പാതിരാത്രി പിന്നിട്ടാലാണ് ഷാ ആലം ക്യാമ്പിലേക്കുള്ള ആത്മാക്കളുടെ വരവെന്ന് പറഞ്ഞല്ലോ. അവര്‍ തങ്ങളുടെ കുട്ടികള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നു. വെള്ളം, മരുന്നുകള്‍ തുടങ്ങി മറ്റെല്ലാ സാധനങ്ങളും കൊണ്ടുവന്ന് വിതരണം ചെയ്തു. അതുകൊണ്ട് ഷാ ആലം ക്യാമ്പില്‍ പട്ടിണിയില്ല, ആരും വിവസ്ത്രരായി നടക്കുന്നില്ല, രോഗബാധിതരാകുന്നുമില്ല.
കഥ | അസ്ഗർ വജാഹത്
വിവർത്തനം: ഫിനാൻ കണ്ണൂക്കര
1
ഷാ ആലം ക്യാമ്പിൽ പകൽ കഴിച്ചുകൂട്ടാനെളുപ്പമാണെങ്കിലും രാത്രികള്‍ പ്രക്ഷുബ്ധമാണ്. ഒച്ചകള്‍ വേര്‍തിരിച്ച് കേള്‍ക്കാന്‍ കഴിയാത്തത്ര കോലാഹലം. നിലവിളികളും ആജ്ഞകളും, ഇരമ്പലും കലമ്പലും, തേങ്ങലുകളും ആക്രോശങ്ങളും, നെടുവീര്‍പ്പുകളും ഏങ്ങലടികളും. സ്വന്തത്തെ മാത്രം കാണുന്നൊരു നേരമാണത്. പടച്ചോന്‍ കാക്കട്ടെ. രാത്രിയിലാണ് ആത്മാക്കള്‍ തങ്ങളുടെ മക്കളെ കാണാന്‍ വരുന്നത്. അവര്‍ അനാഥരായ കുട്ടികളുടെ മുടിയിഴകളില്‍ വിരലോടിക്കുകയും വെളിച്ചം വറ്റിയ കണ്ണുകളിലേക്ക് നോക്കിപരിദേവനം പറയുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ മാറോടണച്ചു പിടിക്കുന്നു. തീയില്‍ വെന്തുമരിച്ച ആത്മാക്കളുടെ ഹൃദയഭേദകമായ നിലവിളികള്‍ അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു.
ക്യാമ്പ് മുഴുവന്‍ ഉറങ്ങിക്കഴിയുമ്പോള്‍, കുട്ടികള്‍ ഉണരുന്നു. അവര്‍ തങ്ങളുടെ അമ്മമാരെ കാണാനും അച്ഛന്മാരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനുംകൊതിക്കുന്നു.
'സിറാജ്, നിനക്കെങ്ങനെയുണ്ടിപ്പോള്‍?' നെറുകെയില്‍ തലോടിക്കൊണ്ട് അമ്മയാത്മാവ് ചോദിച്ചു.
'അമ്മയ്ക്ക് എങ്ങനെയുണ്ട്?'
മുഖഭാവത്തില്‍ നിന്നുതന്നെ അവര്‍ പ്രസന്നയാണെന്നറിയാം, 'സിറാജ്, ഞാന്‍ ഇപ്പോള്‍ ഒരാത്മാവാണ്. ഇനി ആര്‍ക്കുംഎന്നെ എരിച്ചുകളയാന്‍ സാധ്യമല്ല.'
'അമ്മേ, എനിക്കും ഒരു ആത്മാവാകാന്‍ പറ്റുമോ, അതിനെന്താണൊരു വഴി?'
2
രാത്രി പകുതി പിന്നിട്ടപ്പോഴാണ് ആധിപിടിച്ചൊരു പെണ്‍ആത്മാവ് തന്റെ കുഞ്ഞിനെ തേടി ഷാ ആലം ക്യാമ്പിലെത്തുന്നത്. കുഞ്ഞിനെ കാണാനില്ല. അവരോടൊപ്പമില്ല, ക്യാമ്പിലുമില്ല. അവളുടെ നെഞ്ചിടിപ്പേറി. മറ്റു പെണ്‍ആത്മാക്കളും തിരച്ചിലില്‍ ഒപ്പം ചേര്‍ന്നു. അവര്‍ ഒരുമിച്ച് ക്യാമ്പ് അരിച്ചുപെറുക്കുകയും, തീയാളിത്തുടങ്ങിയ വീടുകളുള്ള മൊഹല്ലയിലേക്ക് പോവുകയും ചെയ്തു. ആത്മാക്കളായതിനാല്‍ കത്തുന്ന വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മുക്കും മൂലയും പരിശോധിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഒടുക്കം, കലാപകാരികളെ ചെന്നു കാണാന്‍ ധാരണയായി. നാളത്തേക്കുള്ള പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കുകയും തോക്കിന്‍ കുഴലുകള്‍ വൃത്തിയാക്കുകയും ആയുധങ്ങള്‍ തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടുകയുകയുമായിരുന്നു അവരപ്പോള്‍.
എന്റെ കുഞ്ഞിനെ കണ്ടോയെന്ന അമ്മച്ചോദ്യത്തിന് ഉച്ചത്തില്‍ ചിരിച്ച് അവര്‍ മറുപടി പറഞ്ഞു: 'ഹേ മണ്ടീ, പത്തോ ഇരുപതോ ആളുകളെ ഒരുമിച്ച് ചുട്ടുകൊല്ലുമ്പോള്‍ ആരാണ് ഒരു കുട്ടിയുടെ മാത്രം കണക്കെടുക്കുന്നത്? ഏതെങ്കിലും ചാരക്കൂമ്പാരത്തില്‍ കിടക്കുന്നുണ്ടാകുമവന്‍.'
'ഇല്ല, ഇല്ല, ഞാന്‍ എല്ലായിടത്തും നോക്കി... എവിടെയുംകണ്ടില്ല.'
മറ്റൊരു കലാപകാരി ചോദിച്ചു, 'ഓ, നമ്മള്‍ തൃശൂലത്തില്‍ കുത്തിനിര്‍ത്തിയ ആ കുട്ടിയുടെ അമ്മയായിരിക്കുമോ ഇവള്‍?'.
3
പാതിരാത്രി പിന്നിട്ടാലാണ് ഷാ ആലം ക്യാമ്പിലേക്കുള്ള ആത്മാക്കളുടെ വരവെന്ന് പറഞ്ഞല്ലോ. അവര്‍ തങ്ങളുടെ കുട്ടികള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നു. വെള്ളം, മരുന്നുകള്‍ തുടങ്ങി മറ്റെല്ലാ സാധനങ്ങളും കൊണ്ടുവന്ന് വിതരണം ചെയ്തു. അതുകൊണ്ട് ഷാ ആലം ക്യാമ്പില്‍ പട്ടിണിയില്ല, ആരും വിവസ്ത്രരായി നടക്കുന്നില്ല, രോഗബാധിതരാകുന്നുമില്ല. എല്ലാവര്‍ക്കും ക്യാമ്പിനെ കുറിച്ച് വലിയ മതിപ്പാണിപ്പോള്‍. അതിന്റെ കീര്‍ത്തി വിദൂരരാജ്യങ്ങളില്‍ പോലും എത്തിച്ചേര്‍ന്നു.
ഡല്‍ഹിയില്‍ നിന്നൊരു പ്രമുഖ രാഷ്ട്രീയക്കാരന്‍ പരിശോധനയ്ക്കായി ഷാ ആലം ക്യാമ്പിലെത്തിയപ്പോള്‍ ആ കാഴ്ചകളില്‍ അദ്ദേഹം വളരെയധികം സന്തുഷ്ടനായി. 'എന്ത് നല്ല സ്ഥലം. രാജ്യത്തെ എല്ലാ മുസ്ലീം കുട്ടികളെയും ഇങ്ങോട്ടയച്ചാലോ എന്നാണ് ഞാനാലോചിക്കുന്നത്'.
4
പാതിരാത്രിക്ക് ശേഷം ക്യാമ്പിലെത്തുന്ന ആത്മാക്കള്‍ കുട്ടികളുടെ കൂടെ ഇരിക്കുകയും, സ്‌നേഹാര്‍ദ്രമായി നോക്കുകയും അവരുടെ ഭാവിയെക്കുറിച്ചുള്ള ഗൗരവപ്പെട്ട ആലോചനകള്‍ നടത്തുകയും ചെയ്തു. വര്‍ത്തമാനം പറഞ്ഞങ്ങനെ രാത്രി മുഴുക്കെ കഴിച്ചു കൂട്ടി.
'സിറാജ്, ഇനി നീ വീട്ടിലേക്ക് പോകണം,' അമ്മയാത്മാവ്പറഞ്ഞു.
'വീട്ടിലേക്കോ?' സിറാജ് ഭയം കൊണ്ട് ചൂളിപ്പോയി. മുഖംവിളറി വെളുത്തു.
'അതെ, ഇനിയുമെത്രകാലം ഇവിടെ കഴിയും? എല്ലാരാത്രിയിലും ഞാന്‍ നിന്നെ കാണാന്‍ വരാം.'
'ഇല്ല, വീട്ടിലേക്ക് ഞാനില്ല'
കറുത്ത പുക. തീനാളങ്ങള്‍. നിലവിളികള്‍.
'അമ്മേ, ഞാന്‍ നിങ്ങള്‍ക്കും അബ്ബുവിനുമൊപ്പം ജീവിച്ചോളാം.'
'സിക്കു, നീയെങ്ങനെയാണ് ഞങ്ങളുടെ കൂടെ കഴിയുന്നത്?'
'ഭായ്ജാനും ആപ്പയും, നിങ്ങളൊരുമിച്ചല്ലേ താമസിക്കുന്നത്?'
മോനേ, അവരും ഞങ്ങളോടൊപ്പം വെന്തു മരിച്ചതാണ്.
'എന്നാല്‍...എന്നാല്‍പ്പിന്നെ ഞാന്‍ വീട്ടിലേക്ക് പൊയ്‌ക്കോളാം, അമ്മേ.'
5
ഷാആലം ക്യാമ്പിലിപ്പോള്‍ പാതിരാത്രി കഴിഞ്ഞു. ഒരുകുഞ്ഞന്‍ ആത്മാവ്, മിന്നാമിനുങ്ങിനെപ്പോലെ തിളങ്ങുന്നുണ്ടവന്‍. ക്യാമ്പിലങ്ങോളം ഓടിക്കളിക്കുകയും പറന്നുല്ലസിക്കുകയും കളിചിരി കുസൃതികള്‍ കാണിക്കുകയും ചെയ്യുന്നു. സംസാരത്തിലെന്തൊരു സ്ഫുടതയാണെന്നോ, ഇടര്‍ച്ചയെന്നൊരു സാധനമേയില്ല എന്നു തോന്നും കേട്ടാല്‍. അമ്മയുടെ സാരിത്തുമ്പിലും അഛന്റെ വിരലുകളിലും തൂങ്ങിയാടിയാണവന്റെ നടപ്പുതന്നെ.
ഷാ ആലം ക്യാമ്പിലെ മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി, ഈ കുട്ടി അങ്ങേയറ്റം ആഹ്ലാദവാനാണ്.
'കുട്ടീ, നിനക്ക് മാത്രമെന്താണിത്ര സന്തോഷം?.
'അറിയില്ലേ? ഇവിടെ എല്ലാവര്‍ക്കും അതറിയാമല്ലോ.'
'എന്താണത്?'
'കാരണം ഞാന്‍ ഒരു തെളിവാണ്.'
'തെളിവോ? എന്തിന്റെ?'
'ധീരതയുടെ.'
'ആരുടെ ധീരത?'
'എന്നെ അമ്മവയറ്റില്‍ നിന്ന് വലിച്ചെടുത്ത് രണ്ടായിപിളര്‍ന്നവരുടെ.'
6
രാത്രി പാതി പിന്നിട്ടാല്‍ ആത്മാക്കള്‍ ഷാ ആലംക്യാമ്പിലെത്തുന്നു. ഒരു അമ്മയാത്മാവ് മകനെ കാണാന്‍ വന്നു. അവന്‍ അത്ഭുതപ്പെട്ടുപോയി.
'അമ്മേ, ഇന്നെന്താണിത്ര സന്തോഷിക്കാന്‍'
'സിറാജ്, ഇന്ന് സ്വര്‍ഗ്ഗത്തില്‍ വെച്ച് നിന്റെ മുത്തശ്ശനെ കണ്ടുമുട്ടി. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ അച്ഛന് പരിചയപ്പെടുത്തി... അദ്ദേഹം തന്റെ അച്ഛനും... അദ്ദേഹത്തിന്റെ മുത്തശ്ശനും... അങ്ങനെ ഞാന്‍ നിന്റെ ഏഴാംമുത്തശ്ശനെ ഇന്ന് കണ്ടു.' അവളുടെ ശബ്ദത്തില്‍ ആഹ്ലാദത്തിന്റെ സംഗീതം നിറഞ്ഞു നിന്നു.
'സിറാജ്, നിന്റെ മുതുമുത്തശ്ശന്‍ ഒരു ഹിന്ദു ആയിരുന്നു... ഹിന്ദു, മനസ്സിലായോ? സിറാജ്, ഇക്കാര്യം എല്ലാവരോടുംപറയണം. ഞാന്‍ പറഞ്ഞത് നീ കേട്ടോ മോനേ?'.
7
പാതിരാത്രി പിന്നിട്ടാല്‍ ആത്മാക്കള്‍ ഷാ ആലംക്യാമ്പിലെത്തുന്നു. ഒരു സഹോദരിആത്മാവ് തന്റെ സഹോദരനെ തേടിയെത്തി. നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍, അവന്‍ കോണിയുടെ പടവുകളൊന്നില്‍ കുന്തിച്ചിരിക്കുന്നത് കണ്ടു. ആവള്‍ ആഹ്ലാദഭരിതയായി. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാറുള്ളത് പോലെ സഹോദരനുമേല്‍ ചാടിവീണ് ഭയ്യാ എന്ന്സ്‌നേഹത്തോടെ വിളിച്ചുനോക്കി. അവനത് കേള്‍ക്കുന്നുണ്ടെങ്കിലും, കാത് കൊടുത്തതേയില്ല. നിര്‍വികാരനായി കല്‍പ്രതിമ പോലിരിക്കുകയാണിപ്പോഴും.
അവളൊന്നുകൂടെ ഉച്ചത്തില്‍ വിളിച്ചു: 'നോക്ക്, ഭയ്യാ!'. അവന്‍ അത് കേള്‍ക്കുകയോ അവളുടെ നേരെയൊരുനോട്ടമെറിയാന്‍ പോലും തുനിഞ്ഞില്ല. ഭയ്യാ, എന്തിനെന്നെ കേള്‍ക്കാതിരിക്കുന്നു.
അവള്‍ കരയാനാരംഭിച്ചു. സഹോദരന്റെ മുഖം തീ പോലെ ചുവന്നുതുടുത്തു, കണ്ണുകളില്‍ ക്രുദ്ധത കത്തിയെരിഞ്ഞു. ചാടിയെഴുന്നേറ്റ് അവളെ അടിക്കാന്‍ തുടങ്ങി. ആളുകള്‍ ചുറ്റും വട്ടംകൂടി. നീ എന്താണ് പറഞ്ഞത്? അടിക്കാന്‍ മാത്രം എന്തു പ്രകോപനമാണുണ്ടാക്കിയത്? കൂട്ടത്തിലൊരാള്‍ ചോദ്യമെറിഞ്ഞു.
'അയ്യോ, ഭയ്യാ എന്ന് വിളിക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ', സഹോദരിയാത്മാവ് പറഞ്ഞു.
എന്റെ സലീമ! നീ എന്തുവലിയ അബദ്ധമാണ് കാണിച്ചത്?'
ഒരു വൃദ്ധന്‍ പ്രതിവചിച്ചു. അയാള്‍ ഉറക്കെകരയാന്‍ തുടങ്ങി. സഹോദരന്‍ ഭിത്തിയില്‍ തലയടിച്ചുകരയാനും.
8
പാതിരാത്രി പിന്നിട്ടാല്‍ ആത്മാക്കള്‍ ഷാ ആലം ക്യാമ്പിലെത്തുന്നു. ഒരു ദിവസം, കൂട്ടത്തില്‍ ഒരുവൃദ്ധാത്മാവും അവിടെയെത്തി. ഏതാണ്ട് നഗ്നന്‍; അരയ്ക്ക്മുകളിലായി ചെറിയൊരു മുണ്ട് മുറുക്കിക്കെട്ടിയിട്ടുണ്ട്്, കാലില്‍ ചെരിപ്പും കയ്യില്‍ ഒരു മരവടിയുമുണ്ട്. മുണ്ടിന്റെ മടക്കുകളില്‍ എവിടെയോ ഒരു പോക്കറ്റ് വാച്ചും.
ആത്മാക്കള്‍ വൃദ്ധനോട് ആരാഞ്ഞു: 'നിങ്ങളുടെബന്ധുക്കളാരെങ്കിലും ക്യാമ്പിലുണ്ടോ?'.
'ഇല്ല, ഉണ്ട്, ഉണ്ടില്ല' വൃദ്ധന്‍ പറഞ്ഞു. ഇയാള്‍ക്കെന്തോപ്രശ്‌നമുണ്ട്. സമനില തെറ്റിപ്പോയിരിക്കണം. അവരയാളെ പാട്ടിന് വിട്ടു. അയാള്‍ ക്യാമ്പ് വലയം വെച്ചുതുടങ്ങി.
'ബാബാ, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?' ആരോചോദിച്ചു. 'എന്നെ കൊല്ലാന്‍ കഴിയുന്നവരെ' വൃദ്ധന്റെ മറുപടിവന്നു.
'എന്തിന്?'
'അമ്പതു വര്‍ഷം മുമ്പ്, വെടിയേറ്റാണ് ഞാന്‍ മരിച്ചത്. ഇപ്പോള്‍, കലാപകാരികള്‍ എന്നെ ജീവനോടെ തീയിട്ടുകൊന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'
'ബാബാ, എന്തിനാണത്?'
'മരിക്കില്ലെന്ന് കാണിച്ചു കൊടുക്കാന്‍, വെടിവെച്ചുകൊന്നപ്പോഴും, ഇനി അവര്‍ ജീവനോടെ കത്തിച്ചാലും'
9
'നിനക്ക് അമ്മയും അച്ഛനുമുണ്ടോ?'. ഷാ ആലം ക്യാമ്പില്‍ വെച്ച് രാഷ്ട്രീയക്കാരന്‍ ആത്മാവിനോട് ചോദിച്ചു.
'എല്ലാവരും കൊല്ലപ്പെട്ടു.'
'സഹോദരി,സഹോദരന്മാരോ?'
'ഇല്ല.'
'ബന്ധുക്കളായി ആരെങ്കിലും?'
'ആരുമില്ല.'
'നിനക്കിവിടെ സുഖമാണോ?'
'അതെ, സുഖമാണ്.'
'ഭക്ഷണവും വെള്ളവും?'
'സുലഭം.'
'ഉറങ്ങാനും ഉടുക്കാനും'
'എല്ലാമുണ്ട്്.'
'ഇനി വല്ലതും വേണോ?'
'വേണ്ട, ഒന്നും, ഒന്നും വേണ്ട.
രാഷ്ട്രീക്കാരന് സന്തോഷമായി. 'ഇവന്‍ സമര്‍ഥനാണ്, ജീവിച്ചിരിക്കുന്നവരെ പോലെയല്ല'.
10
രാത്രി പാതി പിന്നിട്ടാല്‍ ആത്മാക്കള്‍ ഷാ ആലംക്യാമ്പിലെത്തുന്നു. ഒരിക്കല്‍, മറ്റുള്ളവരോടൊപ്പം ശൈത്താനും വന്നു. ക്യാമ്പിലെ സ്ഥിതിഗതികളും പരിതസ്ഥിതിയും കണ്ട് ശൈത്താന് തികഞ്ഞ ലജ്ജയും അപമാനവും അനുഭവപ്പെട്ടു. ആളുകളെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയാതെ കുഴങ്ങി. തലതാഴ്ത്തിപ്പിടിച്ചും ഇടക്കിടെ റൂട്ട് മാറ്റിയും ആളില്ലാത്തയിടങ്ങളിലേക്ക് ഒളിച്ചു പിന്‍വാങ്ങിക്കൊണ്ടിരുന്നു. അധികനേരം നീണ്ടില്ല. ജനം കയ്യോടെ പിടികൂടി. 'സംഭവിച്ചതിലൊന്നിലും... ഒന്നില്‍പോലും എനിക്ക് യാതൊരു പങ്കുമില്ല... അല്ലാഹുവാണേ, എനിക്കതിലൊരു പങ്കുമില്ല.' ശൈത്താന്‍ തലതാഴ്ത്തി മറുപടിഞ്ഞു.
'അതെ, അതെ... ഞങ്ങള്‍ക്കറിയാം. ഇത്രയൊന്നുംതരംതാഴാന്‍ നിന്നെക്കൊണ്ടാവില്ല. നിനക്കും കാണുമല്ലോ അല്പം നിലവാരമൊക്കെ.'
'ആശ്വാസമായി! മനസ്സിലെ വലിയൊരു ഭാരമാണ്ഒഴിഞ്ഞുപോയത്... നിങ്ങളെല്ലാം ശരിയാംവിധം മനസ്സിലാക്കിയിട്ടുണ്ടല്ലോ. ദീര്‍ഘമായൊന്ന് നിശ്വസിച്ച് ശൈത്താന്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അല്ലാഹ് മിയാനും വന്നിരുന്നു. അദ്ദേഹവും ഇതുതന്നെയാണ് പറഞ്ഞത്. ജനങ്ങള്‍ മൊഴിഞ്ഞു.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ മുൻ ഹിന്ദി സാഹിത്യ പ്രൊഫസറാണ് അസ്ഗർ വജാഹത്ത്. മൂർച്ചയേറിയ നാടകങ്ങളിലൂടെയും രൂക്ഷമായ ഗദ്യശൈലിയിലൂടെയും ശ്രദ്ധേയൻ. കഥകൾ, നാടകങ്ങൾ, നോവലുകൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'മഹാബലി' എന്ന നാടകത്തിന് 2022-ലെ വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
