സോണിയാ ഗാന്ധിയുടെ ആത്മകഥ എന്നത് വെറുമൊരു പുസ്തകമല്ല; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വങ്ങളിലൊരാളുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതരേഖയാണത്. പെൻഗ്വിൻ ഇന്ത്യ ആത്മകഥ തിരുത്താന്‍ ആവശ്യപ്പെട്ടു എന്ന വാർത്തകൾ ശരിയാണെങ്കിൽ, ഇത് കേവലം ഒരു എഴുത്തുകാരിയും പ്രസാധകനും തമ്മിലുള്ള തർക്കമല്ല; മറിച്ച്, ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം ഇന്ന് നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ നേർചിത്രമാണ്.
വിവാദം മുഹമ്മദ് സിയാവുള്ള ഖാൻ
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റാനും മാറ്റങ്ങൾ വരുത്താനും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടതും, ആ നിർദ്ദേശങ്ങൾ അവർ തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകൾ ഗൗരവതരവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പുസ്തകത്തിന്റെ അന്താരാഷ്ട്ര പതിപ്പ് പെൻഗ്വിൻ റാൻഡം ഹൗസ് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നതുകൊണ്ടുതന്നെ ഈ വിവാദത്തിന് പ്രസക്തിയേറുന്നു. ലോകമെമ്പാടുമുള്ള വായനക്കാർക്കായി ഈ പുസ്തകം പുറത്തിറക്കാൻ ഇതേ പ്രസാധകർ തയ്യാറാകുമ്പോൾ, അവരുടെ ഇന്ത്യൻ വിഭാഗം എന്തിനാണ് ഇത്തരം തിരുത്തലുകൾക്കും വെട്ടിമാറ്റലുകൾക്കും തുനിഞ്ഞത്? ആ ആവശ്യങ്ങൾക്ക് പിന്നിലെ യുക്തി എന്തായിരുന്നു? എല്ലാറ്റിലുമുപരി, പ്രസാധകർ ഏതെങ്കിലും തരത്തിലുള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നോ?
Read More: ബി ജെ പി അനുകൂല കുടുംബം, സൈനികനായ അച്ഛൻ
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം ചോദ്യങ്ങളെ ലളിതമായി തള്ളിക്കളയാനാവില്ല. സോണിയാ ഗാന്ധിയുടെ ആത്മകഥ എന്നത് വെറുമൊരു പുസ്തകമല്ല; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വങ്ങളിലൊരാളുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതരേഖയാണത്. ഒരു വിദേശവനിതയായി ഇന്ത്യയിലെത്തി, രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നിന്റെ അധ്യക്ഷ പദവിയിലെത്തുകയും, തുടർന്ന് പതിറ്റാണ്ടുകളോളം പൊതുപ്രവർത്തനത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത അവരുടെ ജീവിതവഴി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ കൂടി ഭാഗമാണ്.
സ്വന്തം ജീവിതകഥ തുറന്നുപറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവർക്കുണ്ട്. ഒരു ആത്മകഥ എന്നത് അതിന്റെ രചയിതാവിന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ഓർമ്മകളും വീക്ഷണങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത്. ആ നിലപാടുകളോട് വായനക്കാർക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം; വിമർശകർക്ക് അതിനെ ചോദ്യം ചെയ്യാം; ചരിത്രകാരന്മാർക്ക് അപഗ്രഥിക്കാം. എന്നാൽ അധികാരത്തിലിരിക്കുന്നവർക്ക് അരോചകമായി തോന്നുന്നു എന്ന ഒരൊറ്റ കാരണത്താൽ ഒരു രാഷ്ട്രീയ ആത്മകഥയിലെ വസ്തുതകളെ വെട്ടിനിരത്താൻ ആർക്കും അധികാരമില്ല. പെൻഗ്വിൻ ഇന്ത്യ തിരുത്തലുകൾ ആവശ്യപ്പെട്ടു എന്ന വാർത്തകൾ ശരിയാണെങ്കിൽ, ഇത് കേവലം ഒരു എഴുത്തുകാരിയും പ്രസാധകനും തമ്മിലുള്ള തർക്കമല്ല; മറിച്ച്, ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം ഇന്ന് നേരിടുന്ന വലിയൊരു പ്രതിസന്ധിയുടെ നേർചിത്രമാണ്.
'എഡിറ്റോറിയൽ തീരുമാനങ്ങൾ' എന്ന പുകമറ
പ്രസാധന രംഗത്ത് സ്വാഭാവികമായും എഡിറ്റോറിയൽ പ്രക്രിയകൾ ഉണ്ടാകാറുണ്ട്. ഭാഷയും ഘടനയും വ്യക്തതയും വസ്തുതാപരമായ കൃത്യതയും മെച്ചപ്പെടുത്താൻ എഡിറ്റർമാർ നിർദ്ദേശങ്ങൾ നൽകാറുമുണ്ട്. എന്നാൽ യഥാർത്ഥ എഡിറ്റോറിയൽ മാർഗ്ഗനിർദ്ദേശങ്ങളും, രാഷ്ട്രീയമായി അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടുകൾ മാറ്റിയെഴുതാനോ വെട്ടിമാറ്റാനോ ആവശ്യപ്പെടുന്നതും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. 'എഡിറ്റോറിയൽ തീരുമാനങ്ങൾ' എന്ന മറവിൽ സോണിയാ ഗാന്ധിയുടെ ആത്മകഥയിലെ നിർണ്ണായക ഭാഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്, സ്വന്തം കഥ പറയാനുള്ള ഒരു എഴുത്തുകാരിയുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
എന്തൊക്കെ ഭാഗങ്ങളാണ് യഥാർത്ഥത്തിൽ വെട്ടിമാറ്റാൻ ആവശ്യപ്പെട്ടത്?
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, ആർ.എസ്.എസിനെയും ചൈനയെയും കുറിച്ചുള്ള പരാമർശങ്ങളും നരേന്ദ്ര മോദിയുടെ 'ജേഴ്‌സി പശു' പരാമർശവും പുസ്തകത്തിൽ നിന്ന് ഒഴിവാക്കാനാണ് പ്രസാധകർ ആവശ്യപ്പെട്ടത്. എന്നാൽ സോണിയാ ഗാന്ധി ഇതിന് വഴങ്ങിയില്ല. ഈ ആവശ്യങ്ങളുടെ പൊരുൾ എന്താണെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഇവ വസ്തുതാപരമായ കൃത്യതയോ നിയമപരമായ ആശങ്കകളോ സാഹിത്യപരമായ നിലവാരമോ മുൻനിർത്തിയുള്ളതായിരുന്നോ? അതോ നിലവിലെ ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ഭയന്നായിരുന്നോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കാത്ത കാലത്തോളം, ഇന്ത്യയിൽ പ്രസാധകർക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കാനാകും എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുക തന്നെ ചെയ്യും.
പുസ്തകം അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയും, ഇന്ത്യയിൽ പെൻഗ്വിൻ വിമുഖത കാട്ടുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഈ ചോദ്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. വിദേശത്ത് പ്രസിദ്ധീകരിക്കാൻ യോഗ്യമായ ഒരു കൃതിക്ക് ഇന്ത്യയിൽ എന്തിനാണ് പ്രത്യേകമായ വെട്ടിമാറ്റലുകൾ? പ്രതിപക്ഷ നേതാക്കളുടെ വീക്ഷണങ്ങൾ പ്രസിദ്ധീകരിക്കും മുൻപ് പ്രസാധകർ പോലും രാഷ്ട്രീയ മുൻകരുതലുകൾ എടുക്കാൻ നിർബന്ധിതരാകുന്ന വിധം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ അത്രമേൽ വീർപ്പുമുട്ടിക്കുന്ന ഒന്നായി മാറുകയാണോ?
സമ്മർദ്ദത്തിന്റെയും സ്വയം സെൻസർഷിപ്പിന്റെയും അന്തരീക്ഷം
കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ വിയോജിപ്പുകളുടെ ഇടങ്ങൾ ചുരുങ്ങിവരുന്നതിനെക്കുറിച്ച് നിരന്തരം ആശങ്കകൾ ഉയരുന്നുണ്ട്. വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ഭയപ്പെടുത്തലുകളെക്കുറിച്ചും പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും സ്വതന്ത്ര മാധ്യമങ്ങളും അക്കാദമിക് പണ്ഡിതരും പൗരസമൂഹവുമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ഇവിടെ ഭീഷണി എപ്പോഴും നേരിട്ടുള്ള സെൻസർഷിപ്പ് മാത്രമല്ല; പലപ്പോഴും അതിനേക്കാൾ അപകടകരമായ 'സ്വയം സെൻസർഷിപ്പ്' (Self-censorship) ആണ്. ഭരണാധികാരികൾക്ക് എന്താണ് അനിഷ്ടമുണ്ടാക്കുക എന്ന് മുൻകൂട്ടി കണ്ട് സ്ഥാപനങ്ങൾ സ്വയം വിട്ടുവീഴ്ചകൾ ചെയ്യാൻ തുടങ്ങുന്നു; അതിനായി ഔദ്യോഗിക ഉത്തരവുകൾ പോലും കാത്തിരിക്കേണ്ടി വരുന്നില്ല. പ്രസാധകർ വിവാദ പുസ്തകങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു; മാധ്യമങ്ങൾ വിമർശനങ്ങളുടെ മൂർച്ച കുറയ്ക്കുന്നു; സർവ്വകലാശാലകൾ ഭരണകൂടത്തിന് അഹിതമായ ചർച്ചകളെ നിരുത്സാഹപ്പെടുത്തുന്നു; ചില വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് വലിയ അപകടമാണെന്ന് കലാകാരന്മാർ സ്വയം വിധിയെഴുതുന്നു.
പരസ്യമായ നിരോധനങ്ങളിലൂടെ മാത്രമല്ല ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ തകരുന്നത്; മറിച്ച്, "ഇത് ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ?" എന്ന് എല്ലാവരും പരസ്പരം ചോദിക്കാൻ തുടങ്ങുന്ന ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോഴാണ്. സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ മാറ്റങ്ങൾ വരുത്താൻ പെൻഗ്വിൻ ഇന്ത്യ നേരിട്ടോ അല്ലാതെയോ സമ്മർദ്ദത്തിലായിരുന്നെങ്കിൽ, രാഷ്ട്രീയ ഭയപ്പെടുത്തലുകൾ സാംസ്കാരിക-ബൗദ്ധിക സ്ഥാപനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ അസ്വസ്ഥജനകമായ തെളിവാണത്.
പ്രതിപക്ഷ ശബ്ദങ്ങളെ അരികുവത്കരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു എന്ന് വിമർശകർ നിരന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളുടെ ഉപയോഗം വഴിയായാലും, മാധ്യമങ്ങൾക്കുമേലുള്ള സമ്മർദ്ദം വഴിയായാലും, വിയോജിപ്പുകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ വഴിയായാലും ചോദ്യം ഒന്നുതന്നെയാണ്: അധികാരികളെ വെല്ലുവിളിക്കുന്ന ശബ്ദങ്ങൾക്ക് തുല്യമായ ജനാധിപത്യ ഇടം ഇന്ത്യ ഇപ്പോഴും നൽകുന്നുണ്ടോ? ഭരണകൂടത്തിന്റെ ശബ്ദം മാത്രമായി ഒരു ജനാധിപത്യത്തിനും നിലനിൽക്കാനാവില്ല.
സ്വന്തം കഥ പറയാനുള്ള അവകാശം
തന്റെ ജീവിതത്തിന്റെ സിംഹഭാഗവും രാജ്യസേവനത്തിനായി മാറ്റിവെച്ച വ്യക്തിയാണ് സോണിയാ ഗാന്ധി. ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾക്ക് അവരുടെ രാഷ്ട്രീയജീവിതം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യക്തിപരമായ ദുരന്തങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും തെരഞ്ഞെടുപ്പ് വിജയപരാജയങ്ങളും സമീപകാല ചരിത്രത്തിലെ നിർണ്ണായക സംഭവവികാസങ്ങളുമെല്ലാം അവർ അനുഭവിച്ചറിഞ്ഞതാണ്. അവരുടെ ആത്മകഥ ആ അനുഭവങ്ങളുടെ പ്രതിഫലനമാണ്. താൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ അതേപടി വിവരിക്കാൻ അവർക്ക് പൂർണ്ണ അവകാശമുണ്ട്. തന്റെ ഓർമ്മകളും അഭിപ്രായങ്ങളും രാഷ്ട്രീയ വീക്ഷണങ്ങളും പങ്കുവെക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്; ആ വീക്ഷണങ്ങൾ എന്താണെന്ന് അറിയാൻ വായനക്കാർക്കും അവകാശമുണ്ട്. അതാണ് ഒരു സ്വതന്ത്ര സമൂഹത്തിന്റെ അന്തസ്സത്ത.
Read More: ദേശീയ വിദ്യാഭ്യാസ നയം നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുക?
അവരുടെ ജീവിതകഥ വെളിച്ചം കാണാൻ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. എഴുത്തുകാരി പ്രതിപക്ഷത്താണ് എന്നതുകൊണ്ടുമാത്രം രാഷ്ട്രീയമായി ഒത്തുതീർപ്പുകൾ വരുത്താൻ ഒരു പ്രസാധകരും നിർബന്ധിതരാകരുത്. എല്ലാവരും ഒരേ സ്വരത്തിൽ സംസാരിക്കുമ്പോഴല്ല ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്; മറിച്ച്, വിയോജിക്കുന്നവർക്ക് ഭയമില്ലാതെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ്.
അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങളും കേൾക്കപ്പെടണം
വിവിധ ആശയങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്ത്ര സംവാദങ്ങളുടെയും നാടാണ് ഇന്ത്യ. കോൺഗ്രസിന് അതിന്റേതായ ചരിത്ര വീക്ഷണമുണ്ട്, ബി.ജെ.പിക്ക് മറ്റൊന്നുമുണ്ട്, ഇടതുപക്ഷത്തിന് അവരുടേതായ കാഴ്ച്ചപ്പാടുകളുമുണ്ട്. സാമൂഹിക പ്രസ്ഥാനങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാദേശിക പാർട്ടികൾക്കും പൗരസമൂഹത്തിനുമെല്ലാം ഭരണകൂട ഭാഷ്യങ്ങളെ ചോദ്യം ചെയ്യുന്ന സ്വന്തം ശബ്ദങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രത്തിന്മേൽ കുത്തക സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശമില്ല. എത്ര ശക്തരായാലും, ഏത് ഓർമ്മകളാണ് സ്വീകാര്യം, ഏതാണ് അസ്വീകാര്യം എന്ന് തീരുമാനിക്കാൻ ഒരു സർക്കാരിനും അധികാരവുമില്ല.
സോണിയാ ഗാന്ധിയുടെ ആത്മകഥയിലെ ചില വീക്ഷണങ്ങളോട് പലർക്കും ശക്തമായ വിയോജിപ്പുകൾ ഉണ്ടായേക്കാം; അത് തികച്ചും സ്വാഭാവികമാണ്. സംവാദങ്ങളിലൂടെയും മറുവാദങ്ങളിലൂടെയും വേണം വിമർശകർ അതിനെ നേരിടാൻ. എന്നാൽ രാഷ്ട്രീയമായി അഹിതമായ കാര്യങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെടുന്നത് തികച്ചും വ്യത്യസ്തവും അപകടകരവുമായ ഒന്നാണ്. നിങ്ങൾ വിയോജിക്കുന്ന ഒരു പുസ്തകത്തിനുള്ള മറുപടി മറ്റൊരു പുസ്തകമാണ്; അല്ലാതെ സെൻസർഷിപ്പോ ഭീഷണിയോ പ്രസാധകർക്കുമേലുള്ള സമ്മർദ്ദങ്ങളോ അല്ല.
പെൻഗ്വിൻ ഇന്ത്യ മറുപടി പറയണം
ഈ സംഭവം പെൻഗ്വിൻ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. പൊതുസമൂഹത്തോടും സാഹിത്യലോകത്തോടും ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അവർക്ക് ബാധ്യതയുണ്ട്. പുസ്തകത്തിൽ മാറ്റങ്ങളും വെട്ടിമാറ്റലുകളും ആവശ്യപ്പെട്ടിരുന്നുവെങ്കിൽ, എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന് പ്രസാധകർ വ്യക്തമാക്കണം.അവ സ്വാഭാവികമായ എഡിറ്റോറിയൽ നിർദ്ദേശങ്ങൾ മാത്രമായിരുന്നോ?. എന്തെങ്കിലും നിയമപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നോ?. അതോ നിലവിലെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ അന്തരീക്ഷത്തിന് വഴങ്ങുകയായിരുന്നോ? ഈ വേർതിരിവ് തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
പുസ്തകങ്ങൾ അച്ചടിച്ചിറക്കുക എന്നത് മാത്രമല്ല ഒരു പ്രസാധകന്റെ ഉത്തരവാദിത്തം. ആശയങ്ങളുടെയും സംവാദങ്ങളുടെയും ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെയും കാവലാളുകൾ കൂടിയാണവർ. ഭരണകൂടത്തിന് ചില ശബ്ദങ്ങളോട് അസഹിഷ്ണുത തോന്നുമ്പോൾ പ്രസാധകരുടെ ഈ ദൗത്യത്തിന് പ്രാധാന്യമേറുന്നു. ഈ ആത്മകഥ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കാനുള്ള പെൻഗ്വിൻ റാൻഡം ഹൗസിന്റെ തീരുമാനം ഇന്ത്യയിലെ സാഹചര്യത്തെ കൂടുതൽ തുറന്നുകാട്ടുന്നു. ലോകത്തിന് വായിക്കാവുന്ന ഒരു പുസ്തകം, പക്ഷേ ഇന്ത്യൻ വായനക്കാരിലേക്ക് എത്തുമ്പോൾ അത് ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്ന ഒന്നായി മാറുന്നു എന്നൊരു ധാരണയാണിത് ഉണ്ടാക്കുന്നത്. അതാണ് യാഥാർത്ഥ്യമെങ്കിൽ, നമ്മുടെ വർത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തിന്മേൽ ഏൽക്കുന്ന കനത്ത പ്രഹരമാണത്.
യഥാർത്ഥ ചോദ്യം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചാണ്
ഈ വിവാദം സോണിയാ ഗാന്ധിയിലോ അവരുടെ ആത്മകഥയിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. പ്രതിപക്ഷത്തിന് നിലനിൽക്കാൻ അനുവാദമുള്ള, എന്നാൽ സ്വതന്ത്രമായി സംസാരിക്കാൻ അനുവാദമില്ലാത്ത ഒരു ജനാധിപത്യത്തിലേക്കാണോ നാം നീങ്ങുന്നത് എന്നതാണ് യഥാർത്ഥ ചോദ്യം. ഭരണകക്ഷിക്ക് എത്ര ഉച്ചത്തിൽ സംസാരിക്കാൻ കഴിയുന്നു എന്നതിലല്ല ജനാധിപത്യത്തിന്റെ കരുത്ത് അളക്കേണ്ടത്; മറിച്ച്, ഭരണകൂടത്തിന്റെ വിമർശകർക്ക് എത്രത്തോളം നിർഭയമായി സംസാരിക്കാൻ കഴിയുന്നു എന്നതിലാണ്.
ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങൾ ആവശ്യമാണ്; ഭരണകൂടത്തെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങൾ ആവശ്യമാണ്. ഔദ്യോഗിക ഭാഷ്യങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ആത്മകഥകളും, അധികാരകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മാധ്യമപ്രവർത്തകരും, സംവാദങ്ങൾക്ക് തിരികൊളുത്തുന്ന എഴുത്തുകാരും, ബൗദ്ധിക സ്വാതന്ത്ര്യം അടിയറവ് വെക്കാത്ത പ്രസാധകരും ഈ രാജ്യത്തിന് അനിവാര്യമാണ്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഓരോ സ്ഥാപനങ്ങളും വഴങ്ങിക്കൊടുക്കാൻ തുടങ്ങിയാൽ, അതിന്റെ ഫലം ദേശീയ ഐക്യമല്ല, മറിച്ച് ഭയാനകമായ നിശ്ശബ്ദതയായിരിക്കും. ആ നിശ്ശബ്ദത ഒരിക്കലും ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ ലക്ഷണമല്ല.
അങ്ങനെയാണ് ഒരു ജനാധിപത്യം പ്രവർത്തിക്കേണ്ടത്. ഭരണകൂടത്തിന് അഹിതമാണെന്ന കാരണത്താൽ ഒരു രാഷ്ട്രീയ ശബ്ദത്തെ തിരുത്താനോ നേർപ്പിക്കാനോ അടിച്ചമർത്താനോ ഉള്ള ഏത് ശ്രമങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട്. സങ്കീർണ്ണവും ഭിന്നവുമായ വീക്ഷണങ്ങൾ ജനാധിപത്യത്തെ തളർത്തുകയല്ല ചെയ്യുന്നത്; മറിച്ച്, അവയെ അടിച്ചമർത്തുന്നതാണ് ജനാധിപത്യത്തെ തകർക്കുന്നത്. ഒരു ജനാധിപത്യത്തിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിയായി കാണാനാവില്ല. ജനാധിപത്യപരമായ സംവാദങ്ങളുടെ അവിഭാജ്യ ഘടകമാണവ. അതിനാൽത്തന്നെ പെൻഗ്വിൻ ഇന്ത്യയുമായി ബന്ധപ്പെട്ട ഈ വിഷയം കേവലമൊരു പ്രസാധന തർക്കമല്ല; മറിച്ച് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു ചോദ്യമാണ്. ഇന്നത്തെ ഇന്ത്യയിൽ, ആ ചോദ്യം ഉറക്കെയും നിർഭയമായും ചോദിക്കപ്പെടേണ്ടതുണ്ട്.
സോണിയാ ഗാന്ധിയുടെ ആത്മകഥയെച്ചൊല്ലിയുള്ള വിവാദം എഴുത്തുകാരിയും പ്രസാധകനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും അപ്പുറത്തുള്ള ഒന്നാണ്. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം, സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം, ചുരുങ്ങിപ്പോകുന്ന പ്രതിപക്ഷ ഇടങ്ങൾ എന്നിവയെക്കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളാണ് ഇത് ഉയർത്തുന്നത്. അധികാരത്തിലിരിക്കുന്നവരെ അപ്രീതിപ്പെടുത്തുമോ എന്ന ഭയത്താൽ പ്രസാധകർ രാഷ്ട്രീയ ചരിത്രങ്ങളെ തിരുത്തിയെഴുതാൻ തുടങ്ങിയാൽ, മുറിവേൽക്കുന്നത് ജനാധിപത്യത്തിന് തന്നെയാണ്. സ്വന്തം ജീവിതവും അനുഭവങ്ങളും രാഷ്ട്രീയയാത്രയും സ്വന്തം വാക്കുകളിൽ രേഖപ്പെടുത്താനുള്ള അവകാശം സോണിയാ ഗാന്ധി നേടിയിട്ടുള്ളതാണ്.
അവരുടെ ആത്മകഥ വിലയിരുത്തപ്പെടേണ്ടത് വായനക്കാരാലും, ചർച്ച ചെയ്യപ്പെടേണ്ടത് വിമർശകരാലും, അപഗ്രഥിക്കപ്പെടേണ്ടത് ചരിത്രകാരന്മാരാലുമാണ്; അല്ലാതെ രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ അതിന്റെ മൂർച്ച കുറച്ചുകൊണ്ടാവരുത്. കരുത്തുറ്റ ഒരു ജനാധിപത്യം അലോസരപ്പെടുത്തുന്ന ഓർമ്മകളെയോ വ്യത്യസ്ത വീക്ഷണങ്ങളെയോ ഭയപ്പെടുകയില്ല. ആശയങ്ങളുടെയും ശബ്ദങ്ങളുടെയും വൈവിധ്യമാണ് എക്കാലവും ഇന്ത്യയുടെ കരുത്ത്. രാജ്യം ഊർജ്ജസ്വലവും നിർഭയവുമായ ഒരു യഥാർത്ഥ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കണമെങ്കിൽ, അത്തരം ശബ്ദങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം.
(നാഗ്പൂര്‍ സ്വദേശിയായ എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ് ലേഖകന്‍ )
