പൗരാണിക കാലങ്ങളിൽ ചക്രവർത്തിമാരും നാടുവാഴികളും തങ്ങളുടെ അധികാരം നിലനിർത്താനും പ്രതികാരങ്ങൾ വീട്ടാനും കിങ്കരന്മാരെ ഊട്ടി വളർത്തി ഉപയോഗിച്ചിരുന്നതിന് സമാനമായി തന്നെയാണ് ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളേയും നമ്മുടെ രാജ്യത്തിൻ്റെ ഭരണകൂടം ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും.
ദേശീയം | എം എസ് ഷൈജു
കിം എന്നാൽ സംസ്കൃതത്തിൽ എന്തും എന്നാണർത്ഥം, കരഃ എന്നാൽ ചെയ്യുന്നത് എന്നും. എന്തും ചെയ്യുന്നത്/ ചെയ്യുന്നവൻ എന്നാണ് കിംകരഃ/ കിങ്കരൻ എന്ന വാക്കിനർത്ഥം. പഴയ കാലങ്ങളിൽ അധികാരമുള്ളവർ, അവർക്കായി എന്തും ചെയ്യാൻ തയാറാക്കി നിർത്തിയിരുന്നവരെയാണ് കിങ്കരർ എന്ന് വിളിച്ചിരുന്നത്. പൗരാണികവും ആധുനികവുമായ ചരിത്രങ്ങളിലെല്ലാം അധികാരികൾ കിങ്കരന്മാരെ നിലനിർത്തിയിട്ടുണ്ട്. ഭരണകൂടങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനും, ഭരണാധികാരികളുടെ സുരക്ഷയ്ക്കും അധികാരം നിലനിർത്തുന്നതിനും വേണ്ടിയാണ് എല്ലാകാലത്തും കിങ്കരന്മാരെ ഉപയോഗിച്ചിട്ടുള്ളത്.
ലോകത്തെല്ലായിടത്തുമുള്ള നാടുവാഴികളും ജന്മികളും കിങ്കരന്മാരെ പ്രത്യേകമായി പോറ്റി വളർത്തി. ജന്മിക്ക് അനിഷ്ടമുള്ളവരെയും ജന്മിയോട് ഇടഞ്ഞ് നിൽക്കുന്നവരെയും തിരക്കി കിങ്കരന്മാർ രാവും പകലും പണിയെടുത്തു. കിങ്കരന്മാരെ ഭയന്ന് എല്ലാവരും ജന്മിക്ക് വിധേയരായി കഴിഞ്ഞു. പ്രാചീന പേർഷ്യയിൽ ഈ കിങ്കരന്മാരെ അമരന്മാർ എന്നാണ് വിളിച്ചിരുന്നത്. അക്കീമെനിഡ് സാമ്രാജ്യത്തിലെ ചക്രവർത്തിമാർക്ക് വേണ്ടിയാണ് ഇവർ നിലനിന്നത്. പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രത്യേക പദവിയുള്ള സൈനിക വിഭാഗമായിരുന്നു ഇവർ. ചക്രവർത്തിമാരുടെ സുരക്ഷയ്ക്കും യുദ്ധങ്ങളിൽ നിർണായക വിജയം നേടുന്നതിനുമായാണ് ഇവർ ഉപയോഗിക്കപ്പെട്ടത്. ചക്രവർത്തിയുടെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന വ്യക്തികളെയും സംഘങ്ങളെയും ഇല്ലാതാക്കാൻ ഇവരെ സാമ്രാജ്യത്തിനുള്ളിൽ വ്യാപകമായി ഉപയോഗിച്ചു.
റോമൻ സാമ്രാജ്യത്തിൽ പ്രിട്ടോറിയൻ ഗാർഡ് എന്ന പേരിലാണ് ചക്രവർത്തി കിങ്കരന്മാരെ നിലനിർത്തിയത്. ചക്രവർത്തിമാരുടെ അംഗരക്ഷകരായിട്ടാണ് ഇത് രൂപീകരിച്ചതെങ്കിലും അനിയന്ത്രിതമായ അധികാരങ്ങളാണ് ഇവർക്ക് ചക്രവർത്തി നൽകിയത്. സാമ്രാജ്യത്തിൽ ചക്രവർത്തിക്കെതിരെ നടക്കുന്ന നീക്കങ്ങളെ ഇല്ലാതാക്കാൻ ഇവരെയാണ് ഉപയോഗപ്പെടുത്തിയത്. എതിര് നിൽക്കാൻ സാധ്യതയുള്ള എല്ലാവരിലും ഇവരെക്കുറിച്ച് ഭയം ജനിപ്പിച്ചു. ക്രമേണ റോമൻ രാഷ്ട്രീയത്തിലും ഇവർ അതിശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങി. പതുക്കെപ്പതുക്കെ സ്രഷ്ടാക്കളെ തന്നെ ഇവർ തിരിഞ്ഞ് കുത്താൻ തുടങ്ങി. തങ്ങൾക്ക് താൽപ്പര്യമില്ലാത്ത ചില ചക്രവർത്തിമാരെ വധിക്കുകയും പുതിയവരെ സിംഹാസനത്തിൽ ഇരുത്തുകയും ചെയ്യുന്നതിൽ വരെ ഇവർ പ്രധാന പങ്കുവഹിച്ചു.
നാസി ജർമ്മനിയിൽ ഭരണാധികാരിക്ക് വേണ്ടി ഈ പണിയെടുത്തത് ഗെസ്റ്റപ്പോ എന്ന പോലീസ് സംവിധാനമായിരുന്നു. അഡോൾഫ് ഹിറ്റ്ലര്ക്കും നാസി പാർട്ടിക്കും വേണ്ടി ഈ കിങ്കരന്മാർ മനുഷ്യ വേട്ട നടത്തി. ഹിറ്റ്ലറുടെയും നാസി ജർമ്മനിയുടെയും ഏറ്റവും ഭീകരമായ അടിച്ചമർത്തൽ ഉപകരണങ്ങളായിരുന്നു ഇവർ. വംശഹത്യകൾ നടപ്പിലാക്കാനും രാഷ്ട്രീയ എതിരാളികളെ തടവിലാക്കാനും പീഡിപ്പിച്ചു കൊല്ലാനും, രഹസ്യ പോലീസ് പ്രവർത്തനങ്ങൾ നടത്താനും ഇവർ ഉപയോഗിക്കപ്പെട്ടു.ഒട്ടോമാൻ സാമ്രാജ്യത്തിൽ ഭരണകൂട കിങ്കരന്മാർ ജനിസാറുകൾ എന്നാണ് അറിയപ്പെട്ടത്. സുൽത്താന്റെ കീഴിലുള്ള പ്രത്യേക കാൽനട സൈന്യമായിരുന്നു ഇത്. സാമ്രാജ്യത്തിന്റെ വിപുലീകരണത്തിനും ആഭ്യന്തര കലാപങ്ങൾ അടിച്ചമർത്തുന്നതിനും അധികാരം ഉറപ്പിക്കുന്നതിനും ഇവരെയാണ് സുൽത്താൻ ഉപയോഗിച്ചത്. സാമ്രാജ്യത്തിനുള്ളിൽ നിന്ന് ഭീഷണിയുയർത്തിയ വ്യക്തികളെയും നേതാക്കളെയും ജനിസാറുകളെ ഉപയോഗിച്ച് സുൽത്താൻ നിരായുധീകരിച്ചു. സുൽത്താനെ എതിർക്കുന്നവരെ തിരക്കി ജനിസാറുകൾ എത്തിക്കൊണ്ടിരുന്നു. പിൽക്കാലത്ത് ഇവർ രാഷ്ട്രീയത്തിൽ അമിതമായി ഇടപെടാൻ തുടങ്ങിയപ്പോൾ സുൽത്താൻ മഹ്മൂദ് രണ്ടാമൻ ഇവരെ നിരോധിച്ചു.
ഫ്രഞ്ച് വിപ്ലവകാലത്ത് വിപ്ലവത്തിന്റെ പ്രതേക ഘട്ടത്തിൽ ശത്രുക്കളെ ഉന്മൂലനം ചെയ്യാനായി എന്തും ചെയ്യാൻ പാകത്തിനുള്ള ഒരു പ്രത്യേക സംഘത്തെ നിലനിർത്തിയിരുന്നു. ചരിത്രത്തിലുടനീളം ഏകാധിപതികളും ഭരണകൂടങ്ങളും തങ്ങളുടെ അധികാരം നിലനിർത്താനും വിമർശകരെ ഇല്ലാതാക്കാനും ഇത്തരം പ്രത്യേക സംഘങ്ങളെ നിലനിർത്തിയിട്ടുണ്ടായിരുന്നു. ദേശ രാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ ഭരണഘടന, നീതിന്യായ കോടതികൾ, നിയമവ്യവസ്ഥ എന്നിവ പ്രത്യക്ഷമായി നിലവിൽ വന്നതോടെ സേനാ വിഭാഗങ്ങളെ സ്വന്തം പൗരന്മാർക്ക് നേരെ ദുരുപയോഗം ചെയ്യുന്നതിന് പല തടസങ്ങളുമുണ്ടായി. പുതിയ കാലഘട്ടത്തിൽ നിയമ വ്യവസ്ഥക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതും സിവിലിയൻ സ്വഭാവമുള്ളതുമായ കിങ്കര വ്യവസ്ഥകളെയാണ് ആധുനിക ഭരണകൂടങ്ങൾ സ്വന്തം സ്ഥിരത നിലനിർത്താനും ആഭ്യന്തരമായ രാഷ്ട്രീയ ഭീഷണികളെ നേരിടാനായി ഉപയോഗിക്കുന്നത്.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന കർത്തവ്യ സ്ഥാപനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പ്രവണതയാണ് ഏകാധിപത്യ സ്വഭാവമുള്ള ജനാധിപത്യ ഭരണകൂടങ്ങൾ ഇന്ന് കാണിച്ച് കൊണ്ടിരിക്കുന്നത്. സമകാലിക സമൂഹത്തിൽ ഭരണഘടന സ്ഥാപനങ്ങളെ രാഷ്ട്രീയ പകപോക്കലിനും പ്രതികാരത്തിനും ഉപയോഗിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരു രാജ്യം അമേരിക്കയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, ടാക്സ് അതോറിറ്റിയായ ഇൻ്റേണൽ റവന്യൂ സർവീസ്, ഫെഡറൽ അന്വേഷണ ഏജൻസികൾ എന്നിവയെയാണ് അമേരിക്കൻ സർക്കാരുകൾ പൊതുവേ കിങ്കരവൃത്തിക്ക് ഉപയോഗിക്കുന്നത്. അമേരിക്കയിൽ ഭരണകൂടങ്ങൾ രാഷ്ട്രീയ എതിരാളികൾക്കും ബിസിനസ്സ് പ്രതിയോഗികൾക്കും എതിരെ ടാക്സ് ഓഡിറ്റുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ, ഫെഡറൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർപാർട്ടി നേതാക്കൾക്കെതിരെ ക്രിമിനൽ അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതും അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചാവിഷയമാണ്.
ആഭ്യന്തരമായ ഭരണഘടന സ്ഥാപനങ്ങളെയും സർക്കാർ ഏജൻസികളെയും കിങ്കരവേലകൾക്ക് ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമായ മറ്റൊരു രാജ്യം തുർക്കിയാണ്. ജുഡീഷ്യറി, പ്രോസിക്യൂഷൻ സംവിധാനങ്ങൾ, ഭീകരവാദ വിരുദ്ധ നിയമങ്ങൾ എന്നിവയാണ് തുർക്കിയിൽ ഭരണകൂട പ്രതികാരങ്ങൾക്കായും രാഷ്ട്രീയ താത്പര്യങ്ങൾക്കായും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്റെ ഭരണകൂടം തങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ എതിരാളികളെയും കുർദിഷ് രാഷ്ട്രീയ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നേരിടാൻ ജുഡീഷ്യറിയെയും ഭീകരവാദവിരുദ്ധ നിയമങ്ങളെയുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികൾ എന്നോ ഭീകരവാദ ബന്ധമുള്ളവർ എന്നോ മുദ്രകുത്തി ജയിലിലടയ്ക്കാൻ നിയമപരമായ പഴുതുകൾ ഉപയോഗിക്കുകയാണെന്നാണ് ആരോപണം. സാമ്പത്തികമായ വിനിമയങ്ങളെ ചൂണ്ടിക്കാണിച്ചും ടാക്സ്, ലാഭം, ഓഡിറ്റ് തുടങ്ങിയ സാങ്കേതികകൾ ഉയർത്തിയുമാണ് വിവിധ ഏജൻസികളെ ഉപയോഗിച്ച് ഭരണകൂടത്തിന് എതിര് നിൽക്കുന്ന വ്യക്തികളെയും സംഘടനകളെയും ഉർദുഗാൻ നിലക്ക് നിർത്തുന്നത്. ജനാധിപത്യ മാർഗത്തിലൂടെ തന്നെ ഭരണ തുടർച്ച ഉറപ്പ് വരുത്താൻ ഇത്തരം ഏജൻസികൾ ഉർദുഗാന് വലിയ സഹായമാണ് ചെയ്ത് കൊടുത്ത് കൊണ്ടിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനങ്ങളെ സ്ഥാപിത താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ദുഷ്പേരുള്ള മറ്റൊരു രാജ്യം പാകിസ്ഥാനാണ്. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്നിവയെയാണ് പാകിസ്ഥാനിലെ ഭരണകൂടം കിങ്കര വേലകൾക്കായി ഉപയോഗിക്കുന്നത്. പാകിസ്ഥാനിൽ അധികാരത്തിൽ വരുന്ന ഓരോ സർക്കാരും തങ്ങളുടെ മുൻകാല ഭരണാധികാരികളെയും രാഷ്ട്രീയ എതിരാളികളെയും തുറുങ്കിലടക്കാൻ എൻ എ ബി യെയാണ് ഒരു തുരുപ്പ് ശീട്ടായി ഉപയോഗിക്കുന്നത്. എൻ എ ബി വഴി രാഷ്ട്രീയ എതിരാളികെയും പാർട്ടികളെയും നിലക്ക് നിർത്തുക, പ്രതിരോധിച്ച് നിൽക്കുന്നവരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യുക എന്നീ കലാപരിപാടികൾ പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഒരു സ്ഥിരം രീതിയാണ്. അത് കൊണ്ട് തന്നെ എൻ എ ബി വഴി കുറ്റാരോപിതരാകുന്നവരെ ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം പാകിസ്ഥാനിലെ പൗരസമൂഹം കുറ്റക്കാരായി കാണാറില്ല.
ഇത്തരത്തിൽ വിവിധങ്ങളായ അന്വേഷണ ഏജൻസികളെ മുന്നിൽ നിർത്തി രാഷ്ട്രീയ നേട്ടങ്ങളും പ്രതികാര നടപടികളും നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോൾ ഇന്ത്യയും എത്തി നിൽക്കുന്നത്. ഇന്ത്യയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളാണ് ഭരണകൂടത്തിൻ്റെ കിങ്കര വേലകൾക്കായി നിയോഗിക്കപ്പെടുന്നത്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനും പ്രതികാരം വീട്ടുന്നതിനുമായി വ്യാപകമായി ഇവരെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിമർശനം പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു വസ്തുതാന്വേഷണം നടത്തുമ്പോൾ ഇന്ത്യയിലെ കേന്ദ്ര ഏജൻസികളുടെ നടപടികൾ പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്ന കണക്കുകളാണ് നമുക്ക് കാണാൻ കഴിയുന്നത്. മുൻകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിലെ ഭരണകാലത്ത് ഇഡി അന്വേഷണം നേരിടുന്ന രാഷ്ട്രീയ നേതാക്കളിൽ ഏകദേശം 95 ശതമാനത്തിലധികവും പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ളവരാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സി പി ഐ എം, ജെ.എം.എം, ഡി.എം.കെ തുടങ്ങി ഭരണകക്ഷിയുമായി നിരന്തരം ഏറ്റുമുട്ടുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് പ്രധാനമായും ഈ ഏജൻസികളുടെ നിരീക്ഷണത്തിലും നടപടികളിലും പെട്ടിട്ടുള്ളത്.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജെയ്ൻ തുടങ്ങിയവർ മദ്യനയ കേസ് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഇഡിയുടെ അറസ്റ്റിനിരയാവുകയും മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. കോടതിയിൽ തെളിവുകളില്ലാതെ പിന്നീടിവർ മോചിപ്പിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്താൻ ബോധപൂർവ്വമാണ് ഈ അറസ്റ്റുകൾ എന്ന് രാഷ്ട്രീയമായി വലിയ തോതിൽ വിമർശിക്കപ്പെട്ടു. അത് വാസ്തവമായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു. തുടർന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. യഥാർത്ഥത്തിൽ അതിന് വേണ്ടിയായിരുന്നു അപ്പോഴത്തെ അറസ്റ്റ് തന്നെ. കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ വർഷങ്ങൾക്ക് മുമ്പ് ഇഡിയുടെ അറസ്റ്റിനിരയാവുകയും ദീർഘനാൾ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും പല പ്രമുഖ ഭരണകക്ഷി നേതാക്കൾക്കും മന്ത്രിമാർക്കും എതിരെയും ഇഡി അന്വേഷണങ്ങളും റെയ്ഡുകളും നിരന്തരം നടന്നു വരുന്നു. ഈ കേസുകളിലും റെയ്ഡുകളിലും 95 ശതമാനത്തിലേറെയും ഭരണകൂട താത്പര്യങ്ങൾക്കായി കെട്ടിച്ചമച്ചതാണെന്നാണ് കോടതി വ്യവഹാരങ്ങൾ വഴി ബോധ്യപ്പെടുന്നത്.
ഇ ഡി എന്നത് ബിജെപിയുടെ രാഷ്ട്രീയ കിങ്കരന്മാരായി മാറിക്കഴിഞ്ഞു. കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമികയിൽ ഇഡിയെ മുന്നിൽ നിർത്തി വലിയ പദ്ധതികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. ബിജെപിയെ സംബന്ധിച്ചേടത്തോളം കേരളം അവരുടെ സ്വപ്ന ഭൂമിയാണ്. ഇന്ത്യ മുഴുവൻ അവർക്ക് വഴങ്ങിയിട്ടും കേരളം മാത്രം വഴങ്ങാതെ നിൽക്കുന്നത് ബിജെപിക്ക് രാഷ്ട്രീയമായ ഒരു ദൗർബല്യം തന്നെയാണ്. ഇടതുപക്ഷമാണ് കേരളത്തിൽ ബിജെപിക്ക് മുന്നിലുള്ള പ്രതിബന്ധം. രാഷ്ട്രീയമായി ശക്തിയും മുൻ തൂക്കവുമുള്ള ഇടത് പക്ഷത്തിൻ്റെ കരുത്തിനെ ദുർബലപ്പെടുത്താനും ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ വിശ്വാസ്യതയെ ഇല്ലാതാക്കുവാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഈയടുത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ലാക്കാക്കി ഇഡി നടത്തുന്ന നീക്കങ്ങളുടെ യാഥാർത്ഥ ലക്ഷ്യം ഈ വിശ്വാസ്യത ഇല്ലാക്കലാണ്. സാമാന്യ ബോധമുള്ള മുഴുവൻ ആളുകൾക്കും മനസിലാകും. പക്ഷെ കേരളത്തിൻ്റെ രാഷ്ട്രീയ വിധി തീരുമാനിക്കുന്നതിൽ നിർണായകമായ നഗരവൽകൃത അടിസ്ഥാന വർഗത്തെയും സാമാന്യ ജനങ്ങളെയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിലെ ബിജെപിയുടെ കടന്ന് വരവിന് അത് അനിവാര്യമാണെന്നും അവർ കരുതുന്നു. ഇഡിയുടെ നടപടികൾക്ക് വിധേയരായ പല പ്രമുഖ നേതാക്കളും പിന്നീട് ഭരണപക്ഷത്തോടൊപ്പം ചേരുമ്പോൾ അവർക്കെതിരെയുള്ള അന്വേഷണങ്ങൾ മരവിപ്പിക്കപ്പെടുകയോ വേഗത കുറയുകയോ ചെയ്യുന്നുവെന്ന ഗുരുതരമായ ആക്ഷേപവും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ സമ്മർദ്ദത്തിലാക്കി വരുതിയിലാക്കാനുള്ള ഒരു ഉപാധിയായി കേന്ദ്ര ഏജൻസികളെ മാറ്റുന്നുവെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ് മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഓരോന്നും.
സർക്കാരിൻ്റെ പിണിയാളുകളെപ്പോലെ ഇഡിയും മറ്റ് കേന്ദ്ര ഏജൻസികളും മാറുന്ന പ്രവണതകൾക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയും വിവിധ ഹൈക്കോടതികളും പലതവണ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ പോരാട്ടങ്ങൾ കോടതിമുറികളിലോ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചോ അല്ല, മറിച്ച് ജനകീയ ജനാധിപത്യ രീതിയിലൂടെയാണ് നടത്തേണ്ടതെന്ന് സുപ്രീം കോടതി പല സന്ദർഭങ്ങളിലും ഓർമ്മിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമത്തിലെ കർശന വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് 'ജാമ്യം എന്നത് നിയമവും, ജയിൽ എന്നത് ഒഴിവാക്കാനാവാത്ത അപവാദവുമെന്ന' അടിസ്ഥാന തത്വം പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന ആശങ്കയും നിയമ വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് ഭരണഘടനാപരമായ സ്വയംഭരണവും നിഷ്പക്ഷതയും പുലർത്തേണ്ട അന്വേഷണ ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാനുള്ള ഭരണകൂടത്തിന്റെ ആയുധങ്ങളായി മാറുന്നുവെന്ന് തന്നെയാണ്. ഇന്ന് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയൊരു വെല്ലുവിളി കൂടിയാണിത്. പൗരാണിക കാലങ്ങളിൽ ചക്രവർത്തിമാരും നാടുവാഴികളും തങ്ങളുടെ അധികാരം നിലനിർത്താനും പ്രതികാരങ്ങൾ വീട്ടാനും കിങ്കരന്മാരെ ഊട്ടി വളർത്തി ഉപയോഗിച്ചിരുന്നതിന് സമാനമായി തന്നെയാണ് ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഭരണഘടന സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളേയും നമ്മുടെ രാജ്യത്തിൻ്റെ ഭരണകൂടം ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും.

