സ്ത്രീകളെ പൊതുരംഗത്തിറക്കാതെ വീടിനുള്ളിൽ അടച്ചിടണമെന്നും, ആണും പെണ്ണും ഒരുമിച്ചിരുന്ന് പാട്ടുപാടുന്നതും കലകളിൽ ഏർപ്പെടുന്നതും വലിയ അധാർമികതയാണെന്നുമൊക്കെ ചില മതനേതാക്കൾ പറയുമ്പോൾ, യഥാർത്ഥത്തിൽ അവഹേളിക്കപ്പെടുന്നത് മതങ്ങളുടെ അടിസ്ഥാന മാനവിക-ആത്മീയ മൂല്യങ്ങളാണ്.
മതം,ആത്മീയത
ഫാദർ ഡോ. മിഥുൻ ജെ. ഫ്രാൻസിസ്
മതം മനുഷ്യന്റെ ചിറകുകൾ അരിയാനോ അവനെയോ അവളെയോ ഭയത്തിന്റെ ഇരുളറയിൽ തളച്ചിടാനോ ഉള്ളതല്ല. ചിരിക്കാനും പാടാനും സന്തോഷിക്കാനും മനുഷ്യനെന്ന തുല്യതയോടെ ഒത്തുചേർന്നു ജീവിക്കാനും ദൈവം നൽകിയ സ്വാതന്ത്ര്യത്തെ പാപമായി ചിത്രീകരിക്കാൻ മതനേതാക്കൾ തുടങ്ങിയാൽ, പിന്നെ ജീവിതത്തിൽ എന്ത് സൗന്ദര്യമാണ് ബാക്കിയുണ്ടാവുക? അടുത്തിടെയായി നമ്മുടെ പൊതുമണ്ഡലത്തിൽ കേൾക്കുന്ന ചില പ്രസ്താവനകൾ അങ്ങേയറ്റം അമ്പരപ്പിക്കുന്നതാണ്.
സ്ത്രീകളെ പൊതുരംഗത്തിറക്കാതെ വീടിനുള്ളിൽ അടച്ചിടണമെന്നും, ആണും പെണ്ണും ഒരുമിച്ചിരുന്ന് പാട്ടുപാടുന്നതും കലകളിൽ ഏർപ്പെടുന്നതും വലിയ അധാർമികതയാണെന്നുമൊക്കെ ചില മതനേതാക്കൾ പറയുമ്പോൾ, യഥാർത്ഥത്തിൽ അവഹേളിക്കപ്പെടുന്നത് മതങ്ങളുടെ അടിസ്ഥാന മാനവിക-ആത്മീയ മൂല്യങ്ങളാണ്. ലിംഗവിവേചനവും വർഗവിവേചനവും മതവിവേചനവും കലാവിരുദ്ധതയും സാമ്പത്തിക ചൂഷണവുമൊക്കെ മതത്തിന്റെ ലേബലൊട്ടിച്ച് വിറ്റഴിക്കപ്പെടുമ്പോൾ നിശ്ശബ്ദരായിരിക്കുക എന്നത് ആത്മീയതയോടും പ്രവാചകന്മാരോടും മതത്തോടുതന്നെയും ചെയ്യുന്ന അനീതിയാണ്.
സത്യത്തിൽ, ഇസ്ലാം എന്ന മതം സ്ത്രീത്വത്തെയും കലകളെയും ഇത്തരത്തിലുള്ള അടിച്ചമർത്തലുകളോടെയാണോ നോക്കിക്കണ്ടിരുന്നത്? അല്ല, ഒരിക്കലുമില്ല. പ്രവാചകന്റെ അധ്യാപനങ്ങളും പരിശുദ്ധ ഖുർആനും സ്ത്രീത്വത്തെ പരിശുദ്ധമായി തന്നെയാണ് കണ്ടത്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ ചരിത്രത്താളുകളിലേക്ക് കണ്ണോടിച്ചാൽ ഇന്ന് കാണുന്ന പ്രസ്താവനകളിൽനിന്നും തികച്ചും വിഭിന്നവും വിശാലവുമായൊരു ചിത്രമാണ് തെളിയുന്നത്. അതുപോലെതന്നെ കാലഘട്ടത്തിനനുസൃതമായി മതങ്ങളെ മനസ്സിലാക്കാനുള്ള വിവേകവും മതനേതാക്കൾക്കുണ്ടാകണം.
പരിശുദ്ധ ഖുർആൻ സ്ത്രീയെയും പുരുഷനെയും തുല്യ ആത്മാവുള്ള സഹയാത്രികരായാണ് അടയാളപ്പെടുത്തുന്നത്. "സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്." (ഖുർആൻ 9:71) എന്നു പറയുമ്പോൾ പൊതുജീവിതത്തിലെ അവരുടെ തുല്യപങ്കാളിത്തമാണ് അവിടെ തെളിയുന്നത്. പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത് "സ്ത്രീകൾ പുരുഷന്മാരുടെ തുല്യപങ്കാളികളാണ്" എന്നാണ് (സുനൻ അബീദാവൂദ്, ഹദീസ് നമ്പർ 236).
വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും, കറുത്ത പർദ്ദയോ മുഖംമൂടിയോ കൊണ്ടുള്ള സങ്കുചിതമായ ഒതുക്കലുകളല്ല ഇസ്‌ലാം ആവശ്യപ്പെട്ടത്; മറിച്ച് സ്ത്രീക്കും പുരുഷനും ഒരുപോലെയുള്ള മാന്യതയും അന്തസ്സുമാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. "ആദം സന്തതികളേ, നിങ്ങൾക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നൽകിയിരിക്കുന്നു. ധർമ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതൽ ഉത്തമം." (ഖുർആൻ 7:26). സ്ത്രീകളോടും പുരുഷന്മാരോടും തുല്യമായ മാന്യത പാലിക്കാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത് (ഖുർആൻ 24:30-31). പ്രവാചകന്റെ പത്നി ഖദീജ മക്കയിലെ ഏറ്റവും വലിയ സമ്പന്നയും, ശാമിലേക്കും യമനിലേക്കും കച്ചവടസംഘങ്ങളെ അയച്ചിരുന്ന പ്രമുഖ വനിതാ വ്യവസായിയുമായിരുന്നു. ആയിഷ ഇസ്ലാമിക ചരിത്രത്തിലെ പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതയും (ഫഖീഹ), ഹദീസ് നിവേദകയും, പ്രമുഖ സ്വഹാബികൾ (മുഹമ്മദ് നബിയെ ജീവിച്ചിരുന്ന കാലത്ത് വിശ്വാസിയായി നേരിൽ കാണുകയും, സത്യവിശ്വാസിയായിത്തന്നെ മരണപ്പെടുകയും ചെയ്ത അനുയായികളെയാണ് 'സ്വഹാബികൾ' എന്ന് വിളിക്കുന്നത്.) പോലും മതവിധികളിൽ സംശയനിവൃത്തി വരുത്തിയിരുന്ന പ്രധാന അധ്യാപികയുമായിരുന്നു.
യുദ്ധമുഖങ്ങളിൽ (ഖന്തഖ്, ഖൈബർ തുടങ്ങിയവ) പരിക്കേറ്റ ഭടന്മാരെ ശുശ്രൂഷിക്കാൻ പ്രത്യേക ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് സേവനം ചെയ്ത, ഇസ്ലാമിലെ ആദ്യത്തെ നഴ്‌സ്/ഭിഷഗ്വരയായി ചരിത്രത്തിൽ അറിയപ്പെടുന്ന റുഫൈദയെപ്പോലുള്ള വനിതകളെയും ഇസ്ലാമിക ചരിത്രത്തിൽ കാണാം (ഇബ്നു അബ്ദിൽ ബർറ്, അൽ-ഇസ്തീആബ് ഫീ മഅ്‌രിഫതിൽ അസ്ഹാബ്, വാല്യം 4, പേജ് 1834). എന്നിട്ടും, വർത്തമാനകാലത്ത് സ്ത്രീകളെ വീടുകളിൽ പൂട്ടിയിടാൻ ശ്രമിക്കുന്നത് മതത്തിന്റെ പേരിലുള്ള തികഞ്ഞ അനീതിയാണ്; മതം മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്ന സ്വാർത്ഥതയാണ്.
അതുപോലെതന്നെയാണ് കലകളുടെയും സംഗീതത്തിന്റെയും കാര്യവും. ആഘോഷവേളകളിൽ സന്തോഷം പങ്കുവെക്കാനും പാട്ടുപാടാനും നബി ഒരിക്കലും തടസ്സം നിന്നിരുന്നില്ല. പെരുന്നാൾ ദിനത്തിൽ പെൺകുട്ടികൾ പാട്ടുപാടിയപ്പോൾ, അത് വിലക്കാൻ ശ്രമിച്ച അബൂബക്കർ സിദ്ദീഖിനോട് "അവരെ തടയരുത്, ഇത് അവരുടെ ആഘോഷത്തിന്റെ ദിവസമാണ്" എന്ന് സ്നേഹത്തോടെ പറഞ്ഞ പ്രവാചകനാണ് ഇസ്ലാമിന്റെ മാതൃക (സ്വഹീഹുൽ ബുഖാരി, ഹദീസ് നമ്പർ 952). പ്രവാചകൻ മദീനയിലേക്ക് കടന്നുവന്നപ്പോൾ അവിടുത്തെ പെൺകുട്ടികൾ ദഫ് മുട്ടി 'ത്വലഅൽ ബദ്‌റു അലൈനാ' എന്ന് പാടിയാണ് വരവേറ്റത് (ഇമാം അൽ-ബൈഹഖി, ദലാഇലുന്നുബുവ്വ, വാല്യം 2, പേജ് 506-507). മനസ്സിന് കുളിർമ നൽകുന്ന, നന്മ നിറഞ്ഞ സംഗീതവും കലകളും മനുഷ്യന് അനുഗ്രഹമാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രമുഖ പണ്ഡിതനായ ഇമാം അൽ-ഗസ്സാലി വ്യക്തമാക്കിയിട്ടുണ്ട് (അൽ-ഗസ്സാലി, ഇഹ്‌യാ ഉലൂമിദ്ദീൻ, വാല്യം 2, പേജ് 268-275).
ക്രൈസ്തവ പാരമ്പര്യവും മുന്നോട്ടുവെക്കുന്നത് ഇതേ വിമോചനത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ്. ദൈവത്തിന്റെ മുന്നിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലെന്നും എല്ലാവർക്കും തുല്യമായ അന്തസ്സുണ്ടെന്നും സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (രണ്ടാം വത്തിക്കാൻ കൗൺസിൽ, ഗൗദിയും എറ്റ് സ്പേസ്, ഖണ്ഡിക 29). ഫ്രാൻസിസ് പാപ്പ തന്റെ പ്രബോധനങ്ങളിൽ ഓർമിപ്പിക്കുന്നതുപോലെ, സ്ത്രീകളുടെ ശബ്ദവും ചിന്തയും നേതൃത്വവുമില്ലാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാവില്ല (ഇവാഞ്ചലി ഗൗദിയം, ഖണ്ഡിക 103-104). കുരിശിൻ ചുവട്ടിലും യേശുവിന്റെ ഉയിർപ്പിന്റെ ആദ്യ പ്രഭാതത്തിലും ഭയമില്ലാതെ മുന്നിൽ നിന്നത് സ്ത്രീകളായിരുന്നു എന്നത് അവരുടെ ആത്മധൈര്യത്തിന്റെ വലിയ സാക്ഷ്യമാണ്. ദൈവത്തെ സ്തുതിക്കാനും സമൂഹത്തിൽ ഐക്യം വളർത്താനും സംഗീതവും കലകളും മനുഷ്യന് ലഭിച്ച ദിവ്യദാനമാണെന്ന് ക്രിസ്തീയ ദൈവശാസ്ത്രം പഠിപ്പിക്കുന്നു (എഫേസ്യർ 5:19).
മതങ്ങൾ മനുഷ്യനെ പരസ്പരം സ്നേഹിക്കാനും, തുല്യതയോടെ ഒത്തുചേർന്ന് ജീവിക്കാനുമാണ് പഠിപ്പിച്ചത്. എന്നാൽ ചിലർ സ്വന്തം പുരുഷാധിപത്യ ചിന്താഗതികളും നിയന്ത്രണങ്ങളും നിലനിർത്താൻ വേണ്ടി അനാവശ്യമായ വിലക്കുകൾ പടച്ചുണ്ടാക്കുന്നു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിലോ, ആണും പെണ്ണും സൗഹൃദത്തോടെ ഒരുമിച്ചിരുന്ന് പാടുന്നതിലോ ഭയപ്പെടുന്നത് യഥാർത്ഥത്തിൽ സ്വന്തം ചിന്തകളുടെ ഇടുക്കം കൊണ്ടാണ്. ആത്മവിശ്വാസമുള്ള ഒരു വിശ്വാസി ഒരിക്കലും സ്ത്രീസമത്വത്തെയോ കലയെയോ സൗഹൃദത്തെയോ ഭയപ്പെടില്ല.
സ്ത്രീയെ രണ്ടാംകിടയായി കാണുന്ന പിന്തിരിപ്പൻ ചിന്തകളെയും, സന്തോഷങ്ങളെ വിലക്കുന്ന ഇടുങ്ങിയ മതബോധത്തെയും നാം തുറന്നെതിർക്കേണ്ടതുണ്ട്. സ്ത്രീത്വത്തിന്റെ അന്തസ്സിനെ ആദരിക്കുകയും, ലിംഗഭേദമില്ലാതെ കലയെയും സർഗാത്മകതയെയും നെഞ്ചേറ്റുകയും, മനുഷ്യരെല്ലാവരും ഒന്നാണെന്ന തിരിച്ചറിവോടെ പരസ്പരം കൈകോർക്കുകയും ചെയ്യുമ്പോഴാണ് സമൂഹം യഥാർത്ഥത്തിൽ ആരോഗ്യപൂർണ്ണമാകുന്നത്. മതത്തിന്റെ പേരിൽ ഭയവും വിവേചനവും വിൽക്കുന്നവർക്ക് മുന്നിൽ സമത്വത്തിന്റെയും സ്നേഹത്തിന്റെയും കലയുടെയും വലിയൊരു ലോകം തുറന്നുവെക്കുകയാണ് ഇന്നിന്റെ ആവശ്യം.
(ഡോ. മിഥുൻ ജെ. ഫ്രാൻസിസ് കൊച്ചുകല്ലൻവിള എസ്.ജെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രൈസ്തവ-മുസ്ലിം സംവാദ പശ്ചാത്തലത്തിൽ യേശുവിന്റെ മാനവികതയെ ആസ്പദമാക്കി ഡോക്ടറേറ്റ് നേടിയ ദൈവശാസ്ത്രജ്ഞനും പൂനെ ജ്ഞാനദീപയിലെ അധ്യാപകനുമാണ്. ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ഡിപ്ലോമയും അറബിക്, ഉർദു ഭാഷകളിൽ ഡിപ്ലോമയുമുള്ള അദ്ദേഹം ക്രൈസ്തവ-മുസ്ലിം സൗഹാർദ്ദം, ബഹുസ്വരത, ആഗോള സാഹോദര്യം എന്നിവ മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. വത്തിക്കാന്റെ മതാന്തര സംവാദ ഡൈകാസ്റ്ററി ഉൾപ്പെടെയുള്ള വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം, നിലവിൽ സൗത്ത് ഏഷ്യൻ ജെസ്യൂട്ട് കോൺഫറൻസിന്റെ ഭാഗമായി മത സൗഹാർദ്ദത്തിനായി സജീവമായി പ്രവർത്തിക്കുന്നു.)
