ മുസ്ലിം പുരുഷന്മാരുടെ തലയിൽ തലപ്പാവ് കെട്ടിക്കൊടുത്ത് സിഖുകാരായി വേഷം മാറ്റി. ഇന്ദർജീത് സിംഗ് തന്റെ വീട്ടിലും മുപ്പതോളം മുസ്ലിംകൾക്ക് അഭയമൊരുക്കിയിരുന്നു.

അക്രമങ്ങൾക്ക് അല്പം അയവു വന്നപ്പോൾ, അച്ഛനും മകനും ചേർന്ന് തങ്ങളുടെ ഓട്ടോറിക്ഷകളിൽ ഇരുപതോളം ട്രിപ്പുകൾ അങ്ങോട്ടുമിങ്ങോട്ടും നടത്തിയാണ് സംരക്ഷിച്ചുനിർത്തിയ മനുഷ്യരെ ഒരു കിലോമീറ്റർ അകലെയുള്ള കർദാംപുരി എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ സുരക്ഷിത താവളങ്ങളിലേക്ക് എത്തിച്ചത്.

ഹൈദർ ഷായെയും ഇമാം റശീദിയെയും പോലെ, വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളെ സ്വന്തം ജീവൻ പണയം വെച്ചും രക്ഷിക്കാൻ തനിക്ക് പ്രേരണയായത് തന്റെ മതവിശ്വാസത്തിന്റെ അധ്യാപനങ്ങളാണെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. സ്വന്തം മതവിശ്വാസത്തെ ആത്മാർത്ഥമായി പിന്തുടരുന്ന ഒരാൾക്ക് മതത്തിന്റെ പേരിൽ അപരന് നേരെ നടക്കുന്ന ക്രൂരതകൾ ഒരിക്കലും കണ്ടുനിൽക്കാനാവില്ലെന്ന് അവർ അടിവരയിട്ടു.

ഇനിയുമേറെ 'റഹ്മത്തു'കൾ

സങ്കൽപ്പങ്ങൾക്കുമപ്പുറം തെളിഞ്ഞുനിന്ന മനോഹരമായ ഒരു അനുഭവമായിരുന്നു ആ റഹ്മത്ത് സംഗമം. ഹൈദരാബാദിലെ ഞങ്ങളുടെ സുഹൃത്തുക്കളും മോഡറേറ്റർമാരായ കുനാൽ പുരോഹിതും റാണാ അയ്യൂബും ചേർന്ന് സ്നേഹത്തോടും കരുതലോടെയും ആദരവോടെയും ആ രണ്ട് സായാഹ്നങ്ങളെ നയിച്ചു. ഗായകൻ അനുജ് ഗുർവാരയും സംഘവും പഴയ ചില ഹിന്ദി ഗാനങ്ങൾ ആലപിച്ചുകൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു. സാഹിർ ലുധിയാൻവിയുടെ ആ ക്ലാസിക് വരികളാണ് അവർ പാടിയത്:

"തു ഹിന്ദു ബനേഗാ ന മുസൽമാൻ ബനേഗാ; ഇൻസാൻ കി ഔലാദ് ഹൈ, ഇൻസാൻ ബനേഗാ..."

(നീ ഹിന്ദുവോ മുസൽമാനോ അല്ല ആകേണ്ടത്, മനുഷ്യന്റെ മക്കളാണ് നാം, മനുഷ്യനായിത്തീരണം).

വേദിയിൽ ഈ ധീരമനുഷ്യർ സംസാരിക്കുമ്പോൾ സദസ്സിലുള്ളവരുടെയെല്ലാം കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു; ഓരോ ഹൃദയങ്ങളും നിറഞ്ഞുതുളുമ്പി. നമ്മുടെ അതിഥികൾ നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിച്ചു. ഈ സമൂഹത്തിൽ ഇനിയും നന്മ അവശേഷിക്കുന്നുണ്ടെന്നും, ഒരു ജനതയെന്ന നിലയിൽ നാം പൂർണ്ണമായും തകർന്നിട്ടില്ലെന്നും, നമ്മുടെ മനുഷ്യത്വത്തെ വീണ്ടെടുക്കാൻ നമുക്ക് ഇനിയും സാധിക്കുമെന്നും അവരുടെ വാക്കുകൾ ഉറപ്പുനൽകി.

ഇത്തരം നിരവധി റഹ്മത്ത് കൂട്ടായ്മകളിൽ ആദ്യത്തേത് മാത്രമായിരിക്കട്ടെ ഇത് എന്ന് ഞാൻ പ്രത്യാശിക്കുന്നു.

വിദ്വേഷത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിലും ദയയും ധൈര്യവും കാട്ടാനുള്ള നമ്മുടെ ഉള്ളിലെ കരുത്തിനെ ഉറപ്പിച്ചുനിർത്തുന്നതിലൂടെ, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് സാധിക്കും. രാജ്യത്തെയും ലോകത്തെയും ഭയവും വിദ്വേഷവും വിതച്ച് വർഗീയവൽക്കരിക്കുകയും ചുരുക്കിക്കളയുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെയുള്ള പോരാട്ടമാണിത്. സ്നേഹത്തിന്റെയും നീതിയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നമ്മുടെ നാടിനെയും ലോകത്തെയും തിരിച്ചുപിടിക്കാനുള്ള പൗരന്മാരുടെ ചെറുത്തുനിൽപ്പാണിത്.

(വർഗീയ-മതപരമായ അക്രമങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കാർവാനെ മൊഹബത്ത്' ക്യാമ്പയിന് തുടക്കമിട്ട ഇന്ത്യൻ എഴുത്തുകാരനും കോളമിസ്റ്റും ഗവേഷകനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമാണ് ഹർഷ് മന്ദർ. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറാണ്. ഹൈഡൽബർഗ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ്. ‘അണ്ടർ ഗ്രേ സ്മോഗി സ്കൈസ്: ലിവിംഗ് ഹോംലെസ് ഓൺ ദ സ്ട്രീറ്റ്സ് ഓഫ് ഡൽഹി സിറ്റീസ്’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം. കടപ്പാട്: സ്ക്രോൾ.ഇൻ)

bahuswara

Previous Post Next Post