യാത്രകളെ നെഞ്ചേറ്റുന്ന ഒരെഴുത്തുകാരനെ ഈ ഗ്രന്ഥത്തിലുടനീളം കാണാം. അയാളെ സംബന്ധിച്ച് യാത്ര വെറുമൊരു കാഴ്ചയല്ല; തന്റെ എഴുത്തിന്റെ ജൈവികത തേടിയുള്ള അലച്ചിൽ കൂടിയാണ്. ഓർമ്മകളുടെ വലിയൊരു തീരത്തിലൂടെയാണ് ഈ കൃതി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്- വി പി ഏലിയാസിന്റെ 'കാലമേ നീ കെടുത്തിയ ഒരു കൊടുംക്രിമിനൽ' എന്ന അനുഭവ സമാഹാരത്തിന്റെ വായന.
വായന | ഓണിൽ രവീന്ദ്രൻ
ഓരോ വ്യക്തിയും രൂപപ്പെടുന്നത് അവരവരുടെ ജീവിതാനുഭവങ്ങളിലൂടെയാണ്. അത് വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായിരിക്കും. അത്തരം അനുഭവങ്ങൾ ഓർമ്മകളായി പുനരാനയിക്കപ്പെടുമ്പോൾ, വായിക്കുന്നവരിലും ആ ഓർമ്മകളുടെ നനവ് പടരും. ഇങ്ങനെയൊരു ചിന്തയ്ക്ക് നിദാനമായത് കഥാകൃത്ത് വി.പി. ഏലിയാസിന്റെ ഓർമ്മക്കുറിപ്പായ "കാലമേ, നീ കെടുത്തിയ ഒരു കൊടും ക്രിമിനൽ" എന്ന പുസ്തകത്തിന്റെ വായനയാണ്.
കുഞ്ഞേലി ടീച്ചർ ചൂരലുമായി നിന്ന് കണക്കു പഠിപ്പിക്കുന്നത് വായിച്ചപ്പോൾ ഓർത്തുപോയത്, ഗുണനപ്പട്ടിക തെറ്റായി ചൊല്ലിയതിന് എന്നെ ബെഞ്ചിൽ കയറ്റിനിർത്തി ചൂരൽ പൊട്ടിച്ചീന്തുന്നതുവരെ അടിച്ച അന്നത്തെ നാലാം ക്ലാസിലെ കണക്കു ടീച്ചറെയാണ്. അതേസമയം മലയാളവും ശാസ്ത്രവും പഠിപ്പിച്ച മാഷന്മാരെ അത്രമേൽ ഇഷ്ടത്തോടെ ഓർക്കുന്നത് അവർ പകർന്നുതന്ന സ്നേഹം കൊണ്ടുതന്നെ.
ഓർമ്മകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. സ്മൃതിനാശം വരുന്ന അവസ്ഥയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? അത് ഭയപ്പെടുത്തും; ദുഃഖത്തിന്റെ അഗാധതയിലേക്ക് തള്ളിയിടും. എത്ര പെട്ടെന്നാണ് ഏറെ ഇഷ്ടപ്പെടുന്നവരെ മരണം നമ്മിൽ നിന്നും എന്നേക്കുമായി തട്ടിയെടുക്കുന്നത്! അത്തരം അനുഭവങ്ങൾ എത്രമാത്രം വേദനാജനകമാണ്. "ഉറങ്ങാൻ സമ്മതിക്കരുത്" എന്ന നിർദ്ദേശം കേട്ട്, പാമ്പുകടിയേറ്റ് മരണത്തോട് മല്ലിടുന്ന അപ്പച്ചിയുടെ തലയിലേക്ക് വായിൽ മരുന്ന് നിറച്ച് ഊതിക്കൊണ്ടിരിക്കെ, "ഇനി എനിക്കുറങ്ങണം" എന്ന് അസ്പഷ്ടമായി പറഞ്ഞ് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ആഴ്ന്നുപോയ അപ്പച്ചി നേർത്ത കണ്ണീരായി വായനയിൽ നിറയുന്നു.
അതുപോലെതന്നെ കഥ പറയുന്ന ലാഘവത്തോടെ തുടങ്ങി നടുക്കത്തിന്റെ ആഴങ്ങളിലേക്ക് വീഴ്ത്തുന്ന മറ്റൊരു സന്ദർഭമുണ്ട് ഈ പുസ്തകത്തിൽ; ചാർളി എന്ന മനുഷ്യന്റെ അവസ്ഥ. വിസ്താരഭയത്താൽ അതിവിടെ കുറിക്കുന്നില്ല. വായിച്ചുതന്നെ അറിയണം "ചെളിയിൽ പുതഞ്ഞ മനുഷ്യൻ" എന്ന അധ്യായം.
പാരലൽ കോളേജ് അധ്യാപകനായിരിക്കെ, അല്പംകൂടി മികച്ച ജോലി തേടി മദിരാശിയിലെത്തിയ അനുഭവം ഏറെ രസകരമാണ്. എങ്ങനെയാണ് ഭാഷ മനുഷ്യനെ ബുദ്ധിമുട്ടിലാക്കുന്നതെന്നും അതേസമയം രക്ഷപ്പെടുത്തുന്നതെന്നും വ്യക്തമാക്കുന്ന അധ്യായമാണ് "മദിരാശിയിലേക്ക്" എന്നത്. ജാതിയോ മതമോ വേഷഭൂഷാദികളോ ആചാരങ്ങളോ ഒന്നുമല്ല, മറിച്ച് ഭാഷയാണ് മനുഷ്യരെ തമ്മിലിണക്കുന്നത് എന്ന തിരിച്ചറിവ് ഈ അധ്യായത്തിലൂടെ സരസമായി പങ്കുവെക്കുന്നു.
യാത്രകളെ നെഞ്ചേറ്റുന്ന ഒരെഴുത്തുകാരനെ ഈ ഗ്രന്ഥത്തിലുടനീളം കാണാം. അയാളെ സംബന്ധിച്ച് യാത്ര വെറുമൊരു കാഴ്ചയല്ല; തന്റെ എഴുത്തിന്റെ ജൈവികത തേടിയുള്ള അലച്ചിൽ കൂടിയാണ്. അങ്ങനെയാണ് ചലച്ചിത്ര സംവിധായകൻ അലി അക്ബറിനും ചിത്രകാരൻ പോൾ കല്ലാനോടിനുമൊപ്പം ഭാരത് ദർശൻ ട്രെയിനിൽ യാത്ര തിരിക്കുന്നത്. ആനന്ദവും പ്രതിസന്ധികളും നിറഞ്ഞ ആ യാത്രയുടെ പരിണാമമാണ് "കാഴ്ചത്തീവണ്ടിയിലെ യാത്രക്കാർ" എന്ന കഥ. തന്റെ അനുഭവങ്ങൾ എങ്ങനെ സർഗ്ഗാത്മക സാഹിത്യമായി മാറുന്നുവെന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം.
ഓർമ്മകളുടെ വലിയൊരു തീരത്തിലൂടെയാണ് ഈ കൃതി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കൂരാച്ചുണ്ടിൽ നിന്നും സ്മൃതിഭാണ്ഡവുമായി യാത്ര പുറപ്പെട്ട് കുറുവാ ദ്വീപിലെത്തി കോഴിക്കോട്ടേക്ക് തിരിക്കുമ്പോഴേക്കും, കഥാകാരൻ പരിചയപ്പെട്ട മനുഷ്യരും താണ്ടിയ കനൽവഴികളും മധുരസ്മരണകളും വായനക്കാരനിലും ഒരനുഭൂതിയായി നിറയും. മുക്കാളിയിലെ കൈവെള്ള പൊട്ടിയൊലിച്ച കഠിനാധ്വാനത്തിൽ നിന്നും നാളെയുടെ ചിന്തകളെ രൂപപ്പെടുത്തുന്ന അധ്യാപനത്തിന്റെ തീരത്ത് നങ്കൂരമിട്ട ഒരു എഴുത്തുകാരന്റെ ജീവിതസാക്ഷ്യമാണിത്.
പെരുവണ്ണാമൂഴിപ്പുഴയിലേക്ക് കത്തി വലിച്ചെറിഞ്ഞ് കയ്യിൽ പേനയെടുത്ത മലയാളത്തിന്റെ പ്രിയ കഥാകൃത്ത് വി.പി. ഏലിയാസിന്റെ സ്മരണകൾ നിറഞ്ഞ ഈ പുസ്തകത്തിന് നൽകിയ പേരും അത്യന്തം അർത്ഥവത്താണ്: "കാലമേ, നീ കെടുത്തിയ ഒരു കൊടും ക്രിമിനൽ".
കാലമല്ലാതെ മറ്റാരാണ് മനുഷ്യനിൽ നന്മയായി പെയ്യുന്നതും, അതിനെ അക്ഷരങ്ങളാക്കി ലോകത്തിലേക്ക് ഒഴുക്കിവിടുന്നതും!. ലേഖനത്തിന്റെ ശീർഷകം മുതൽ അവസാന വാചകം വരെ അനുഭവങ്ങളുടെ ചൂടും തെളിച്ചവുമുള്ള മനോഹരമായൊരു ആസ്വാദനമാണിത്.

