സ്വര്‍ഗനരകം


കവിത    രാജന്‍ സി എച്ച് 

 


നല്ല നടപ്പിന് ശിക്ഷിച്ച പോലാണ്

സ്വര്‍ഗമെന്നാരോ പറഞ്ഞു.

നല്ല വാക്കോതണം നന്മയിലൂന്നണം

നന്നായ് ഭജിക്കണം നന്നായ് പചിക്കണം

തന്നിലേ നില്‍ക്കണം തന്നിലടയണം

തന്നില്‍ രമിക്കണം താനായ് ശമിക്കണം

നന്നായൊരുങ്ങണം നന്നായുറങ്ങണം

നല്ലതേയാകാവൂ സ്വര്‍ഗം.


എന്നാല്‍ നരകത്തിലില്ലാതെയില്ലൊന്നും.

പൊള്ളുന്നൊരെണ്ണയില്‍

മുങ്ങിക്കിടന്നാലും

താന്‍ താനെന്നുള്ളൊരേ

ബോധത്തില്‍ നിന്നിടാം

ഇഷ്ടങ്ങളൊക്കെയും

ഇഷ്ടമായുണ്ടിടാം.

കഷ്ടങ്ങളൊക്കെയും

തുഷ്ടിയാല്‍ നേരിടാം.

തിന്മയും നന്മയും

ഉള്ളാലറിഞ്ഞിടാം.

കാണാത്തൊരാളെയും

കണ്ടു രമിച്ചിടാം.

കേള്‍ക്കരുതാത്തവ

കേട്ടു രസിച്ചിടാം.

ആരു വിലക്കിലും

നേരായ് രുചിച്ചിടാം.

നേരമാകുന്നതും

ഭാരമാകുന്നതും

ഭീരുവാകാതെ_

യറിഞ്ഞു ഭരിച്ചിടാം.


ഭൂമിയിലത്ര രമിച്ചു ജീവിച്ചോര്‍ക്ക്

ഭൂവാസമാണീ നരകം.

പോകാമെനിക്കും നരകത്തി,ലല്ലാതെ

യാര്‍ക്കു വേണം 

ആരും കണ്ടതേയില്ലാത്ത

കേവലാനന്ദമാം മിഥ്യ.

വേണ്ടീ മതാന്ധമാം സ്വര്‍ഗം.

bahuswara

Previous Post Next Post