യുദ്ധത്തിന് മുമ്പുള്ള യുക്രൈൻ: ഒരു ബസ് യാത്രയുടെ ഓർമ്മകൾ!

ഇതൊരു രാഷ്ട്രീയ വിശകലനമല്ല; ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമവുമല്ല. മറിച്ച്, തികച്ചും മാനുഷികമായ ചില ഓർമ്മകൾ മാത്രമാണ്: പോളിഷ് അതിർത്തി കടന്ന് യുക്രൈനിലേക്ക് പോകുന്ന ഒരു പഴയ ബസ്, ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്ന അപരിചിതരായ മനുഷ്യർ, അപ്രതീക്ഷിതമായി പൊട്ടിമുളച്ച ചിരികൾ, ഒരു റെയിൽവേ സ്റ്റേഷനിലെ ചെറിയൊരു നൃത്തം, സന്ധ്യാവെളിച്ചത്തിൽ മയങ്ങുന്ന ശാന്തമായ ഗ്രാമങ്ങൾ, ഒടുവിൽ ഇരുട്ടിൽ മിന്നിമറയുന്ന വിദൂര വെളിച്ചങ്ങൾ. യുദ്ധത്തിന് മുമ്പ്‌ യുക്രൈനിലേക്കുള്ള ഒരു ബസ് യാത്രയുടെ ഓർമ്മകൾ

ഓർമ ഡോ. സലിം നസൽ

വാർത്തകളിലെ ഇരുട്ടിൽ നിന്ന് ഇടയ്ക്കൊക്കെ കണ്ണെടുത്ത്, സന്തോഷം തരുന്ന ചിലതൊക്കെ ഓർത്തെടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ദിനംപ്രതി അക്രമത്തിന്റെയും നാശനഷ്ടങ്ങളുടെയും മനുഷ്യവേദനകളുടെയും കാഴ്ചകളാണ് നമുക്ക് മുന്നിലെത്തുന്നത്. നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ച് വല്ലാത്തൊരു സങ്കടം തോന്നാതെ ആ കാഴ്ചകൾ കണ്ടുതീർക്കാനാവില്ല.

അതുകൊണ്ടുതന്നെ, വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടുമുട്ടിയ, തികച്ചും വ്യത്യസ്തമായൊരു യുക്രൈനെ ഇന്ന് ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇതൊരു രാഷ്ട്രീയ വിശകലനമല്ല; ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമവുമല്ല. മറിച്ച്, തികച്ചും മാനുഷികമായ ചില ഓർമ്മകൾ മാത്രമാണ്: പോളിഷ് അതിർത്തി കടന്ന് യുക്രൈനിലേക്ക് പോകുന്ന ഒരു പഴയ ബസ്, ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്ന അപരിചിതരായ മനുഷ്യർ, അപ്രതീക്ഷിതമായി പൊട്ടിമുളച്ച ചിരികൾ, ഒരു റെയിൽവേ സ്റ്റേഷനിലെ ചെറിയൊരു നൃത്തം, സന്ധ്യാവെളിച്ചത്തിൽ മയങ്ങുന്ന ശാന്തമായ ഗ്രാമങ്ങൾ, ഒടുവിൽ ഇരുട്ടിൽ മിന്നിമറയുന്ന വിദൂര വെളിച്ചങ്ങൾ...

യുക്രൈനിലേക്കുള്ള ആ ബസ് യാത്രയിലെ എന്റെ ഓർമ്മകളാണിവ.

19 ആഗസ്റ്റ് 2017

യാത്രകൾ ചെയ്യുന്നവർ ഒരുപാട് കഥകൾ കൂടെ കരുതാറുണ്ടെന്ന് ഒരു യുക്രേനിയൻ നാടകകൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. ഓസ്‌ലോയിലെ ഈ ചാറ്റൽമഴയുള്ള പ്രഭാതത്തിൽ എഴുതാനിരിക്കുമ്പോൾ ഞാനാ വാക്കുകൾ ഓർത്തുപോവുകയാണ്.

കണ്ടതും കേട്ടതുമായ അനുഭവങ്ങളെല്ലാം ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ നമുക്ക് അൽപം സമയം ആവശ്യമാണെന്ന് ഞാൻ കരുതുന്നു. പുതിയ ദേശങ്ങളും അപരിചിതരായ മനുഷ്യരുമായുള്ള കൂടിക്കാഴ്ചകളും നമ്മുടെ ഉള്ളിൽ എന്തൊക്കെയോ ബാക്കിവെച്ചു പോകാറുണ്ട്; ചിലപ്പോഴൊക്കെ ആ യാത്രകൾ അവസാനിച്ചു കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷവും.

ഭാഷ വ്യത്യസ്തമാണെങ്കിലും, പരസ്പരം കണ്ടുമുട്ടുമ്പോൾ നാം ഓരോരുത്തരെയും കുറിച്ച് ചില ധാരണകൾ മനസ്സിൽ രൂപപ്പെടുത്താറുണ്ട്. സംസ്കാരങ്ങൾ വ്യത്യസ്തമായിരിക്കാം, ആചാരങ്ങളും ഭാഷകളും വേറിട്ടുനിൽക്കാം; എങ്കിലും ഒടുവിൽ, ആകുലതകളും വ്യാകുലതകളും പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിരാശകളുമെല്ലാമുള്ള മനുഷ്യൻ വെറുമൊരു മനുഷ്യൻ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ മനസ്സിലേക്ക് ലിവീവിലെ ആ പ്രായമായ പൂക്കാരി സ്ത്രീയുടെ മുഖം വരുന്നു; അവരിൽ നിന്ന് പൂക്കൾ വാങ്ങിയാൽ എനിക്ക് ഭാഗ്യം വരുമെന്ന് എന്നെ വിശ്വസിപ്പിക്കാൻ നോക്കുകയായിരുന്നു അവർ.

ദൈവമേ, എന്തൊരു പ്രശാന്തവും മനോഹരവുമായിരുന്നു അവരുടെ മുഖം!

ആ ബസിൽ ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഒരേയൊരു യുക്രേനിയക്കാരനെയും ഞാൻ ഓർക്കുന്നു. വലിയ പിടിപാടൊന്നുമില്ലാത്ത മുറി ഇംഗ്ലീഷായിരുന്നു അത്. എങ്കിലും, കൂടെയുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുമായി ഞാൻ സംസാരിക്കുമ്പോൾ ഞങ്ങളുടെ അനൗദ്യോഗിക ദ്വിഭാഷിയാകാൻ അദ്ദേഹത്തിന് അതൊരു തടസ്സമായില്ല.

അയാളുടെ പരിഭാഷകൾ വല്ലാത്തൊരു കൗതുകം നിറഞ്ഞതായിരുന്നു. ഇംഗ്ലീഷാണെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ ഇടയ്ക്കിടെ ഓരോ യുക്രേനിയൻ വാക്കുകൾ കൂടി അയാള്‍ അതിലേക്ക് തള്ളിവിടും!

പിന്നെ ജനലിലൂടെ വിദൂരമായ ചക്രവാളത്തിലേക്ക് കണ്ണുനട്ട് തനിച്ചിരുന്ന ഒരു സുന്ദരിയായ സ്ത്രീയുമുണ്ടായിരുന്നു.

ഞാൻ അവരോട് തമാശയായി പറഞ്ഞു:

"ജനലിലൂടെ നോക്കിയാലൊന്നും അമേരിക്ക കണ്ടുപിടിക്കാൻ കഴിയില്ല കേട്ടോ!"

അവളൊന്ന് പുഞ്ചിരിച്ചു.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഞാൻ പറഞ്ഞത് മനസ്സിലായെന്ന മട്ടിൽ അവൾ മുറി ഇംഗ്ലീഷിൽ മറുപടിയും തന്നു.

കാരണമെന്തെന്നറിയില്ല, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പീറ്റർ ദി ഗ്രേറ്റിന്റെ പടയാളികളും സ്വീഡിഷ് രാജാവ് ചാൾസ് പന്ത്രണ്ടാമന്റെ സൈന്യവും തമ്മിൽ നടന്ന പൊൾട്ടാവ യുദ്ധവിജയത്തിന് ശേഷം ആഹ്ലാദപ്രകടനം നടത്തിയ സ്ത്രീകളുടെ മുഖമാണ് അവളുടെ മുഖം കണ്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത്.

ലിവീവിൽ എത്തിയപ്പോൾ സ്റ്റേഷനിൽ സംഗീതവും നൃത്തവുമൊക്കെ നടക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ ഏതാനും മിനിറ്റുകൾ സംസാരിച്ചു; പിന്നാലെ അവൾ ലിവീവിന്റെ രാവിലേക്ക് അലിഞ്ഞുപോയി.

വഴിയുടെ ഇരുവശങ്ങളിലും മരങ്ങൾ നിരന്നുനിന്നിരുന്നു—ചിലയിടങ്ങളിൽ തിങ്ങിനിറഞ്ഞും മറ്റു ചിലയിടങ്ങളിൽ നേർത്തും. ശാന്തരായി നിന്ന് ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്ന മനുഷ്യരൂപങ്ങളെപ്പോലെ അവയുടെ നിഴലുകൾ ആ ഭൂപ്രദേശത്താകെ നീണ്ടുനിവർന്നു കിടന്നു.

പോളണ്ടിൽ നിന്ന് യുക്രൈനിലേക്ക് പോകുമ്പോൾ ആ ഗ്രാമങ്ങളിലേക്ക് രാത്രി പതുങ്ങിയിറങ്ങുന്നത് കാണാൻ എന്തുമാത്രം ഭംഗിയായിരുന്നു!

അതിർത്തി ഗ്രാമങ്ങൾ നോക്കിക്കാണാൻ എനിക്ക് എപ്പോഴും പെരുത്തിഷ്ടമാണ്. ഒരുപക്ഷേ അതിർത്തികൾ എപ്പോഴും ചരിത്രത്തിന്റെ ഭാരം പേറുന്നതുകൊണ്ടാവാം അത്. ഈ മണ്ണിൽ ഒരുകാലത്ത് നടന്ന സംഘർഷങ്ങളെക്കുറിച്ചും, ആ പോരാട്ടങ്ങൾ നാടുകളുടെയും തലമുറകളുടെയും വിധിയെ എങ്ങനെ മാറ്റിമറിച്ചുവെന്നും ഞാൻ ഓർത്തുപോയി.

മനുഷ്യചരിത്രത്തിന്റെ സിംഹഭാഗവും കൊലപാതകങ്ങളും യുദ്ധങ്ങളും കൊണ്ടാണ് നിറഞ്ഞതെന്ന ചിന്ത ഉള്ളിൽ വല്ലാത്തൊരു വിങ്ങലുണ്ടാക്കുന്നു.

എന്റെ ചുറ്റുമിരുന്ന യുക്രൈൻകാർ പരസ്പരം സംസാരിച്ചുകൊണ്ടേയിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല.

ഏതോ വലിയ കാര്യം തർക്കിക്കുന്നതുപോലെ ചിലപ്പോഴൊക്കെ അവരുടെ ശബ്ദത്തിൽ ഗൗരവം നിറയും. തൊട്ടടുത്ത നിമിഷത്തിൽ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ എല്ലാവരും കൂടി പൊട്ടിച്ചിരിക്കും.

ഭക്ഷണം വാങ്ങാനായി ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ വണ്ടി നിർത്തിയപ്പോൾ, അവിടെ കണ്ട യുവതികൾ നിക്കോളായ് ഗോഗോളിന്റെ കഥകളിൽ നിന്ന് നേരെ ഇറങ്ങിവന്നതുപോലെയാണ് എനിക്ക് തോന്നിയത്.

ഗോഗോളിന്റെ ‘ദി ഗവൺമെന്റ് ഇൻസ്‌പെക്ടർ’ എന്ന കൃതിയുമായി ബന്ധപ്പെട്ട ഒരു ചിന്ത ആ നിമിഷം ഓർമ്മയിൽ വന്നു: കാണുമ്പോൾ ഏറെ രസകരമെന്ന് തോന്നുന്ന കാര്യങ്ങളെ അടുത്തറിയുന്തോറും, അവയ്ക്കടിയിൽ ഒളിഞ്ഞിരിക്കുന്ന സങ്കടത്തിന്റെ ആഴം നമ്മൾ തിരിച്ചറിയാൻ തുടങ്ങും.

പുറത്ത്, മനോഹരമായ സന്ധ്യാവെളിച്ചത്തിൽ ഗ്രാമീണർ വീടുകളിലേക്ക് നടന്നുപോവുകയായിരുന്നു. ലോകത്ത് എല്ലാം പൂർണ്ണമായും ശാന്തവും സുരക്ഷിതവുമാണെന്ന മട്ടിൽ ആ സ്ത്രീപുരുഷന്മാർ പതിയെ നടന്നുനീങ്ങി.

എന്നാൽ, അവിടെനിന്ന് നൂറുകണക്കിന് മൈലുകൾക്കപ്പുറം അപ്പോഴും യുക്രൈനിൽ യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ആ മനോഹരമായ സൂര്യാസ്തമയത്തിലേക്കും ശാന്തമായ ആ അതിർത്തി ഗ്രാമങ്ങളിലേക്കും ജനലിലൂടെ നോക്കി ഞാൻ ജീവിതത്തെക്കുറിച്ചും മനുഷ്യരുടെ അവിചാരിതമായ വിധികളെക്കുറിച്ചും ആലോചിച്ചു.

ഒരു തളർന്ന കുതിരയെപ്പോലെ ആ പഴയ ബസ് യുക്രേനിയൻ രാവിലൂടെ സാവധാനം മുന്നോട്ടുനീങ്ങി.

യാത്രക്കാർ ഓരോരുത്തരായി ഉറക്കത്തിലേക്ക് വീണു.

ഞാൻ മാത്രം ഉണർന്നിരുന്നു.

ജനലിലൂടെ പുറത്തെ ഇരുട്ടിലേക്കും, ആ പഴയ ബസ് രാത്രിയുടെ ആഴങ്ങളിലേക്ക് നീങ്ങുമ്പോൾ ദൂരെ മിന്നിമറയുന്ന യുക്രേനിയൻ ഗ്രാമങ്ങളിലെ നേർത്ത വെളിച്ചങ്ങളിലേക്കും ഞാൻ കണ്ണുനട്ടു കിടന്നു.

Follow us on WhatsApp



bahuswara

Previous Post Next Post