കോഴിക്കോട് അബൂബക്കർ: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അതുല്യ പ്രതിഭ

മാപ്പിളപ്പാട്ടിന്റെ ഭാവതലങ്ങളെ തനിമ ചോരാതെ ചിട്ടപ്പെടുത്തി മലയാളികളുടെ കാതുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച അതുല്യ പ്രതിഭയായിരുന്നു വിടപറഞ്ഞ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ (ഔക്കുഭായ്). മാപ്പിളപ്പാട്ട് ശാഖയിൽ സ്വതന്ത്ര സംഗീത സംവിധായകർ തീരെ വിരളമായിരുന്ന കാലത്താണ് അദ്ദേഹം തന്റേതായ ഇടം വെട്ടിപ്പിടിക്കുന്നത്.

   ഓര്‍മ    |   ഫൈസൽ എളേറ്റിൽ


കോഴിക്കോട് അബൂബക്കര്‍ 

സാധാരണ മട്ടിൽ പാടിവന്നിരുന്ന മാപ്പിളപ്പാട്ടുകളെ പല്ലവിയും അനുപല്ലവിയും ചരണവുമൊക്കെയായി ചിട്ടപ്പെടുത്തി ഓർക്കസ്ട്രയുടെ മനോഹാരിതയിലേക്ക് വഴിനടത്തിയത് എം.എസ്. ബാബുരാജായിരുന്നു. ആ ബാബുക്കയുടെ തണലിൽ നിന്നാണ് പ്രിയപ്പെട്ട ഔക്കുഭായിയും ഈ രംഗത്തേക്ക് കടന്നുവരുന്നത്. എം. കുഞ്ഞിമൂസ, ചാന്ദ് പാഷ, കെ.വി. അബൂട്ടി, വൈ.എം. അക്ബർ തുടങ്ങിയ വിരലിലെണ്ണാവുന്ന സംഗീത സംവിധായകരുടെ നിരയിൽ പ്രതിഭകൊണ്ടും സർഗ്ഗാത്മകത കൊണ്ടും എന്നും വേറിട്ടുനിന്ന പേരായിരുന്നു കോഴിക്കോട് അബൂബക്കറിന്റേത്. തൊട്ടതെല്ലാം സൂപ്പർഹിറ്റാക്കി മാറ്റിയ മാന്ത്രികതയായിരുന്നു ആ കൈവിരലുകളിലുണ്ടായിരുന്നത്.

മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ വഴിത്തിരിവുകളിലൊന്ന് ചലച്ചിത്ര പിന്നണി ഗായകരുടെ കടന്നുവരവായിരുന്നു. കെ.ജെ. യേശുദാസും കെ.എസ്. ചിത്രയുമൊക്കെ മാപ്പിളപ്പാട്ടുകൾ പാടിയപ്പോൾ ഈ ശാഖയ്ക്കുണ്ടായ ജനകീയതയും വളർച്ചയും സമാനതകളില്ലാത്തതായിരുന്നു. ദാസേട്ടന്റെ ശബ്ദത്തിൽ ഇന്നും മലയാളി മൂളുന്ന ഭക്തിസാന്ദ്രവും വികാരനിർഭരവുമായ ഒട്ടേറെ ഗാനങ്ങൾക്ക് ജീവൻ പകർന്നത് ഔക്കുഭായിയാണ്.

കരയാനും പറയാനും മനം തുറന്നിറക്കാനും നീയല്ലാതെ ആരുമില്ല കോനേ...’

‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ...’

‘മൗത്തും ഹയാത്തിനും ഉടമസ്ഥനേ' 

'ത്വാഹാ റസൂലുള്ളാവേ...’

തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റുകൾ കാസറ്റ് കാലഘട്ടത്തെ തന്നെ ഇളക്കിമറിച്ചവയാണ്. ചിത്ര പാടിയ ‘യത്തീമിൻ അത്താണി...’, യേശുദാസും മകനും ചേർന്ന് പാടിയ ‘ഉമ്മയെ ചോദിച്ചു പൊന്നുമോൻ മോള് കരയല്ലേ...’ തുടങ്ങിയ ഗാനങ്ങൾ കേൾവിക്കാരുടെ കണ്ണുനനയിച്ച് മുന്നേറിയതും അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെയാണ്. സംഗീതപ്രേമികളുടെ ഹൃദയതാളം തിരിച്ചറിയാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.

Read More: ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും

വി.എം. കുട്ടി മാഷിന്റെ ട്രൂപ്പിലൂടെ വിളയിൽ ഫസീലയും വടകര കൃഷ്ണദാസും പാടി അനശ്വരമാക്കിയ ‘ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ... ഉടയോൻ തുണയില്ലേ നമുക്കൂ ബാപ്പാ...’ എന്ന ഗാനം ഇന്നും ബലിപെരുന്നാൾ വേദികളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്. എം.ജി. ശ്രീകുമാറിന്റെ ‘മുറാദിയാ മുറാദി...’, കെ.ജി. മാർക്കോസിന്റെ ‘എങ്ങുനിന്ന് വിളിച്ചാലും എന്തു ചോദിച്ചാലും...’, പുതിയ തലമുറയും ആവേശത്തോടെ ഏറ്റെടുത്ത ‘പാടാൻ ഞാൻ ഗായകനല്ല ...’ എന്നീ പാട്ടുകളിലെല്ലാം തിളങ്ങിനിന്നത് ഔക്കുഭായിയുടെ കരവിരുത് തന്നെയായിരുന്നു. ‘ഫുർഖാനുൽ അളീമാണ് പരിശേറും പൂങ്കാവാണ്...’ എന്ന പഴയകാല ഗാനത്തിന്റെ ഈണം ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. കണ്ണൂർ ശരീഫ്, രഹന, എം.എ. ഗഫൂർ തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകരും പ്രഗത്ഭരായ പിന്നണി ഗായകരുമെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.

പാട്ടുകൾ വലിയ ജനപ്രീതി നേടുമ്പോഴും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തികച്ചും സാധാരണക്കാരനായി ജീവിച്ചു എന്നതാണ് കോഴിക്കോട് അബൂബക്കറിന്റെ മറ്റൊരു മഹത്വം. വലിയൊരു സംഗീത സംവിധായകനെന്ന ഭാവങ്ങളൊന്നുമില്ലാതെ, വേദികളിൽ തബല വായിച്ചും പുതിയ പാട്ടുകൾക്ക് ഈണമിട്ടും അദ്ദേഹം തന്റെ സംഗീത സപര്യ തുടർന്നുപോന്നു. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതരീതിയും ഉറക്കെ സംസാരിക്കാത്ത പ്രകൃതവുമായിരുന്നു അദ്ദേഹത്തിന്റേത്.

ഔദ്യോഗിക അംഗീകാരങ്ങളേക്കാളും അവാർഡുകളേക്കാളും ഉപരിയായി സാധാരണക്കാരായ ജനങ്ങൾ ഹൃദയത്തിലേറ്റിയ സ്നേഹമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം ജനപ്രിയമാക്കുക എന്ന അസാധാരണമായ വരദാനം ജീവിതത്തിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായി. സ്വഭാവമഹിമ കൊണ്ടും സംഗീതത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കൊണ്ടും ഔക്കുഭായ് എന്നും തലയുയർത്തി നിന്നു. 

കാലം എത്ര കഴിഞ്ഞാലും സാധാരണക്കാരന്റെ ചുണ്ടുകളിൽ തങ്ങിനിൽക്കുന്ന മാപ്പിളപ്പാട്ടുകളിൽ നല്ലൊരു പങ്കും കോഴിക്കോട് അബൂബക്കർ എന്ന ഈ വലിയ സംഗീതജ്ഞന്റേതായിരിക്കും എന്നതിൽ സംശയമില്ല. ആ മാന്ത്രിക സംഗീതത്തിന് മുന്നിൽ പ്രണാമം.

Follow us on WhatsApp

(പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും നിരൂപകനുമാണ് ലേഖകന്‍ )

bahuswara

Previous Post Next Post