കശ്യപിന്റെ സിനിമകളുടെ റിയലിസ്റ്റിക്, അസംസ്കൃത സ്വഭാവം തന്നെയാണ് ‘ബന്ദറി’ലും. തുടക്കത്തിലെ ഗംഭീരമായ പോലീസ് സ്റ്റേഷൻ രംഗങ്ങളിലൂടെ സിനിമയുടെ മൂഡ് കൃത്യമായി സെറ്റ് ചെയ്യപ്പെടുന്നു. പാതാൾ ലോക്, ഉഡ്താ പഞ്ചാബ്, കൊഹ്റ തുടങ്ങിയ ത്രില്ലറുകൾ എഴുതിയ സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നെഴുതിയ തിരക്കഥയിൽ കശ്യപ് തന്റെ പരിചിതമായ ട്രാക്കിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ജയിൽ രംഗങ്ങൾ, പോലീസ് ചോദ്യം ചെയ്യലുകൾ, കോടതി നിമിഷങ്ങൾ—എല്ലാം ആധികാരികമായി തോന്നുകയും പലപ്പോഴും കാണാൻ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.
സിനിമ എം കെ അൻസാർ
അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം ‘ബന്ദർ’ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിയിരിക്കുന്നു. ബോബി ഡിയോൾ നായകനായി എത്തുന്ന ഈ സിനിമയിൽ മലയാളതാരം ഇന്ദ്രജിത്ത് സുകുമാരൻ പ്രധാന വേഷത്തിലുണ്ട്; ഇത് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റവും കൂടിയാണ്. 2025-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ശേഷം ജൂൺ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. ഇപ്പോൾ സീ5 വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
‘ബന്ദർ’ എന്ന പേരിന് തന്നെ ഒരു രൂപകാത്മക ഭാരമുണ്ട്. കുരങ്ങൻ എന്നർത്ഥം വരുന്ന ഈ വാക്ക് ഒരു കൂട്ടിൽ അകപ്പെട്ട് പോകുന്ന ജീവിയുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഇവിടെ കൂട് ജയിലാണ്. ഒരു കുറ്റത്തിന് ആരോപണം ഉന്നയിക്കപ്പെട്ട് ജയിലിലേക്ക് തള്ളപ്പെടുന്ന ഒരു മനുഷ്യന്റെ അനുഭവങ്ങളും, അവിടുത്തെ ടോർച്ചറുകളും, അഴിമതിയും, മനുഷ്യത്വരഹിതമായ അവസ്ഥകളും സിനിമ അഭിമുഖീകരിക്കുന്നു. സമകാലിക ഇന്ത്യൻ ജയിൽ വ്യവസ്ഥിതിയുടെ ക്രൂരവും അഴുക്കുപിടിച്ചതും അഴിമതി നിറഞ്ഞതുമായ മുഖം തുറന്നുകാട്ടാൻ ശ്രമിക്കുന്ന ഒരു ഗ്രിറ്റി ജയിൽ ഡ്രാമയാണിത്.
കശ്യപിന്റെ സിനിമകളുടെ റിയലിസ്റ്റിക്, അസംസ്കൃത സ്വഭാവം തന്നെയാണ് ‘ബന്ദറി’ലും. തുടക്കത്തിലെ ഗംഭീരമായ പോലീസ് സ്റ്റേഷൻ രംഗങ്ങളിലൂടെ സിനിമയുടെ മൂഡ് കൃത്യമായി സെറ്റ് ചെയ്യപ്പെടുന്നു. പാതാൾ ലോക്, ഉഡ്താ പഞ്ചാബ്, കൊഹ്റ തുടങ്ങിയ ത്രില്ലറുകൾ എഴുതിയ സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നെഴുതിയ തിരക്കഥയിൽ കശ്യപ് തന്റെ പരിചിതമായ ട്രാക്കിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. ജയിൽ രംഗങ്ങൾ, പോലീസ് ചോദ്യം ചെയ്യലുകൾ, കോടതി നിമിഷങ്ങൾ—എല്ലാം ആധികാരികമായി തോന്നുകയും പലപ്പോഴും കാണാൻ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. വളരെ ഗൗരവമുള്ള വിഷയത്തിലേക്ക് ഇരുണ്ട ഹാസ്യവും സിനിമ കുത്തിവയ്ക്കുന്നുണ്ട്.
ബോബി ഡിയോളിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നായിരിക്കും സമർ മെഹ്റ എന്ന കഥാപാത്രം. അയാൾ കടന്നുപോകുന്ന അവസ്ഥയും ചുറ്റുപാടുകളോട് തോന്നുന്ന ഭയവും നിസ്സഹായതയും കണ്ണുകളിലൂടെ കൺവേ ചെയ്യാൻ ബോബിക്ക് കഴിയുന്നുണ്ട്. വേദനയും അപമാനവും ഭയവും ഓരോ തുള്ളിയായി പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന അഭിനയമാണിത്. ‘അനിമൽ’ ചിത്രത്തിന് ശേഷമുള്ള തിരിച്ച് വരവ് ഘട്ടത്തിൽ തനിക്ക് ലഭിക്കുന്ന പ്രശംസകൾ അർഹമാണെന്ന് ബോബി വീണ്ടും തെളിയിക്കുന്നു.
സഹോദരിയായി സന്യ മൽഹോത്ര, കാമുകിയായി സപ്ന പബ്ബി, ജയിൽ മേറ്റായി ഇന്ദ്രജിത്ത്, അഡ്വക്കേറ്റായി റിഥി സെൻ, ഇൻസ്പെക്ടറായി ജിതേന്ദ്ര ജോഷി തുടങ്ങി മികച്ച അഭിനേതാക്കളാണ് സഹായിക്കുന്നത്. ഇന്ദ്രജിത്തിന്റെ ജയിൽ രംഗങ്ങൾ ഗംഭീരമാണ്. രാജ് ബി ഷെട്ടിയുടെ സോങ് പ്രകടനവും അമിത് ത്രിവേദി ഈണമിട്ട ‘പിജാറ’ പോലുള്ള ഗാനങ്ങളും ശ്രദ്ധേയമാണ്. സപ്ന പബ്ബിയുടെ ഒബ്സഷൻ കഥാപാത്രം പരിമിതമായ സ്ക്രീൻ ടൈമിലും ശക്തമായ സ്വാധീനം ചെലുത്തുന്നു.
ഗ്രിപ്പിങ്ങായ ആഖ്യാനമാണ് തുടക്കത്തിൽ കശ്യപ് നൽകുന്നത്. എന്നാൽ പോകപ്പോകെ എഴുത്ത് ഇത്തിരി കൺഫ്യൂസ്ഡ് ആകുന്നത് അനുഭവപ്പെടുന്നു. സമറിന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ കഥാപാത്രത്തെ അനാവരണം ചെയ്യണോ, അതോ ഇന്ത്യൻ ജയിൽ വ്യവസ്ഥിതിയുടെ ക്രൂരതയിലേക്ക് ഫോക്കസ് ചെയ്യണമോ എന്ന തിരക്കഥയുടെ ആശയക്കുഴപ്പം പ്രകടമാകുന്നു. ഇതിനിടയിൽ സിനിമയുടെ ട്രാക്ക് നഷ്ടപ്പെട്ട് പോകുന്നുണ്ട്. കോർപ്പറേറ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോകളുടെ അമിതമായ ഇടപെടലുകൾ കാരണം രണ്ടാം പകുതിയും ക്ലൈമാക്സും താൻ ഉദ്ദേശിച്ച രീതിയിലല്ല എഡിറ്റ് ചെയ്യപ്പെട്ടതെന്ന് കശ്യപ് തന്നെ പറഞ്ഞിട്ടുണ്ട്. ഓപ്പൺ എൻഡഡ് ക്ലൈമാക്സ് പ്രേക്ഷകന് ഒരു പരിധി വരെ നിരാശയും അസംതൃപ്തിയും സമ്മാനിക്കുന്നു.
‘ബന്ദർ’ എല്ലാവർക്കുമുള്ളതല്ല. അതിന്റെ മന്ദഗതി, ഇരുണ്ട അന്തരീക്ഷം, പരിഹരിക്കപ്പെടാത്ത ഉപകഥകൾ എന്നിവ ചിലരെ നിരാശരാക്കിയേക്കാം. എന്നാൽ ക്രെഡിറ്റുകൾ കഴിഞ്ഞ് വളരെ നേരം വിട്ടുപോകാത്ത ഒരു സിനിമയാണിത്. സമൂഹത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളിലേക്ക് മുങ്ങി, ഞെട്ടിപ്പിക്കുന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഗ്രിറ്റി ജയിൽ ഡ്രാമ നൽകാൻ കശ്യപിന് കഴിഞ്ഞിട്ടുണ്ട്.
കശ്യപിന്റെ ഡാർക്ക് റിയലിസ്റ്റിക് ഫിലിം മേക്കിങ് സ്റ്റൈൽ ഇഷ്ടപ്പെടുന്നവർ ഒരു കാരണവശാലും ‘ബന്ദർ’ മിസ്സ് ചെയ്യേണ്ടതില്ല. ഇത് ഒരു മാസ് എന്റർടൈനറല്ല; തീവ്രവും യഥാർത്ഥവുമായ കഥപറച്ചിൽ ഇഷ്ടപ്പെടുന്നവർക്ക് അനുഭവിക്കേണ്ട ഒരു ചിത്രമാണ്. സമകാലിക ഇന്ത്യൻ ജയിലുകളുടെ അവസ്ഥകളെക്കുറിച്ച് ചിന്തിപ്പിക്കുന്ന, ബോബി ഡിയോളിന്റെ ഹൃദയം തകർക്കുന്ന അഭിനയത്താൽ ഉയർത്തപ്പെട്ട ഒരു ശക്തമായ ഡ്രാമ.


