ബ്രിട്ടിഷ് ആഗമനം

പതിനേഴാം നൂറ്റാണ്ടാകുമ്പോഴേക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരവും സ്വാധീനവും  ഇന്ത്യയുടെ വിവിധ തീരപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. 1639 ൽ അവർ ഒരു കോട്ട പണിതു. അതിന് സെൻ്റ് ജോർജ്ജ് എന്ന് നാമകരണം ചെയ്തു. അതോടൊപ്പം സൂറത്തിൽ നിന്ന് ബോംബെയിലേക്ക് ശ്രദ്ധ തിരിക്കാനും വ്യാപാരം വിപുലപ്പെടുത്താനും ഇംഗ്ലീഷുകാർക്ക് ഒരവസരം ഒത്തുവന്നു. പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ബോംബെ ഒരു വിവാഹബന്ധം വഴി ബ്രിട്ടീഷുകാരുടെ കൈയിലെത്തിച്ചേർന്നു. 1668ൽ പോർച്ചുഗീസ് രാജകുമാരിയായ കാതറീനെ ബ്രിട്ടീഷ് രാജാവായ ചാൾസ് രണ്ടാമൻ വിവാഹം കഴിച്ചു.

പരമ്പര-14

മണ്ണുമൂടിയ ചരിത്രത്താളുകൾ  നാസിർ കെ സി  


വെള്ളം, സർവ്വത്ര വെള്ളം. ഹിമാലയം വരെ വെള്ളം, ഹിമാലയം തടഞ്ഞു നിർത്തിയില്ലായിരുന്നെങ്കിൽ അതിനപ്പുറവും വെള്ളമായിരുന്നേനെ. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട്  ആലിലശായിയായ ഉണ്ണിക്കണ്ണനെപ്പോലെ നമ്മുടെ രാജ്യം ജലശയ്യയിൽ കിടക്കുമായിരുന്നു. വെള്ളത്തിന് ഒരു ഗുണമുണ്ട്. അത് സ്വയം ചലിക്കുകയും മറ്റുള്ളവയെ ചലിപ്പിക്കുകയും ചെയ്യുന്നു. അത് ഒന്നിനെയും തടഞ്ഞുവെക്കുന്നില്ല. എല്ലാത്തിനേയും പോകാൻ അനുവദിക്കുന്നു. അങ്ങനെയാണ് കടലുതാണ്ടി എല്ലാ കച്ചവടക്കാരും ഇന്ത്യയിലെത്തിയത്. പോർച്ചുഗീസുകാർക്കും ഡച്ചുകാർക്കും ശേഷം ആ വൻശക്തി ഇന്ത്യയിലേക്ക് പുറപ്പെട്ടു. കച്ചവടം ചെയ്ത് പത്ത് പുത്തനുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 

കച്ചവടം പതുക്കെ രാഷ്ട്രീയ അധികാരമാവുകയും നാം അവരുടെ അടിമകളായിത്തീരുകയും ചെയ്തു. ഇന്ത്യയുടെ തലവര മാറ്റിവരച്ച ഒരു വരവായിരുന്നു ആ കച്ചവട സംഘത്തിൻ്റേത്. പൂർവ്വദേശത്തെ വിലമതിക്കാനാവാത്ത പ്രകൃതി വിഭവങ്ങളിലായിരുന്നു അവരുടെ കണ്ണ്.  മറ്റെല്ലാ യൂറോപ്യൻ ശക്തികളും ചെയ്തതുപോലെ അവരും ഒരു കച്ചവട സംഘം രൂപീകരിച്ചു; ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. പതിനേഴാം നൂറ്റാണ്ട് വിട പറയുന്ന ദിവസമാണ് അവരതിന് തെരഞ്ഞെടുത്തത്; 1600 ഡിസംബർ 31. ബ്രിട്ടീഷ് രാജ്ഞിയായ ക്വീൻ എലിസബത്തിൻ്റെ* അനുവാദവും ആശീർവാദവും അതിനുണ്ടായിരുന്നു. ഏഷ്യൻ രാജ്യങ്ങളുമായി കച്ചവടത്തിലേർപ്പെടുക, കച്ചവടത്തിൻ്റെ കുത്തക കൈവശമാക്കുക; അതുവഴി പരിധിയില്ലാത്ത ലാഭം ഉണ്ടാക്കുക. ഇതായിരുന്നു ആ വർത്തക സംഘത്തിൻ്റെ ലക്ഷ്യം. 

മുൻ ലക്കങ്ങൾ വായിക്കൂ: 

1608 ലാണ് വില്യം ഹോക്കിൻസ് എന്നൊരാൾ ജഹാംഗീർ ചക്രവർത്തി ** യെ കാണാനെത്തുന്നത്. അയാളൊരു ബ്രിട്ടീഷ് നാവികനായിരുന്നു. ചക്രവർത്തിയിൽ നിന്ന് വ്യാപാര അനുമതി നേടിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനലക്ഷ്യം. എന്നാൽ പോർച്ചുഗീസുകാരുടെ ഇടപെടൽ കാരണം അവരുടെ ആദ്യശ്രമം വിജയിച്ചില്ല.1612-ൽ സ്വാളി യുദ്ധത്തിൽ (Battle of Swally)***പോർച്ചുഗീസുകാർ ബ്രിട്ടീഷുകാരോടു തോറ്റു. മുഗൾ ചക്രവർത്തിയ്ക്ക് ബ്രിട്ടീഷുകാരോട് മതിപ്പു തോന്നാൻ ഇതു കാരണമായി. ചക്രവർത്തിയുടെ അനുവാദത്തോടെ 1613ൽ ഗുജറാത്തിലെ സൂറത്തിൽ ബ്രിട്ടീഷ്കാർ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ കച്ചവട കേന്ദ്രം സ്ഥാപിച്ചു. തുടർന്ന് ഇന്ത്യയിലുടനീളം വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുവാദം മുഗൾ ചക്രവർത്തിയിൽ നിന്ന് അവർ നേടിയെടുത്തു.

1615-ൽ ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ ബ്രിട്ടീഷ് രാജാവിന്റെ ഔദ്യോഗിക പ്രതിനിധിയായ സർ തോമസ് റോ ആണ് ഈ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. ​പതിനേഴാം നൂറ്റാണ്ടാകുമ്പോഴേക്കും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരവും സ്വാധീനവും  ഇന്ത്യയുടെ വിവിധ തീരപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. 1639 ൽ അവർ ഒരു കോട്ട പണിതു. അതിന് സെൻ്റ് ജോർജ്ജ് എന്ന് നാമകരണം ചെയ്തു. അതോടൊപ്പം സൂറത്തിൽ നിന്ന് ബോംബെ (ഇന്നത്തെ മുംബൈ)യിലേക്ക് ശ്രദ്ധ തിരിക്കാനും വ്യാപാരം വിപുലപ്പെടുത്താനും ഇംഗ്ലീഷുകാർക്ക് ഒരവസരം ഒത്തുവന്നു. 

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ബോംബെ ഒരു വിവാഹബന്ധം വഴി ബ്രിട്ടീഷുകാരുടെ കൈയിലെത്തിച്ചേർന്നു. 1668ൽ പോർച്ചുഗീസ് രാജകുമാരിയായ കാതറീനെ ബ്രിട്ടീഷ് രാജാവായ ചാൾസ് രണ്ടാമൻ വിവാഹം കഴിച്ചു. ആ വകയിൽ സ്ത്രീധനമായി ലഭിച്ച ബോംബെ പാട്ടം വ്യവസ്ഥയിൽ കമ്പനിക്ക് കൈകാര്യാവകാശം സിദ്ധിച്ചു. 1690 ൽ ഹൂഗ്ലി നദിക്കരയിലും കൽക്കത്തയുടെ വിവിധ ഭാഗങ്ങളിലും വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൽക്കത്തയിൽ  ഫോർട്ട് വില്യം എന്ന പേരിൽ ഒരു കോട്ടയും പണിതു.  അതോടെ കൽക്കട്ട ഇംഗ്ലീഷുകാരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു. 

​കച്ചവടത്തിൽ നിന്ന് രാഷ്ട്രീയ അധികാരത്തിലേക്ക്

ഒരു രാഷ്ട്രം എന്ന നിലയിൽ വിശാല ഇന്ത്യയെ രൂപപ്പെടുത്തിയ മുഗളൻമാരുടെ സാമ്രാജ്യം അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ചക്രവർത്തിയായ ഔറംഗസേബ് കാലയവനിക പൂകുന്നത്. 1707 ലാണ് ഔറംഗസീബിന്റെ മരണം. അതോടെ മുഗൾ സാമ്രാജ്യം ശിഥിലമാവുകയും ഇന്ത്യയിൽ രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുകയും ചെയ്തു. ഈ അവസരം ബ്രിട്ടീഷുകാർ നന്നായി ഉപയോഗപ്പെടുത്തി. ബംഗാൾ നവാബായ സിറാജ് ഉൽ- ദൗലയെ 1757 ൽ പ്ലാസി യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ രാഷ്ട്രീയ അധികാരത്തിന് അടിത്തറ പാകുകയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിൻ്റെ നായകനായ റോബർട്ട് ക്ലൈവ് ആണ് പ്ലാസി വിജയത്തിലൂടെ ഈ നേട്ടം സാധ്യമാക്കിയത്. 1764 ൽ നടന്ന ബക്സാർ യുദ്ധവിജയത്തോടെ ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളുടെ നികുതി പിരിക്കാനുള്ള ദിവാനി അവകാശം കമ്പനിക്ക് ലഭിച്ചു. രാജ്യത്തിൻ്റെ ഭരണ പരവും രാഷ്ട്രീയവുമായ അധികാരം ഉറപ്പിക്കുന്നതിൻ്റെ തുടക്കമായിരുന്നു അത്. ക്രമേണ പലതരം തന്ത്രങ്ങളിലൂടെ നാട്ടുരാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കി അവർ അധികാരം വ്യാപിപ്പിച്ചു. 

സൈനിക സഹായവ്യവസ്ഥ (Subsidiary alliance), ദത്താപഹാര നയം (Doctrline Of Lapse) എന്നിവ നാട്ടുരാജ്യങ്ങൾക്കു മുകളിൽ അവർ വിരിച്ച വലയായിരുന്നു. വെല്ലസ്ലി പ്രഭുവായിരുന്നു സൈനിക സഹായവ്യവസ്ഥയുടെ ഉപജ്ഞാതാവ്. ഈ വ്യവസ്ഥ അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങൾ അവരുടെ സ്വന്തം സൈന്യത്തെ പിരിച്ചുവിടുകയോ കമ്പനിയുടെ സൈന്യത്തെ തങ്ങളുടെ രാജ്യത്ത് താമസിപ്പിക്കുകയോ വേണമായിരുന്നു.

​ഇങ്ങനെ താമസിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ ചെലവുകൾക്കായി നാട്ടുരാജാക്കന്മാർ കമ്പനിക്ക് പണമോ അല്ലെങ്കിൽ നിശ്ചിത ഭൂപ്രദേശങ്ങളോ നൽകണം. ​നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുമായി യുദ്ധമോ സഖ്യമോ ഉണ്ടാക്കാൻ പാടില്ല. രാജ്യത്ത് ബ്രിട്ടീഷ് റെസിഡന്റ് എന്ന പേരിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഉണ്ടായിരിക്കും. ഈ ഉദ്യോഗസ്ഥനെയാണ് റസിഡൻ്റ് സായിപ്പ് എന്ന് നമ്മൾ വിളിച്ചിരുന്നത്.  ഈ സമ്പ്രദായം അംഗീകരിച്ച രാജ്യങ്ങളുടെ സ്വാതന്ത്ര്യം പൂർണ്ണമായും നഷ്ടപ്പെടുകയും അവ യഥാർത്ഥത്തിൽ കമ്പനിയുടെ അധീനതയിലാവുകയും ചെയ്തു എന്നതാണ് ഇതിൻ്റെ അനന്തരഫലം. രാജാവിനെ മാനിക്കുന്നതായി അവർ ഭാവിച്ചിരുന്നെങ്കിലും ഈ റസിഡൻ്റിൻ്റെ തീരുമാനങ്ങളാണ് രാജ്യത്ത് നടപ്പിലായിരുന്നത്. ഈ വ്യവസ്ഥ ആദ്യമായി അംഗീകരിച്ച ഒരാൾ ഹൈദരാബാദിലെ നൈസാമായിരുന്നു. നിസാം അലി ഖാനായിരുന്നു അന്ന് ഹൈദരാബാദ് ഭരിച്ചിരുന്നത്. 1798ലായിരുന്നു ദുർബലനായ ഈ ഭരണാധികാരി രാജ്യത്തെ ബ്രിട്ടീഷുകാർക്ക് തീറെഴുതിയത്.  

ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവായിരുന്നു ദത്താപഹാര നിയമം ആവിഷ്കരിച്ച് നടപ്പിലാക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ. 1848-1856 വരെയാണ് അദ്ദേഹം ഈ പദവിയിലുണ്ടായിരുന്നത്. ഇന്ത്യയിലെ ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ പുത്രൻ ഇല്ലാതെ മരണപ്പെട്ടാൽ, അത്തരം രാജ്യങ്ങൾ സ്വയമേവ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിക്കും. അഥവാ ആ രാജ്യങ്ങൾ പിന്നീട് കമ്പനി ഭരണത്തിന് കീഴിൽ ആയിരിക്കും. രാജാക്കൻമാർ ദത്തെടുക്കുന്ന കുട്ടികൾക്ക് ഭരണാവകാശം ഉണ്ടായിരിക്കില്ല. ഝാൻസി, സതാറ, നാഗ്പൂർ തുടങ്ങിയ നിരവധി പ്രമുഖ നാട്ടുരാജ്യങ്ങൾ ഈ നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടു.

​പരമ്പരാഗതമായ ദത്തെടുക്കൽ അവകാശത്തെ നിഷേധിച്ചുകൊണ്ടുള്ള നയമായിരുന്നു ഇത്. ഈ നയം ഇന്ത്യൻ രാജാക്കന്മാരിൽ വലിയ തോതിൽ അമർഷമുണ്ടാക്കി. എങ്കിലും സഖ്യവ്യവസ്ഥകളും നയങ്ങളും അംഗീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളെ ബ്രിട്ടീഷുകാർ നേരിട്ട് യുദ്ധത്തിലൂടെ കീഴ്പ്പെടുത്തി. മൈസൂർ, മറാഠാ, സിഖ് യുദ്ധങ്ങൾ അതിൻ്റെ ഉദാഹരണങ്ങളാണ്. എന്നാൽ ഔധ്  പിടിച്ചടക്കിയത് മറ്റൊരു തന്ത്രം ഉപയോഗിച്ചാണ്. ഭരണം മോശമാണ് എന്ന ആരോപണം ഉന്നയിച്ചാണ് ബ്രിട്ടീഷുകാർ ഔധ് (Awadh) കൈക്കലാക്കിയത്. ഭരണപരാജയം എന്നതിനേക്കാൾ ഔധിൻ്റെ സമൃദ്ധിയായിരുന്നു ഈ നീക്കത്തിൻ്റെ യഥാർത്ഥ കാരണം. 1856ലാണ് കമ്പനി കുയുക്തി ഉപയോഗിച്ച് ഈ നീക്കം നടത്തിയത്. 

​​കപടതന്ത്രങ്ങളും യുദ്ധം, നയതന്ത്രം, ചൂഷണം എന്നീ മാർഗങ്ങളും ഉപയോഗിച്ച് നാട്ടുരാജ്യങ്ങളുടെ ശക്തി ക്ഷയിപ്പിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ മുഴുവൻ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.  1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ ഇതൊക്കെയായിരുന്നു. ന്യായരഹിതമായ കടന്നുകയറ്റങ്ങളും കൈയേറ്റങ്ങളും ഉണ്ടാക്കിയ അസംതൃപ്തിയാണ് ബ്രിട്ടീഷുകാർക്കെതിരെ ഒരുമിച്ചു നിൽക്കാൻ അവരെ പ്രേരിപ്പിച്ചത്. 

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത് നാട്ടുരാജ്യങ്ങളിലെ രാജാക്കൻമാരായതിൻ്റെ പശ്ചാത്തലം ഇതാണ്.  ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പരിഹസിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നാം പിന്നീട് വിശദമായി പരിശോധിക്കുന്നതാണ്. 1857ലെ കലാപത്തിനു ശേഷം ഇന്ത്യയിലെ ഭരണം ബ്രിട്ടീഷ് അധികാരത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറുകയാണ് ഉണ്ടായത്.

അടിക്കുറിപ്പ്

*ബ്രിട്ടീഷ് ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നു വിളിക്കപ്പെടുന്നത് എലിസബത്ത് ഒന്നാമൻ്റെ കാലത്തെയാണ്. എലിസബത്തൻ ഇറ /Elizabethan Era എന്ന് ഈ സുവർണ്ണ കാലഘട്ടം വിളിക്കപ്പെടുന്നു. 1533 സെപ്റ്റംബർ 7-ന് ഹെൻട്രി VIII (Henry VIII) രാജാവിന്റെയും അന്ന ബോലിൻ (Anne Boleyn) രാജ്ഞിയുടെയും മകളായി ലണ്ടനിൽ ജനിച്ചു. എന്നാൽ എലിസബത്തിന് രണ്ടര വയസ്സുള്ളപ്പോൾ അമ്മയെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും, അവളെ നിയമവിരുദ്ധ സന്താനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ബാല്യകാലത്തിനൊടുവിലാണ് അവൾ അധികാരത്തിലേക്ക് എത്തുന്നത്.

​തന്റെ അർദ്ധ സഹോദരിയായ മേരി രാജ്ഞിയുടെ മരണശേഷം തൻ്റെ ഇരുപത്തഞ്ചാം വയസ്സിലാണ് എലിസബത്ത് ബ്രിട്ടന്റെ സിംഹാസനമേറുന്നത്. 45 വർഷത്തോളം (1558 മുതൽ 1603 വരെ) അവർ ഇംഗ്ലണ്ടും അയർലണ്ടും ഭരിച്ചു. തന്റെ ഭരണകാലത്ത് വിവാഹം കഴിക്കാൻ അവർ വിസമ്മതിച്ചു. അതിനാൽ കന്യകയായ രാജ്ഞി (The Virgin Queen) എന്ന് അറിയപ്പെട്ടു. 

​ഇംഗ്ലീഷ് ചരിത്രത്തിൽ കല, സാഹിത്യം, നാടകം എന്നിവ വൻ വളർച്ച പ്രാപിച്ച കാലഘട്ടമായിരുന്നു ഇത്. വിശ്രുതനായ നാടകകൃത്ത് വില്യം ഷേക്സ്പിയർ (William  Shakespeare)  ഉൾപ്പെടെയുള്ള പ്രമുഖർ ഈ കാലഘട്ടത്തിലാണ് തിളങ്ങിനിന്നത്. സ്പെയിനിന്റെ നാവികപ്പടയെ തോൽപ്പിക്കാൻ കഴിഞ്ഞത് അവരുടെ വലിയ നേട്ടമായിരുന്നു. ആ കാലത്തെ ഘട്ടത്തിലെ ഏറ്റവും ശക്തമായ നാവികസേനയായിരുന്നു സ്പെയിനിൻ്റേത്. 

സ്പാനിഷ് അർമാഡ ഇംഗ്ലണ്ടിനെ ആക്രമിക്കാൻ എത്തിയെങ്കിലും, എലിസബത്ത് രാജ്ഞിയുടെ തന്ത്രപരമായ നീക്കങ്ങളും ശക്തമായ നാവിക ചെറുത്തുനിൽപ്പും ഫലംകണ്ടു. ഇംഗ്ലീഷ് പട സ്പെയിനിനെ പരാജയപ്പെടുത്തി. ഇത് യൂറോപ്പിൽ ബ്രിട്ടന്റെ സ്വാധീനം  ഉറപ്പിക്കാൻ ഉതകി. നമ്മൾ നേരത്തെ ചർച്ച ചെയ്തതുപോലെ, ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളുമായി വ്യാപാരം നടത്താൻ ലണ്ടനിലെ വ്യാപാരികൾക്ക് 1600 ഡിസംബറിൽ റോയൽ ചാർട്ടർ (അനുമതിപത്രം) നൽകിയത് ഈ രാജ്ഞിയാണ്.

​1603 മാർച്ച് 24 നാണ് അവർ അന്തരിച്ചത്. ട്യൂഡർ രാജവംശത്തിലെ (House of Tudor) അവസാനത്തെ ഭരണാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി. ബുദ്ധിയും സാമർത്ഥ്യവും ദീർഘവീക്ഷണവും കൊണ്ട് ബ്രിട്ടനെ ലോകത്തെ ഒരു പ്രധാന ശക്തിയാക്കി മാറ്റാൻ സാധിച്ച ഭരണാധികാരിയായാണ് ചരിത്രത്തിൽ എലിസബത്ത് രാജ്ഞി ഒന്നാമൻ അറിയപ്പെടുന്നത്. 

**മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയായിരുന്നു ജഹാംഗീർ. നൂറുദ്ദീൻ സലീം ജഹാംഗീർ എന്ന് മുഴുവൻ പേര്. 1569 മുതൽ 1627 വരെയാണ് അദ്ദേഹത്തിൻ്റെ ജീവിതകാലം. . ലോകജേതാവ് എന്നാണ് ജഹാംഗീർ എന്ന പദത്തിൻ്റെ അർത്ഥം. മുഗൾ ചക്രവർത്തിയായ അക്ബറിൻ്റെയും അംബറിലെ രാജാ ബിഹാരി മല്ലിന്റെ പുത്രിയായ മറിയം-ഉസ്-സമാനി എന്ന ജോധാഭായിയുടെയും മകനാണ് ജഹാംഗീർ. കിരീടധാരണത്തിന് മുൻപ് സലീം രാജകുമാരൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.  പിതാവായ അക്ബറിൻ്റെ മരണശേഷമാണ് അദ്ദേഹം അധികാരത്തിൽ എത്തിയത്. മുഗൾ ചരിത്രത്തിലെ കരുത്തും തൻ്റേടവും സ്വാധീനവുമുള്ള രാജ്ഞിമാരിൽ ഒരാളായ നൂർജിഹാൻ ഇദ്ദേഹത്തിൻ്റെ പത്നിയായിരുന്നു.

​​മുഗൾ ചിത്രകലയുടെ സുവർണ്ണകാലം ജഹാംഗീറിന്റെ ഭരണകാലമായിരുന്നു. പ്രകൃതിയെയും മൃഗങ്ങളെയും പക്ഷികളെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നതിനാൽ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യത്തെ പ്രകൃതിനിരീക്ഷകൻ (Naturalist) എന്ന് വിശേഷിപ്പിക്കാറുണ്ട്. ജഹാംഗീർ നാമ എന്ന പേരിൽ പേർഷ്യൻ ഭാഷയിൽ ആത്മകഥ രചിച്ചിട്ടുണ്ട്. 1627-ൽ കശ്മീരിൽ വെച്ച് അന്തരിച്ച അദ്ദേഹത്തെ ലാഹോറിലാണ് അടക്കം ചെയ്തത്. 

***1612-ൽ സൂറത്തിന് സമീപമുള്ള സ്വാളിയിൽ (Suvali) വെച്ച് ക്യാപ്റ്റൻ തോമസ് ബെസ്റ്റിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് നാവികസേന പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി.

Follow us on WhatsApp 

എഴുത്തുകാരന്റെ പേര്

എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ
bahuswara

Previous Post Next Post