ഫ്രാൻസിന്റെ വിരൽപ്പാടുകൾ

ഇന്ത്യയിലെ ഫ്രഞ്ച് കോളനികളുടെ ചരിത്രവും അവയുടെ വിമോചനവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയ ശേഷവും പോണ്ടിച്ചേരി എന്ന പുതുച്ചേരി, കാരയ്ക്കൽ, യാനം, മാഹി, ചന്ദ്രാനഗർ എന്നീ പ്രദേശങ്ങൾ ഫ്രഞ്ച് അധീനതയിൽ തന്നെ തുടർന്നു. പിന്നീട് ജനകീയ പ്രക്ഷോഭങ്ങളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയുമൊക്കെ ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയായിരുന്നു. 

പരമ്പര-12

മണ്ണുമൂടിയ ചരിത്രത്താളുകൾ  നാസിർ കെ സി  



മുൻ ലക്കങ്ങൾ വായിക്കൂ: 

ലോകത്തെ കോളനി വൽക്കരിക്കാനുള്ള യൂറോപ്യൻ ശക്തികളുടെ കിടമത്സരങ്ങളുടെ കഥയാണ് ലോക ചരിത്രം.  ഫ്രാൻസും ബ്രിട്ടനും തമ്മിലുള്ള യുദ്ധമാണ് അതിൽ ഏറിയ പങ്കും. ശക്തി കുറഞ്ഞ രാജ്യങ്ങളെ കീഴ്പ്പെടുത്തി കോളനികളാക്കുകയാണ് അവരുടെ രീതി. സ്വന്തം തട്ടകത്തിലും പിന്നീട് ഈ കോളനികൾക്കകത്തും അവയുടെ ആധിപത്യത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നതായിരന്നു അവരുടെ പതിവ്. ഇന്ത്യൻ ഉപഭൂഖണ്ഡവും യൂറോപ്യൻ ശക്തികൾ പങ്കിട്ടെടുത്തതിൻ്റെ അനുഭവങ്ങളാണ് നമുക്കു മുന്നിലുള്ളത്. പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും നമ്മുടെ രാജ്യം പങ്കിട്ടെടുത്ത് അനുഭവിച്ചു. 

എങ്കിലും സ്വാതന്ത്ര്യ സമര ചരിത്രം നമുക്ക് ബ്രിട്ടീഷുകാരോട് നാം നടത്തിയ  സ്വാതന്ത്ര്യ സമരങ്ങളുടെ വിവരണമാണ്. എന്നാൽ ബ്രിട്ടീഷുകാര് പോയതിനു ശേഷവും ഇന്ത്യയുടെ ഭൂപരിധിക്കകത്ത് ഫ്രഞ്ചുകാരുടേയും പോർച്ചുഗീസുകാരുടേയും കോളനികൾ നിലനിന്നു. ഇന്ത്യയിലെ ഫ്രഞ്ച് കോളനികളുടെ ചരിത്രവും അവയുടെ വിമോചനവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയ ശേഷവും പോണ്ടിച്ചേരി എന്ന പുതുച്ചേരി, കാരയ്ക്കൽ, യാനം, മാഹി, ചന്ദ്രാനഗർ എന്നീ പ്രദേശങ്ങൾ ഫ്രഞ്ച് അധീനതയിൽ തന്നെ തുടർന്നു. പിന്നീട് ജനകീയ പ്രക്ഷോഭങ്ങളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയുമൊക്കെ ഈ പ്രദേശങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയായിരുന്നു.

പോണ്ടിച്ചേരി ചരിത്രാതീതകാലം മുതൽക്കു തന്നെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. റോമാക്കാരുമായി കേരള-തമിഴ്നാട് തീരങ്ങൾ നടത്തിയ വ്യാപാരബന്ധങ്ങളുടെ തെളിവുകൾ ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്. സി. ഇ ഒന്നാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങളും മൺപാത്രങ്ങളും ഈ ഭാഗത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പല ഘട്ടങ്ങളിലായി പല്ലവ, ചോഴ, വിജയനഗര സാമ്രാജ്യങ്ങൾ ഈ ദേശം ഭരിച്ചു, ഒപ്പം ചില പ്രാദേശിക ഭരണാധികാരികളും. ​പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിനു ശേഷമാണ് ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിൽ ശക്തമായ സാന്നിധ്യമറിയിക്കുന്നത്. 1673-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ബിജാപ്പൂർ സുൽത്താനിൽ നിന്ന് വാടകയ്ക്ക് വാങ്ങിയ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ് ഇന്നത്തെ ആധുനിക പോണ്ടിച്ചേരിയായി രൂപപ്പെട്ടത്. ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധിയായിരുന്ന ഫ്രാങ്കോയിസ് മാർട്ടിനാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1674 ആയപ്പോഴേക്കും ഇതൊരു പ്രധാന ഫ്രഞ്ച് വാണിജ്യ കേന്ദ്രമായി മാറി.

​പതിനെട്ടാം നൂറ്റാണ്ട് ഇന്ത്യയുടെ മേൽക്കൈക്കായി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന കടുത്ത അധികാര മത്സരങ്ങളുടെ കാലമാണ്. അതിനുവേണ്ടിയുള്ള യുദ്ധങ്ങൾ കർണാടക യുദ്ധങ്ങൾ* എന്നാണ് അറിയപ്പെട്ടത്. പോണ്ടിച്ചേരിയ്ക്കു വേണ്ടിയായിരുന്നു പ്രധാനമായും ഈ മത്സരങ്ങൾ. ബ്രിട്ടീഷ് സൈന്യം പലതവണ പോണ്ടിച്ചേരി ആക്രമിച്ചു കീഴടക്കുകയും പിന്നീട് ഉടമ്പടികളുടെ ഭാഗമായി ഫ്രഞ്ചുകാർക്ക് തന്നെ തിരികെ നൽകുകയും ചെയ്തു. 1761-ൽ ബ്രിട്ടീഷുകാർ നഗരം പൂർണ്ണമായി തകർത്തെങ്കിലും, 1763-ലെ പാരീസ് ഉടമ്പടിയെ തുടർന്ന് ഫ്രഞ്ചുകാർക്ക് പ്രദേശം തിരികെ ലഭിക്കുകയും അവർ അത് വീണ്ടും പണിതുയർത്തുകയും ചെയ്തു. ഇന്നു നാം കാണുന്ന പോണ്ടിച്ചേരിയുടെ പ്രൗഡിയ്ക്കു പിന്നിൽ ഫ്രഞ്ചുകാരുടെ കരസ്പർശമുണ്ട്.

തമിഴ്നാട്ടിൽ തന്നെയുള്ള കാരയ്ക്കലായിരുന്നു ഫ്രഞ്ചുകാരുടെ അധീനതയിലുണ്ടായിരുന്ന മറ്റൊരു പ്രദേശം.  1738-ലാണ് ഫ്രഞ്ച് ഈസ്റ്റിന്ത്യ കമ്പനി കാരയ്ക്കലിൽ തങ്ങളുടെ അധീനത ഉറപ്പിക്കുന്നത്. അന്നത്തെ തഞ്ചാവൂർ രാജാവായിരുന്ന ഷാഹുജിയുമായി കരാർ ഉണ്ടാക്കിയാണ് ഫ്രഞ്ചുകാർ കാരയ്ക്കൽ പ്രദേശം സ്വന്തമാക്കിയത്.  കാവേരി നദിയുടെ കൈവഴികൾ കടലിൽ ചേരുന്ന പ്രദേശമായതിനാൽ കച്ചവടത്തിനും കൃഷിക്കും കാരയ്ക്കൽ വളരെ അനുയോജ്യമായിരുന്നു. നെല്ലായിരുന്നു പ്രധാനപ്പെട്ട കൃഷി.  ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായി ഇത് വളർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മേധാവിത്വത്തിനായി ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളിൽ കാരയ്ക്കൽ പലതവണ ബ്രിട്ടീഷ് നിയന്ത്രണത്തിലാവുകയും പിന്നീട് സന്ധിവ്യവസ്ഥകൾ പ്രകാരം ഫ്രഞ്ചുകാർക്ക് തന്നെ തിരികെ ലഭിക്കുകയും ചെയ്തു.

​1947-ൽ ഇന്ത്യ ബ്രിട്ടീഷ്  ഭരണത്തിൽ നിന്ന് മോചനം നേടിയെങ്കിലും, കാരയ്ക്കൽ ഉൾപ്പെടെയുള്ള ഫ്രഞ്ച് കോളനികൾ ഫ്രഞ്ച് ഭരണത്തിൽ തന്നെ തുടർന്നു. ഫ്രഞ്ച് ഭരണത്തിൽ നിന്ന് മോചിതരായി ഇന്ത്യയോടൊപ്പം ചേരാൻ കാരയ്ക്കലിലെ ജനങ്ങളും ദേശീയവാദികളും ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. കമ്മ്യൂൺ കൗൺസിൽസ് ** വഴി ഇന്ത്യൻ യൂണിയനുമായുള്ള ലയനത്തിന് അനുകൂലമായ നിലപാടുകൾ ഉയർന്നു വന്നു. 1954 മാർച്ചിൽ മാഹി ഫ്രഞ്ച് ഭരണത്തിൽ നിന്ന് വിമുക്തമായത് കാരയ്ക്കലിലെയും പോണ്ടിച്ചേരിയിലെയും ജനങ്ങളിൽ ആവേശം പകർന്നു. വിമോചന സമര സേനാനികൾ ഫ്രഞ്ച് ഔദ്യോഗിക പതാകകൾ താഴ്ത്തി ഇന്ത്യൻ ദേശീയ പതാക ഉയർത്തുന്നതടക്കമുള്ള പ്രതിഷേധങ്ങൾ നടത്തി.

​ജനങ്ങളുടെ കടുത്ത എതിർപ്പും ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര സമ്മർദ്ദവും കാരണം ഫ്രഞ്ച് സർക്കാർ ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറായി. 1954 നവംബർ 1-ന് കാരയ്ക്കൽ ഉൾപ്പെടെയുള്ള ഫ്രഞ്ച് പ്രദേശങ്ങൾ ഡി ഫാക്ടോ (de facto) ആയി ഇന്ത്യക്ക് കൈമാറപ്പെട്ടു. അങ്ങനെ ഈ പ്രദേശങ്ങൾ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി മാറി. എങ്കിലും, ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഔദ്യോഗികമായ ഉടമ്പടികളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയായി നിയമപരമായി (De jure) ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് 1962-ലാണ്. അതായത്, നിയമപരമായ കരാർ ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ പ്രായോഗികമായി ഇന്ത്യ ഭരണം നടത്തിയിരുന്ന ആ കാലയളവിനെയാണ്  ഡീ ഫാക്റ്റോ  എന്ന് വിശേഷിപ്പിക്കുന്നത്.

ആന്ധ്രാതീരത്തുള്ള യാനമായിരുന്നു ഫ്രഞ്ച് അധീനതയിലുള്ള മറ്റൊരു പ്രദേശം. 1723-ലാണ് ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത്. ഗോദാവരി നദിയുടെ കൈവഴിയായ കൊരിംഗ നദിയുടെ തീരത്തുള്ള ഈ പ്രദേശം കച്ചവടത്തിന് ഏറെ സൗകര്യപ്രദമായിരുന്നു. അന്നത്തെ ഹൈദരാബാദ് നിസാമിന്റെയും രാജമഹേന്ദ്രവരത്തെ പ്രാദേശിക ഭരണാധികാരികളുടെയും അനുമതിയോടെയാണ് ഫ്രഞ്ചുകാർ ഇവിടെ ഫാക്ടറികൾ സ്ഥാപിച്ചത്.

​നെല്ല്, തുണിത്തരങ്ങൾ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രമായി യാനം വളർന്നു. ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ചെറിയൊരു വാണിജ്യ കേന്ദ്രമായിരുന്നുവെങ്കിലും തന്ത്രപ്രധാനമായ സ്ഥലമായിരുന്നു ഇത്. ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന യാനത്തിൽ പോണ്ടിച്ചേരി ഗവർണറുടെ കീഴിലുള്ള ഒരു 'അഡ്മിനിസ്ട്രേറ്റർ' ആണ് ഭരണം നിയന്ത്രിച്ചിരുന്നത്.

1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും യാനം ഫ്രഞ്ച് അധീനതയിൽ തന്നെ തുടർന്നു. എന്നാൽ യാനത്തിലെ ജനങ്ങളും ദേശീയവാദികളും ഫ്രഞ്ച് ഭരണത്തിനെതിരെയും ഇന്ത്യൻ യൂണിയനിലുള്ള ലയനത്തെ അനുകൂലിച്ചും ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കല്ലൂരി സുബ്ബ റാവു, ദത്‌ല സത്യനാരായണ തുടങ്ങിയവരുടെ നേതൃത്വത്തിൽ യാനത്തിൽ ഫ്രഞ്ച് വിരുദ്ധ പോരാട്ടങ്ങൾ കൊടുമ്പിരികൊണ്ടു.  1954 ജൂൺ 13-ന് യാനത്തിലെ ദേശീയവാദികളും വിമോചന സേനാനികളും ഫ്രഞ്ച് ഭരണകൂടത്തിനെതിരെ ശക്തവുമായ ഒരു മുന്നേറ്റം നടത്തി ഫ്രഞ്ച് അധികാരികളെ പുറത്താക്കുകയും യാനം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് യാനത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തപ്പെട്ടു. യാനത്തിലെ ജനങ്ങളുടെ വികാരവും അന്നത്തെ സംഭവവികാസങ്ങളും കണക്കിലെടുത്ത് ഫ്രഞ്ച് സർക്കാർ ഇന്ത്യയുമായി ചർച്ചകൾ നടത്തി. 1954 നവംബർ 1-ന് യാനവും ഡീ ഫാക്ടോ (De facto) ആയി ഇന്ത്യൻ യൂണിയന്റെ ഭാഗമായി മാറി. പിന്നീട് 1962-ൽ ഔദ്യോഗിക ഉടമ്പടിയിലൂടെ (De jure) ഇന്ത്യയുടെ അവിഭാജ്യ ഘട്ടമായി തീർന്നു. ​ഇന്ന് ആന്ധ്രാപ്രദേശിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന യാനം, പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ നാല് ജില്ലകളിൽ ഒന്നായി തുടരുന്നു.

ഹൂഗ്ലി നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ചന്ദ്രാനഗർ.  ഇന്ത്യയിലെ ഫ്രഞ്ച് കോളനികളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു ചരിത്ര നഗരമാണിത്.  കൊൽക്കത്ത നഗരത്തിന് ഏകദേശം 30 കിലോമീറ്റർ വടക്കായിട്ടാണ് ഇതിന്റെ സ്ഥാനം. ​1673-ൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഡെക്കാഡിലെ മുഗൾ നവാബായ ഇബ്രാഹിം ഖാനിൽ നിന്ന് ഹൂഗ്ലി നദീതീരത്ത് വ്യാപാരം നടത്തുന്നതിനായി അനുമതി വാങ്ങിയതോടെയാണ് ചന്ദ്രാനഗറിന്റെ തുടക്കം. ഫ്രഞ്ച് ഉദ്യോഗസ്ഥനായ ഫ്രാങ്കോയിസ് മാർട്ടിൻ (François Martin) ഇതിന് നേതൃത്വം നൽകി.

1688-ഓടെ ഇതൊരു സ്ഥിരം ഫ്രഞ്ച് ഫാക്ടറിയായി മാറി. ജോസഫ് ഫ്രാൻസ് ഡ്യുപ്ലെക്സ് (Joseph François Dupleix) ചന്ദ്രാനഗറിന്റെ ഗവർണറായി സേവനമനുഷ്ഠിച്ച കാലത്താണ് (1731–1741) ഈ നഗരം സാമ്പത്തികമായും വാണിജ്യപരമായും അതിന്റെ ഏറ്റവും ഉന്നതിയിലെത്തിയത്. 1731 നും 1741 നും ഇടയ്ക്കായിരുന്നു അദ്ധേഹത്തിൻ്റെ സേവന കാലം. അക്കാലത്ത് കൊൽക്കത്തയിലെ ബ്രിട്ടീഷ് ആധിപത്യത്തോട് കിടപിടിക്കുന്ന വലിയൊരു വാണിജ്യ കേന്ദ്രമായി ഇത് വളർന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ശക്തമാക്കുന്നതിന്റെ ഭാഗമായി, 1757-ൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന കരയിലൂടെയും അഡ്മിറൽ ചാൾസ് വാട്സന്റെ കപ്പലുകൾ ജലത്തിലൂടെയും ചന്ദ്രാനഗർ ആക്രമിച്ച് കീഴടക്കി. ഫ്രഞ്ച് കോട്ടകളും കെട്ടിടങ്ങളും അവർ തകർത്തു.

​പാരീസ് ഉടമ്പടിയെത്തുടർന്ന് (1763) ഈ പ്രദേശം പിന്നീട് ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ചെങ്കിലും, ബ്രിട്ടീഷ് ഇന്ത്യയുടെ ചുറ്റുമുള്ള ചെറിയൊരു തുരുത്തായി അതിന്റെ പ്രതാപം മങ്ങി. പിന്നീട് പലതവണ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പോണ്ടിച്ചേരി പോലെ തന്നെ ചന്ദ്രാനഗറിലും ഫ്രഞ്ച് വാസ്തുവിദ്യയുടെ പ്രകടമായ സ്വാധീനമുണ്ട്. ഹൂഗ്ലി നദിക്കരയോട് ചേർന്നുനിൽക്കുന്ന മനോഹരമായ സ്ട്രാൻഡ് റോഡ് (Strand Road), ഫ്രഞ്ച് ശൈലിയിലുള്ള പഴയ വീടുകൾ, പള്ളികൾ എന്നിവ ഇന്നും ആ കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.

​ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ മിഷനറിമാരുടെ നേതൃത്വത്തിൽ പള്ളികളും സ്ഥാപിച്ചു. ഇന്ന് ഇവിടെയുള്ള സേക്രഡ് ഹാർട്ട് ചർച്ച് (Sacred Heart Church) ഏറെ പ്രശസ്തമാണ്. ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ചന്ദ്രാനഗർ ഫ്രഞ്ച് ഭരണത്തിൻ കീഴിൽ തന്നെയായിരുന്നു തുടർന്നത്. എന്നാൽ അവിടത്തെ ജനങ്ങൾ ഫ്രഞ്ച് ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1949 ജൂണിൽ നടന്ന ഹിതപരിശോധനയിൽ (Referendum) ചന്ദ്രാനഗറിലെ ജനങ്ങൾ ഇന്ത്യയോടൊപ്പം ചേരാൻ തീരുമാനിച്ചു. ​തുടർന്ന് 1950 ജൂൺ മാസത്തിൽ ഫ്രഞ്ച് സർക്കാർ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് കൈമാറുകയും, 1952 ഫെബ്രുവരി 2-ന് ചന്ദ്രാനഗർ പൂർണ്ണമായി പശ്ചിമ ബംഗാൾ സംസ്ഥാനത്തോടൊപ്പം ലയിപ്പിക്കുകയും ചെയ്തു. മറ്റു ഫ്രഞ്ച് കോളനികൾ 1954-ലാണ് ലയിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ ഫ്രഞ്ച് നിയന്ത്രണത്തിൽ നിന്ന് ആദ്യം മോചിപ്പിക്കപ്പെട്ട പ്രദേശം ചന്ദ്രാനഗറാണ്. 

മൊത്തത്തിൽ വിലയിരുത്തുമ്പോൾ പോർച്ചുഗീസുകാരുടെയോ ഇംഗ്ലിഷുകാരുടെയോ കാലം പോലെ ക്രൂരതകളുടേയോ ഭീകരമായ അടിച്ചമർത്തലുകളുടെയോ കാലമായിരുന്നില്ല ഫ്രഞ്ചുകാലം. അവരിൽ നിന്നുള്ള മോചനം രക്തരൂഷിതമായ സമരങ്ങളിലൂടെയോ പോരാട്ടങ്ങളിലൂടെയോ ആയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അപായരഹിതമായ പ്രക്ഷോഭങ്ങൾ, ജനാധിപത്യപരമായ ചില രാഷ്ട്രീയ നീക്കങ്ങൾ എന്നിവയിലൂടെ കോളനികളുടെ മോചനം സാധ്യമാക്കിയെടുക്കാൻ സ്വാതന്ത്ര്യ സമര പോരാളികൾക്കു കഴിഞ്ഞു. ഇന്ത്യയെ കോളനിയാക്കി വച്ചവരിൽ ഡച്ചുകാരും ഫ്രഞ്ചുകാരും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിന്നു.  പുതുച്ചേരി, മാഹി, യാനം, കാരയ്ക്കൽ തുടങ്ങിയ ഫ്രഞ്ച് കോളനികളിലെ ജനങ്ങൾക്ക് ഫ്രഞ്ച് പൗരത്വം നൽകിയിരുന്നു. ഫ്രഞ്ച് നിയമവ്യവസ്ഥയിലും തിരഞ്ഞെടുപ്പുകളിലും അവർക്ക് വോട്ടവകാശവും പ്രാതിനിധ്യവും ലഭിച്ചു. അതിനാൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നതുപോലെയുള്ള സായുധകലാപങ്ങളോ ചോരപ്പുഴ ഒഴുക്കിയുള്ള പോരാട്ടങ്ങളോ ഫ്രഞ്ച് കോളനികളുടെ മോചനത്തിനായി വേണ്ടി വന്നില്ല. 1947 നു ശേഷം വർഷങ്ങളോളം അവർക്ക് ഇന്ത്യക്കകത്ത് തുടരാൻ കഴിഞ്ഞത് അതുകൊണ്ടാവണം.


കുറിപ്പുകൾ

* പതിനെട്ടാം നൂറ്റാണ്ടിൽ (1746–1763 കാലഘട്ടത്തിൽ) ദക്ഷിണേന്ത്യയിൽ, വിശേഷിച്ച് കർണാടക പ്രദേശത്തും തമിഴ്നാട്ടിലുമായി ബ്രിട്ടീഷ് ഈസ്റ്റഇന്ത്യാ കമ്പനിയും ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന തുടർച്ചയായ യുദ്ധങ്ങളാണ് കർണാടക യുദ്ധങ്ങൾ (Carnatic wars)  എന്നറിയപ്പെടുന്നത്. 

ഇന്നത്തെ കർണാടക സംസ്ഥാനമല്ല അന്ന് കർണാടക എന്നറിയപ്പെട്ടിരുന്നത്. വടക്കൻ തമിഴ്‌നാടും ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന കോറമാണ്ടൽ തീരപ്രദേശത്തെയാണ് കർണാടകം എന്നു വിളിച്ചിരുന്നത്. ഹൈദരാബാദ് നൈസാമിൻ്റെ നിയന്ത്രണത്തിലായിരുന്നു അന്ന് ഈ പ്രദേശങ്ങൾ. ഇവിടെയായിരുന്നു ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും പ്രധാന വ്യാപാര കേന്ദ്രങ്ങൾ ഉണ്ടായിരുന്നത്; മദ്രാസ്, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങൾ.  ഈ പ്രദേശത്ത് മേധാവിത്വം സ്ഥാപിക്കാൻ വേണ്ടി നടന്ന  യുദ്ധങ്ങളായതിനാലാണ് ഇവയ്ക്ക് കർണാടക യുദ്ധങ്ങൾ എന്ന് പേര് വന്നത്.

യൂറോപ്പിൽ ബ്രിട്ടനും ഫ്രാൻസും തമ്മിലുണ്ടായ രാഷ്ട്രീയ-വാണിജ്യ ശത്രുതയുടെ പ്രതിഫലനമെന്നോണം ഇന്ത്യയിലും ഇരു ശക്തികളും പരസ്പരം ഏറ്റുമുട്ടി. ​ഇന്ത്യയിൽ തങ്ങളുടെ രാഷ്ട്രീയ മേധാവിത്വവും വാണിജ്യ കുത്തകയും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുദ്ധങ്ങൾ നടന്നത്. പ്രാദേശിക നവാബുമാരുടെയും നാട്ടുരാജാക്കന്മാരുടെയും അനന്തരാവകാശ തർക്കങ്ങളിൽ ഇരു കക്ഷികളും എതിർ ചേരികളിൽ നിന്ന് ഇടപെടുകയായിരുന്നു.​ ആകെ മൂന്ന് കർണാടക യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്:

ഓസ്ട്രിയൻ അവകാശവാദ യുദ്ധത്തിന്റെ ഭാഗമായി ഇന്ത്യയിലും ബ്രിട്ടനും ഫ്രഞ്ചുകാരും തമ്മിൽ യുദ്ധം ചെയ്തു. ഫ്രഞ്ച് ഗവർണർ ഡ്യുപ്ലെയുടെ നേതൃത്വത്തിൽ ഫ്രഞ്ചുകാർ മദ്രാസ് പിടിച്ചെടുത്തു. 1748 ലെ എക്സ്-ലാ-ഷാപെൽ ഉടമ്പടിയോടെ ഈ യുദ്ധം അവസാനിക്കുകയും മദ്രാസ് തിരികെ നൽകുകയും ചെയ്തു. ഇതാണ് കർണാടക യുദ്ധ പരമ്പരയിലെ ആദ്യ യുദ്ധം. 1749 നും 1754 നും ഇടയിലാണ്  രണ്ടാം കർണാടക യുദ്ധം നടന്നത്. രണ്ടാം ഹൈദരാബാദ് നിസാം പദവിയെച്ചൊല്ലിയും കർണാടക നവാബ് സ്ഥാനത്തെച്ചൊല്ലിയും ഉണ്ടായ അനന്തരാവകാശത്തർക്കങ്ങളായിരുന്നു ഇതിനു കാരണം. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും വ്യത്യസ്ത പക്ഷങ്ങളെ പിന്തുണച്ച് ഏറ്റുമുട്ടി. റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു. 1754 ലെ പോണ്ടിച്ചേരി ഉടമ്പടിയോടെ ഇത് അവസാനിച്ചു.

​1758 മുതൽ 1763 വരെ നടന്നതാണ് മൂന്നാം കർണാടകയുദ്ധം.യൂറോപ്പിൽ സപ്തവത്സര യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയിലും ഇരു ശക്തികളും വീണ്ടും പോരാട്ടത്തിലായി. ഫ്രാൻസും റഷ്യയും ഒരു ഭാഗത്തും പ്രഷ്യയുമറുഭാഗത്തുമായി നടന്ന നീണ്ട യുദ്ധമായിരുന്നു സപ്തവത്സര യുദ്ധം. ലോകമഹായുദ്ധങ്ങൾക്കു മുമ്പു നടന്ന മറ്റൊരു ലോക യുദ്ധം എന്നാണ് സപ്തവത്സര യുദ്ധം ചരിത്രത്തിൽ അറിയപ്പെട്ടത്. യൂറോപ്പിൽ നടന്ന ഈ മഹായുദ്ധത്തിൻ്റെ ചെറു പതിപ്പാണ് തമിഴ്നാട്ടിലെ വണ്ടി വാസിൽ നടന്നത്.  ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന ഈ ഏറ്റുമുട്ടൽ വണ്ടി വാഷ് യുദ്ധം എന്നറിയപ്പെടുന്നു. 1760-ൽ നടന്ന വന്ണ്ടിവാസ് യുദ്ധത്തിൽ സർ അയർ കൂട്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് ജനറൽ കൗണ്ട് ഡി ലാലിയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ പരാജയപ്പെടുത്തി. 1763 ലെ പാരിസ് ഉടമ്പടിയോടെ ഇന്ത്യയിലെ ഫ്രഞ്ച് സ്വാധീനം ഏതാണ്ട് പൂർണ്ണമായി അവസാനിക്കുകയും ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിക്കപ്പെടുകയും ചെയ്തു. 

​ഈ യുദ്ധങ്ങളുടെ വിജയം ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ പാകുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. സപ്തവത്സര യുദ്ധം ഫ്രാൻസിനെ സാമ്പത്തികമായും സൈനികമായും തളർത്തി.  അവരുടെ കോളനികൾ പലതും നഷ്ടപ്പെടുന്നതിലേക്ക് ഈ യുദ്ധ പരാജയം അവരെ കൊണ്ടു ചെന്നെത്തിച്ചു. 1789ലെ ഫ്രഞ്ചു വിപ്ളവത്തിലേക്ക് ഫ്രാൻസ് ചെന്നു ചേർന്നത് ഈ യുദ്ധ പരാജയവും സാമ്പത്തികത്തകർച്ചയും കൊണ്ടു കൂടിയാണ്.

** ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്ന പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം തുടങ്ങിയ പ്രദേശങ്ങളിൽ നടപ്പിലാക്കിയിരുന്ന തദ്ദേശ സ്വയംഭരണ സംവിധാനമാണ് കമ്മ്യൂൺ കൗൺസിൽ. ​ഫ്രഞ്ച് ഭരണരീതിയുടെ ഭാഗമായിരുന്നു ഇത്. ഇന്നത്തെ പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ സമാനമായി, ഓരോ പ്രദേശത്തെയും (Commune) അടിസ്ഥാനപരമായ വികസനം, ശുചീകരണം, ജനന-മരണ രജിസ്ട്രേഷൻ, പ്രാദേശിക പൊതുവസ്തുക്കളുടെ പരിപാലനം എന്നിവ നടത്തിയിരുന്നത് ഈ കൗൺസിലുകളായിരുന്നു.

​കമ്മ്യൂൺ കൗൺസിലുകളിലെ അംഗങ്ങളെ (Municipal/Commune Councillors) അതാത് പ്രദേശങ്ങളിലെ ജനങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുക്കുകയാണ് പതിവ്.  ഫ്രഞ്ച് പൗരത്വമുള്ളവരും നിശ്ചിത യോഗ്യതയുള്ളവരുമായിരുന്നു ഇതിൽ വോട്ട് ചെയ്തിരുന്നത്.ഫ്രഞ്ച് കോളനികളുടെ അവസാന കാലഘട്ടത്തിൽ ഈ കൗൺസിലുകൾ രാഷ്ട്രീയമായി വളരെ നിർണായകമായി മാറി. ഫ്രഞ്ച് ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഇവിടത്തെ ജനപ്രതിനിധികളും കമ്മ്യൂൺ കൗൺസിൽ അംഗങ്ങളും വലിയ പങ്കുവഹിച്ചു.

1954-ൽ ഫ്രഞ്ച് അധീന പ്രദേശങ്ങൾ ഇന്ത്യയോടൊപ്പം ചേരണോ അതോ ഫ്രാൻസിനൊപ്പം തുടരണോ എന്ന് തീരുമാനിക്കാൻ കാരയ്ക്കലിലെയും മറ്റ് ഫ്രഞ്ച് കോളനികളിലെയും കമ്മ്യൂൺ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് വോട്ടെടുപ്പ് നടത്തിയിരുന്നു. കാരയ്ക്കലിലെയും പോണ്ടിച്ചേരിയിലെയും കമ്മ്യൂൺ കൗൺസിൽ അംഗങ്ങളും മേയർമാരും ചേർന്ന് പ്രമേയം വഴി ഇന്ത്യൻ യൂണിയനിൽ ചേരാൻ എടുത്ത ഐതിഹാസികമായ തീരുമാനം ഈ പ്രദേശങ്ങളുടെ വിമോചനത്തെയും ഇന്ത്യയുമായുള്ള കൂട്ടിച്ചേർക്കലിനെയും ഔദ്യോഗികമായി വേഗത്തിലാക്കാൻ സഹായിച്ചു.

Follow us on WhatsApp 

എഴുത്തുകാരന്റെ പേര്

എഴുത്തുകാരൻ, സാംസ്കാരിക വിമർശകൻ. സാഹിത്യം, ചരിത്രം, സിനിമ, രാഷ്ട്രീയം, യാത്ര തുടങ്ങിയ മേഖലകളിൽ സ്ഥിരമായി എഴുതുന്നു. ജി.എച്ച്.എസ്. എസ്‌ ചിറ്റാരിപ്പറമ്പിൽ (കണ്ണൂർ) പ്രഥമാധ്യാപകൻ.​
bahuswara

Previous Post Next Post